ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ് 19: പുതിയ വിവരങ്ങള്‍


രാജ്യത്ത് ചികിത്സയിലുള്ളത് 3.42 ലക്ഷംപേര്‍ മാത്രം

രോഗമുക്തി നേടിയത് 6.35 ലക്ഷത്തിലേറെപ്പേര്‍

വെന്റിലേറ്ററുകളില്‍ കഴിയുന്നത് ഒരു ശതമാനത്തില്‍ താഴെ മാത്രം, ഐസിയുകളില്‍ രണ്ടുശതമാനത്തില്‍ താഴെ, ഓക്സിജന്‍ കിടക്കകള്‍ ആവശ്യമായത്  3 ശതമാനംപേര്‍ക്ക്

Posted On: 17 JUL 2020 2:34PM by PIB Thiruvananthpuram

 

രാജ്യത്ത് ചികിത്സയിലുള്ള കോവിഡ് 19 രോഗികളുടെ എണ്ണം 3,42,756 മാത്രമാണ്. ആകെ രോഗബാധിതരില്‍ 6.35 ലക്ഷത്തിലധികം (63.33%) പേര്‍ സുഖം പ്രാപിച്ചു.

ലോകത്തെ ജനസംഖ്യയില്‍ രണ്ടാമതുള്ള, 1.35 ബില്യണ്‍ ജനസംഖ്യയുള്ള രാജ്യമായ, ഇന്ത്യയില്‍ ദശലക്ഷത്തില്‍ 727.4 പേര്‍ക്കാണ് രോഗമുള്ളത്. ആഗോളതലത്തിലെ കണക്കെടുക്കുമ്പോള്‍, ചില യൂറോപ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിലെ രോഗികളുടെ എണ്ണം 4 മുതല്‍ 8 മടങ്ങുവരെ കുറവാണ്.

ദശലക്ഷത്തില്‍ 18.6 മരണങ്ങള്‍ എന്നത് ലോകത്തിലെ ഏറ്റവും കുറഞ്ഞ നിരക്കുകളില്‍ ഒന്നാണ്. വീടുവീടാന്തരമുള്ള സര്‍വേകള്‍, സമ്പര്‍ക്കം കണ്ടെത്തല്‍, കണ്ടെയ്ന്‍മെന്റ്-ബഫര്‍ സോണുകളിലെ നിരീക്ഷണം, ഈ പരിധിയിലെ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍, സജീവമായ പരിശോധന, സമയബന്ധിത രോഗനിര്‍ണയം തുടങ്ങിയ കാര്യങ്ങളില്‍ സംസ്ഥാനങ്ങള്‍/കേന്ദ്രഭരണപ്രദേശങ്ങള്‍ എന്നിവയുമായി സഹകരിച്ച് കേന്ദ്രഗവണ്‍മെന്റ് നടത്തുന്ന പരിശ്രമങ്ങള്‍ രോഗബാധിതരെ നേരത്തേ തിരിച്ചറിയാന്‍ സഹായിച്ചു. സമയബന്ധിതവും ഫലപ്രദവുമായ ചികിത്സയ്ക്കും ഇത് സഹായിച്ചിട്ടുണ്ട്.

ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് ഫലപ്രദമായ ചികിത്സാരീതിയാണ് രാജ്യത്ത് കൈക്കൊള്ളുന്നത്. രോഗലക്ഷണം കുറവുള്ള 80 ശതമാനത്തോളം രോഗികള്‍ വീടുകളില്‍ ഐസൊലേഷനിലാണ് കഴിയുന്നത്.  രോഗലക്ഷണം കൂടുതലുള്ളവരെ പ്രത്യേക കോവിഡ് ആശുപത്രികളിലോ പ്രത്യേക കോവിഡ് ഹെല്‍ത്ത് സെന്ററുകളിലോ ചികിത്സിക്കുന്നു. രോഗലക്ഷണം കുറഞ്ഞതും ഇല്ലാത്തതുമായ രോഗികളെ വീട്ടില്‍ ഐസൊലേഷനില്‍ പാര്‍പ്പിക്കുന്നത് ആശുപത്രികള്‍ക്ക് അധികഭാരമില്ലാതിരിക്കാന്‍ സഹായിക്കുന്നു. ഗുരുതരമായ കേസുകളുടെ ചികിത്സയിലും മരണനിരക്ക് കുറയ്ക്കുന്നതിലുമാണ് ആശുപത്രികള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. 1.94 ശതമാനത്തില്‍ താഴെ പേര്‍ ഐസിയുവിലും 0.35% പേര്‍ വെന്റിലേറ്ററുകളിലും കഴിയുന്നു. നിലവില്‍ ഓക്സിജന്‍ കിടക്കകള്‍ വേണ്ടത് 2.81% പേര്‍ക്കു  മാത്രമാണ്്.  

ഗുണനിലവാരമുള്ള ചികിത്സ ഉറപ്പാക്കുന്നതിനുള്ള ചികിത്സാസൗകര്യങ്ങള്‍ രാജ്യത്തുടനീളം തുടര്‍ച്ചയായി വര്‍ദ്ധിപ്പിക്കുകയാണ്. കൂട്ടായ ശ്രമങ്ങളുടെ ഫലമായി, കോവിഡ് 19 ചികിത്സയ്ക്കായുള്ള സംവിധാനങ്ങള്‍ രാജ്യത്തു ശക്തമാണ്. 1383 പ്രത്യേക ഡെഡിക്കേറ്റഡ് കോവിഡ് ആശുപത്രികള്‍, 3107 പ്രത്യേക കോവിഡ് ഹെല്‍ത്ത് കെയര്‍ സെന്ററുകള്‍, 10,382 കോവിഡ് കെയര്‍ സെന്ററുകള്‍ എന്നിവയാണ് രാജ്യത്തുള്ളത്. ഇവയിലെല്ലാം കൂടി 46,673 ഐസിയു കിടക്കകളാണുള്ളത്. സംസ്ഥാനങ്ങള്‍/കേന്ദ്രഭരണപ്രദേശങ്ങള്‍ എന്നിവിടങ്ങളിലെ ആശുപത്രികളില്‍ 21,848 വെന്റിലേറ്ററുകള്‍ നല്‍കിയിട്ടുണ്ട്. എന്‍ 95 മാസ്‌കുകളും പിപിഇ കിറ്റുകളും ആവശ്യാനുസരണം ലഭ്യമാണ്. സംസ്ഥാനങ്ങള്‍ക്ക്/ കേന്ദ്രഭരണപ്രദേശങ്ങള്‍ക്ക് / കേന്ദ്രസ്ഥാപനങ്ങള്‍ക്ക് കേന്ദ്രഗവണ്‍മെന്റ് 235.58 ലക്ഷം എന്‍ 95 മാസ്‌കുകളും 124.26 ലക്ഷം പിപിഇ കിറ്റുകളും നല്‍കിയിട്ടുണ്ട്.

കോവിഡ് 19-മായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങള്‍, മാര്‍ഗനിര്‍ദേശങ്ങള്‍, ഉപദേശങ്ങള്‍ എന്നിവയുടെ ആധികാരികവും പുതിയതുമായ വിവരങ്ങള്‍ക്ക് ഈ വെബ്സൈറ്റ് നിരന്തരം സന്ദര്‍ശിക്കുക: https://www.mohfw.gov.in/ @MoHFW_INDIA

കോവിഡ് -19 മായി ബന്ധപ്പെട്ട സാങ്കേതിക അന്വേഷണങ്ങള്‍ക്ക് technicalquery.covid19[at]gov[dot]in എന്ന ഇ-മെയിലില്‍ ബന്ധപ്പെടുക. മറ്റ് അന്വേഷണങ്ങള്‍ക്ക് ncov2019[at]gov[dot]in അല്ലെങ്കില്‍ @CovidIndiaSeva -യില്‍ ബന്ധപ്പെടുക.

കോവിഡ് -19 സംബന്ധിച്ച ഏത് അന്വേഷണങ്ങള്‍ക്കും ദയവായി കേന്ദ്ര ആരോഗ്യ- കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ ഹെല്‍പ്പ് ലൈന്‍ നമ്പരിരായ +91 11 23978046 ല്‍ വിളിക്കുക; അല്ലെങ്കില്‍ ടോള്‍ ഫ്രീ നമ്പറായ 1075 ല്‍ ബന്ധപ്പെടുക. കോവിഡ് 19 സംബന്ധിച്ച സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ഹെല്‍പ് ലൈന്‍ നമ്പരുകള്‍ ഈ ലിങ്കില്‍ ലഭ്യമാണ്:
https://www.mohfw.gov.in/pdf/coronvavirushelplinenumber.pdf.

****


(Release ID: 1639324) Visitor Counter : 242