പ്രധാനമന്ത്രിയുടെ ഓഫീസ്‌

റവ. ഡോ. ജോസഫ് മാർത്തോമാ മെത്രാപ്പൊലീത്തയുടെ 90-ാം ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്തു പ്രധാനമന്ത്രി ചെയ്ത പ്രസംഗം

Posted On: 27 JUN 2020 11:58AM by PIB Thiruvananthpuram

ബഹുമാനപ്പെട്ട റവറന്റ്. ഡോ. ജോസഫ് മാർത്തോമാ മെത്രാപ്പൊലീത്ത, ബഹുമാനപ്പെട്ട പിതാക്കന്മാർ, മാർത്തോമാ സഭയിലെ വിശിഷ്ട അംഗങ്ങളേ,

ഈ പ്രൗഢസമ്മേളനത്തെ അഭിസംബോധന ചെയ്യാനാകുന്നത് എനിക്കു ലഭിച്ച  വലിയ പദവിയാണ്.  ഏറ്റവും ബഹുമാനപ്പെട്ട ഡോക്ടർ ജോസഫ് മാർത്തോമാ മെത്രാപ്പൊലീത്തയുടെ 90-ാം ജന്മദിനത്തിന്റെ പ്രത്യേക അവസരത്തിലാണ് നാം ഒത്തുകൂടിയിരിക്കുന്നത്.  ഞാൻ അദ്ദേഹത്തിന് എന്റെ ആശംസകൾ അറിയിക്കുന്നു, ദീർഘായുസ്സും മികച്ച ആരോഗ്യവും നേരുന്നു.  ഡോ. ജോസഫ് മാർത്തോമാ നമ്മുടെ സമൂഹത്തിന്റെയും രാജ്യത്തിന്റെയും ഉന്നമനത്തിനായി തന്റെ ജീവിതം സമർപ്പിച്ചു.  ദാരിദ്ര്യം ഇല്ലാതാക്കുന്നതിലും സ്ത്രീ ശാക്തീകരണത്തിലും അദ്ദേഹത്തിന് പ്രത്യേക താൽപ്പര്യമുണ്ട്.

സുഹൃത്തുക്കളേ,

 

കർത്താവായ ക്രിസ്തുവിന്റെ അപ്പോസ്തലനായ തോമസ് പുണ്യാളന്റെ ഉത്തമമായ ആശയങ്ങളുമായി മാർത്തോമാ സഭ ബന്ധപ്പെട്ടിരിക്കുന്നു.  പല സ്രോതസ്സുകളിൽ നിന്നുമുള്ള ആത്മീയ സ്വാധീനത്തിനായി ഇന്ത്യ എല്ലായ്പ്പോഴും തുറന്നിരിക്കുന്നു,  തോമസ് പുണ്യാളൻന്റെയും അദ്ദേഹത്തെ പിന്തുടർന്ന ഇന്ത്യയിലെ ക്രൈസ്തവ സമൂഹത്തിന്റെയും സംഭാവനകളെ വളരെയധികം വിലമതിക്കുന്നു.  തോമസ് പുണ്യാളനുമായി നാം വിനയത്തെയാണ് ബന്ധപ്പെടുത്തുന്നത്.  “വിനയം ഒരു പുണ്യമാണ്, സൽപ്രവൃത്തികള് എപ്പോഴും ഫലപ്രദമാണ്” എന്ന് അദ്ദേഹം ശരിയായി പറഞ്ഞു.  ഈ വിനയ മനോഭാവത്തോടെയാണ് നമ്മുടെ സഹ ഇന്ത്യക്കാരുടെ ജീവിതത്തിൽ നല്ല മാറ്റം വരുത്താൻ മാർത്തോമാ സഭ പ്രവർത്തിച്ചത്.  ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ അവർ അങ്ങനെ ചെയ്തിട്ടുണ്ട്.  വിശുദ്ധ തോമസിന് മഹത്തായ ജ്ഞാനം ലഭിച്ചു.  ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ മാർത്തോമാ സഭ പങ്കുവഹിച്ചു.  ദേശീയ ഏകീകരണത്തിനായി പ്രവർത്തിക്കുന്നതിൽ സഭ മുൻപന്തിയിലായിരുന്നു.

ഈ സഭ അടിയന്തരാവസ്ഥയെ നേരിട്ടു.  മാർത്തോമാ സഭ ഇന്ത്യൻ മൂല്യങ്ങളിൽ ഉറച്ചുനിൽക്കുന്നു എന്നത് വളരെയധികം അഭിമാനിക്കേണ്ട കാര്യമാണ്.  സഭയുടെ സംഭാവന ദേശീയ തലത്തിലും അംഗീകരിക്കപ്പെട്ടിട്ടുണ്ട്.  സഭയുടെ മുൻ മെത്രാപ്പൊലീത്ത ഫിലിപ്പോസ് മാർ ക്രിസോസ്റ്റത്തെ 2018 ൽ പത്മഭൂഷൺ നൽകി ആദരിച്ചു. അദ്ദേഹം പലർക്കും പ്രചോദനമായി.

സുഹൃത്തുക്കളേ,

ആഗോള മഹാമാരിക്കെതിരേ ലോകം ശക്തമായ പോരാട്ടത്തിലാണ്.  കൊവിഡ്19 എന്നത് ഒരു ശാരീരിക രോഗം മാത്രമല്ല, അത് ജനങ്ങളുടെ ജീവന് ഭീഷണിയാണ്.  അനാരോഗ്യകരമായ ജീവിതശൈലികളിലേക്കും ഇത് നമ്മുടെ ശ്രദ്ധ പിടിച്ചുപറ്റുന്നു.  ആഗോള മഹാമാരി സൂചിപ്പിക്കുന്നത് മനുഷ്യരാശിക്ക് മൊത്തത്തിൽ രോഗശാന്തി ആവശ്യമാണ് എന്നാണ്.  നമ്മുടെ ഭൂഖണ്ഡത്തിൽ കൂടുതൽ ഐക്യത്തിനും സന്തോഷത്തിനും സാധ്യമായതെല്ലാം നമുക്ക് ചെയ്യാം.

സുഹൃത്തുക്കളേ,

നമ്മുടെ കൊറോണ യോദ്ധാക്കൾ നൽകുന്ന ഊർജ്ജത്തിൽ ഇന്ത്യ കൊവിഡ്-19 നെ ശക്തമായി നേരിടുന്നുവെന്ന് അറിയുമ്പോൾ നിങ്ങൾക്ക് സന്തോഷിക്കാം.  ഇന്ത്യയിൽ വൈറസിന്റെ ആഘാതം വളരെ കഠിനമാകുമെന്ന് ഈ വർഷം ആദ്യം ചിലർ പ്രവചിച്ചിരുന്നു.  എന്നാൽ, ലോക്ക്ഡൗണും ഗവൺമെന്റും ജനങ്ങളും നടത്തുന്ന ഇടപെടലുകളും മൂലം മറ്റ് പല രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ മികച്ച സ്ഥാനത്താണ്.  ഇന്ത്യയുടെ അതിജീവന നിരക്ക് ഉയരുകയാണ്.

കൊവിഡ് മൂലമായാലും മറ്റേതു വിധമായാലും ജീവിത നഷ്ടം നിർഭാഗ്യകരമാണ്.  എന്നിരുന്നാലും, കൊവിഡ് മൂലമുള്ള ഇന്ത്യയിലെ മരണനിരക്ക് ദശലക്ഷത്തിൽ 12 ആണ് : ഇറ്റലിയിൽ മരണനിരക്ക്  ദശലക്ഷത്തിന് 574 ആണ്.  അമേരിക്ക, ബ്രിട്ടൻ, സ്പെയിൻ, ഫ്രാൻസ് എന്നിവിടങ്ങളിലെ കണക്കുകളും ഇന്ത്യയേക്കാൾ വളരെ കൂടുതലാണ്.  ലക്ഷക്കണക്കിന് ഗ്രാമങ്ങളിലായി ജീവിക്കുന്ന 85 കോടി ജനങ്ങൾ ഇപ്പോഴും കൊറോണ വൈറസ് സ്പർശമേൽക്കാതെ കഴിയുന്നു.

 സുഹൃത്തുക്കളേ,

ഒരു ജനത നയിക്കുന്ന പോരാട്ടം ഇതുവരെ നല്ല ഫലങ്ങൾ നൽകിയിട്ടുണ്ട്, പക്ഷേ നമ്മുടെ ശ്രദ്ധ കുറയ്ക്കാനാകുമോ?  ഇല്ല ഒരിക്കലും ഇല്ല.  വാസ്തവത്തിൽ, നമ്മൾ ഇപ്പോൾ കൂടുതൽ ശ്രദ്ധാലുവായിരിക്കണം. മാസ്കുകൾ ധരിക്കുന്നത്, സാമൂഹിക അകലം പാലിക്കൽ, തിരക്കേറിയ സ്ഥലങ്ങൾ ഒഴിവാക്കൽ, കൈകൾ കഴുകുക എന്നിവ പ്രധാനമാണ്.

അതേസമയം, 130 കോടി ഇന്ത്യക്കാരുടെ സാമ്പത്തിക വളർച്ചയിലും സമൃദ്ധിയിലും നാം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്.  വ്യാപാരത്തിന്റെയും വാണിജ്യത്തിന്റെയും ചക്രങ്ങൾ നീങ്ങണം.  കൃഷി തഴച്ചുവളരണം.  കഴിഞ്ഞ ഏതാനും ആഴ്ചകളായി, സമ്പദ്‌വ്യവസ്ഥയുമായി ബന്ധപ്പെട്ട ഹ്രസ്വകാല, ദീർഘകാല പ്രശ്‌നങ്ങൾ കേന്ദ്രസർക്കാർ പരിഹരിച്ചു.  കടൽ മുതൽ ബഹിരാകാശം വരെ, കൃഷി ഭൂമി മുതൽ മുതൽ ഫാക്ടറികൾ വരെ, ജനസൗഹൃദപരവും വളർച്ചയ്ക്ക് അനുകൂലവുമായ തീരുമാനങ്ങൾ എടുത്തിട്ടുണ്ട്.

ആത്മ നിർഭർ ഭാരത് - സ്വാശ്രിത ഇന്ത്യ ആഹ്വാനം ഓരോ ഇന്ത്യക്കാർക്കും സാമ്പത്തിക ശക്തിയും സമൃദ്ധിയും ഉറപ്പാക്കും.  ഒരു മാസം മുമ്പ് കേന്ദ്ര മന്ത്രിസഭ പ്രധാൻ മന്ത്രി മൽസൃസമ്പദ് യോജനക്ക് അനുമതി നൽകി.  ഈ പദ്ധതി നമ്മുടെ മത്സ്യബന്ധന മേഖലയെ മാറ്റാൻ പോകുന്നു.  ഇരുപതിനായിരം കോടി രൂപയുടെ നിക്ഷേപത്തോടെ ഈ പദ്ധതി ഈ മേഖലയെ ഉയർത്താൻ ശ്രമിക്കുന്നു.  കയറ്റുമതി വരുമാനം വർദ്ധിപ്പിക്കുകയും അമ്പത്തിയഞ്ച് ലക്ഷത്തിലധികം ആളുകൾക്ക് കൂടുതൽ തൊഴിൽ നൽകുകയും ചെയ്യുക എന്നതാണ് ലക്ഷ്യം.  മികച്ച സാങ്കേതികവിദ്യ, അടിസ്ഥാന സൗകര്യം എന്നിവ ഉറപ്പുവരുത്താനും മൂല്യ ശൃംഖലകൾ ശക്തമാക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നു.  കേരളത്തിലെ എന്റെ മത്സ്യത്തൊഴിലാളി സഹോദരിമാർക്കും സഹോദരങ്ങൾക്കും ഈ പദ്ധതിയിൽ നിന്ന് നേട്ടമുണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ട്.

 

സുഹൃത്തുക്കളേ,

ബഹിരാകാശ മേഖലയിൽ ചരിത്രപരമായ പരിഷ്കാരങ്ങൾ നടത്തിയിട്ടുണ്ട്.  ഈ പരിഷ്കാരങ്ങൾ ബഹിരാകാശ ആസ്തികളുടെയും പ്രവർത്തനങ്ങളുടെയും കൂടുതൽ ഉപയോഗം ഉറപ്പാക്കും.  ഡാറ്റയിലേക്കും സാങ്കേതികവിദ്യയിലേക്കുമുള്ള പ്രവേശനം മെച്ചപ്പെടും.  കേരളത്തിലും പ്രത്യേകിച്ച് ദക്ഷിണേന്ത്യയിലും നിരവധി ചെറുപ്പക്കാർ ശാസ്ത്ര സാങ്കേതിക വിദ്യകളിൽ അതീവ താല്പര്യം കാണിക്കുന്നത് ഞാൻ കാണുന്നു.  പരിഷ്കാരങ്ങളിൽ നിന്ന് അവർക്ക് നേട്ടമുണ്ടാകും.

സുഹൃത്തുക്കളേ,

ഇന്ത്യയെ വളർച്ചാ എഞ്ചിനാക്കി മാറ്റുന്നതിനുള്ള സംവേദനക്ഷമതയും ദീർഘകാല കാഴ്ചപ്പാടും നമ്മുടെ ഗവൺമെന്റിനെ എല്ലായ്പ്പോഴും നയിക്കുന്നു.  ഞങ്ങൾ തീരുമാനമെടുത്തത് ദില്ലിയിലെ സുഖപ്രദമായ സർക്കാർ ഓഫീസുകളിൽ നിന്നല്ല, മറിച്ച് ദേശത്തെ ആളുകളുടെ പ്രതികരണത്തിന് ശേഷമാണ്.  ഈ മനോഭാവമാണ് ഓരോ ഇന്ത്യക്കാർക്കും ബാങ്ക് അക്കൗണ്ട് പ്രാപ്തതമാക്കുന്നത്.  8 കോടിയിലധികം കുടുംബങ്ങൾക്ക് പുകവലിയില്ലാത്ത അടുക്കളകളുണ്ട്.  ഭവനരഹിതർക്ക് അഭയം നൽകാനായി 1.5 കോടിയിലധികം വീടുകൾ നിർമ്മിച്ചിട്ടുണ്ട്.

ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ സംരക്ഷണ പദ്ധതി  ഇന്ത്യയിലാണ്, ആയുഷ്മാൻ ഭാരത്.ഒരു കോടിയിലധികം ആളുകൾക്ക് ഗുണനിലവാരമുള്ള ചികിത്സ ലഭിച്ചു.  ദരിദ്രരെ സംബന്ധിച്ചിടത്തോളം, അവർ എവിടെയാണെങ്കിലും സഹായിക്കാൻ ഞങ്ങൾ ഒരു രാഷ്ട്രം-ഒരു റേഷൻ കാർഡ് പദ്ധതി കൊണ്ടുവരുന്നു. മധ്യവർഗത്തെ സംബന്ധിച്ചിടത്തോളം, ജീവിതത്തിന്റെ സുഗമത വർദ്ധിപ്പിക്കുന്നതിന് ഞങ്ങൾ നിരവധി സംരംഭങ്ങൾ കൊണ്ടുവന്നിട്ടുണ്ട്.  കൃഷിക്കാരെ സംബന്ധിച്ചിടത്തോളം, ഉത്പന്നങ്ങളുടെ‌ തറവില വർദ്ധിപ്പിക്കുകയും ശരിയായ വില ലഭിക്കുകയും ഇടനിലക്കാരിൽ നിന്ന്  ഈ മേഖലയെ സ്വതന്ത്രമാക്കുകയും ചെയ്തു.

സ്ത്രീകളെ സംബന്ധിച്ചിടത്തോളം, അവരുടെ ആരോഗ്യത്തിന് വിവിധ പദ്ധതികളിലൂടെ ശ്രദ്ധ ലഭിക്കുന്നുണ്ടെന്ന് ഞങ്ങൾ ഉറപ്പാക്കുന്നു.  പ്രസവാവധി വിപുലീകരിക്കുന്നതിലൂടെ അവരുടെ തൊഴിൽ സുരക്ഷയിൽ വിട്ടുവീഴ്ചയില്ല എന്നുറപ്പുവരുത്തി.  വിശ്വാസം, ലിംഗം, ജാതി, മതം, ഭാഷ എന്നിവയിൽ വിവേചനം കാണിക്കുന്നില്ല. 130 കോടി ഇന്ത്യക്കാരെ ശാക്തീകരിക്കാനുള്ള ആഗ്രഹത്താലാണ് ഞങ്ങൾ നയിക്കപ്പെടുന്നത്. ഞങ്ങളുടെ മാർഗ്ഗനിർദ്ദേശം ‘ഇന്ത്യയുടെ ഭരണഘടന’ ആണ്.

 

സുഹൃത്തുക്കളേ,

വിശുദ്ധ ബൈബിൾ ഒരുമയെക്കുറിച്ച് ധാരാളം സംസാരിക്കുന്നു.  ഒത്തു ചേരേണ്ട സമയമാണിത്, നമ്മുടെ രാജ്യത്തിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവർത്തിക്കുക. നമ്മുടെ പ്രവർത്തനങ്ങൾ ദേശീയ വികസനത്തിന് എങ്ങനെ സഹായിക്കും  എന്ന് ചിന്തിക്കുക. ഇന്ത്യ പറയുന്നു- ഞങ്ങൾ പ്രാദേശികമായി ഉത്പാദിപ്പിക്കുകയും പ്രാദേശിക ഉൽപ്പന്നങ്ങൾ വാങ്ങുകയും ചെയ്യും.  ഇത് നിരവധി വീടുകളിൽ സമൃദ്ധിയുടെ വിളക്ക് കത്തിക്കും.  

നമ്മുടെ രാഷ്ട്രത്തെ ശക്തിപ്പെടുത്താൻ നിരവധി മാർഗങ്ങളുണ്ട്.  മാർത്തോമാ സഭ അതിന്റെ മൂല്യങ്ങൾക്ക് അനുസൃതമായി ഈ അവസരത്തിലേക്ക് ഉയരുകയും വരും കാലങ്ങളിൽ ഇന്ത്യയുടെ വളർച്ചാ പാതയിൽ ഒരു പ്രധാന പങ്ക് വഹിക്കുകയും ചെയ്യും.

ബഹുമാനപ്പെട്ട റവറന്റ് ജോസഫ് മാർത്തോമ മെത്രാപ്പൊലീത്തയ്ക്ക് ഞാൻ വീണ്ടും ആശംസകൾ അറിയിക്കുന്നു.

എല്ലാവർക്കും നന്ദി.  വളരെ നന്ദി.

****


(Release ID: 1634778) Visitor Counter : 301