പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി നരേന്ദ്ര മോദിയും മൗറീഷ്യസ് പ്രധാനമന്ത്രി  പ്രവിന്ദ് ജുഗ്‌നോത്തും മൗറീഷ്യസിലെ പുതിയ സുപ്രീം കോടതി കെട്ടിടം  സംയുക്തമായി ഉദ്ഘാടനം ചെയ്തു

Posted On: 30 JUL 2020 1:14PM by PIB Thiruvananthpuram


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും മൗറീഷ്യസ് പ്രധാനമന്ത്രി ശ്രീ. പ്രവിന്ദ് ജുഗ്‌നോത്തും ചേര്‍ന്ന് മൗറീഷ്യസിലെ പുതിയ സുപ്രീം കോടതി കെട്ടിടം  വീഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം ചെയ്തു. കോവിഡ് മഹാമാരിക്കു പിന്നാലെ മൗറീഷ്യസ് തലസ്ഥാനമായ പോര്‍ട്ട് ലൂയിസില്‍ ഇന്ത്യയുടെ സഹായത്തോടെ ആദ്യമായി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ അടിസ്ഥാനസൗകര്യ പദ്ധതിയായ സുപ്രീം കോടതി കെട്ടിടമാണ് ഇരുവരും സംയുക്തമായി ഉദ്ഘാടനം ചെയ്തത്. കെട്ടിട നിര്‍മ്മാണത്തിനായി ഇന്ത്യ 28.12 ദശലക്ഷം അമേരിക്കന്‍ ഡോളര്‍ മൗറീഷ്യസിനു ധനസഹായം നല്‍കിയിരുന്നു.

ഉദ്ഘാടന വേളയില്‍ സംസാരിക്കവേ സഹകരണത്തിലൂടെ വികസനം കൊണ്ടുവരണമെന്ന ഇന്ത്യയുടെ നയത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞ പ്രധാനമന്ത്രി ഇന്ത്യയും മൗറീഷ്യസും തമ്മിലുള്ള സഹകരണം ഊട്ടിയുറപ്പിക്കുന്നതില്‍ ജനപങ്കാളിത്തത്തോടെയുള്ള അടിസ്ഥാനസൗകര്യ പദ്ധതികളുടെ പങ്കിനെ പ്രശംസിച്ചു. ആധുനിക ഡിസൈനിലും നവീന സൗകര്യങ്ങളിലും നിര്‍മ്മിച്ച സുപ്രീം കോടതി കെട്ടിടം മൗറീഷ്യസിലെ നീതിന്യായ വ്യവസ്ഥയ്ക്ക് അനുയോജ്യമായ ഇരിപ്പിടമായിരിക്കുമെന്നും ഇത് ഇന്ത്യ-മൗറീഷ്യസ് സഹകരണത്തിന്റെയും ഇരു രാജ്യങ്ങളും പുലര്‍ത്തുന്ന മൂല്യങ്ങളുടേയും പ്രതീകമായി നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. സമയബന്ധിതമായി പൂര്‍ത്തിയാക്കിയ പദ്ധതിക്ക് പ്രതീക്ഷിച്ചതിലും കുറഞ്ഞ തുകയേ ചെലവായുള്ളുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വികസന പങ്കാളിത്തം എന്ന ഇന്ത്യയുടെ നയത്തിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളിലൊന്നാണു മൗറീഷ്യസുമായുള്ള ഈ വികസന സഹകരണമെന്നും പ്രധാനമന്ത്രി പറഞ്ഞു. വികസന കാര്യങ്ങളില്‍ ഇന്ത്യയുടെ സഹകരണത്തിനു പിന്നില്‍ എന്തെങ്കിലും രാഷ്ട്രീയപരമോ വാണിജ്യപരമോ ആയ ഉപാധികളില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വികസനത്തില്‍ പങ്കാളികളാകുന്നവരെ ബഹുമാനിക്കണമെന്ന അടിസ്ഥാന മൂല്യബോധവും ഇന്ത്യയുടെ വികസന പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള അനുഭവം പങ്കുവയ്ക്കലുമാണ് ഇതിലൂടെ നടക്കുന്നത്. ഇന്ത്യയുടെ വികസന സഹകരണം എന്നത് 'ആദരം', 'വൈവിധ്യം',  'ഭാവിയിലേക്കുള്ള കരുതല്‍', 'സുസ്ഥിര വികസനം' എന്നീ മൂല്യങ്ങളില്‍ അധിഷ്ഠിതമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

മൗറീഷ്യസിലെ ജനങ്ങളുടെ നേട്ടങ്ങളിലെ സന്തോഷം ഇന്ത്യ പങ്കുവയ്ക്കുന്നതായി പറഞ്ഞ പ്രധാനമന്ത്രി മോദി വരും വര്‍ഷങ്ങളില്‍ ഇന്ത്യ- മൗറീഷ്യസ് സഹകരണം കൂടുതല്‍ ശക്തമാകുമെന്ന പ്രത്യാശ പ്രകടിപ്പിച്ചു.

പദ്ധതി നടപ്പിലാക്കാനുള്ള ഇന്ത്യയുടെ സഹായത്തിനു നന്ദി പറഞ്ഞ മൗറിഷ്യസ് പ്രധാനമന്ത്രി ജുഗ്‌നോത്ത് ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള സൗഹൃദത്തേയും സഹകരണത്തേയുമാണ് ഈ പദ്ധതി പ്രതിഫലിപ്പിക്കുന്നതെന്ന് വ്യക്തമാക്കി. ഇന്ത്യയുടെ സഹകരണത്തോടെയുള്ള സുപ്രീം കോടതി സമുച്ചയ നിര്‍മ്മാണം മൗറീഷ്യസിലെ അടിസ്ഥാന സൗകര്യങ്ങള്‍ ആധുനികവത്കരിക്കുന്നതില്‍ പുതിയ നാഴികക്കല്ലായി മാറിയെന്നും ഇത് മൗറീഷ്യസ് നീതിന്യായ വ്യവസ്ഥയെ കൂടുതല്‍ കാര്യക്ഷമവും പ്രാപ്യവും ഉള്‍ക്കൊള്ളുന്നതുമാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.

'സാഗര്‍-മേഖലയിലെ എല്ലാവര്‍ക്കും സുരക്ഷയും വളര്‍ച്ചയും' എന്ന ഇന്ത്യയുടെ കാഴ്ചപ്പാടിന് അനസൃതമായി, ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ മൗറീഷ്യസിനു വിശ്വസനീയമായ ഒരു പങ്കാളി എന്ന നിലയിലുള്ള ഇന്ത്യയുടെ സാന്നിധ്യവും ഭാവിയില്‍ ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള വര്‍ധിച്ച സഹകരണവുമാണു പുതിയ സുപ്രീം കോടതി കെട്ടിടം ഉയര്‍ത്തിക്കാട്ടുന്നത്.
 

***



(Release ID: 1642372) Visitor Counter : 199