ന്യൂനപക്ഷകാര്യ മന്ത്രാലയം

ഇന്ത്യയില്‍നിന്ന് ഇക്കുറി ഹജ്ജ് തീര്‍ത്ഥാടകരില്ല


കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഇക്കൊല്ലം ഹജ്ജ് തീര്‍ത്ഥാടകരെ അയക്കരുതെന്ന സൗദി അറേബ്യയുടെ നിര്‍ദേശപ്രകാരമാണ് തീരുമാനം
 
ഹജ്ജ് യാത്രയ്ക്കായി അപേക്ഷിച്ചവര്‍ അടച്ച മുഴുവന്‍ തുകയും മടക്കിനല്‍കുമെന്ന് കേന്ദ്രന്യൂനപക്ഷകാര്യമന്ത്രി മുഖ്താര്‍ അബ്ബാസ്  നഖ്‌വി ; നേരിട്ട് ബാങ്ക് അക്കൗണ്ടിലേയ്ക്കു തുക മടക്കിനല്‍കാനുള്ള പ്രക്രിയ ആരംഭിച്ചു

സഹയാത്രികന്‍ (മെഹ്റം) ഇല്ലാതെ ഹജ്ജിനു പോകാന്‍ അപേക്ഷിച്ച 2300 സ്ത്രീകള്‍ക്ക് ഇക്കൊല്ലത്തെ അപേക്ഷയുടെ അടിസ്ഥാനത്തില്‍ 2021ല്‍ ഹജ്ജിനു പോകാന്‍ അവസരം: മുഖ്താര്‍ അബ്ബാസ് നഖ്വി

മെഹ്റം ഇല്ലാതെ ഹജ്ജിനായി ഇനി അപേക്ഷ നല്‍കുന്നവര്‍ക്കും അടുത്ത വര്‍ഷം അനുവാദം: നഖ്വി

Posted On: 23 JUN 2020 1:28PM by PIB Thiruvananthpuram

 

കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തില്‍, സൗദി അറേബ്യ നല്‍കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഇക്കൊല്ലം ഇന്ത്യയില്‍ നിന്ന് ഈ വര്‍ഷം ഹജ്ജ് തീര്‍ത്ഥാടകരുണ്ടാകില്ലെന്നു കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി ശ്രീ. മുഖ്താര്‍ അബ്ബാസ് നഖ്വി. സൗദി അറേബ്യ സര്‍ക്കാരിന്റെ തീരുമാനത്തെ മാനിച്ചും ജനങ്ങളുടെ ആരോഗ്യവും ക്ഷേമവും കണക്കിലെടുത്തുമാണ് നടപടി. ഹജ്ജ് തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

സൗദി അറേബ്യയിലെ ഹജ്ജ്, ഉംറ മന്ത്രി ഡോ. മുഹമ്മദ് സാലെഹ് ബിന്‍ താഹര്‍ ബെന്റന്‍കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രിയുമായി ടെലിഫോണില്‍ സംസാരിച്ചിരുന്നു. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷം (ഹിജറ വര്‍ഷം 1441) ഇന്ത്യയില്‍ നിന്ന് ഹജ്ജ് തീര്‍ത്ഥാടകരെ ഹജ്ജിന് അയയ്ക്കരുതെന്ന് അദ്ദേഹം നിര്‍ദേശിച്ചതായി ശ്രീ. നഖ് വി പറഞ്ഞു. ലോകമെമ്പാടും കൊറോണ വെല്ലുവിളി നേരിടുന്നതിനാല്‍ ഇക്കാര്യം അംഗീകരിക്കുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.

ഈ വര്‍ഷം ഹജ്ജിനായി ലഭിച്ചത് 2,13,000 അപേക്ഷകളാണ്. അപേക്ഷിച്ചവര്‍ അടച്ച മുഴുവന്‍ തുകയും മടക്കിനല്‍കും. തുക നേരിട്ട് ബാങ്ക് അക്കൗണ്ടിലേയ്ക്കു മടക്കിനല്‍കാനുള്ള പ്രക്രിയ ആരംഭിച്ചുവെന്നും മന്ത്രി വ്യക്തമാക്കി.

ഈ വര്‍ഷം 2300 ല്‍ അധികം സ്ത്രീകളാണ് മെഹ്‌റം ഇല്ലാതെ ഹജ്ജ് നടത്താന്‍ അപേക്ഷ നല്‍കിയിരുന്നത്. ഈ അപേക്ഷയുടെ അടിസ്ഥാനത്തില്‍ ഇവര്‍ക്ക് 2021ല്‍ ഹജ്ജ് തീര്‍ത്ഥാടനത്തിന് അനുമതി നല്‍കും. ഇനി അപേക്ഷിക്കുന്ന സ്ത്രീകള്‍ക്കും അടുത്ത വര്‍ഷം അനുമതി നല്‍കും.

2019ല്‍ ആകെ രണ്ടു ലക്ഷം പേരാണ് ഇന്ത്യയില്‍ നിന്ന് ഹജ്ജ് തീര്‍ത്ഥാടനത്തിനു പോയത്. ഇവരില്‍ 50 ശതമാനം സ്ത്രീകളാണ്. 2018ല്‍ മെഹ്‌റം (സഹയാത്രികന്‍) ഇല്ലാതെ മുസ്ലീം സ്ത്രീകള്‍ക്ക് ഹജ്ജിന് ഗവണ്‍മെന്റ് അനുമതി നല്‍കിയിരുന്നു. ഇതെത്തുടര്‍ന്ന് 3,040 സ്ത്രീകളാണ് മെഹ്റം ഇല്ലാതെ തീര്‍ത്ഥാടനത്തിനു പോയത്.

കഴിഞ്ഞ ദിവസം ഏറെ വൈകിയാണ് ഹജ്ജ് തീര്‍ത്ഥാടനം സംബന്ധിച്ച പ്രസ്താവന സൗദി അറേബ്യ പുറപ്പെടുവിച്ചത്. നിലവില്‍ സൗദിയില്‍ കഴിയുന്ന വിവിധ രാജ്യങ്ങളിലെ പൗരന്മാര്‍ക്കു മാത്രമാണ് ഹജ്ജ് തീര്‍ത്ഥാടനത്തിന് അവസരമുള്ളത്. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷിതത്വവും പൊതുജനാരോഗ്യവും കണക്കിലെടുത്താണ് ഈ തീരുമാനം. സുരക്ഷാമുന്‍കരുതലുകളും സാമൂഹ്യ അകലവും പാലിച്ചാകും ഇത്തവണ ഹജ്ജ് തീര്‍ത്ഥാടന കര്‍മ്മങ്ങള്‍.


***


(Release ID: 1633675) Visitor Counter : 218