ഭക്ഷ്യസംസ്‌കരണ വ്യവസായ മന്ത്രാലയം

പിഎം എഫ്എംഇ പദ്ധതി 35,000 കോടി രൂപയുടെ മൊത്തം നിക്ഷേപവും ഒൻപത് ലക്ഷം തൊഴിലവസരങ്ങളും സൃഷ്ടിക്കുമെന്ന് കേന്ദ്രമന്ത്രി ശ്രീമതി ഹർസിമ്രത് കൗർ ബാദൽ

Posted On: 29 JUN 2020 1:33PM by PIB Thiruvananthpuram

 

ആത്മനിർഭർ ഭാരത് അഭിയാന്റെ ഭാഗമായുള്ള പിഎം എഫ്എംഇ (PM Formalization of Micro Food Processing Enterprises) പദ്ധതി, കേന്ദ്ര ഭക്ഷ്യസംസ്കരണ വ്യവസായ മന്ത്രി ശ്രീമതി ഹർസിമ്രത് കൗർ ബാദൽ രാജ്യത്തിന് സമർപ്പിച്ചു. പദ്ധതി 35,000 കോടി രൂപയുടെ നിക്ഷേപത്തിന് പുറമെ, വൈദഗ്ദ്യം ആവശ്യമുള്ളതും അല്ലാത്തതുമായ ഒൻപത് ലക്ഷം തൊഴിലവസരങ്ങളും സൃഷ്ടിക്കുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചു. കൂടാതെ മേഖലയിൽ പ്രവർത്തിക്കുന്ന എട്ടു ലക്ഷത്തോളം സംരഭങ്ങൾക്ക് വിവരലഭ്യത, പരിശീലനം, കൂടുതൽ പ്രവർത്തനപരിചയം എന്നിവ ലഭിക്കുന്നതിനൊപ്പം അവയുടെ ഔദ്യോഗികവത്കരണത്തിനും പദ്ധതി വഴി തുറക്കുമെന്ന് അവർ അഭിപ്രായപ്പെട്ടു. പദ്ധതിയുടെ മാർഗനിർദേശങ്ങളും ചടങ്ങിൽ പുറത്തിറക്കി.

രാജ്യത്തെ 25 ലക്ഷത്തോളം വരുന്ന അസംഘടിത ഭക്ഷ്യസംസ്കരണ യൂണിറ്റുകളാണ് ഈ രംഗത്തെ 74% ഓളം തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതെന്ന് കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. എന്നാൽ ഇവയിൽ ഏതാണ്ട് 66% ഉം ഉൾനാടൻ മേഖലകളിൽ പ്രവർത്തിക്കുന്നവയും, 80% ഓളം കുടുംബകേന്ദ്രീകൃത സ്ഥാപനങ്ങളുമാണ്. ഇവയിൽ ഭൂരിഭാഗവും "സൂക്ഷ്മ സംരംഭങ്ങൾ" എന്ന വിഭാഗത്തിൽ പെടുന്നവയാണ്.

പിഎം എഫ്എംഇ പദ്ധതിയുടെ വിശദാംശങ്ങൾ

2020-21 മുതൽ 2024-25 വരെയുള്ള അഞ്ചുവർഷക്കാലം കൊണ്ട്, 10,000 കോടി രൂപ ചിലവിലാണ് പദ്ധതി നടപ്പാക്കുക. പദ്ധതിച്ചിലവ് കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിൽ 60:40 എന്ന അംശബന്ധത്തിൽ പങ്കിടും. എന്നാൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും, ഹിമാലയൻ സംസ്ഥാനങ്ങളിലും ഇത് 90:10 ഉം, നിയമനിർമ്മാണ സഭകളുള്ള കേന്ദ്രഭരണപ്രദേശങ്ങളിൽ 60:40 എന്ന നിലയിലുമായിരിക്കും. മറ്റു കേന്ദ്രഭരണപ്രദേശങ്ങളിൽ പദ്ധതിയുടെ മുഴുവൻ ചിലവും കേന്ദ്രം വഹിക്കും.

പദ്ധതിയുടെ ഗുണം പരമാവധി ലഭിക്കുന്നതിനായി "ഒരു ജില്ല, ഒരു ഉത്പന്നം" (ODODP) രീതിയായിരിക്കും പിന്തുടരുക. ഓരോ ജില്ലയിലെയും ഉത്പന്നമേതെന്ന്, നിലവിലെ ക്ലസ്റ്ററുകളുടെയും, അസംസ്കൃതവസ്തുക്കളുടെ ലഭ്യതയുടെയും അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ തീരുമാനിക്കും. എന്നാൽ മറ്റുത്പന്നങ്ങൾ നിർമ്മിക്കുന്ന യൂണിറ്റുകൾക്കും പിന്തുണ ലഭ്യമാക്കും.

നിലവിലെ സൂക്ഷ്മ ഭക്ഷ്യസംസ്കരണ യൂണിറ്റുകൾ നവീകരണം ആഗ്രഹിക്കുന്നുണ്ടെങ്കിൽ, അവയ്ക്ക് വായ്പബന്ധിത മൂലധന സബ്‌സിഡി പദ്ധതിയുടെ പ്രയോജനം ഉപയോഗപ്പെടുത്താവുന്നതാണ്. പദ്ധതിയുടെ പ്രതീക്ഷിത ചിലവിന്റെ 35% (പരമാവധി പത്ത് ലക്ഷം) വരെയാണ് ഇത്തരത്തിൽ ലഭ്യമാക്കുക. കർഷക ഉത്പാദക സംഘടനകൾ, സ്വയം സഹായ സംഘങ്ങൾ, ഉത്പാദക സഹകരണ സംഘങ്ങൾ എന്നിവർക്ക് മൂല്യവര്ധന ശൃംഖലയിലെ മൂലധന നിക്ഷേപത്തിനായി 35% വരെ വായ്പബന്ധിത ധനസഹായവും ലഭ്യമാക്കും.

നൈപുണ്യവികസനം, ഗവേഷണം എന്നിവയ്ക്കു പ്രത്യേക പ്രാധാന്യം നൽകിയാകും പദ്ധതി നടപ്പാക്കുക. കേന്ദ്ര ഭക്ഷ്യസംസ്‌കരണ വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള NIFTEM, IIFPT എന്നീ അക്കാദമിക ഗവേഷണ സ്ഥാപനങ്ങളും, സംസ്ഥാനങ്ങൾ തിരഞ്ഞെടുക്കുന്ന സംസ്ഥാനതല സ്ഥാപനങ്ങളും, യൂണിറ്റുകൾക്ക് ആവശ്യമായ പരിശീലനം, ഉത്പന്നവികസനം, ഉത്പന്നങ്ങൾക്ക് അനുയോജ്യമായ പാക്കേജിങ് എന്നിവയിൽ സഹായം ഉറപ്പാക്കും. കൂടാതെ ചെറുകിട യൂണിറ്റുകൾക്ക് ആവശ്യമായ യന്ത്രങ്ങളും ഇവ ലഭ്യമാക്കും.

"ഓപ്പറേഷൻ ഗ്രീൻസ് പദ്ധതി നിലവിലെ TOP (Tomato-Onion-Potato) വിളകൾക്ക് 

പുറമെ പെട്ടെന്ന് കേടാകുന്ന എല്ലാ പഴം-പച്ചക്കറികൾക്കും ലഭ്യമാക്കും (TOP to Total)

കേന്ദ്ര ഭക്ഷ്യസംസ്‌കരണ വ്യവസായ മന്ത്രാലയം നടപ്പാക്കിവരുന്ന "ഓപ്പറേഷൻ ഗ്രീൻസ്" പദ്ധതി നിലവിലെ TOP (Tomato-Onion-Potato ) വിളകൾക്ക് പുറമെ എല്ലാ പഴം-പച്ചക്കറികൾക്കും ലഭ്യമാക്കും. കൂടുതൽ ഉത്പാദിപ്പിക്കുന്ന മേഖലകളിൽ നിന്നും, ഉപഭോക്താക്കൾ കൂടുതൽ ഉള്ളിടങ്ങളിലേക്ക് വിളകൾ എത്തിക്കുന്നതിനും കേടു വരാതെ സൂക്ഷിക്കുന്നതിനുമായി സബ്‌സിഡി ഇതിനു കീഴിൽ ലഭ്യമാക്കും.

വിജ്ഞാപന തീയതി -11/06/2020 - മുതലുള്ള ആറുമാസകാലത്തേയ്ക്കാണ് പദ്ധതി നടപ്പാക്കുക.

താഴെപ്പറയുന്ന രണ്ടു കാര്യങ്ങളുടെ ചിലവിന്റെ 50% മന്ത്രാലയം സബ്‌സിഡിയായി നൽകും:

 

> കൂടുതൽ ഉത്പാദിപ്പിക്കുന്ന മേഖലകളിൽ നിന്നും, ഉപഭോക്താക്കൾ കൂടുതൽ ഉള്ളിടങ്ങളിലേക്ക് അർഹമായ വിളകൾ എത്തിക്കുന്നതിനും  

> വിളകൾ മൂന്നു മാസം വരെ കേടു വരാതെ സൂക്ഷിക്കുന്നതിനുമുള്ള സംഭരണസംവിധാനങ്ങൾ

സബ്‌സിഡിയ്ക്കായുള്ള അപേക്ഷകൾ: 

മുകളിൽപ്പറഞ്ഞ വിഭാഗത്തിൽപ്പെടുന്നവർക്ക് കേന്ദ്ര ഭക്ഷ്യസംസ്‌കരണ വ്യവസായ മന്ത്രാലയത്തിന്റെ മുൻ‌കൂർ അനുമതി ഇല്ലാതെ തന്നെ ഉത്പാദന മേഖലകളിൽ നിന്നും വിജ്ഞാപനത്തിൽ പറയുന്ന വിളകൾ മറ്റിടങ്ങളിൽ എത്തിക്കുകയോ, സംഭരിക്കുകയോ ചെയ്യാവുന്നതാണ്. ഇവർ പിന്നീട് https://www.sampada-mofpi.gov.in/Login.aspx എന്ന പോർട്ടലിൽ വിവരങ്ങൾ സമർപ്പിച്ചാൽ മതിയാകും. പഴം പച്ചക്കറി എന്നിവയുടെ ചരക്കുനീക്കം, സംഭരണം എന്നിവയ്ക്ക് മുന്നോടിയായി അപേക്ഷകൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.

 

ഭക്ഷ്യസംസ്കരണമേഖലയിലെ SC/ST വിഭാഗത്തിൽപ്പെടുന്നവർക്ക് സൗജന്യ ഓൺലൈൻ നൈപുണ്യവികസന പരിപാടികൾ

ഭക്ഷ്യസംസ്കരണമേഖലയിലെ SC/ST വിഭാഗത്തിൽപ്പെടുന്ന സംരംഭകർക്ക് സൗജന്യ ഓൺലൈൻ നൈപുണ്യവികസന ക്‌ളാസുകൾ ആരംഭിക്കാൻ മന്ത്രാലയം പദ്ധതിയിടുന്നതായി ശ്രീമതി ഹർസിമ്രത് കൗർ ബാദൽ വ്യക്തമാക്കി. NIFTEM, FICSI എന്നിവയുടെ സഹകരണത്തോടെയാകും ഇത് നടപ്പാക്കുക.

 

****



(Release ID: 1635132) Visitor Counter : 244