പ്രധാനമന്ത്രിയുടെ ഓഫീസ്
ആത്മനിര്‍ഭര്‍ ഉത്തര്‍പ്രദേശ് റോസ്ഗാര്‍ അഭിയാന് തുടക്കം കുറിച്ചുകൊണ്ട് പ്രധാനമന്ത്രി വിഡിയോ കോണ്‍ഫറന്‍സിംഗിലൂടെ നടത്തിയ അഭിസംബോധനയുടെ മലയാള പരിഭാഷ
Posted On:
26 JUN 2020 4:12PM by PIB Thiruvananthpuram
നമസ്‌ക്കാരം! നിങ്ങളോടൊക്കെ സംസാരിക്കാനുള്ള അവസരണം എനിക്ക് ലഭിച്ചു. വ്യക്തിജീവിതത്തില്‍ നമുക്കെല്ലാം പല ഉയര്‍ച്ചകളും താഴ്ചകളും ഉണ്ടായിട്ടുണ്ട്. നമ്മുടെ സാമൂഹിക ജീവിതത്തിലും, നമ്മുടെ ഗ്രാമങ്ങളിലോ നഗരങ്ങളിലോ, വിവിധ തരത്തിലുള്ള വെല്ലുവിളികള്‍ നമ്മള്‍ അഭിമുഖീകരിക്കുന്നുമുണ്ട്. നിങ്ങള്‍ കണ്ടു, കഴിഞ്ഞദിവസം മിന്നലേറ്റ് ബിഹാറിലും ഉത്തര്‍പ്രദേശിലും നിരവധി ആളുകള്‍ക്ക് അവരുടെ ജീവന്‍ നഷ്ടപ്പെട്ടു. എന്നാല്‍ ലോകത്തെ മനുഷ്യരാശിയെ കൊറോണ പോലെ ഒരു വലിയ പ്രതിസന്ധി ബാധിക്കുമെന്ന് ആരും കരുതിയിരുന്നില്ല, തങ്ങള്‍ ആഗ്രഹിച്ചാല്‍ പോലും മറ്റുള്ളവരെ സഹായിക്കാന്‍ കഴിയാത്ത ഒരു പ്രതിസന്ധി. ഇത്തരം സമയങ്ങളില്‍ ഒരു പ്രശ്‌നവും അഭിമുഖീകരിക്കാത്തവരായി ആരുമുണ്ടാവില്ല.
അത് കുട്ടികളാകട്ടെ, മുതിര്‍ന്നവരാകട്ടെ, സ്ത്രീകളാകട്ടെ, പുരുഷന്മാരാകാട്ടെ, ഒരു രാജ്യമാകട്ടെ അല്ലെങ്കില്‍ ലോകമാകട്ടെ, എല്ലാവരും പ്രശ്‌നങ്ങളെ അഭിമുഖീകരിച്ചു. ഭാവിയില്‍ എപ്പോള്‍ ഈ രോഗത്തില്‍ നിന്നും മുക്തിനേടുമെന്ന് നമുക്ക് ഇപ്പോഴും അറിയില്ല. എന്നാല്‍ ' രണ്ടടി ദൂരം' അല്ലെങ്കില്‍ ശാരീരിക അകലവും ഒരു മുഖാവരണമോ അല്ലെങ്കില്‍ തുണിയോ കൊണ്ട് വായമറയ്ക്കലും ഉള്‍പ്പെടുന്ന ഒരു പരിഹാരത്തെക്കുറിച്ച് നമുക്ക് അറിയാം. കൊറോണാ വൈറസിന് പ്രതിരോധ കുത്തിവയ്പ്പ് കണ്ടെത്തുന്നതുവരെ ഈ പരിഹാരങ്ങള്‍കൊണ്ട് നമുക്ക് പോരാടാന്‍ കഴിയും.
സുഹൃത്തുക്കളെ,
ഇന്ന് നിങ്ങളെല്ലാം എന്നോട് സംസാരിക്കുമ്പോള്‍, നമുക്ക് നിങ്ങളുടെ മുഖത്ത് സന്തോഷവും, നിങ്ങളുടെ കണ്ണുകളിലെ വികാരവും നിങ്ങളുടെ സ്‌നേഹവും കാണാന്‍ കഴിയുന്നു. പൊതുജനസമ്മതനും ഊര്‍ജ്ജസ്വലനുമായ യു.പി. മുഖ്യമന്ത്രി ശ്രീ. യോഗി ആദിത്യനാഥ്ജിയും ഈ പരിപാടിയില്‍ സന്നിഹിതനാണ്. ഗവണ്‍മെന്റിലെ മന്ത്രിമാരുണ്ട്, ഭരണവുമായി ബന്ധപ്പെട്ട മുതിര്‍ന്ന ഉദ്യോഗസ്ഥരുണ്ട്, യു.പി.യുടെ വിവിധ ജില്ലകളില്‍ നിന്നുള്ള നമ്മുള്ള സുഹൃത്തുക്കളും സന്നിഹിതരായിട്ടുണ്ട്.
നമ്മളെല്ലാം തൊഴില്‍ ശക്തി തിരിച്ചറിഞ്ഞിട്ടുള്ളവരാണ്. ഇന്ത്യാ ഗവണ്‍മെന്റ് പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ റോസ്ഗാര്‍ അഭിയാന്‍ ആരംഭിച്ചിരിക്കുന്നത് തന്നെ ഈ തൊഴില്‍ ശക്തിയുടെ അടിസ്ഥാനത്തിലാണ്. ഇന്ന് ഇതേ ശക്തി തന്നെയാണ് 'ആത്മനിര്‍ഭര്‍ ഉത്തര്‍പ്രദേശ് റോസ്ഗാര്‍ അഭിയാന്' പ്രചോദനമായിരിക്കുന്നതും. അതായത് യോഗിജിയുടെ ഗവണ്‍മെന്റ് കേന്ദ്ര ഗവണ്‍മെന്റിന്റെ പദ്ധതിയെ ഗുണപരമായും അളവുപരമായും വിപുലമാക്കി.
സ്വാശ്രയ ഇന്ത്യ എന്ന ലക്ഷ്യത്തോട് പൂര്‍ണ്ണമായും സംയോജിച്ചുകൊണ്ട് യു.പി ഗവണ്‍മെന്റ് നിരവധി പുതിയ പദ്ധതികള്‍ ഇതോടൊപ്പം കൂട്ടിച്ചേര്‍ക്കുക. മാത്രമല്ല, ഗുണഭോക്താക്കളുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയും ചെയ്തു, 'ആത്മനിര്‍ഭര്‍ ഉത്തര്‍പ്രദേശ് റോസ്ഗാര്‍ അഭിയാന്‍' ഞാന്‍ എപ്പോഴും സൂചിപ്പിക്കുന്ന ഇരട്ട എഞ്ചിന്റെ ഏറ്റവും നല്ല ഉദാഹരണമാണ്. യോഗിജിയുടെ നേതൃത്വത്തില്‍ കീഴില്‍, പൂര്‍ണ്ണഹൃദയത്തോടെ ഈ ദുരന്തത്തെ അവസരമാക്കി മാറ്റിയ യോഗിജിയുടെയും അദ്ദേഹത്തിന്റെ ടീമിന്റെയൂം പ്രവര്‍ത്തനത്തിലൂടെ രാജ്യത്തെ മറ്റുപല സംസ്ഥാനങ്ങള്‍ക്കും ഈ പദ്ധതിയില്‍ നിന്നും വളരെ പഠിക്കാന്‍ കഴിയുമെന്ന് എനിക്ക് വിശ്വാസമുണ്ട്. അതിലൂടെ എല്ലാവരും പ്രചോദിതരാകുകയും ചെയ്യും.
മറ്റു സംസ്ഥാനങ്ങളും ഇത്തരം പദ്ധതികളുമായി വരുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു. ഞാന്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഒരു പാര്‍ലമെന്റംഗമാണ്, അപ്പോള്‍ ഉത്തര്‍പ്രദേശ് ഇതുപോലുള്ള നല്ല പ്രവര്‍ത്തികള്‍ ചെയ്യുമ്പോള്‍ എനിക്ക് അതിയായ സന്തോഷവും സംതൃപ്തിയും തോന്നാറുണ്ട്, എന്തെന്നാല്‍ എനിക്കും ഇവിടുത്തെ ജനങ്ങളുടെ ഉത്തരവാദിത്വമുണ്ട്.
സുഹൃത്തുക്കളെ,
പ്രതിസന്ധിഘട്ടത്തില്‍ ധീരതയും യുക്തിയും കാട്ടുന്നവര്‍ക്കാണ് വിജയം ഉണ്ടാകുന്നത്. ഇന്ന് കൊറോണാ വൈറസ് മൂലം ഉണ്ടായ ഇത്തരം ഒരു വലിയ പ്രതിസന്ധിയില്‍ ലോകം കടന്നുപോകുമ്പോള്‍ ഉത്തര്‍പ്രദേശ് ഗവണ്‍മെന്റ് കാണിച്ച് ധീരതയും യുക്തിയും സാഹചര്യത്തെ വിജയകരമായി കൈകാര്യം ചെയ്തതും അഭിനന്ദാര്‍ഹവും പ്രശംസനീയവുമാണ്.
ഇതിന്, ഞാന്‍ ഉത്തര്‍പ്രദേശിലെ 24 കോടി ജനങ്ങളെ കൈയടിച്ച് അഭിനന്ദിക്കുന്നു. ഞാന്‍ അവരെ വണങ്ങുന്നു! നിങ്ങള്‍ ചെയ്ത പ്രവര്‍ത്തി ലോകത്തിനാകെ ഒരു ഉദാഹരണമായിരിക്കുകയാണ്. ഉത്തര്‍പ്രദേശിന്റെ സ്ഥിതിവിവരകണക്കുകള്‍ ലോകത്തെ ഏറ്റവും വലിയ വിദഗ്ധരെപോലും അതിശയിപ്പിക്കുന്നതാണ്. അത് യു.പിയിലെ ഡോക്ടര്‍മാരോ, പാരാമെഡിക്കല്‍ സ്റ്റാഫുകളോ, ശുചീകരണതൊഴിലാളികളോ, പോലീസുകാരോ, ആശാ പ്രവര്‍ത്തകരോ, അംഗനവാടി പ്രവര്‍ത്തകരോ, ബാങ്ക്-പോസ്റ്റ് ഓഫീസ് ജീവനക്കാരോ, ഗതാഗത വകുപ്പോ അല്ലെങ്കില്‍ എന്റെ തൊഴിലാളി സുഹൃത്തുക്കളോ, എല്ലാവരും തുല്യമായ സമര്‍പ്പണത്തോടെ സംഭാവനകള്‍ നല്‍കി.
യോഗിജിയും അദ്ദേഹത്തിന്റെ മുഴുവന്‍ ടീമും, അത് പൊതുജനപ്രതിനിധികളോ അല്ലെങ്കില്‍ ഉദ്യോഗസ്ഥരോ ആരായാലും എല്ലാവരും പ്രശംസനീയമായ പ്രവര്‍ത്തനം നടത്തി. ഏറ്റവും ബുദ്ധിമുട്ടേറിയ സമയത്ത് നിങ്ങള്‍ എല്ലാം ചേര്‍ന്ന് സാഹചര്യത്തെ കൈകാര്യം ചെയ്തത് ഉത്തര്‍പ്രദേശിലെ ഓരോ കുട്ടികയും ഓരോ കുടുംബവും വലിയ അഭിമാനത്തോടെ വരും വര്‍ഷങ്ങളിലും ഓര്‍മ്മിക്കും.
സുഹൃത്തുക്കളെ,
ഉത്തര്‍പ്രദേശിന്റെ പരിശ്രമങ്ങളും നേട്ടങ്ങളും വലുതാണ്, അത് ഇതൊരു സംസ്ഥാനമായതുകൊണ്ട് മാത്രമല്ല, ഈ സംസ്ഥാനം ലോകത്തെ പല രാജ്യങ്ങളെക്കാള്‍ വലുതായതുകൊണ്ടുകൂടിയാണ്. ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ സ്വയം ഈ നേട്ടങ്ങള്‍ തിരിച്ചറിയാന്‍ തുടങ്ങിയിട്ടുണ്ട്, എന്നാല്‍ ഒരിക്കല്‍ നിങ്ങള്‍ക്ക് കണക്കുകള്‍ മനസിലായികഴിയുമ്പോള്‍ നിങ്ങള്‍ കൂടുതല്‍ അതിശയപ്പെടും.
സുഹൃത്തുക്കളെ,
ഇംഗ്ലണ്ട്, ഫ്രാന്‍സ്, ഇറ്റലി, സ്‌പെയിന്‍ എന്നീ യുറോപ്പിലെ നാലു വലിയ രാജ്യങ്ങളിലേക്ക് നമ്മള്‍ നോക്കിയാല്‍, ഈ രാജ്യങ്ങള്‍ കഴിഞ്ഞ 200-250 വര്‍ഷങ്ങളായി സൂപ്പര്‍ പവറുകളായിരിക്കുന്നവയാണ്! ഇപ്പോഴും അവര്‍ ലോകത്തില്‍ ആധിപത്യം സ്ഥാപിക്കുന്നുണ്ട്! ഇന്ന് നമ്മള്‍ ഈ നാലു രാജ്യങ്ങളിലെ ജനസംഖ്യ കൂട്ടിനോക്കിയാല്‍ അത് ഏകദേശം 24 കോടിവരും! യു.പിയുടെ മാത്രം ജനസംഖ്യ 24 കോടിയാണ്! അതായത്, ഇംഗ്ലണ്ട്, ഫ്രാണ്‍സ്, ഇറ്റലി, സ്‌പെയിന്‍ എന്നീ ഈ നാലു രാജ്യത്തെ ജനങ്ങളുടെ എണ്ണം ഉത്തര്‍പ്രദേശില്‍ ജീവിക്കുന്ന ജനസംഖ്യയ്ക്ക് തുല്യമാണെന്ന്! എന്നാല്‍ കൊറോണാ വൈറസ് ഈ നാലു രാജ്യങ്ങളില്‍ നിന്നായി ഒരു ലക്ഷത്തി മുപ്പതിനായിരം ജീവനുകള്‍ അപഹരിച്ചു, അതേസമയം യു.പിയില്‍ 600 ആളുകള്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്! ഒരാളിന്റെ മരണം പോലും വേദനാജനകമാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.
ഈ നാലു രാജ്യങ്ങളും ഒന്നിച്ച്‌ചേര്‍ന്ന് പരിശ്രമിച്ചിട്ടും ഇവിടങ്ങളിലെ മരണനിരക്ക് യു.പിയിലേതിനെക്കാള്‍ നിരവധി മടങ്ങ് കൂടുതലാണെന്നതും നമ്മള്‍ അംഗീകരിക്കേണ്ടതുണ്ട്. ഈ രാജ്യങ്ങള്‍ കുടുതല്‍ വികസിതമാണ്; അവര്‍ക്ക് കുടുതല്‍ വിഭവങ്ങളുമുണ്ട്, ആ ഗവണ്‍മെന്റുകള്‍ അവരുടെ മുഴുവന്‍ പരിശ്രമവും നടത്തുകയും ചെയ്തു! എന്നിട്ടും യു.പി തങ്ങളുടെ പൗരന്മാരെ രക്ഷിച്ച് നേടിയെടുത്ത ഫലമുണ്ടാക്കുന്നതില്‍ അവര്‍ക്ക് വിജയിക്കാനായില്ല!
സുഹൃത്തുക്കളെ,
നിങ്ങളില്‍ മിക്കവരും അമേരിക്കയിലെ സാഹചര്യത്തെക്കുറിച്ചും കേട്ടിട്ടുണ്ടാകും! അമേരിക്കയില്‍ വിഭവങ്ങള്‍ക്കോ ആധുനിക സാങ്കേതികവിദ്യയ്‌ക്കോ ഒരു ക്ഷാമവുമില്ല. എന്നിട്ടും ഇന്ന് കൊറോണാ അമേരിക്കയെ വളരെ മോശമായി ബാധിച്ചിരിക്കുകയാണ്! അമേരിക്കയിലെ ജനസംഖ്യ ഏകദേശം 33 കോടിയാണ്, അതേസമയം യു.പിയില്‍ 24 കോടി ജനങ്ങളുണ്ടെന്നും നിങ്ങള്‍ ഓര്‍ക്കണം! എന്നാല്‍ യു.എസില്‍ ഇതുവരെ ഒരു ലക്ഷത്തി ഇരുപത്തി അയ്യായിരം ആളുകള്‍ മരിച്ചുകഴിഞ്ഞു. അതേസമയം യു.പിയില്‍ 600 ആളുകളാണ് മരിച്ചത്.
യോഗിജിയുടെ ഉത്തര്‍പ്രദേശ് ഗവണ്‍മെന്റ് വേണ്ട സൗകര്യങ്ങള്‍ ഒരുക്കിയിരുന്നില്ലെങ്കില്‍ അമേരിക്കയിലേതുപോലെ ഒരു മഹാവിപത്ത് യു.പിയില്‍ ഉണ്ടായിരുന്നെങ്കില്‍ യു.പിയില്‍ 600 പകരം 85,000 ആളുകള്‍ മരണപ്പെട്ടേനേ! എന്നാല്‍ ഒരു കണക്കിന് യു.പിയിലെ ഗവണ്‍മെന്റ് ചെയ്ത കഠിനപ്രയത്‌നം കുറഞ്ഞപക്ഷം 85,000 ആളുകളുടെ ജീവനെങ്കിലും രക്ഷിക്കുന്നതിന് സഹായിച്ചു! ഇന്ന് നമുക്ക് നമ്മുടെ പൗരന്മാരുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയുമെങ്കില്‍ അത് വലിയൊതു സംതൃപ്തിക്കുള്ള കാരണം തന്നെയാണ്. അത് രാജ്യത്തിന്റെ ആത്മവിശ്വാസം വളര്‍ത്തുകയാണ്! അല്ലെങ്കില്‍ ഇപ്പോള്‍ അലഹബാദ് എന്ന് അറിയപ്പെടുന്ന മുന്‍ പ്രയാഗ്‌രാജിലെ എം.പി രാജ്യത്തിന്റെ പ്രധാനമന്ത്രിയായിരുന്നപ്പോള്‍ കുംഭമേളയില്‍ വലിയൊരു തിക്കും തിരക്കമുണ്ടായി; ആയിരക്കണക്കിന് ആളുകള്‍ കൊല്ലപ്പെട്ട സമയം പോലെയാകുമായിരുന്നു. ആ സമയത്ത് ഗവണ്‍മെന്റിലുണ്ടായിരുന്ന ആളുകള്‍ അവരുടെ സമയവും പരിശ്രമവും മരണനിരക്ക് മറച്ചുവയ്ക്കുന്നതിനാണ് ചെലവഴിച്ചത്. എന്നാല്‍ ഇപ്പോള്‍ ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ സുരക്ഷിതരാണെന്ന് അറിയുന്നത് സന്തോഷം നല്‍കുന്നു.
സുഹൃത്തുക്കളെ,
നമ്മള്‍ എപ്പോഴും ഒരുകാര്യം കൂടി ഓര്‍ത്തിരിക്കണം. ഇതെല്ലാം ചെയ്തത് കഴിഞ്ഞ കുറേ നാളുകളായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 30-35 ലക്ഷം കുടിയേറ്റ തൊഴിലാളി സുഹൃത്തുക്കള്‍ യു.പിയിലെ അവരുടെ ഗ്രാമങ്ങളിലേക്ക് മടങ്ങുമ്പോഴായിരുന്നുവെന്നത്. നുറുക്കണക്കിന് ശ്രമിക് പ്രത്യേക ട്രെയിനുകള്‍ ഓടിച്ച് കുടുങ്ങിക്കിടന്ന ആളുകളെ യു.പി. ഗവണ്‍മെന്റ് മടക്കികൊണ്ടുവന്നു. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും മടങ്ങിവരുന്ന ഈ സുഹൃത്തുക്കളില്‍ നിന്നും രോഗം പടരുന്നതിനുള്ള അപകടം വലുതായിരുന്നു. എന്നാല്‍ സാഹചര്യത്തെ ആഴത്തിലുള്ള സംവേദനക്ഷമയോടെ കൈകാര്യം ചെയ്ത ഉത്തര്‍പ്രദേശിന്റെ രീതി വലിയൊരു പ്രതിസന്ധി ഒഴിവാക്കി.
സുഹൃത്തുക്കളെ,
2017ന് മുമ്പ് യു.പി ഗവണ്‍മെന്റ് പ്രവര്‍ത്തിച്ചിരുന്ന രീതി വച്ചുനോക്കുമ്പോള്‍ അത്തരം ഒരു അവസ്ഥയില്‍ ഇത്തരം ഒരു ഫലം ചിന്തിക്കാന്‍ പോലും കഴിയുന്നതായിരുന്നില്ല. പരിമിതമായ ആശുപത്രികളും ആശുപത്രി കിടക്കകളും ചൂണ്ടിക്കാട്ടി മുന്‍ ഗവണ്‍മെന്റുകള്‍ ഈ വെല്ലുവിളിയേയും ഒഴിവാക്കുമായിരുന്നു; എന്നാല്‍ യോഗിജി അങ്ങനെ ചെയ്തില്ല. യോഗിജിയും അദ്ദേഹത്തിന്റെ ഗവണ്‍മെന്റും സാഹചര്യത്തിന്റെ ഗൗരവം മനസിലാക്കി. ലോകത്തെ വലിയ രാജ്യങ്ങളില്‍ എന്താണ് സംഭവിക്കുന്നതെന്ന് അദ്ദേഹം മനസിലാക്കി. അതുകൊണ്ട് അദ്ദേഹവും അദ്ദേഹത്തിന്റെ ഗവണ്‍മെന്റും യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചു.
അത് ക്വാറന്റൈന്‍ സെന്റുറുകളായിക്കോട്ടെ, ഏകാന്തവാസ സൗകര്യങ്ങളാകട്ടെ, അവയുടെ നിര്‍മ്മാണത്തിന് എല്ലാ ശ്രദ്ധയും കേന്ദ്രീകരിച്ചു. പിതാവിന്റെ മരണത്തിനിടയിലൂം അദ്ദേഹത്തിന്റെ ശവസംസ്‌ക്കാരത്തിന് പോലും പോകാതെ യോഗിജി ഉത്തര്‍പ്രദേശിലെ ജനങ്ങളെ കൊറോണാ വൈറസ് മഹാമാരിയില്‍ നിന്നും രക്ഷിക്കാന്‍ അവരോടൊപ്പമായിരുന്നു. പുറത്തുനിന്നും വരുന്ന തൊഴിലാളികള്‍ക്കായി കുറഞ്ഞസമയം കൊണ്ട് ഏകദേശം 60,000 ഗ്രാമീണ നിരീക്ഷണ സമിതികള്‍ രൂപീകരിച്ചു. ഗ്രാമങ്ങളിലെ ക്വാറന്റൈന്‍ സംവിധാനം വികസിപ്പിക്കുന്നതിന് ഈ കമ്മിറ്റികള്‍ വലിയതോതില്‍ സഹായിച്ചു. വെറും രണ്ടരമാസം കൊണ്ട് യു.പിയിലെ കൊറോണാ രോഗികളുടെ ചികിത്സയ്ക്കായി ഒന്നരലക്ഷം കിടക്കകളും ആശുപത്രികളില്‍ ഒരുക്കി.
സുഹൃത്തുക്കളെ,
അടച്ചിടല്‍ സമയത്ത് പാവപ്പെട്ടവര്‍ക്ക് ഭക്ഷ്യപ്രതിസന്ധിയുണ്ടാകാല്ലെന്ന് ഉറപ്പാക്കാനായി യോഗി ഗവണ്‍മെന്റ് പ്രവര്‍ത്തിച്ച രീതിയും മുന്‍പൊന്നുമില്ലാത്ത തരത്തിലായിരുന്നു. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജനയ്ക്ക് കീഴില്‍ യു.പി പാവപ്പെട്ടവര്‍ക്കും, മടങ്ങിയെത്തിയ കുടിയേറ്റക്കാര്‍ക്കും ചുരുങ്ങിയ സമയം കൊണ്ടുതന്നെ സൗജന്യ റേഷന്‍ നല്‍കി. ഇത് അര്‍ത്ഥമാക്കുന്നത് അത്തരമൊരു ഒരുക്കം നടത്തിയതിലൂടെ 15 കോടി ജനങ്ങള്‍ക്ക് ഭക്ഷ്യപ്രതിസന്ധി അഭിമുഖീകരിക്കേണ്ടിവന്നില്ല, അതുകൊണ്ട് ആര്‍ക്കും വിശന്നുകൊണ്ട് കിടക്കേണ്ടിയും വന്നില്ല എന്നതാണ്.
ഈ സമയത്ത് യു.പിയിലെ പാവപ്പെട്ടവര്‍ക്കായി 42 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യങ്ങളാണ് വിതരണം ചെയ്തത്. റേഷന്‍ കാര്‍ഡില്ലാത്തവര്‍ക്കും യു.പിയിലെ ഗവണ്‍മെന്റ് റേഷന്‍ കടകള്‍ തുറന്നുവച്ചിരുന്നു. അതിനുപുറമെ ഉത്തര്‍പ്രദേശിലെ പാവപ്പെട്ട 3.25 കോടി വനിതകളുടെ ജന്‍ധന്‍ അക്കൗണ്ടുകളിലേക്ക് 5000 കോടി രൂപ നേരിട്ട് കൈമാറ്റം ചെയ്യുകയും ചെയ്തു. ഒരുപക്ഷേ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് ശേഷം ഇത്രയും വലിയരീതിയില്‍ പാവപ്പെട്ടവരെ ഒരു ഗവണ്‍മെന്റും സഹായിച്ചിട്ടുണ്ടാവില്ല.
സുഹൃത്തുക്കളെ,
ഇന്ത്യയെ സ്വാശ്രയത്വത്തിന്റെ പാതയിലേക്ക് കൊണ്ടുപോകുന്ന സംഘടിതപ്രവര്‍ത്തനത്തിലായിക്കോട്ടെ അല്ലെങ്കില്‍ ഗരീബ് കല്യാണ്‍ റോസ്ഗാര്‍ അഭിയാനിലാകട്ടെ, ഈ മാനദണ്ഡങ്ങളിലെല്ലാം ഉത്തര്‍പ്രദേശ് അതിവേഗം മുന്നോട്ടുനീങ്ങുകയാണ്. ഗരീബ് കല്യാണ്‍ റോസ്ഗാര്‍ അഭിയാന്റെ കീഴില്‍ തൊഴിലാളികളുടെ വേതനം വര്‍ദ്ധിപ്പിക്കുന്നതിനായി ഗ്രാമങ്ങളില്‍ നിരവധി പദ്ധതികള്‍ ആരംഭിച്ചുകഴിഞ്ഞു. പക്കാ വീടുകളുടെ നിര്‍മ്മാണം, സമൂഹ ശൗചാലയങ്ങളുടെ നിര്‍മ്മാണം, പഞ്ചായത്ത് കെട്ടിടങ്ങളുടെ പ്രവര്‍ത്തികള്‍, കിണറുകളുടെയും കുളങ്ങളുടെയും നിര്‍മ്മാണം, റോഡ് നിര്‍മ്മാണം, ഇന്റര്‍നെറ്റ് ലൈനുകള്‍ തുടങ്ങി ഇത്തരത്തിലുള്ള 25 പ്രവര്‍ത്തികളുടെ പട്ടിക കേന്ദ്ര ഗവണ്‍മെന്റ് തയാറാക്കിയിട്ടുണ്ട്.
ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍ ഉള്‍പ്പെടെയുള്ള ഈ പ്രവര്‍ത്തികള്‍ മുന്നോട്ടുകൊണ്ടുപോകുന്നതിലൂടെ ഉത്തര്‍പ്രദേശ് നേരിട്ട് 1.25 തൊഴിലാളികള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നുണ്ട്. ഇതില്‍ 60 ലക്ഷം തൊഴിലാളികള്‍ക്ക് ഗ്രാമീണ വികസനവുമായി ബന്ധപ്പെട്ട പദ്ധതികളില്‍ തൊഴില്‍ നല്‍കിയപ്പോള്‍ 40 ലക്ഷത്തോളം പേര്‍ക്ക് എം.എസ്.എം.ഇകള്‍ പോലുള്ള ചെറിയ വ്യവസായങ്ങളില്‍ തൊഴില്‍ നല്‍കി. ഇതിന് പുറമെ മുദ്രായോജനയ്ക്ക് കീഴില്‍ സ്വയം തൊഴിലിനായി ആയിരക്കണക്കിന് സംരഭകര്‍ക്കായി 10,000 കോടി രൂപ വായ്പയായി അനുവദിച്ചു. ഇതോടൊപ്പം ഇന്ന് ആയിരക്കണക്കിന് കൈതൊഴിലാളികള്‍ക്ക് ആധുനിക യന്ത്രങ്ങളും ഉപകരണകിറ്റുകളും നല്‍കി. ഇത് അവരുടെ പ്രവര്‍ത്തികളെ വളര്‍ത്തുകയും വേണ്ട സൗകര്യങ്ങള്‍ നല്‍കുകയും ചെയ്യും. എല്ലാ ഗുണഭോക്താക്കളെയും തൊഴില്‍ ലഭിച്ചവരേയും ഞാന്‍ ഒരിക്കല്‍ കൂടി അഭിനന്ദിക്കുന്നു.
സുഹൃത്തുക്കളെ,
യു.പിയില്‍ നിന്നുള്ള ഒരു പാര്‍ലമെന്റ് അംഗം എന്ന നിലയില്‍ ഞാന്‍ യോഗിജിയുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. തൊഴിലാളികളെ കണ്ടെത്തുക, 30 ലക്ഷത്തിലധികം വരുന്ന പ്രവര്‍ത്തിയെടുക്കുന്നവരുടെ വൈദഗ്ധ്യം കണ്ടെത്തുക, അവരുടെ നൈപുണ്യത്തിന്റെയും പരിചയത്തിന്റെയും വിവരശേഖരണം നടത്തുക, അവര്‍ക്ക് തൊഴിലിന് വേണ്ട ശരിയായ ഒരുക്കങ്ങള്‍ നടത്തുക എന്നിവയിലൊക്കെ ഉത്തര്‍പ്രദേശ് ഗവണ്‍മെന്റ് എത്ര തീവ്രമായാണ് ഒരുക്കങ്ങള്‍ നടത്തുന്നതെന്നാണ് ഇതെല്ലാം കാണിക്കുന്നത്. യു.പിയുടെ ' ഒരു ജില്ല, ഒരു ഉല്‍പ്പന്നം' പദ്ധതി ഇപ്പോള്‍ തന്നെ പ്രാദേശിക ഉല്‍പ്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുകയും അവര്‍ക്ക് വലിയ വിപണി ലഭ്യമാക്കുകയും ചെയ്യുന്നുണ്ട്.
അത്തരം പ്രാദേശിക ഉല്‍പ്പന്നങ്ങളെ രാജ്യത്താകമാനം പ്രോത്സാഹിപ്പിക്കുന്നതിന് ഇപ്പോള്‍ ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്റെ കീഴിലുള്ള വ്യവാസായിക ക്ലസ്റ്ററുകളുള്ളതിലൂടെ ഉത്തര്‍പ്രദേശിന് വന്‍തോതിലുള്ള നേട്ടമുണ്ടാകും. വസ്ത്രങ്ങള്‍, പട്ട്, തുകല്‍, ചെമ്പ് തുടങ്ങിയവപോലുള്ള അത്തരം നിരവധി വ്യാവസായിക ക്ലസ്റ്ററുകള്‍ക്ക് പ്രോത്സാഹനമുണ്ടാകും. ഈ ഉല്‍പ്പന്നങ്ങള്‍ക്ക് പുതിയ വിപണികളും ലഭിക്കും.
സുഹൃത്തുക്കളെ,
'ആത്മനിര്‍ഭര്‍ ഭാരത് അഭിയന്‍' മൂലം ഉത്തര്‍പ്രദേശിലെ കര്‍ഷകര്‍ക്ക് വലിയ നേട്ടം ലഭിക്കും. കര്‍ഷകര്‍ക്കും ചെറുകിട വ്യാപാരികള്‍ക്കും വേണ്ടി മൂന്ന് പ്രധാനപ്പെട്ട പരിഷ്‌ക്കരണത്തിന് വേണ്ടി പതിറ്റാണ്ടുകളായി നിരന്തരം ആവശ്യമുയരുന്നുണ്ട്. ഇപ്പോള്‍ കേന്ദ്ര ഗവണ്‍മെന്റ് കൊണ്ടുവരുന്ന മൂന്ന് നിയമങ്ങള്‍ കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ മണ്ഡിക്ക് പുറത്ത് വില്‍ക്കുന്നതിന് അവകാശം നല്‍കുന്നു. അതായത് കര്‍ഷകര്‍ക്ക് അവരുടെ വിളകളെ എവിടെ കൂടുതല്‍ വിലകിട്ടുന്നുവോ അവിടെ വില്‍ക്കാം. രണ്ടാമതായി, കര്‍ഷകന്‍ ആഗ്രഹിക്കുകയാണെങ്കില്‍ വിതയ്ക്കുമ്പോള്‍ തന്നെ അവന് അവന്റെ വിളയുടെ വിലയും നിശ്ചയിക്കാം.
ഇപ്പോള്‍ ഉരുളക്കിഴങ്ങ് കര്‍ഷകര്‍ക്ക് ചിപ്പ്‌സുകള്‍(വറ്റലുകള്‍) ഉണ്ടാക്കുന്ന വ്യവസായികളുമായും, മാങ്ങാ കൃഷിക്കാര്‍ക്ക് മാങ്ങാ ജ്യൂസ് ഉണ്ടാക്കുന്ന വ്യവസായികളുമായും തക്കാളി കര്‍ഷകര്‍ക്ക് സോസ് ഉണ്ടാക്കുന്ന വ്യവസായങ്ങളുമായും വിളയ്ക്കായി വിതയ്ക്കുമ്പോള്‍ തന്നെ കരാറുകള്‍ ഒപ്പിടാം! ഇത് വിലയിടിവുണ്ടാകുമെന്ന ദുഃഖത്തില്‍ നിന്ന് അവര്‍ക്ക് മോചനം നല്‍കും.
സുഹൃത്തുക്കളെ,
ഇതിന് പുറമെ നമ്മുടെ കന്നുകാലി വളര്‍ത്തുന്നവര്‍ക്കായി നിരവധി പുതിയ മുന്‍കൈകളും എടുത്തിട്ടുണ്ട്. രണ്ടുദിവസത്തിന് മുമ്പ് കന്നുകാലികള്‍ക്കും ഡയറി മേഖലയ്ക്കും വേണ്ടി 15,000 കോടി രൂപയുടെ ഒരു പ്രത്യേക ഫണ്ട് സൃഷ്ടിച്ചു. ഇതിലൂടെ ഒരുകോടിയിലധികം പുതിയ കര്‍ഷകരെയും കന്നുകാലി വളര്‍ത്തുന്നവരെയും ഡയറിമേഖലയുമായി ബന്ധിപ്പിക്കാനും ഡയറിമേഖലയുമായി ബന്ധപ്പെട്ട് പുതിയ സൗകര്യങ്ങള്‍ സൃഷ്ടിക്കാനും കഴിയും. വരും ദിവസങ്ങളില്‍ ഗ്രാമങ്ങളില്‍ ഏകദേശം 35 ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാകുമെന്നാണ് കണക്കാക്കുന്നത്. രണ്ടുദിവസം(മിനിഞ്ഞാന്ന്) മുമ്പ് യു.പിയിലെ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു സുപ്രധാനമായ തീരുമാനം കേന്ദ്ര ഗവണ്‍മെന്റ് കൈക്കൊണ്ടു. ബുദ്ധമത സര്‍ക്യൂട്ടുമായി ബന്ധപ്പെട്ട് വളരെയധികം പ്രാധാന്യമുള്ള കുഷിനഗര്‍ വിമാനത്താവളത്തെ അന്താരാഷ്ട്ര വിമാനത്താവളമായി പ്രഖ്യാപിച്ചു. ഇത് പൂര്‍വാഞ്ചലുമായുള്ള വിമാനബന്ധിപ്പിക്കല്‍ ശക്തിപ്പെടുത്തുകയും ഭഗവാന്‍ ബുദ്ധനില്‍ വിശ്വസിക്കുന്ന രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നുമുള്ള കോടിക്കണക്കിന് ഭക്തര്‍ക്ക് ഉത്തര്‍പ്രദേശില്‍ സുഗമമായി എത്തിച്ചേരാനും ഇനി കഴിയും. ഇത് പ്രാദേശിക യുവാക്കള്‍ക്ക് നിരവധി തൊഴില്‍ അവസരങ്ങളും സ്വയം തൊഴില്‍ അവസരങ്ങളും സൃഷ്ടിക്കും. ടൂറിസം മേഖലയുടെ ഒരു പ്രത്യേക സവിശേഷതയെക്കുറിച്ച് നിങ്ങള്‍ക്കൊക്കെ അറിവുള്ളതാണ്. ലഭ്യമായ പരിമിതമായ മൂലധനത്തിലൂടെ പരമാവധി എണ്ണം ആളുകള്‍ക്ക് ഈ മേഖല തൊഴില്‍ ലഭ്യമാക്കുന്നുവെന്നതാണ് അത്.
സുഹൃത്തുക്കളെ,
ഇന്ത്യയുടെ വളച്ചയുടെ പാതയില്‍ എന്നും പ്രധാനപ്പെട്ട പങ്കാണ് ഉത്തര്‍പ്രദേശിനുള്ളത്. ഗ്രാമങ്ങളെ, പാവപ്പെട്ടവരെ ശാക്തീകരിക്കുന്നതിനുള്ള ദൗത്യത്തിലുള്ള ഉത്തര്‍പ്രദേശിന്റെ സംഭാവനയും ഇവിടെ ബി.ജെ.പി ഗവണ്‍മെന്റ് രൂപീകരിച്ചശേഷം രാജ്യത്തിന്റെ വളര്‍ച്ചയും തുടരുകയാണ്. കഴിഞ്ഞ മൂന്നരവര്‍ഷത്തില്‍ എല്ലാ പ്രധാനപ്പെട്ട പദ്ധതിയിലും ഉത്തര്‍പ്രദേശിന്റെ പ്രവര്‍ത്തനം അതിവേഗത്തിലുള്ളതാണ്. കഴിഞ്ഞ മൂന്നുവര്‍ഷം കൊണ്ട് പാവപ്പെട്ടവര്‍ക്ക് വേണ്ടി യു.പിയില്‍ 30 ലക്ഷം പക്കാ വീടുകളാണ് നിര്‍മ്മിച്ചത്. വെറും മൂന്നുവര്‍ഷത്തെ കഠിനപ്രയത്‌നത്തിലൂടെ യു.പി വെളിയിട വിസര്‍ജ്ജനമുക്തമായി പ്രഖ്യാപിച്ചു. വെറും മൂന്നുവര്‍ഷം കൊണ്ട് യു.പി മൂന്നുലക്ഷം യുവാക്കള്‍ക്ക് ഗവണ്‍മെന്റ് ജോലി സുതാര്യമായ രീതിയില്‍ നല്‍കി. മൂന്നുവര്‍ഷത്തെ പരിശ്രമം കൊണ്ട് മാതൃമരണനിരക്കില്‍ യു.പിയില്‍ 30% കുറവുണ്ടായി.
സുഹൃത്തുക്കളെ,
കിഴക്കന്‍ പൂര്‍വാഞ്ചലിലെ മസ്തിഷ്‌ക്കവീക്കം പകര്‍ച്ചവ്യാധി വര്‍ഷങ്ങളായി നാശംവിതച്ചുകൊണ്ട് സംഹാരതാണ്ഡവമാടുകയാണ്. ഈ രോഗം മൂലം നിരവധി നവജാതശിശുക്കള്‍ക്ക് ദാരുണമായ അന്ത്യമുണ്ടായി. ഇപ്പോള്‍ യു.പി ഗവണ്‍മെന്റിന്റെ പരിശ്രമത്തിലൂടെ ഈ രോഗം ബാധിക്കുന്ന രോഗികളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്, മരണനിരക്കും 90% താഴെ വന്നിട്ടുണ്ട്. ഇതിന് പുറമെ ആയുഷ്മാന്‍ ഭാരത് അഭിയാന്റെ കീഴില്‍ മെഡിക്കല്‍ കോളജുകള്‍ ആരംഭിക്കുന്നതിനും മറ്റ് സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിലും യു.പി പ്രശംസനീയമായ പ്രവര്‍ത്തനമാണ് നടത്തിയിട്ടുള്ളത്.
വൈദ്യുതി, വെള്ളം, റോഡുകള്‍ പോലുള്ള അടിസ്ഥാന സൗകര്യങ്ങളില്‍ മുമ്പൊന്നുമുണ്ടായിട്ടില്ലാത്ത തരത്തിലുള്ള മെച്ചപ്പെടല്‍ ഉണ്ടായിട്ടുണ്ട്. പുതിയ റോഡുകളും എക്‌സ്പ്രസ് വേകളും നിര്‍മ്മിക്കുന്നതില്‍ യു.പി മുന്നോട്ടുപോകുകയാണ്. എല്ലാത്തിനുപരിയായി ഇന്ന് ഉത്തര്‍പ്രദേശില്‍ സമാധാനമുണ്ട്; നിയമവാഴ്ച നടക്കുകയാണ്. ഇതാണ് ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നും നിക്ഷേപകര്‍ ഉത്തര്‍പ്രദേശിനെ ശ്രദ്ധിക്കുന്നത്. ആഭ്യന്തര, വിദേശ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിന് ഗവണ്‍മെന്റ് എന്തൊക്കെ നടപടികള്‍ കൈക്കൊള്ളുന്നുവോ യു.പി അതിന്റെ നേട്ടമെല്ലാം എടുക്കുന്നുണ്ട്. ഇപ്പോള്‍ തന്നെ മറ്റ് സംസ്ഥാനങ്ങള്‍ കൊറോണയുമായി പോരടിച്ചുകൊണ്ടിരിക്കുമ്പോള്‍ യു.പി അതിന്റെ വികസനത്തിന് വേണ്ടി ഇത്തരം പ്രമുഖ പദ്ധതികള്‍ക്ക് തുടക്കം കുറിയ്ക്കുകയാണ്. ഒരുതരത്തില്‍ ഈ പ്രതിസന്ധി സൃഷ്ടിച്ച എല്ലാ അവസരങ്ങളും യു.പി ഉപയോഗിക്കുകയാണ്. ഒരിക്കല്‍ കൂടി ഈ തൊഴില്‍ അവസരത്തിന് നിങ്ങള്‍ക്കെല്ലാം വളരെയധികം അഭിനന്ദനങ്ങള്‍!!
കൊറോണയ്ക്ക് എതിരായ നമ്മുടെ പോരാട്ടം ഇപ്പോഴും തുടരുകയാണെന്നത് മറക്കാതിരിക്കുക. ജോലിക്ക് പോകുക എന്നാല്‍ ' രണ്ടടി ദൂരം' പരിപാലിക്കുക നിങ്ങളുടെ വായും മൂക്കും മുഖാവരണം കൊണ്ട് മൂടുക, നിരന്തരമായി ശുചിത്വം പരിപാലിക്കുക. ജീവിതത്തിന്റെയും ഉപജീവനത്തിന്റെയും ഈ പോരാട്ടങ്ങളില്‍ ഉത്തര്‍പ്രദേശ് വിജയിക്കും, ഇന്ത്യയും വിജയിക്കും.
വളരെയധികം നന്ദി!
****
(Release ID: 1634760)
Visitor Counter : 275
Read this release in:
Telugu
,
English
,
Urdu
,
Marathi
,
Hindi
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Kannada