പ്രധാനമന്ത്രിയുടെ ഓഫീസ്‌

ലോക യുവജന നൈപുണ്യ ദിനത്തോടനുബന്ധിച്ചു പ്രധാനമന്ത്രി നടത്തിയ പ്രസംഗം

Posted On: 15 JUL 2020 12:04PM by PIB Thiruvananthpuram

 


നമസ്‌കാരം,

എന്റെ യുവസുഹൃത്തുക്കള്‍ക്ക് ആശംസകള്‍!

ലോക യുവജന നൈപുണ്യ ദിനത്തില്‍ എല്ലാ യുവജനങ്ങള്‍ക്കും എന്റെ ആശംസകള്‍!

ഈ ദിവസം നിങ്ങളുടെ കഴിവുകള്‍ക്കായി സമര്‍പ്പിച്ചിരിക്കുന്നു.  ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ യുവാക്കളുടെയോ സഹസ്രാബ്ദ തലമുറയുടെയോ ഏറ്റവും വലിയ ശക്തി അവരുടെ കഴിവും കഴിവുകള്‍ നേടാനുള്ള കഴിവുമാണ്.

സുഹൃത്തുക്കളേ,

കൊറോണയുടെ ഈ പ്രതിസന്ധി ജോലിയുടെ സ്വഭാവത്തെയും ലോക സംസ്‌കാരത്തെയും മാറ്റിമറിച്ചു. മാറിക്കൊണ്ടിരിക്കുന്ന പുതിയ സാങ്കേതികവിദ്യയും ഇതിനെ സ്വാധീനിച്ചിട്ടുണ്ട്.  പുതിയ തൊഴില്‍സംസ്‌കാരവും ജോലിയുടെ പുതിയ സ്വഭാവവും നോക്കുമ്പോള്‍, നമ്മുടെ യുവാക്കള്‍ കൂടുതലായി പുതിയ കഴിവുകള്‍ നേടുന്നു.

സുഹൃത്തുക്കളേ, ഇപ്പോള്‍ പലരും എന്നോട് ചോദിക്കുന്നു, ബിസിനസ്സുകളും വിപണികളും വളരെ വേഗത്തില്‍ മാറുന്നു, തങ്ങളുടെ പ്രസക്തി എങ്ങനെ നിലനിര്‍ത്താമെന്ന് അവര്‍ക്ക് മനസ്സിലാകുന്നില്ല എന്ന്. കൊറോണ പ്രതിസന്ധിയുടെ ഈ സമയത്ത്, ഈ ചോദ്യം കൂടുതല്‍ നിര്‍ണായകമാവുകയും ചെയ്തു.

സുഹൃത്തുക്കളേ,

ഈ ചോദ്യത്തിന് ഞാന്‍ എല്ലായ്പ്പോഴും ഒരു ഉത്തരം നല്‍കുന്നു. പ്രസക്തമായി തുടരാനുള്ള മന്ത്രം- നൈപുണ്യം, പുനര്‍ നൈപുണ്യം, ഉയര്‍ന്ന നൈപുണ്യം ആണ്. നൈപുണ്യം എന്നാല്‍ നിങ്ങള്‍ ഒരു പുതിയ വൈദഗ്ദ്ധ്യം പഠിക്കുന്നു എന്നാണ്.  ഉദാഹരണത്തിന്, നിങ്ങള്‍ ഒരു മരക്കഷ്ണം ഉപയോഗിച്ച് ഒരു കസേര ഉണ്ടാക്കാന്‍ പഠിച്ചു. അതായിരുന്നു നിങ്ങളുടെ വൈദഗ്ദ്ധ്യം. ആ മരക്കഷ്ണത്തിന്റെ വിലയും നിങ്ങള്‍ വര്‍ദ്ധിപ്പിക്കുകയാണു ചെയ്തത്; അതിനാല്‍ മൂല്യവര്‍ദ്ധനവ് ഉണ്ടാകുന്നു. എന്നാല്‍ ഈ വിലകള്‍ നിലനിര്‍ത്തുന്നതിന്, ദിവസവും പുതിയ എന്തെങ്കിലും ചേര്‍ക്കേണ്ടതുണ്ട്, അതായത് പുതിയ ശൈലി അല്ലെങ്കില്‍ പുതിയ രൂപകല്‍പനകള്‍ മുതലായവ. നിര്‍മ്മാണം നിര്‍വഹിക്കുന്ന വ്യക്തി പുതിയ കാര്യങ്ങള്‍ പഠിക്കുന്നത് തുടരേണ്ടതുണ്ട്. പുതിയത് പഠിക്കുന്നതിന്റെ അര്‍ത്ഥം വീണ്ടും നൈപുണ്യം നേടുന്നു എന്നാണ്. ആ വൈദഗ്ദ്ധ്യം കൂടുതല്‍ വികസിപ്പിക്കുന്നതിനെ നൈപുണ്യം വര്‍ധിപ്പിക്കല്‍ എന്ന് വിളിക്കുന്നു. ചെറിയ ഫര്‍ണിച്ചര്‍ നിര്‍മ്മിക്കുന്നതില്‍നിന്ന് നിങ്ങള്‍ ഓഫീസ് മുഴുവനും രൂപകല്‍പ്പന ചെയ്യാന്‍ തുടങ്ങിയാല്‍ അതു നൈപുണ്യം വര്‍ധിപ്പിക്കലായി.  നൈപുണ്യം, വീണ്ടും നൈപുണ്യം, ഉയര്‍ന്ന നൈപുണ്യം എന്ന ഈ മന്ത്രം അറിയുക, മനസിലാക്കുക, പിന്തുടരുക, എന്നതു നാമെല്ലാവരുടെയും ജീവിതത്തില്‍ വളരെ പ്രധാനമാണ്.

അതിനിടെ, ഞാന്‍ നൈപുണ്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, എന്റെ പഴയ പരിചയക്കാരിലൊരാള്‍ എന്നോട് ഒരു വ്യക്തിയെ കുറിച്ചു ഞാന്‍ എപ്പോഴും ഓര്‍ക്കുന്നു. അദ്ദേഹം  വിദ്യാസമ്പന്നനായിരുന്നില്ല. പക്ഷേ അദ്ദേഹത്തിന്റെ കൈയെഴുത്ത് വളരെ മികച്ചതായിരുന്നു. ഒരു നിശ്ചിത കാലയളവില്‍, അദ്ദേഹം തന്റെ കൈയെഴുത്തില്‍ കൂടുതല്‍ പുതിയ ശൈലികള്‍ കൂട്ടിച്ചേര്‍ത്തു. അതായത്, അദ്ദേഹം സ്വയം പുനര്‍ നൈപുണ്യം നേടി. അദ്ദേഹത്തിന്റെ നൈപുണ്യം നിമിത്തം ആളുകള്‍ അദ്ദേഹത്തെ സമീപിക്കാന്‍ തുടങ്ങി. പ്രത്യേക അവസരങ്ങളില്‍ ആളുകള്‍ അദ്ദേഹത്തോട് ക്ഷണക്കത്തുകള്‍ എഴുതാന്‍ ആവശ്യപ്പെട്ടിരുന്നു. പിന്നീട് അദ്ദേഹം പുനര്‍നൈപുണ്യം നേടുകയും നൈപുണ്യം വര്‍ധിപ്പിക്കുകയും ചെയ്തു! കുറച്ചുകൂടി ഭാഷകള്‍ പഠിച്ചതിനുശേഷം അദ്ദേഹം കൂടുതല്‍ ഭാഷകളില്‍ എഴുതാന്‍ തുടങ്ങി. ഈ രീതിയില്‍, അദ്ദേഹത്തിന്റെ ബിസിനസ്സ് കാലക്രമേണ വളര്‍ന്നു. ആളുകള്‍ അവരുടെ ജോലികള്‍ പതിവായി ചെയ്യാനായി അദ്ദേഹത്തിന്റെ അടുത്തേക്ക് വരാന്‍ തുടങ്ങി. വിനോദ ഉപാധികളില്‍ നിന്ന് വളര്‍ന്ന ഒരു വൈദഗ്ദ്ധ്യം ഉപജീവനത്തിന്റെയും ആദരവു ലഭിക്കുന്നതിന്റെയും ഒരു മാധ്യമമായി മാറി.

സുഹൃത്തുക്കളേ,

നൈപുണ്യം എന്നത് നാം നമുക്കുതന്നെ സമ്മാനിക്കുന്ന ഒന്നാണ്. അത് അനുഭവത്തിനൊപ്പം വളരുന്നു. നൈപുണ്യം കാലാതീതമാണ്;  ഇത് സമയത്തിനനുസരിച്ച് മെച്ചപ്പെടുന്നു. നൈപുണ്യം അദ്വിതീയമാണ്; അത് നിങ്ങളെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തരാക്കുന്നു. ആര്‍ക്കും അപഹരിക്കാനാവാത്ത നിധിയാണ് നൈപുണ്യം. നൈപുണ്യം സ്വാശ്രയത്വമാണ്; ഇത് ഒരാളെ തൊഴില്‍ ചെയ്യാന്‍ മാത്രമല്ല സ്വയം തൊഴിലിനും പ്രാപ്തനാക്കുന്നു. നൈപുണ്യത്തിന്റെ ഈ ശക്തിക്ക് ഒരു വ്യക്തിയെ കൂടുതല്‍ ഉയരങ്ങളിലേക്ക് കൊണ്ടുപോകാന്‍ കഴിയും.

സുഹൃത്തുക്കളേ,
വിജയിച്ചവരുടെ യഥാര്‍ത്ഥ സ്വഭാവം, തന്റെ കഴിവ് വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഒരു അവസരവും ഒഴിവാക്കാന്‍ അവര്‍ ഒരിക്കലും അനുവദിക്കുന്നില്ല എന്നതാണ്. മാത്രമല്ല, അവര്‍ പുതിയ അവസരങ്ങള്‍ തേടിക്കൊണ്ടിരിക്കുന്നു.  നൈപുണ്യത്തോട് നിങ്ങള്‍ക്ക് താല്‍പ്പര്യമില്ലെങ്കില്‍, പുതിയത് പഠിക്കാന്‍ ആഗ്രഹമില്ലെങ്കില്‍, അത് ജീവിതത്തെ സ്തംഭിപ്പിക്കുന്നു. അതൊരു തടസ്സമായി അനുഭവപ്പെടുന്നു. ഒരു തരത്തില്‍ പറഞ്ഞാല്‍, ആ വ്യക്തി തന്റെ വ്യക്തിത്വത്തെ ഒരു ഭാരമാക്കി മാറ്റുന്നു. അത് നമുക്ക് മാത്രമല്ല, നമ്മുടെ ബന്ധുക്കള്‍ക്കും ഭാരമായി മാറുന്നു. മറുവശത്ത്, നൈപുണ്യത്തോടുള്ള താല്‍പര്യം പുതിയ ശക്തിയും ജീവിക്കാനുള്ള പുതിയ ഉത്സാഹവും നല്‍കുന്നു. നൈപുണ്യം ആഹാരം സമ്പാദിക്കാനുള്ള ഒരു മാര്‍ഗ്ഗം മാത്രമല്ല. ജീവിക്കാന്‍ നമുക്ക് പ്രതീക്ഷയും ഉത്സാഹവും ആവശ്യമാണ്, നൈപുണ്യമാണ് നമ്മുടെ ചാലക ശക്തിയാകുന്നത്. ഇതു നമുക്കു പുതിയ പ്രചോദനം പകരുന്നു. ഇത് ഒരു പുതിയ ഉന്‍മേഷമേകുന്നു! പ്രായം പ്രശ്നമല്ല. നിങ്ങള്‍ ചെറുപ്പമായാലും പ്രായമായാലും പുതിയ കഴിവുകള്‍ പഠിക്കുകയാണെങ്കില്‍, ജീവിതത്തോടുള്ള ആവേശം ഒരിക്കലും കുറയുകയില്ല.

സുഹൃത്തുക്കളേ,

നൈപുണ്യങ്ങളുടെ ശക്തിയെക്കുറിച്ച് എല്ലാവര്‍ക്കും ചില അനുഭവങ്ങള്‍ ഉണ്ടായിരിക്കണം. ഇന്നു നിങ്ങളോട് സംസാരിക്കുമ്പോള്‍, ഒരു സംഭവം ഞാന്‍ ഓര്‍മ്മിക്കുന്നു. എന്റെ ചെറുപ്പകാലത്ത് ഞാന്‍ ഗോത്രവര്‍ഗ മേഖലയില്‍ ഒരു സന്നദ്ധപ്രവര്‍ത്തകനായി ജോലി ചെയ്തിരുന്ന സമയമായിരുന്നു അത്. ഞാന്‍ ചില സംഘടനകളില്‍ പ്രവര്‍ത്തിക്കുമായിരുന്നു. അതിനാല്‍ ഒരിക്കല്‍, ഒരു സംഘടനയുടെ ആളുകളുമായി അവരുടെ ജീപ്പില്‍ ഞങ്ങള്‍ പുറത്തുപോകേണ്ടിവന്നു. എന്നാല്‍ ജീപ്പ് രാവിലെ സ്റ്റാര്‍ട്ടായില്ല. എല്ലാവരും ജീപ്പ് സ്റ്റാര്‍ട്ടാക്കാന്‍ വളരെയധികം ശ്രമിച്ചു;  അവര്‍ അത് തള്ളുകയും മറ്റും ചെയ്തു, പക്ഷേ ജീപ്പ് സ്റ്റാര്‍ട്ടായില്ല.  ഏകദേശം 7 അല്ലെങ്കില്‍ 8 മണിക്ക്, ഒരു മെക്കാനിക്കിനെ വിളിച്ചു. അയാള്‍ വന്ന് രണ്ടു മിനിറ്റിനുള്ളില്‍ ശരിയാക്കി.  ഞങ്ങള്‍ അദ്ദേഹത്തോട് കൂലി എത്രയാണെന്നു ചോദിച്ചപ്പോള്‍ പറഞ്ഞു, 20 രൂപ. അക്കാലത്ത് 20 രൂപയുടെ മൂല്യം വളരെ വലുതായിരുന്നു. പക്ഷേ, ഞങ്ങളുടെ കൂട്ടാളികളില്‍ ഒരാള്‍ പറഞ്ഞു, 'സഹോദരാ, ഇത് വെറും രണ്ടു മിനിറ്റ് ജോലി മാത്രമാണ്. അതിനു നിങ്ങള്‍ 20 രൂപ ചോദിക്കുകയാണോ?'' അദ്ദേഹത്തിന്റെ ഉത്തരം ഇന്നും എന്നെ പ്രചോദിപ്പിക്കുകയും മനസ്സില്‍ സ്വാധീനം ചെലുത്തുകയും ചെയ്യുന്നു. നിരക്ഷരനായ മെക്കാനിക്ക് പറഞ്ഞു, 'സര്‍, ഞാന്‍ രണ്ടു മിനിറ്റിനല്ല 20 രൂപ ഈടാക്കുന്നത്, 20 വര്‍ഷം ജോലി ചെയ്തു നേടിയ നൈപുണ്യത്തിനാണ്. വര്‍ഷങ്ങളെടുത്തു ഞാന്‍ നേടിയ അനുഭവത്തിന്റെ വിലയാണ് 20 രൂപ''. ഇതാണ് നൈപുണ്യത്തിന്റെ കരുത്ത് എന്ന് ഞാന്‍ വിശ്വസിക്കുന്നു.  നൈപുണ്യം നിങ്ങളുടെ ജോലിയില്‍ മാത്രമല്ല, നിങ്ങളുടെ പ്രതിഭയിലും പ്രാഭവത്തിലും സ്വാധീനം ചെലുത്തുന്നു.

സുഹൃത്തുക്കളേ,

ഇവിടെ ഒരു കാര്യം കൂടി മനസ്സിലാക്കേണ്ടത് വളരെ പ്രധാനമാണ്. ചില ആളുകള്‍ എല്ലായ്‌പ്പോഴും അറിവിനെക്കുറിച്ചും നൈപുണ്യത്തെക്കുറിച്ചും ആശയക്കുഴപ്പത്തിലാകുന്നു, അല്ലെങ്കില്‍ അതേക്കുറിച്ച് ആശയക്കുഴപ്പം സൃഷ്ടിക്കുന്നു.  അത്തരം ആളുകള്‍ക്ക് ഞാന്‍ എപ്പോഴും ഒരു ചെറിയ ഉദാഹരണം നല്‍കാറുണ്ട്. സൈക്കിള്‍ ഓടിക്കുന്നതെങ്ങനെ; സൈക്കിളില്‍ എങ്ങനെ ഇരിക്കാം; സൈക്കിള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു;  ഓരോ ഭാഗങ്ങളും എങ്ങനെ പ്രവര്‍ത്തിക്കുന്നു, ഹാന്‍ഡില്‍ എങ്ങനെ പിടിക്കാം; എങ്ങനെ ബ്രേക്ക് ഇടാം  എന്നതിനെക്കുറിച്ച് നിങ്ങള്‍ക്ക് പുസ്തകങ്ങള്‍ വായിക്കാനും യൂട്യൂബില്‍ വീഡിയോകള്‍ കാണാനും കഴിയും. ഇതെല്ലാം അറിവാണ്. നിങ്ങള്‍ക്ക് ഈ അറിവ് ഉള്ളതുകൊണ്ടു നിങ്ങള്‍ക്ക് ഒരു സൈക്കിള്‍ ഓടിക്കാന്‍ കഴിയും എന്നതിന് യാതൊരു ഉറപ്പുമില്ല. വാസ്തവത്തില്‍, സൈക്കിള്‍ ചവിട്ടുന്നതില്‍ നിങ്ങളെ സഹായിക്കാന്‍ നൈപുണ്യം ആവശ്യമാണ്. സൈക്കിള്‍ ചവിട്ടാന്‍ നിങ്ങള്‍ ക്രമേണ സ്വയം പഠിക്കുന്നു. തുടര്‍ന്നു നിങ്ങള്‍ സൈക്കിള്‍ ഓടിക്കുന്നത് ആസ്വദിക്കുന്നു. നിങ്ങള്‍ ഒരു പ്രശ്‌നവുമില്ലാതെ മുന്നോട്ടുപോകുന്നു. ഈ വൈദഗ്ധ്യം സ്വായത്തമാക്കുന്നതിലൂടെ നിങ്ങള്‍ ഒരു നൈപുണ്യമോ കഴിവോ ആര്‍ജിക്കുന്നു. അടുത്ത തവണ ഒരിക്കലും നിങ്ങളുടെ മനസ്സ് അര്‍പ്പിക്കേണ്ടിവരുന്നില്ല.


സമൂഹം മുതല്‍ ഭരണം വരെയുള്ള എല്ലാ തലങ്ങളിലും ഈ വ്യത്യാസം മനസ്സിലാക്കേണ്ടത് വളരെ പ്രധാനമാണ്. അറിവും നൈപുണ്യവും തമ്മിലുള്ള വ്യത്യാസം മനസിലാക്കിയാണ് ഇന്ന് ഇന്ത്യ പുരോഗമിക്കുന്നത്. അഞ്ച് വര്‍ഷം മുമ്പ് ഈ ദിവസം, ഈ ആശയം ഉപയോഗിച്ച് സ്‌കില്‍ ഇന്ത്യ മിഷന്‍ ആരംഭിച്ചു.  വിജ്ഞാനത്തോടൊപ്പം യുവജനങ്ങള്‍ക്ക് കഴിവുകളും ആര്‍ജിക്കാന്‍ കഴിയുമെന്ന് ഉറപ്പാക്കുകയായിരുന്നു ലക്ഷ്യം.  ഇതിനായി നൂറുകണക്കിന് പ്രധാനമന്ത്രി കൗശല്‍ വികാസ് കേന്ദ്രങ്ങള്‍ രാജ്യത്തുടനീളം സ്ഥാപിച്ചു. ഐടിഐകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയും ലക്ഷക്കണക്കിന് പുതിയ സീറ്റുകള്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. ഈ കാലയളവില്‍ അഞ്ചു കോടിയിലധികം ആളുകളുടെ നൈപുണ്യവികസനം നടത്തി.  ഈ പദ്ധതി നിര്‍വിഘ്‌നം തുടരുന്നു.

സുഹൃത്തുക്കളേ,

അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഇന്നത്തെ 
ലോകത്ത്, പല മേഖലകളിലും നൈപുണ്യമുള്ള ലക്ഷക്കണക്കിനു പേരെ ആവശ്യമുണ്ട്. ആരോഗ്യസംരക്ഷണ സേവനങ്ങളില്‍ വിശേഷിച്ചു വലിയ സാധ്യതകളുണ്ട്. ഇത് മനസിലാക്കി, നൈപുണ്യ വികസന മന്ത്രാലയം ഇപ്പോള്‍ ലോകമെമ്പാടുമുള്ള അവസരങ്ങള്‍ രേഖപ്പെടുത്താന്‍ ആരംഭിച്ചു. ഇന്ത്യയിലെ യുവജനങ്ങള്‍ക്ക് മറ്റ് രാജ്യങ്ങളുടെ ആവശ്യങ്ങളെക്കുറിച്ചു വസ്തുതാപരവും കൃത്യവുമായ വിവരങ്ങള്‍ ലഭിക്കുമെന്ന് ഉറപ്പാക്കാന്‍ ഞങ്ങള്‍ ശ്രമിക്കുന്നു. അല്ലെങ്കില്‍ ആരോഗ്യമേഖലയില്‍ അവസരങ്ങളുടെ പുതിയ വാതിലുകള്‍ തുറക്കുന്ന രാജ്യങ്ങളെക്കുറിച്ച്; അല്ലെങ്കില്‍ ഒരു പ്രത്യേക സേവന മേഖലയില്‍ സൃഷ്ടിക്കുന്ന ആവശ്യകതയെക്കുറിച്ച് അറിവു ലഭിക്കുന്നു എന്ന് ഉറപ്പുവരുത്താന്‍ ശ്രമിക്കുന്നു. ഇവയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇപ്പോള്‍ ഇന്ത്യയിലെ യുവജനങ്ങള്‍ക്ക് വേഗത്തില്‍ ലഭ്യമാകും.

മര്‍ച്ചന്റ് നേവിയുടെ ഉദാഹരണം എടുക്കുക. ഇന്ത്യയുള്‍പ്പെടെയുള്ള ലോകത്തിന് വളരെയധികം നാവികരുടെ ആവശ്യമുണ്ട്. നമുക്ക് 7500 കിലോമീറ്റര്‍ തീരദേശമുണ്ട്. നമ്മുടെ ചെറുപ്പക്കാരില്‍ വലിയൊരു വിഭാഗത്തിനു കടലും തീരദേശാവസ്ഥയും പരിചിതമാണ്. ഈ രംഗത്തെ വൈദഗ്ദ്ധ്യം വര്‍ദ്ധിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കുകയാണെങ്കില്‍ നമുക്ക് ലക്ഷക്കണക്കിന് വിദഗ്ധ നാവികരെ ഉല്‍പാദിപ്പിക്കാനും ലോകത്തിന് നല്‍കാനും കഴിയും, മാത്രമല്ല നമ്മുടെ രാജ്യത്തിന്റെ തീരദേശ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താനും കഴിയും.

അവസരങ്ങള്‍ രേഖപ്പെടുത്തുന്നതിലൂടെ അത്തരം വിവരങ്ങള്‍ നല്‍കുന്ന ജോലി എളുപ്പമായിത്തീരും. ഇതിനു പുറമെ, തൊഴിലാളികളുടെ നൈപുണ്യം രേഖപ്പെടുത്തുന്ന പോര്‍ട്ടലും നാലഞ്ചു ദിവസം മുമ്പ് രാജ്യത്ത് ആരംഭിച്ചു. വിദഗ്ധരായ ആളുകളെയും വിദഗ്ധ തൊഴിലാളികളെയും കണ്ടെത്തി രേഖപ്പെടുത്തുന്നതില്‍ ഈ പോര്‍ട്ടല്‍ ഒരു പ്രധാന പങ്ക് വഹിക്കും. ഇതോടെ, തൊഴിലുടമകള്‍ക്ക് ഒരു ക്ലിക്കിലൂടെ നൈപുണ്യത്തോടുകൂടിയ തൊഴിലാളികളിലേക്ക് എത്തിച്ചേരാനാകും. അടുത്തിടെ നഗരങ്ങളില്‍ നിന്നു തങ്ങളുടെ ഗ്രാമങ്ങളിലേക്കു ചേക്കേറിയ തൊഴിലാളികള്‍ക്ക് പ്രത്യേകിച്ചും കൂടുതല്‍ പ്രയോജനം ലഭിക്കും. പ്രത്യേക നൈപുണ്യങ്ങളോടെ  ഗ്രാമങ്ങളില്‍ എത്തിച്ചേര്‍ന്ന ആളുകള്‍ എങ്ങനെയാണ് ഗ്രാമങ്ങളെ പുനരുജ്ജീവിപ്പിക്കാന്‍ തുടങ്ങിയതെന്ന് നിങ്ങള്‍ കണ്ടിരിക്കണം. ചിലര്‍ സ്‌കൂളില്‍ പെയിന്റിംഗ് നടത്തുന്നു; ചിലര്‍ പുതിയ രൂപകല്‍പനയില്‍ വീടുകള്‍ നിര്‍മ്മിക്കുന്നു. ചെറുതോ വലുതോ ആയ എല്ലാത്തരം കഴിവുകളും ഒരു സ്വാശ്രയ ഇന്ത്യയുടെ ഏറ്റവും വലിയ ശക്തിയായി മാറും.

 ലോക യുവജന നൈപുണ്യ ദിനത്തില്‍ ഞാന്‍ വീണ്ടും രാജ്യത്തെ യുവാക്കളെ അഭിനന്ദിക്കുന്നു.

 ലോകം പകര്‍ച്ചവ്യാധിയാല്‍പ്പെട്ടിരിക്കുന്നു. അതിനാല്‍ ഒരു കാര്യം വീണ്ടും വീണ്ടും ആവര്‍ത്തിക്കേണ്ടത് എന്റെ കടമയാണ്. ഞാന്‍ മാത്രമല്ല, നിങ്ങളും ഇത് ആവര്‍ത്തിച്ചുകൊണ്ടിരിക്കണം. അതെന്താണ്? ആദ്യം നിങ്ങള്‍ ആരോഗ്യമുള്ളവരായിരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. രണ്ടാമതായി, നിങ്ങള്‍ എല്ലാവരും സാമൂഹിക അകലം പാലിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. മാസ്‌ക് ധരിക്കാന്‍ മറക്കരുത്. പൊതുസ്ഥലത്തു തുപ്പുന്ന ശീലം ഉപേക്ഷിക്കാന്‍ ജനങ്ങളോട് വിശദീകരിക്കുന്നത് തുടരുക.  ഇന്ന് നാം ഇവിടെ കൂടിയത് ഏതു മന്ത്രത്തിനാണോ അത് എല്ലായ്‌പ്പോഴും ഓര്‍ക്കുക. നിങ്ങള്‍ എത്ര വിദ്യാസമ്പന്നനാണെങ്കിലും, നിങ്ങള്‍ക്ക് എത്ര ബിരുദങ്ങള്‍ ഉണ്ടെങ്കിലും, നൈപുണ്യം നിരന്തരം വര്‍ദ്ധിപ്പിക്കുകയും നവീകരിക്കുകയും വേണം. പുതിയ നൈപുണ്യം നേടാന്‍ സദാ സന്നദ്ധമായിരിക്കണം. നിങ്ങള്‍ ജീവിതം ആസ്വദിക്കാന്‍ തുടങ്ങും. ജീവിതത്തില്‍ പുതിയ അവസരങ്ങള്‍ ലഭിക്കുന്നത് നിങ്ങള്‍ ആസ്വദിക്കും. നിങ്ങളുടെ കൈകളുടെയും വിരലുകളുടെയും ഹൃദയത്തിന്റെയും മനസ്സിന്റെയും ശക്തി ഒരു നൈപുണ്യത്തിലൂടെ വര്‍ദ്ധിപ്പിക്കുമെന്നും മുന്നോട്ട് പോകുമെന്നും രാജ്യത്തെ പുരോഗതി നേടാന്‍ സഹായിക്കുമെന്നും എനിക്ക് ഉറപ്പുണ്ട്.


വളരെയധികം നന്ദി!

നിങ്ങള്‍ക്ക് ആശംസകള്‍

****



(Release ID: 1638963) Visitor Counter : 228