പ്രധാനമന്ത്രിയുടെ ഓഫീസ്‌

സ്മാര്‍ട്ട് ഇന്ത്യ ഹാക്കത്തണ്‍ 2020ന്റെ ഗ്രാന്റ് ഫിനാലെയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

21ാം നൂറ്റാണ്ടിലെ യുവത്വത്തിന്റെ പ്രതീക്ഷകളെ ദേശീയ വിദ്യാഭ്യാസ നയം 2020 പ്രതിഫലിപ്പിക്കുന്നു: പ്രധാനമന്ത്രി
എന്‍.ഇ.പി. ലക്ഷ്യംവെക്കുന്നത് പരിവര്‍ത്തനം സൃഷ്ടിക്കുന്ന പരിഷ്‌കാരങ്ങള്‍; തൊഴിലന്വേഷകരെയല്ല, തൊഴില്‍സ്രഷ്ടാക്കളെ സൃഷ്ടിക്കാന്‍ ലക്ഷ്യം വെക്കുന്നു: പ്രധാനമന്ത്രി

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വിഡിയോ കോണ്‍ഫറന്‍സിലൂടെ സ്മാര്‍ട്ട് ഇന്ത്യ ഹാക്കത്തണ്‍ ഗ്രാന്‍ഡ് ഫിനാലെയെ അഭിസംബോധന ചെയ്തു. 

Posted On: 01 AUG 2020 8:21PM by PIB Thiruvananthpuram

 


രാജ്യം നേരിടുന്ന വെല്ലുവിളികള്‍ക്കു പല പരിഹാരങ്ങള്‍ തേടി വിദ്യാര്‍ഥികള്‍ പ്രവര്‍ത്തിച്ചുവരികയാണെന്ന് സ്മാര്‍ട്ട് ഇന്ത്യ ഹാക്കത്തണ്‍ ഗ്രാന്‍ഡ് ഫിനാലെയില്‍ സംസാരിക്കവേ പ്രധാനമന്ത്രി പറഞ്ഞു. പ്രശ്‌നങ്ങള്‍ക്കു പരിഹാരം കണ്ടെത്തുന്നതോടൊപ്പം അത് ഡാറ്റ, ഡിജിറ്റൈസേഷന്‍, ഹൈ-ടെക് ഭാവി എന്നിവയെ സംബന്ധിച്ചുള്ള ഇന്ത്യയുടെ പ്രതീക്ഷകളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. വേഗതയേറിയ 21ാം നൂറ്റാണ്ടില്‍ ഫലപ്രദമായ പ്രവര്‍ത്തനത്തിലേക്ക് ഇന്ത്യ വേഗം മാറേണ്ടതുണ്ടെന്ന് അംഗീകരിച്ച അദ്ദേഹം, രാജ്യത്ത് നൂതനാശയം, ഗവേഷണം, രൂപകല്‍പന, വികസനം, സംരംഭകത്വം എന്നിവയ്ക്ക് ആവശ്യമായ സാഹചര്യം ഒരുക്കിവരികയാണെന്നു വ്യക്തമാക്കി. ഇന്ത്യയിലെ വിദ്യാഭ്യാസം കൂടുതല്‍ ആധുനികവല്‍ക്കരിക്കാനും പ്രതിഭകള്‍ക്കു കൂടുതല്‍ അവസരം സൃഷ്ടിക്കാനുമാണു ലക്ഷ്യംവെക്കുന്നതെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. 

ദേശീയ വിദ്യാഭ്യാസ നയം
ദേശീയ വിദ്യാഭ്യാസ നയത്തെ കുറിച്ചു വിശദീകരിക്കവേ, 21ാം നൂറ്റാണ്ടിലെ യുവാക്കളുടെ ചിന്തകളും ആവശ്യങ്ങളും പ്രതീക്ഷകളും മനസ്സില്‍വെച്ചാണ് നയത്തിനു രൂപം നല്‍കിയതെന്നു പ്രധാനമന്ത്രി വെളിപ്പെടുത്തി. ഇതു കേവലം നയ രേഖയല്ല. മറിച്ച്, 130 കോടി ഇന്ത്യക്കാരുടെ പ്രതീക്ഷകള്‍ കൂടിയാണ്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രി പറഞ്ഞു: 'ഇപ്പോഴും പല കുട്ടികളും കരുതുന്നതു തങ്ങള്‍ വിലയിരുത്തപ്പെടുന്നതു തങ്ങള്‍ക്കു താല്‍പര്യമില്ലാത്ത വിഷയത്തെ അടിസ്ഥാനപ്പെടുത്തിയാണ് എന്നതാണ്. രക്ഷിതാക്കളില്‍നിന്നും ബന്ധുക്കളില്‍നിന്നും സുഹൃത്തുക്കളില്‍നിന്നും മറ്റുമായുള്ള സമ്മര്‍ദത്തിനു വഴങ്ങി മറ്റുള്ളവര്‍ തെരഞ്ഞെടുക്കുന്ന വിഷയങ്ങള്‍ പഠിക്കാന്‍ വിദ്യാര്‍ഥികള്‍ നിര്‍ബന്ധിതരാവുകയാണ്. ഇതേത്തുടര്‍ന്നു നല്ല വിദ്യാഭ്യാസമുള്ളതും അതേസമയം, തങ്ങള്‍ വായിച്ചതെന്താണോ അത് ഉപയോഗപ്പെടുത്താന്‍ സാധിക്കാത്തതുമായ വലിയ ജനവിഭാഗം ഉണ്ടായിത്തീര്‍ന്നിരിക്കുന്നു.' ഈ അവസ്ഥ മാറ്റുന്നതിനായി ഇന്ത്യയിലെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ വ്യവസ്ഥാപിതമായ പരിഷ്‌കാരം കൊണ്ടുവരികയും വിദ്യാഭ്യാസത്തിന്റെ ലക്ഷ്യവും ഉള്ളടക്കവും പരിഷ്‌കരിക്കുകയും ചെയ്യാന്‍ പുതിയ വിദ്യാഭ്യാസ നയത്തിലൂടെ ഉദ്ദേശിക്കുന്നു എന്ന് അദ്ദേഹം ഉയര്‍ത്തിക്കാട്ടി. പുതിയ വിദ്യാഭ്യാസ നയം പഠനം, ഗവേഷണം, നവീനാശയം എന്നിവയിലൂടെ സ്‌കൂളുകളും കോളജുകളും സര്‍വകലാശാലകളും അനുഭവമാക്കി മാറ്റാന്‍ ഉദ്ദേശിക്കുന്നു. ഒരാള്‍ക്കു ജന്മനാ ഉള്ള താല്‍പര്യങ്ങളെ നയിക്കാനും വിദ്യാഭ്യാസം ഫലപ്രദവും വിപുലവുമാക്കാനും ലക്ഷ്യംവെക്കുന്നു. 
കുട്ടികളെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു: 'ഈ ഹാക്കത്തണ്‍ നിങ്ങള്‍ പരിഹരിക്കാന്‍ ശ്രമിച്ച ആദ്യത്തെ പ്രശ്‌നമല്ല; അവസാനത്തേതുമല്ല.' മൂന്നു കാര്യങ്ങള്‍ ചെയ്യാന്‍ യുവാക്കളെ അദ്ദേഹം ഉപദേശിച്ചു: പഠിക്കുക, ചോദ്യംചെയ്യുക, പ്രശ്‌നങ്ങള്‍ക്കു പരിഹാരം കണ്ടെത്തുക. ഒരാള്‍ പഠിക്കുന്നതിലൂടെ ചോദ്യംചെയ്യാനുള്ള വിവേകമുണ്ടാവുന്നു. ഈ സ്വഭാവത്തെ പ്രതിഫലിപ്പിക്കുന്നതാണ് ഇന്ത്യയുടെ ദേശീയ വിദ്യാഭ്യാസ നയം. സ്‌കൂളിനപ്പുറം നിലനില്‍ക്കാത്ത സ്‌കൂള്‍ ബാഗെന്ന ഭാരത്തില്‍നിന്ന് ജീവിക്കാന്‍ സഹായകമാകുന്നതും ഓര്‍ത്തുവെക്കുക മാത്രം ചെയ്യുക എന്നതില്‍നിന്ന് വിമര്‍ശനാത്മകമായ ചിന്തയിലേക്കുള്ള പരിവര്‍ത്തനം സാധ്യമാക്കുന്നതുമായ വിദ്യാഭ്യാസത്തിലേക്കു ശ്രദ്ധ മാറുകയാണ്. 

വിവിധ വിഷയങ്ങള്‍ പഠിക്കുന്നതിന് ഊന്നല്‍
വിവിധ വിഷയങ്ങള്‍ പഠിക്കുന്നതിനുള്ള ഊന്നല്‍ പുതിയ വിദ്യാഭ്യാസ നയത്തിലെ ആകര്‍ഷകമായ സവിശേഷതകളില്‍ ഒന്നാണെന്നു പ്രധാനമന്ത്രി പറഞ്ഞു. എല്ലാവര്‍ക്കും ഒരേ രീതിയിലുള്ള പഠനം സാധ്യമാകില്ല എന്നതിനാല്‍ ഈ ആശയം പ്രചാരം നേടിവരുന്നുണ്ട്. വിവിധ വിഷയങ്ങള്‍ പഠിക്കാന്‍ ഊന്നല്‍ നല്‍കുന്നതിലൂടെ വിദ്യര്‍ഥി എന്തു പഠിക്കണം എന്നു സമൂഹം പ്രതീക്ഷിക്കുന്ന സാഹചര്യത്തില്‍നിന്ന് വിദ്യാര്‍ഥി ആഗ്രഹിക്കുന്നതു പഠിക്കാന്‍ സാധിക്കുന്നതിലേക്കുള്ള മാറ്റം സംഭവിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. 

വിദ്യാഭ്യാസം പ്രാപ്യമാകല്‍
വിദ്യാഭ്യാസം എല്ലാവര്‍ക്കും പ്രാപ്യമായിരിക്കണമെന്ന് ബാബാ സാഹിബ് അംബേദ്കറെ ഉദ്ധരിച്ചുകൊണ്ടു വ്യക്തമാക്കിയ പ്രധാനമന്ത്രി, അതിന് ഉതകുന്നതാണു പുതിയ വിദ്യാഭ്യാസ നയമെന്നു വ്യക്തമാക്കി. പ്രാഥമിക വിദ്യാഭ്യാസം മുതല്‍ വിദ്യാഭ്യാസം പ്രാപ്യമാക്കുന്ന മഹത്തായ പദ്ധതിയാണു പുതിയ വിദ്യാഭ്യാസ നയം. 2035 ആകുമ്പോഴേക്കും ആകെ ഉന്നത വിദ്യാഭ്യാസ റജിസ്‌ട്രേഷന്‍ 50 ശതമാനമായി ഉയര്‍ത്താന്‍ സാധിക്കുമെന്നു പ്രതീക്ഷിക്കുന്നു. ഈ വിദ്യാഭ്യാസ നയം ലക്ഷ്യംവെക്കുന്നതു തൊഴിലന്വേഷകരെ സൃഷ്ടിക്കാനല്ല, തൊഴില്‍സ്രഷ്ടാക്കളെ സൃഷ്ടിക്കാനാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അത് ഒരര്‍ഥത്തില്‍ നമ്മുടെ ചിന്തയിലും സമീപനത്തിലും മാറ്റം സാധ്യമാക്കുന്നതിനുള്ള ശ്രമം കൂടിയാണ്. 

പ്രാദേശിക ഭാഷകള്‍ക്ക് ഊന്നല്‍
പുതിയ വിദ്യാഭ്യാസ നയം ഇന്ത്യന്‍ ഭാഷകള്‍ വികസിക്കുന്നതിനു സഹായകമാകും. ചെറിയ പ്രായത്തില്‍ തങ്ങളുടെ സ്വന്തം ഭാഷയില്‍ പഠിക്കാന്‍ സാധിക്കുന്നതു വിദ്യാര്‍ഥികള്‍ക്കു ഗുണകരമാകും. പുതിയ വിദ്യാഭ്യാസ നയം മെച്ചമാര്‍ന്ന ഇന്ത്യന്‍ ഭാഷകളെ ലോകത്തിനു പരിചയപ്പെടുത്തുകയും ചെയ്യുമെന്നു പ്രധാനമന്ത്രി പറഞ്ഞു. 

ആഗോള ഏകോപനത്തിന് ഊന്നല്‍
പ്രാദേശികതയ്ക്ക് ഊന്നല്‍ നല്‍കുമ്പോഴും തുല്യമായ പ്രാധാന്യം ആഗോള ഏകോപനത്തിനു നയത്തില്‍ കല്‍പിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ക്യാംപസുകള്‍ ആരംഭിക്കാന്‍ മുന്‍നിര ആഗോള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രോല്‍സാഹിപ്പിക്കുന്നുണ്ട്. ഇത് ഇന്ത്യന്‍ യുവാക്കള്‍ക്ക് ആഗോള നിലവാരമുള്ള പഠനവും അവസരങ്ങളും ഉറപ്പാക്കുകുയം അവരെ ആഗോള തലത്തില്‍ മല്‍സരക്ഷമതയുള്ളവരാക്കി മാറ്റുകയും ചെയ്യും. ഇത് ആഗോള നിലവാരമുള്ള വിദ്യാലയങ്ങള്‍ ഇന്ത്യയില്‍ ആരംഭിക്കുന്നതിനും അതുവഴി ആഗോള വിദ്യഭ്യാസ കേന്ദ്രമായി രാജ്യം മാറാന്‍ ഇടയാക്കുകയും ചെയ്യും. 

***


(Release ID: 1643004) Visitor Counter : 203