പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഇന്ത്യ ഗ്ലോബല്‍ വീക്ക് 2020ല്‍ പ്രധാനമന്ത്രി നടത്തിയ അഭിസംബോധനയുടെ പൂര്‍ണരൂപം

Posted On: 09 JUL 2020 3:10PM by PIB Thiruvananthpuram

 

ജീവിതത്തിന്റെ നാനാതുറകളില്‍ നിന്നുള്ള വിശിഷ്ടാതിഥികളേ, നമസ്‌കാരം! ഇന്ത്യയുടെ ആശംസകള്‍. ഈ പരിപാടി സംഘടിപ്പിച്ചതിന് ഇന്ത്യ ഇന്‍ക് ഗ്രൂപ്പിന് എന്റെ അഭിനന്ദനങ്ങള്‍. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഇന്ത്യ ഇന്‍ക് നടത്തുന്ന മികച്ച പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ് ഈ പരിപാടി. നിങ്ങളുടെ പരിപാടികള്‍ രാജ്യത്തെ അവസരങ്ങള്‍ ആഗോളശ്രദ്ധയിലെത്താന്‍ സഹായിച്ചു. ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള ബന്ധം ദൃഢമാക്കാന്‍ നിങ്ങള്‍ സഹായിച്ചു. ഈ വര്‍ഷത്തെ പരിപാടി മറ്റു പങ്കാളികളിലേക്കും വ്യാപിപ്പിച്ചു എന്നതില്‍ ഞാന്‍ സന്തുഷ്ടനാണ്. വീണ്ടും അഭിനന്ദനങ്ങള്‍. അടുത്ത വര്‍ഷം, നിങ്ങള്‍ക്ക് സെന്റര്‍ കോര്‍ട്ടില്‍ വിംബിള്‍ഡണ്‍ മത്സരം ആസ്വദിക്കാനുള്ള അവസരം ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നു.

സുഹൃത്തുക്കളേ,
ഇക്കാലത്ത്, പുനരുജ്ജീവനത്തെക്കുറിച്ച് സംസാരിക്കുന്നത് സ്വാഭാവികമാണ്. ആഗോളതലത്തിലെ ഉണര്‍വുമായി ഇന്ത്യയെ ബന്ധപ്പെടുത്തുന്നതും സ്വാഭാവികം. ആഗോള പുനരുജ്ജീവനത്തിന്റെ കാര്യത്തില്‍ ഇന്ത്യ ഒരു സുപ്രധാന പങ്ക് വഹിക്കുമെന്ന വിശ്വാസമുണ്ട്. ഇത് രണ്ട് ഘടകങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നതായി ഞാന്‍ മനസിലാക്കുന്നു. ആദ്യത്തേത്- ഇന്ത്യയുടെ കഴിവ്. ലോകമെമ്പാടും, ഇന്ത്യയുടെ പ്രതിഭാസമ്പത്തിന്റെ സംഭാവനകള്‍ നിങ്ങള്‍ കണ്ടു. ഇതില്‍ ഇന്ത്യക്കാരായ ജീവനക്കാര്‍, ഡോക്ടര്‍മാര്‍, നേഴ്‌സുമാര്‍, ബാങ്കുദ്യോഗസ്ഥര്‍, അഭിഭാഷകര്‍, ശാസ്ത്രജ്ഞര്‍, പ്രൊഫസര്‍മാര്‍, ഞങ്ങളുടെ കഠിനാധ്വാനികളായ തൊഴിലാളികള്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്നു. ഇന്ത്യയുടെ വിവരസാങ്കേതിക വ്യവസായമേഖലയെയും സാങ്കേതിക വിദഗ്ധരെയും ആര്‍ക്കാണ് മറക്കാന്‍ കഴിയുക. പതിറ്റാണ്ടുകളായി അവര്‍ വഴിതെളിക്കുകയാണ്. പ്രതിഭകളുടെ ശക്തികേന്ദ്രമാണ് ഇന്ത്യ; അത് സഹായിക്കാന്‍ തല്‍പ്പരരും പഠിക്കാന്‍ എപ്പോഴും തയ്യാറായവരുമാണ്. പരസ്പരം പ്രയോജനപ്പെടുന്ന കൂട്ടായ പ്രവര്‍ത്തനങ്ങളുണ്ട്.

സുഹൃത്തുക്കളേ,
പരിഷ്‌കരണത്തിനും പുനരുജ്ജീവനത്തിനുമുള്ള ഇന്ത്യയുടെ കഴിവാണ് രണ്ടാമത്തെ ഘടകം. ഇന്ത്യക്കാര്‍ സ്വാഭാവിക പരിഷ്‌കര്‍ത്താക്കളാണ്! സാമൂഹികമോ സാമ്പത്തികമോ ആകട്ടെ, എല്ലാ വെല്ലുവിളികളെയും ഇന്ത്യ മറികടന്നതായി ചരിത്രം തെളിയിച്ചിട്ടുണ്ട്. പരിഷ്‌കരണ-പുനരുജ്ജീവന മനോഭാവത്തോടെയാണ് ഇന്ത്യ അങ്ങനെ തുടര്‍ന്നത്. അതേ മനോഭാവം തന്നെയാണ് ഇപ്പോഴും തുടരുന്നത്.

സുഹൃത്തുക്കളേ,
ഒരുവശത്ത് ഇന്ത്യ ആഗോള മഹാമാരിക്കെതിരായ ശക്തമായ പോരാട്ടത്തിലാണ്. ജനങ്ങളുടെ ആരോഗ്യത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനൊപ്പം, സമ്പദ്‌വ്യവസ്ഥയുടെ ആരോഗ്യത്തിലും ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇന്ത്യ പുനരുജ്ജീവനത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, അത് കരുതലോടെയുള്ള പുനരുജ്ജീവനമാണ്, അനുകമ്പയോടെയുള്ള പുനരുജ്ജീവനമാണ്, പരിസ്ഥിതിയുടെയും സമ്പദ്‌വ്യവസ്ഥയുടെയും സുസ്ഥിര പുനരുജ്ജീവനമാണ്. പ്രകൃതിദേവിയെ ആരാധിക്കുന്ന സംസ്‌കാരമാണ് ഞങ്ങള്‍ ഇന്ത്യക്കാര്‍ പിന്തുടരുന്നത്. ഭൂമി നമ്മുടെ അമ്മയാണെന്നും ഞങ്ങള്‍ ആ അമ്മയുടെ കുട്ടികളാണെന്നും ഇന്ത്യക്കാര്‍ വിശ്വസിക്കുന്നു.

സുഹൃത്തുക്കളേ,
കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ, സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍, ഭവന-അടിസ്ഥാന സൗകര്യ നിര്‍മ്മാണത്തില്‍ ഏറ്റവും മികവ്, വാണിജ്യ നടത്തിപ്പ് സുഗമമാക്കല്‍, ജിഎസ്ടി ഉള്‍പ്പെടെയുള്ള ധീരമായ നികുതി പരിഷ്‌കരണങ്ങള്‍, ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ പരിരക്ഷാ സംരംഭമായ ആയുഷ്മാന്‍ ഭാരത് തുടങ്ങിയ മേഖലകളില്‍ ഇന്ത്യ വലിയ നേട്ടങ്ങള്‍ കൈവരിച്ചു. ഈ നേട്ടങ്ങള്‍ അടുത്ത ഘട്ടത്തിലേക്കുള്ള വികസന സംരംഭങ്ങള്‍ക്ക് അടിത്തറയിടുകയും ചെയ്തു.

സുഹൃത്തുക്കളേ,
അസാധ്യമെന്ന് കരുതുന്ന കാര്യങ്ങള്‍ നേടിയെടുക്കാനുള്ള മനോഭാവം ഇന്ത്യക്കാര്‍ക്കുണ്ട്. സാമ്പത്തിക പുനരുജ്ജീവനത്തിന്റെ കാര്യത്തില്‍ ഇന്ത്യയില്‍ നാം ഇതിനകം തന്നെ ഹരിതമുകുളങ്ങള്‍ കണ്ടുതുടങ്ങിയതില്‍ അത്ഭുതപ്പെടാനില്ല. മഹാമാരിയുടെ ഈ കാലത്ത്, ഞങ്ങള്‍ ഞങ്ങളുടെ പൗരന്മാര്‍ക്ക് ആശ്വാസമേകുകയും വ്യാപ്തിയേറിയ ഘടനാപരമായ പരിഷ്‌കാരങ്ങള്‍ നടപ്പാക്കുകയും ചെയ്തു. ഞങ്ങള്‍ സമ്പദ്‌വ്യവസ്ഥയെ കൂടുതല്‍ ഉല്‍പാദനക്ഷമവും നിക്ഷേപ സൗഹൃദപരവും മത്സരാധിഷ്ഠിതവുമാക്കുന്നു.

ഞങ്ങളുടെ ദുരിതാശ്വാസ പദ്ധതി മികച്ചതും അശരണരായ ഏറെ പേര്‍ക്ക് കൂടുതല്‍ സഹായം നല്‍കാന്‍ ലക്ഷ്യമിട്ടുള്ളതുമാണ്. ഒരോ  പൈസയും  പാഴാകാതെ ഗുണഭോക്താക്കളിലേക്ക് നേരിട്ട് എത്തിക്കാന്‍ കഴിയുന്നു; അതിന് സാങ്കേതിക വിദ്യയോട് കടപ്പെട്ടിരിക്കുന്നു. സൗജന്യ പാചകവാതകവിതരണം, ബാങ്ക് അക്കൗണ്ടുകളില്‍ പണം, ദശലക്ഷക്കണക്കിനുപേര്‍ക്ക് സൗജന്യ ഭക്ഷ്യധാന്യങ്ങള്‍ തുടങ്ങി വിവിധ കാര്യങ്ങളാണ് ആശ്വാസ നടപടികളില്‍ പെടുന്നത്. അണ്‍ലോക്ക് പ്രഖ്യാപിച്ചതിനു പിന്നാലെ, ദശലക്ഷക്കണക്കിന് തൊഴിലാളികള്‍ക്ക് തൊഴില്‍ നല്‍കുന്നതിനായി ലോകത്തിലെ ഏറ്റവും വലിയ പൊതുമരാമത്ത് പദ്ധതി ഞങ്ങള്‍ ആരംഭിച്ചു. ഇത് ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുക മാത്രമല്ല, ഗ്രാമപ്രദേശങ്ങളില്‍ ഈടുനില്‍ക്കുന്ന അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ സഹായിക്കുകയും ചെയ്യും.

സുഹൃത്തുക്കളേ,
ലോകത്ത് ഏതു പങ്കാളിയെയും സ്വാഗതം ചെയ്യുന്ന സമ്പദ്‌വ്യവസ്ഥകളിലൊന്നാണ് (തുറന്ന സമ്പദ്വ്യവസ്ഥ) ഇന്ത്യയുടേത്. ലോകോത്തര കമ്പനികള്‍ക്കെല്ലാം ഇന്ത്യയില്‍ സാന്നിധ്യം ഉറപ്പിക്കാന്‍ ചുവന്ന പരവതാനി വിരിക്കുകയാണ് നാം. ഇന്ന് ഇന്ത്യ നല്‍കുന്ന അവസരങ്ങള്‍ വളരെ കുറച്ച് രാജ്യങ്ങള്‍ക്കു മാത്രമേ നല്‍കാനാകൂ. ഭാവി കണക്കിലെടുത്തു തുടക്കംകുറിച്ച വിവിധ മേഖലകളിലായി ഇന്ത്യയില്‍ നിരവധി സാധ്യതകളും അവസരങ്ങളും ഉണ്ട്. കാര്‍ഷിക മേഖലയിലെ ഞങ്ങളുടെ പരിഷ്‌കരണങ്ങള്‍ സംഭരണത്തിലും വിതരണത്തിലും നിക്ഷേപകര്‍ക്ക് ആകര്‍ഷകമായ അവസരങ്ങള്‍ പ്രദാനം ചെയ്യുന്നു. ഞങ്ങളുടെ കര്‍ഷകരുടെ കഠിനാധ്വാനത്തില്‍ നിക്ഷേപകര്‍ക്ക് നേരിട്ട് നിക്ഷേപം നടത്താനുള്ള വാതിലുകളും ഞങ്ങള്‍ തുറന്നു.

സുഹൃത്തുക്കളേ,
സൂക്ഷ്മ - ചെറുകിട - ഇടത്തരം സംരംഭ മേഖലയില്‍ ഞങ്ങള്‍ പരിഷ്‌കരണങ്ങള്‍ കൊണ്ടുവന്നു. കുതിപ്പിന്റെ പാതയിലുള്ള എംഎസ്എംഇ മേഖലയും വന്‍കിട വ്യവസായങ്ങള്‍ക്കു പൂരകമാകും. പ്രതിരോധ മേഖലയിലും നിക്ഷേപ അവസരങ്ങളുണ്ട്. ഇളവുകള്‍ അനുവദിച്ച എഫ്ഡിഐ മാനദണ്ഡങ്ങളിലൂടെ, ലോകത്തിലെ ഏറ്റവും വലിയ സൈന്യത്തില്‍ ഒന്ന്  നിങ്ങളോട് അതിനുവേണ്ട ഉപകരണങ്ങള്‍ നിര്‍മ്മിക്കാന്‍ ക്ഷണിക്കുകയാണ്. ഇപ്പോള്‍, ബഹിരാകാശ മേഖലയിലും സ്വകാര്യ നിക്ഷേപത്തിന് കൂടുതല്‍ അവസരങ്ങളുണ്ട്. ജനങ്ങള്‍ക്കു പ്രയോജനപ്പെടുന്നതിനായി ബഹിരാകാശ സാങ്കേതിക വിദ്യയുടെ വാണിജ്യപരമായ ഉപയോഗത്തില്‍ കൂടുതല്‍ ഇടപെടലിന് ഇത് അവസരമൊരുക്കും. ഇന്ത്യയുടെ സാങ്കേതിക, സ്റ്റാര്‍ട്ടപ്പ് മേഖല ഊര്‍ജസ്വലമാണ്. ഡിജിറ്റല്‍ പശ്ചാത്തലമുള്ള ദശലക്ഷക്കണക്കിന് പേരുള്ള വിപണി ലഭ്യമാണ്. അവര്‍ക്കായി നിര്‍മ്മിക്കാന്‍ കഴിയുന്ന തരത്തിലുള്ള ഉല്‍പ്പന്നങ്ങള്‍ നിങ്ങള്‍ ആലോചിക്കൂ.

സുഹൃത്തുക്കളേ, 
ഇന്ത്യയുടെ ഔഷധമേഖല രാജ്യത്തിനു മാത്രമല്ല, ലോകത്തിനാകെ പ്രയോജനപ്പെടുന്ന സമ്പത്താണെന്ന് മഹാമാരി വീണ്ടും തെളിയിച്ചു. മരുന്നുകളുടെ വില കുറയ്ക്കുന്നതില്‍, പ്രത്യേകിച്ച് വികസ്വര രാജ്യങ്ങളില്‍, വലിയൊരു പങ്കു വഹിക്കാനും ഇതിനു സാധിച്ചിട്ടുണ്ട്. ലോകത്ത് കുട്ടികളുടെ കുത്തിവയ്പിനായി വേണ്ടവയിൽ  മൂന്നില്‍ രണ്ടും സജ്ജമാക്കുന്നത് ഇന്ത്യയിലാണ്. കോവിഡ് 19നായുള്ള വാക്‌സിൻ  ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രമങ്ങള്‍ക്കൊപ്പം ഞങ്ങളുടെ കമ്പനികള്‍ ഇന്നും സജീവമാണ്. വാക്‌സിൻ  വികസിപ്പിക്കുന്നതില്‍ ഇന്ത്യക്ക് പ്രധാന പങ്കു വഹിക്കാനാകുമെന്ന് ഉറപ്പാണ്. വാക്‌സിൻ  കണ്ടെത്തിയാല്‍ അതിന്റെ ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിലും ഇന്ത്യ സുപ്രധാന പങ്കു വഹിക്കും.

സുഹൃത്തുക്കളേ,
130 കോടി ഇന്ത്യക്കാരാണ് ആത്മനിര്‍ഭര്‍ ഭാരതത്തിനായി നിലകൊള്ളുന്നത്. ഒരു സ്വയംപര്യാപ്ത ഇന്ത്യ. ആത്മനിര്‍ഭര്‍ ഭാരത് എന്നത് ആഭ്യന്തര ഉല്‍പ്പാദനവും ഉപഭോഗവും ആഗോള വിതരണ ശൃംഖലയുമായി ലയിപ്പിക്കുന്ന ഒന്നാണ്. ആത്മനിര്‍ഭര്‍ ഭാരത് തന്നിലേക്കു ചുരുങ്ങുന്നതിനോ ലോകവാതായനങ്ങള്‍ അടയ്ക്കുന്നതിനോ അല്ല. സ്വയം നിലനില്‍ക്കുന്നതിനും സ്വയം സൃഷ്ടിക്കുന്നതിനുമാണത്. കാര്യക്ഷമത, നീതി, തിരിച്ചുവരവ് എന്നിവ പ്രോത്സാഹിപ്പിക്കുന്ന നയങ്ങള്‍ ഞങ്ങള്‍ പിന്തുടരും.

സുഹൃത്തുക്കളേ,
ഈ വേദി പണ്ഡിറ്റ് രവിശങ്കറിന്റെ നൂറാം ജന്മവാര്‍ഷികം ആഘോഷിക്കുന്നുവെന്നതിലും സന്തോഷമുണ്ട്. ഇന്ത്യയുടെ ശാസ്ത്രീയ സംഗീതത്തിന്റെ ഭംഗി അദ്ദേഹം ലോകത്തിന്റെ ശ്രദ്ധയിലെത്തിച്ചു. അഭിവാദ്യത്തിന്റെ രൂപമായി 'നമസ്‌തേ' എങ്ങനെ ആഗോളതലത്തില്‍ എത്തിയെന്ന് നിങ്ങള്‍ക്കു കാണാം. ഈ മഹാമാരിക്കാലത്ത് ലോകമെമ്പാടും യോഗ, ആയുര്‍വേദം, പരമ്പരാഗത മരുന്നുകള്‍ എന്നിവയുടെ പ്രസക്തി വര്‍ധിച്ചുവരുന്നതായി കാണാം. ഇന്ത്യയുടെ പൗരാണിക സംസ്‌കാരം, ഇന്ത്യയുടെ സാര്‍വത്രികവും സമാധാനപരവുമായ ധാര്‍മ്മികത- ഇവയാണ് നമ്മുടെ ശക്തി.

സുഹൃത്തുക്കളേ,
ആഗോള നന്മയ്ക്കും അഭിവൃദ്ധിക്കും വേണ്ടി എന്തുചെയ്യാനും ഇന്ത്യ തയ്യാറാണ്. പരിഷ്‌കരണവും പ്രവര്‍ത്തനവും പരിവര്‍ത്തനവും നടത്തുന്ന ഒരു ഇന്ത്യയാണിത്. പുതിയ സാമ്പത്തിക അവസരങ്ങള്‍ നല്‍കുന്ന ഇന്ത്യയാണിത്. വികസനത്തിന് മനുഷ്യ കേന്ദ്രീകൃതവും സമഗ്രവുമായ സമീപനം സ്വീകരിക്കുന്ന ഒരു ഇന്ത്യയാണിത്.

ഇന്ത്യ നിങ്ങളെ എല്ലാവരെയും കാത്തിരിക്കുകയാണ്.
നമസ്‌കാരം,
വളരെ നന്ദി.
****
 (Release ID: 1637609) Visitor Counter : 165