പ്രധാനമന്ത്രിയുടെ ഓഫീസ്‌

കോവിഡ് 19 ന് എതിരായ വാക്സിനേഷനായുള്ള  ആസൂത്രണവും മുന്നൊരുക്കങ്ങളും പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം വിലയിരുത്തി.

Posted On: 30 JUN 2020 2:52PM by PIB Thiruvananthpuram



കോവിഡ് 19 നെതിരായ വാക്സിൻ ലഭ്യമാകുന്ന മുറയ്ക്ക്, വാക്സിനേഷൻ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനെപ്പറ്റിയുള്ള മുന്നൊരുക്കങ്ങളും ആസൂത്രണങ്ങളും ഇന്ന് പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം വിലയിരുത്തി. ബൃഹത്തായ ജനസംഖ്യയുള്ള രാജ്യത്ത് വാക്സിനേഷൻ പ്രവർത്തനങ്ങൾ ആരംഭിക്കുമ്പോഴുണ്ടാകുന്ന ചില പ്രശ്നങ്ങൾ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
രോഗ സാധ്യത ഏറെയുള്ള ആളുകൾക്ക് മുൻഗണന, മരുന്ന് വിതരണ ശൃംഖല സംവിധാനത്തിൻ്റെ ശരിയായ നടത്തിപ്പ്, വാക്സിനേഷനുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളുടെ ഏകോപനം, എന്നിവ കൂടാതെ ഈ ദേശീയ ഉദ്യമത്തിൽ സ്വകാര്യ മേഖലയുടെയും പൗര സമൂഹത്തിൻ്റെയും പങ്കും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഈ ദേശീയ പ്രയത്നത്തിന് നാല് മാർഗ നിർദേശ തത്വങ്ങൾ പ്രധാനമന്ത്രി വിശദീകരിച്ചു. ഡോക്ടർമാർ, നഴ്സുമാർ, ആരോഗ്യ പ്രവർത്തകർ, ആരോഗ്യ മേഖലയ്ക്ക് പുറത്തുള്ള കൊറോണ പ്രതിരോധ പ്രവർത്തകർ, സാധാരണക്കാരിൽ രോഗ  സാധ്യതയുള്ളവർ തുടങ്ങി രോഗ സാധ്യത കൂടുതൽ ഉള്ള  ആൾക്കാരെ കണ്ടെത്തി മുൻഗണന നൽകി ആദ്യം വാക്സിൻ നൽകുകയാണ് ഒന്നാമത്തേത്. രണ്ടാമതായി 'ആർക്കും എവിടേയും ' എന്ന നിലയിൽ വാക്സിനേഷൻ പ്രവർത്തനം നടത്തുക. അതായത്  ദേശ ഭേദമില്ലാതെ ആർക്കും എവിടെയും വാക്സിൻ ലഭ്യമാക്കുക. വാക്സിൻ, താങ്ങാനാവുന്ന ചെലവിൽ ഒരാളെപ്പോലും ഒഴിവാക്കാതെ സാർവത്രികമായി ലഭ്യമാക്കുക എന്നതാണ് മൂന്നാമതായി പ്രധാനമന്ത്രി മുന്നോട്ട് വച്ച നിർദേശം. നാലാമതായി , വാക്സിൻ നിർമാണം മുതൽ നൽകുന്നതു വരെയുള്ള എല്ലാ പ്രവർത്തനങ്ങൾക്കും സാങ്കേതിക വിദ്യയുടെ സഹായവും, യഥാസമയ നിരീക്ഷണവും ഏർപ്പെടുത്തണം.
ഈ ദേശീയ ഉദ്യമത്തിന് അടിത്തറയാകുന്നതിനും എല്ലാവർക്കും സമയബന്ധിതമായി വാക്സിൻ നൽകുന്നതിനും നിലവിൽ ലഭ്യമായ സാങ്കേതിക വിദ്യാ സൗകര്യങ്ങൾ വിശദമായി പരിശോധിക്കാൻ പ്രധാനമന്ത്രി ഉദ്യോഗസ്ഥരോട് നിർദേശിച്ചു.
ബൃഹത്തായ വാക്സിനേഷൻ പദ്ധതിക്കുള്ള വിശദമായ ആസൂത്രണ രേഖ ഉടൻ തയ്യാറാക്കാനും പ്രധാനമന്ത്രി നിർദേശം നൽകി.



(Release ID: 1635379) Visitor Counter : 219