പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഇന്ത്യയിലെ ലേയില്‍ വച്ച് ഇന്ത്യന്‍ സായുധസേനയോട് പ്രധാനമന്ത്രി നടത്തിയ അഭിസംബോധന

Posted On: 03 JUL 2020 5:50PM by PIB Thiruvananthpuram



'ഭാരതമാതാവ് ജയിക്കട്ടെ'
'ഭാരതമാതാവ് ജയിക്കട്ടെ'

സുഹൃത്തുക്കളെ, ഇന്ത്യാമാതാവിന്റെ അഭിമാനം സംരക്ഷിക്കുന്നതിനുള്ള നിങ്ങളുടെ ധൈര്യവും ധീരതയും അര്‍പ്പണമനോഭാവവും താരതമ്യം ഇല്ലാത്തതാണ്. ലോകത്തുതന്നെ സമാനതകളില്ലാത്തതാണ് നിങ്ങളുടെ ഉത്സാഹം. മാതൃരാജ്യത്തെ സേവിക്കാനും സംരക്ഷിക്കാനുമായി ബുദ്ധിമുട്ടേറിയ സാഹചര്യത്തിലൂം ഉയരത്തിലും നിങ്ങള്‍ ഒരു പരിചയെപ്പോലെ പ്രവര്‍ത്തിക്കുമ്പോള്‍ ആര്‍ക്കും അതിനെ പരാജയപ്പെടുത്താനാവില്ല!
നിങ്ങളെ നിയമിച്ചിരിക്കുന്ന ഉയരത്തിനെക്കാള്‍ വലുതാണ് നിങ്ങളുടെ ധൈര്യം. ദിവസംതോറും നിങ്ങള്‍ നടക്കുന്ന താഴ്വരയെക്കാള്‍ ശക്തമാണ് നിങ്ങളുടെ നിശ്ചയദാര്‍ഢ്യം. വലയം ചെയ്തുനില്‍ക്കുന്ന ഈ മലനിരകളെപ്പോലെ കരുത്തുറ്റതാണ് നിങ്ങളുടെ ഇച്ഛാശക്തി. ഇന്ന് നിങ്ങള്‍ക്കിടയില്‍ നില്‍ക്കുമ്പോള്‍ എനിക്ക് അത് അനുഭവിക്കാന്‍ കഴിയുന്നു. എന്റെ സ്വന്തം കണ്ണുകള്‍ കൊണ്ട് എനിക്ക് അത് കാണാന്‍ കഴിയുന്നു!
സുഹൃത്തുക്കളെ,
രാജ്യത്തിന്റെ സുരക്ഷയുടെയും സംരക്ഷണത്തിന്റെയും ഉത്തരവാദിത്തം നിങ്ങളുടെ കൈകളിലും നിങ്ങളുടെ കരുത്തുറ്റ നിശ്ചയദാര്‍ഢ്യത്തിലുമാണ്; അതുകൊണ്ട് അഞ്ചലമായ ആത്മവിശ്വാസമുണ്ട്. എന്നെ മാത്രമല്ല, രാജ്യത്തിനെയാകെ തന്നെ അത്തരമൊരു അഞ്ചലമായ വിശ്വാസത്തില്‍ സന്നിവേശിപ്പിക്കാനും രാജ്യത്തിന് ഉറപ്പുനല്‍കാനും കഴിഞ്ഞിട്ടുണ്ട്. അതിര്‍ത്തിയിലെ നിങ്ങളുടെ സാന്നിദ്ധ്യം രാവുംപകലും രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ ഓരോ രാജ്യവാസിക്കും പ്രചോദനമാകുന്നുമുണ്ട്. സ്വാശ്രയ ഇന്ത്യ എന്ന പ്രതിജ്ഞ ശക്തമായത് നിങ്ങള്‍ മൂലമാണ്, നിങ്ങളുടെ ത്യാഗവും പരിശ്രമങ്ങളും മൂലമാണ്. ഇപ്പോള്‍ നിങ്ങളും നിങ്ങളുടെയും നിങ്ങളുടെ സുഹൃത്തുക്കളുടെയൂം ധൈര്യവും ലോകത്തിനാകെ ഇന്ത്യയുടെ ശക്തിയെക്കുറിച്ചുള്ള സന്ദേശം നല്‍കിക്കഴിഞ്ഞു. ഇപ്പോള്‍ വനിതാ സൈനികരേയും എനിക്ക് എന്റെ മുന്നില്‍ കാണാന്‍ കഴിയുന്നുണ്ട്. അതിര്‍ത്തിയിലെ ഈ രംഗം യുദ്ധഭൂമിയില്‍ കാണാനായാല്‍ അതുതന്നെ പ്രചോദത്തിന്റെ ഒരു സ്രോതസാണ്.
സുഹൃത്തുക്കളെ, ദേശീയ കവിയായ രാമധാരി സിംഗ് ദിനകര്‍ എഴുതി 

जिनके सिंहनाद से सहमी। धरती रही अभी तक डोल।।

कलम, आज उनकी जय बोल। कलम आज उनकी जय बोल।।

അതുകൊണ്ട് എന്റെ വാക്കുകള്‍ കൊണ്ട് ഞാന്‍ നിങ്ങളെ വണങ്ങുകയും പ്രശംസിക്കുകയും ചെയ്യുന്നു! ഗാല്‍വാന്‍ താഴ്വരയില്‍ രക്തസാക്ഷികളായ എന്റെ ധീരരായ സൈനീകര്‍ക്ക് ഞാന്‍ ഒരിക്കല്‍ കൂടി ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. രാജ്യത്തിന്റെ എല്ലാ മൂലകളില്‍ നിന്നുമുള്ള നായകര്‍, അതായത് കിഴക്ക്, പടിഞ്ഞാറ്, വടക്ക്, തെക്ക് എന്നിവിടങ്ങളില്‍ നിന്നെല്ലാം, അവരുടെ ധീരത പ്രകടിപ്പിച്ചു. അവരുടെ ധീരതയ്ക്ക് ഈ ഭൂമി ഇപ്പോഴും അവരെ അഭിനന്ദിക്കുന്നു. ഇന്ന് ഓരോ ഇന്ത്യാക്കാരനും ഈ രാജ്യത്തിന്റെ ധീരരായ സൈനികര്‍ക്ക് മുന്നില്‍ തലകുനിക്കുകയും വണങ്ങുകയും ചെയ്യുന്നു. ഇന്ന് ഓരോ ഇന്ത്യാക്കാരനും നിങ്ങളുടെ ധൈര്യത്തിലൂം ശൗര്യത്തിലും അഭിമാനിക്കുന്നു.
സുഹൃത്തുക്കളെ,
സിന്ധു(ഇന്‍ഡസ്)വിന്റെ അനുഗ്രഹം കൊണ്ടുതന്നെ ഈ ഭൂമി അനുഗൃഹീതമായി. ധീരരായ പുത്രന്മാരുടെ ധൈര്യത്തിന്റെയും ശൗര്യത്തിന്റെയും കഥകള്‍ തന്നെ ഭൂമിയില്‍ സ്വാംശീകരിക്കപ്പെട്ടിട്ടുള്ളതാണ്. ലേ-ലഡാക്ക് മുതല്‍ കാര്‍ഗില്‍, സിയാച്ചിന്‍ വരെയും, റെസ്നാഗ് ലായുടെ മഞ്ഞണിഞ്ഞ കൊടുമുടികള്‍ മുതല്‍ ഗാല്‍വാന്‍ താഴ്വരയിലെ തണുത്ത ഉറവകള്‍ വരെയും, ഓരോ കൊടുമുടിയും ഓരോ പര്‍വ്വതവും ഓരോ മൂലയിലും ഓരോ ചരല്‍ക്കല്ലും ഇന്ത്യന്‍ സൈനികരുടെ കരുത്തിന്റെ സാക്ഷ്യപത്രമാണ്. 14 കോര്‍പ്പ്സിന്റെ ധീരതയുടെ ഗാഥകള്‍ എല്ലാവര്‍ക്കും അറിയാവുന്നതാണ്. നിങ്ങളുടെ ധീരതയുടെ കഥകള്‍ വീടുകള്‍ തോറും പ്രതിദ്ധ്വനിക്കുകയും ഇന്ത്യാ മാതാവിന്റെ ശത്രുക്കള്‍ നിങ്ങളുടെ അഗ്‌നിയും നിങ്ങളുടെ ക്രോധവും കാണുകയും ചെയ്തു.
സുഹൃത്തുക്കളെ,
ഇന്ത്യയുടെ കിരീടമായ ലഡാക്ക് മുഴുവന്‍ 130 കോടി ഇന്ത്യക്കാരുടെ അഭിമാനത്തിന്റെ ചിഹ്നമാണ്. എപ്പോഴും ഇന്ത്യക്കുവേണ്ടി ത്യാഗം ചെയ്യാന്‍ തയാറായിരിക്കുന്നവരുടെ ഭൂമിയാണ് ഈ നാട്. കുശോക് ബാകുലാ റിംപോച്ചെയെ പോലുള്ള മഹാന്മാരായ ദേശസ്നേഹികളെ ഈ മണ്ണ് സൃഷ്ടിച്ചിട്ടുണ്ട്. ശത്രുക്കളുടെ ഹീനമായ പദ്ധതികള്‍ക്കെതിരെ പ്രാദേശിക ജനവിഭാഗങ്ങളെ സംഘടിപ്പിച്ചത് റിംപോച്ചെജിയാണ്. വിഘടനം സൃഷ്ടിക്കാനായി നടത്തിയ ഓരോ ഗൂഢാലോചനയെയും റിംപോച്ചെയുടെ നേതൃത്വത്തില്‍ ദേശസ്നേഹികളായ ലഡാക്കിലെ ജനവിഭാഗങ്ങള്‍ തകര്‍ക്കുകയായിരുന്നു. അദ്ദേഹത്തിന്റെ പ്രചോദിതമായ പരിശ്രമമാണു രാജ്യത്തിനും ഇന്ത്യന്‍ കരസേനയ്ക്കും ലഡാക്ക് സ്‌കൗട്ട് എന്ന ഒരു ഇന്‍ഫന്ററി റെജിമെന്റ് സൃഷ്ടിക്കാന്‍ പ്രചോദനമായത്. സൈന്യത്തിലായിക്കോട്ടെ അല്ലെങ്കില്‍ സാധാരണ പൗരന്‍ എന്ന നിലയില്‍ തങ്ങളുടെ കടമകള്‍ നിര്‍വഹിച്ചുകൊണ്ടാകട്ടെ, എല്ലാ തലത്തിലും രാജ്യത്തെ ശക്തിപ്പെടുത്തുന്നതിന് ഇന്ന് ലഡാക്കിലെ ജനങ്ങള്‍ അത്ഭുതകരമായ സംഭാവനകളാണ് നല്‍കുന്നത്.
സുഹൃത്തുക്കളെ, ഒരു ചൊല്ലുണ്ട്-

खड्गेन आक्रम्य वंदिता आक्रमण: पुणिया, वीर भोग्य वसुंधरा
ആയുധങ്ങളുടെ ശക്തികൊണ്ട് ഒരു ധീരഹൃദയം മാതൃരാജ്യത്തെ സംരക്ഷിക്കുന്നു എന്നാണ് അത് പറയുന്നത്. ഈ രാജ്യം ധീരന്മാര്‍ക്ക് വേണ്ടിയുള്ളതാണ്. ഇതിന്റെ പ്രതിരോധത്തിനുള്ള നമ്മുടെ പിന്തുണ, കരുത്ത്, നിശ്ചയദാര്‍ഢ്യം എന്നിവയൊക്കെ ഹിമാലയം പോലെ ഉയര്‍ന്നതാണ്. നിങ്ങളുടെ കണ്ണുകളില്‍ എനിക്കിപ്പോള്‍ അതിനുള്ള കഴിവും നിശ്ചയദാര്‍ഢ്യവും കാണാന്‍ കഴിയുന്നുണ്ട്. നിങ്ങളുടെ മുഖങ്ങളില്‍ അത് വ്യക്തമായും കാണാനാകുന്നുണ്ട്. ആയരിക്കണക്കിന് വര്‍ഷങ്ങളായി കടന്നുകയറ്റക്കാരുടെ ആക്രമങ്ങളെയും ക്രൂരതകളെയും വിരട്ടിയോടിച്ച അതേ നാടിന്റെ വീരന്മാരാണ് നിങ്ങള്‍. ഇതാണ് നമ്മുടെ വ്യക്തിത്വം. പുല്ലാങ്കുഴല്‍ വായിക്കുന്ന ഭഗവാന്‍ കൃഷ്ണനെ ആരാധിക്കുന്ന ജനവിഭാഗങ്ങളാണ് നമ്മള്‍. അതേ നമ്മള്‍ തന്നെയാണ് സുദര്‍ശനചക്രം ധരിച്ചിട്ടുള്ള കൃഷ്ണനെയും മാതൃകാപരമായി പിന്തുടരുന്നത്. ഈ പ്രചോദനം കൊണ്ടാണ് ഓരോ ആക്രമണം കഴിയുമ്പോഴും ഇന്ത്യ ശക്തമായി ഉയിര്‍ത്തെഴുന്നേല്‍ക്കുന്നത്.
സുഹൃത്തുക്കളെ,
സമാധാനവും സൗഹൃദവും ഒരു രാജ്യത്തിന്റെയും ലോകത്തിന്റെയും മാനവരാശിയുടെയും പുരോഗതിക്ക് വളരെ പ്രധാനമാണെന്ന് എല്ലാവരും വിശ്വസിക്കുന്നു. എന്നാല്‍ ദുര്‍ബലന് ഒരിക്കലും സമാധാനം കൊണ്ടുവരാന്‍ കഴിയില്ലെന്നും നമുക്കറിയാം. ദുര്‍ബലന് സമാധാനത്തിന് തുടക്കം കുറിക്കാന്‍ കഴിയില്ല. സമാധാനത്തിന്റെ പൂര്‍വ്വവ്യവസ്ഥയാണ് ധീരത. ജലം, ഭൂമി, ആകാശം, തുടങ്ങി എല്ലാ തലത്തിലും ഇന്ത്യയുടെ ശക്തി വളരുകയാണെങ്കില്‍ അതിന്റെ പിന്നിലുള്ള ലക്ഷ്യം മാനുഷിക ക്ഷേമം മാത്രമാണ്. ഇന്ത്യ ഇന്ന് ആധുനിക ആയുധങ്ങള്‍ നിര്‍മ്മിക്കുന്നുണ്ട്, ഇന്ന് ഇന്ത്യന്‍ കരസേനയ്ക്ക് എല്ലാ ആധുനിക സാങ്കേതികവിദ്യകളും ലഭിക്കുന്നുമുണ്ട്; അതിന് പിന്നിലുള്ള ഊര്‍ജ്ജം ഇതാണ്. ഇന്ത്യ ആധുനിക പശ്ചാത്തല സൗകര്യങ്ങള്‍ അതിവേഗം നിര്‍മിക്കുകയാണെങ്കില്‍ അതിന് പിന്നിലുള്ള സന്ദേശവും ഇതുതന്നെയാണ്.
ലോക മഹായുദ്ധമോ അല്ലെങ്കില്‍ സമാധാനപാലന പരിശ്രമങ്ങളോ ആയിക്കോട്ടെ, നമ്മുടെ വീരന്മാരുടെ ശൗര്യവും ആവശ്യമുള്ള സമയത്ത് ലോകസമാധാനത്തിനുള്ള അവരുടെ പരിശ്രമങ്ങളും ലോകം കണ്ടിട്ടുള്ളതാണ്. മാനവരാശിയുടെ സംരക്ഷണത്തിന് വേണ്ടിയാണ് നമ്മള്‍ എന്നും പ്രവര്‍ത്തിച്ചിട്ടുള്ളത്. ഈ ലക്ഷ്യം, പാരമ്പര്യം, മഹത്തരമായ ഇന്ത്യന്‍ സംസ്‌കാരം എന്നിവയുടെ നായകര്‍ നിങ്ങളെല്ലാമാണ്.
സുഹൃത്തുക്കളെ, നൂറുക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് മഹാനായ സന്യാസി തിരുവള്ളുവര്‍ പറഞ്ഞിട്ടുണ്ട്:

मरमानम मांड वडिच्चेलव् तेट्रम
येना नान्गे येमम पडईक्कु
അതായത്, ശൗര്യം, ആദരം, മാന്യമായ പെരുമാറ്റം, പ്രശസ്തി എന്നീ നാലു ഗുണങ്ങളാണ് ഏതൊരു രാജ്യത്തിലെ സൈന്യത്തെ പ്രതിഫലിപ്പിക്കുന്നത്. ഇന്ത്യന്‍ സൈന്യങ്ങള്‍ എന്നും ഈ പാതയാണ് പിന്തുടര്‍ന്നിട്ടുള്ളത്.
സുഹൃത്തുക്കളെ, കോളനിവല്‍ക്കരിച്ച് വിപുലപ്പെടുത്തുന്ന കാലം കഴിഞ്ഞു; ഇത് പരിണാമരൂപമായ വളര്‍ച്ചയുടെ കാലമാണ്. അതിവേഗം മാറ്റം സംഭവിക്കുന്ന കാലത്തില്‍ മാത്രമാണ് പരിണാമത്തിനു പ്രസക്തിയുള്ളത്. ഇത് വികസനത്തിനായുള്ള അവസരമാണ്, ഭാവിയുടെ അടിത്തറകൂടിയാണ് വികസനം. കഴിഞ്ഞ നൂറ്റാണ്ടുകളില്‍ രാജ്യാതിര്‍ത്തികള്‍ വികസിപ്പിക്കല്‍ വാദം മാനവരാശിക്ക് തന്നെ വളരെയധികം ദോഷം ചെയ്യുകയും മാനവികതയെത്തന്നെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയും ചെയ്തു. വിപുലീകരണത്തിനുള്ള ആസക്തി എപ്പോഴും ലോകസമാധാനത്തിന് ഭീഷണി ഉയര്‍ത്തിയിരുന്നു.
സുഹൃത്തുക്കളെ, അത്തരം ശക്തികള്‍ തുടച്ചുനീക്കപ്പെടുകയോ അല്ലെങ്കില്‍ അവര്‍ കാര്‍ക്കശ്യം നിറഞ്ഞ തീരുമാനങ്ങളില്‍ അയവുവരുത്താന്‍ നിര്‍ബന്ധിതരാകുകയോ ചെയ്തതിന് ചരിത്രം സാക്ഷ്യം വഹിച്ചത് മറക്കാന്‍ പാടില്ല. ലോകത്തിനാകെ ഈ പരിചയമുണ്ട്, ആ പരിചയത്തിന്റെ അടിസ്ഥാനത്തിലാണ് ലോകമാകെ തന്നെ അതിര്‍ത്തികള്‍ വികസിപ്പിക്കുന്ന നയത്തിനെതിരെ തങ്ങളുടെ മനസിനെ രൂപപ്പെടുത്തിയതും. ഇന്ന് ലോകം വികസനത്തിനായി അര്‍പ്പിതമാണ്. വികസനത്തിനുള്ള ഏതൊരു തുറന്ന മത്സരത്തിനെയും സ്വാഗതം ചെയ്യുകയുമാണ്.
സുഹൃത്തുക്കളെ,
പ്രതിരോധവുമായി ബന്ധപ്പെട്ട ഏത് തീരുമാനവും എടുക്കുന്നതിന് മുമ്പ് ആദ്യമായി ഞാന്‍ രണ്ട് അമ്മമാരെക്കുറിച്ച്-ആദ്യമായി ഇന്ത്യാ മാതാവിനെയും രണ്ടാമതായി നിങ്ങളെപ്പോലുള്ള വീരന്മാരായ പോരാളികള്‍ക്ക് ജന്മം നല്‍കിയ ആ ധീരരായ അമ്മമാരെയുംകുറിച്ചു ചിന്തിക്കും. ഇതാണ് എന്റെ തീരുമാനത്തിന്റെ മാനദണ്ഡം. ഈ മാനദണ്ഡം പിന്തുടര്‍ന്നുകൊണ്ട് നിങ്ങളുടെ മഹിമയ്ക്കും നിങ്ങളുടെ കുടുംബത്തിന്റെ മഹിമയ്ക്കും ഇന്ത്യാമാതാവിന്റെ സുരക്ഷയ്ക്കും ഏറ്റവും വലിയ മുന്‍ഗണന രാജ്യം നല്‍കുന്നു.
നമ്മുടെ സൈന്യങ്ങള്‍ക്ക് വേണ്ടി എല്ലാ ആധുനിക ആയുധങ്ങള്‍ക്കും അല്ലെങ്കില്‍ നിങ്ങള്‍ക്ക് ആവശ്യമുള്ള ഉപകരണങ്ങള്‍ക്ക് ഞങ്ങള്‍ വളരെയധികം ശ്രദ്ധ നല്‍കുന്നുണ്ട്. രാജ്യത്തെ അതിര്‍ത്തിയിലെ അടിസ്ഥാന സൗകര്യത്തിനുള്ള ചെലവ് ഇപ്പോള്‍ ഏകദേശം മൂന്നിരട്ടിയായി. ഇത് അതിര്‍ത്തി മേഖലകളുടെ വികസനത്തിലേക്ക് നയിക്കുന്നു. അതിര്‍ത്തിയിലൂടെ റോഡുകളും പാലങ്ങളും അതിവേഗത്തില്‍ നിര്‍മ്മിക്കപ്പെുകയും ചെയ്യുകയാണ്. ഇതിന്റെ ഒരു ഗുണം എന്തെന്നാല്‍ ഇപ്പോള്‍ ചരക്കുകള്‍ നിങ്ങളുടെ അടുത്ത് ചുരുങ്ങിയ സമയത്തിനുളളില്‍ എത്തിച്ചേരുമെന്നതാണ്.
സുഹൃത്തുക്കളെ,
സായുധസേനയുടെ മികച്ച ഏകോപനത്തിന് വേണ്ടി- അത് വളരെക്കാലമായിപ്രതിക്ഷിച്ചിരുന്നതാണ്- ചീഫ് ഓഫ് ഡിഫന്‍സിന്റെ തസ്തിക സൃഷ്ടിച്ചുകൊണ്ടോ അല്ലെങ്കില്‍ ദേശീയ യുദ്ധസ്മാരകം സൃഷ്ടിച്ചുകൊണ്ടോ അല്ലെങ്കില്‍ ഒരു റാങ്ക് ഒരു പെന്‍ഷനില്‍ തീരുമാനമെടുത്തുകൊണ്ടോ അല്ലെങ്കില്‍ നിങ്ങളുടെ കുടുംബത്തിന് നല്‍കുന്ന നല്ല പരിചരണം മുതല്‍ വിദ്യാഭ്യാസംവരെയ്ക്കുള്ള ഒരുക്കങ്ങളിലൂടെയോ, രാജ്യം അതിന്റെ സൈന്യത്തേയൂം സൈനീകരേയും ഇന്ന് ഓരോ തലത്തിലും ശക്തിപ്പെടുത്തുകയാണ്.
സുഹൃത്തുക്കളെ, ഭഗവാന്‍ ഗൗതമ ബുദ്ധന്‍ പറഞ്ഞിട്ടുണ്ട്:-
ധീരത എന്നത് പ്രതിബദ്ധയെയും ദൃഢവിശ്വാസത്തെയൂം കുറിച്ചുള്ളതാണ്. ധീരത എന്നത് അനുകമ്പയാണ്. ധീരത എന്നത് സത്യത്തിന് വേണ്ടി ദൃഢചിത്തയോടെയും നിര്‍ഭയമായും നില്‍ക്കാന്‍ നമ്മെ പഠിപ്പിക്കുന്നതാണ്. ധീരത എന്നത് ശരിയെക്കുറിച്ച് പറയാനും പ്രവര്‍ത്തിക്കാനും നമുക്ക് കരുത്ത് നല്‍കുന്നതാണ്.
സുഹൃത്തുക്കളെ,
നമ്മുടെ ധീരരായ പുത്രന്മാര്‍ ഗാല്‍വാന്‍ താഴ്വരയില്‍ പ്രകടിപ്പിച്ച അജയ്യമായ ധൈര്യം ഏറ്റവും വലിയ കരുത്തിന്റെ ചിത്രീകരണമായിരുന്നു. രാജ്യം നിങ്ങളില്‍ അഭിമാനിക്കുന്നു. നിങ്ങളോടൊപ്പം നമ്മുടെ ഐ.ടി.ബി.പി ഉദ്യോഗസ്ഥര്‍, ബി.എസ്.എഫ് പങ്കാളികള്‍, ബി.ആര്‍.ഒ. മറ്റ് സംഘടനകള്‍, എന്‍ജിനീയര്‍മാര്‍, മറ്റ് ജോലിക്കാര്‍ എന്നിവരെല്ലാം വളരെ ബുദ്ധിമുട്ടേറിയ സാഹചര്യത്തിലാണ് പ്രവര്‍ത്തിക്കുന്നത്. നിങ്ങളെല്ലാം വളരെ അത്ഭുതകരമായ ജോലിയാണ് ചെയ്യുന്നത്! ഇന്ത്യാ മാതാവിനെ സംരക്ഷിക്കുന്നതിനും സേവിക്കുന്നതിനുമായി എല്ലാവരും ഒന്നിച്ച് അര്‍പ്പിച്ചിരിക്കുകയാണ്.
നിങ്ങളുടെ കഠിനപ്രയത്നം മൂലം വലിയ സ്ഥിരോത്സാഹത്തോടെ ഇന്ന് രാജ്യം നിരവധി രോഗങ്ങളോട് ഒരേസമയം പോരാടുകയാണ്. നിങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് നമുക്ക് ഒന്നിച്ച് എല്ലാ വെല്ലുവിളികളേയും കീഴടക്കാം, ഏറ്റവും ബുദ്ധിമുട്ടേറിയ വെല്ലുവിളികളേയും. നിങ്ങളെല്ലാം രാജ്യത്തെ അതിര്‍ത്തിയില്‍ രാജ്യം കാത്തുരക്ഷിക്കുകയാണ്. നമ്മള്‍ ഒന്നിച്ച് നമ്മുടെ സ്വപ്നത്തിലുള്ള ഇന്ത്യയെ നിര്‍മ്മിക്കും. നമ്മള്‍ നിങ്ങളുടെ സ്വപ്നത്തിലുള്ള ഇന്ത്യയെ നിര്‍മ്മിക്കും. 130 രാജ്യവാസികളും നിങ്ങളെ ഉപേക്ഷിക്കില്ലെന്ന് ഉറപ്പുനല്‍കാന്‍ കൂടിയാണ് ഞാന്‍ വന്നത്. നമ്മള്‍ ശക്തവും സ്വാശ്രയവുമായ ഒരു ഇന്ത്യ സൃഷ്ടിക്കും, നമ്മള്‍ അത് ചെയ്യും! നിങ്ങളില്‍ നിന്നുള്ള പ്രചോദനം ലഭിച്ചതോടെ സ്വാശ്രയ ഇന്ത്യ എന്ന നിശ്ചയദാര്‍ഢ്യം കൂടുതല്‍ ശക്തമായി.
ഞാന്‍ ഒരിക്കല്‍ കൂടി എന്റെ ഹൃദയത്തിന്റെ ഉള്ളറകളില്‍ നിന്ന് നിങ്ങളെ അഭിനന്ദിക്കുന്നു, നിങ്ങള്‍ക്ക് വളരെയധികം നന്ദി, എന്നോടൊപ്പം ഉറക്കെ പറയുക
ഭാരതമാതാവ് ജയിക്കട്ടെ!
ഭാരതമാതാവ് ജയിക്കട്ടെ!

വന്ദേമാതരം-വന്ദേമാതരം-വന്ദേമാതരം-
നിങ്ങള്‍ക്ക് നന്ദി!

(Release ID: 1636757) Visitor Counter : 421