പ്രധാനമന്ത്രിയുടെ ഓഫീസ്‌

അന്താരാഷ്ട്ര യോഗ ദിനത്തില്‍ പ്രധാനമന്ത്രി നടത്തിയ അഭിസംബോധന

Posted On: 21 JUN 2020 7:48AM by PIB Thiruvananthpuram



നമസ്‌കാരം,

ആറാമത് അന്താരാഷ്ട്ര യോഗ ദിനത്തില്‍ എല്ലാവര്‍ക്കും എന്റെ ശുഭാശംസകള്‍. അന്താരാഷ്ട്ര യോഗ ദിനം ഐക്യദാര്‍ഢ്യത്തിന്റെ ദിവസമാണ്. ലോക സാഹോദര്യത്തിന്റെ സന്ദേശമാണു ഈ ദിനം നല്‍കുന്നത്. നമ്മെ ഒരുമിച്ച് കൂട്ടുന്ന, അകലങ്ങള്‍ കുറയ്ക്കുന്ന ഒന്നാണ് യോഗ.

കൊറോണ കാലത്തും ലോകത്തെമ്പാടു നിന്നും 'മൈ ലൈഫ് മൈ യോഗ' വീഡിയോ ബ്ലോഗിംഗ് മത്സരത്തില്‍ ഉണ്ടായിട്ടുള്ള വമ്പിച്ച പങ്കാളിത്തം യോഗയുടെ സ്വീകാര്യതയും ആഗോള അംഗീകാരവുമാണു കാണിക്കുന്നത്.

സുഹൃത്തുക്കളേ,

ഈ വര്‍ഷത്തെ അന്താരാഷ്ട്ര യോഗ ദിനത്തിന്റെ തീം 'യോഗ വീട്ടിലും വീട്ടുകാരോടൊപ്പവും' എന്നതാണ്. ഇന്ന് നമ്മള്‍ വലിയ ആള്‍ക്കൂട്ടങ്ങളില്‍ നിന്നൊഴിഞ്ഞ് കുടുംബാംഗങ്ങളോടൊപ്പമാണു യോഗ ചെയ്തത്. കുട്ടികള്‍, ചെറുപ്പക്കാര്‍, മുതിര്‍ന്നവര്‍ എല്ലാവരും ഒരുമിച്ച് യോഗ ചെയ്തപ്പോള്‍ വീടുകളില്‍ വലിയ ഊര്‍ജ്ജമാണു നിറഞ്ഞത്. അതിനാല്‍ ഈ ദിവസത്തെ വൈകാരിക യോഗ ദിനം എന്ന് കൂടി വിളിക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. കുടുംബ ബന്ധങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഒരു ദിവസം കൂടിയാണിത്.

സുഹൃത്തുക്കളേ,
ഈ കൊറോണക്കാലത്ത് ലോകം എപ്പോഴത്തേക്കാളും യോഗയുടെ പ്രാധാന്യം തിരിച്ചറിയുകയാണ്. നമ്മുടെ രോഗപ്രതിരോധശേഷി ശക്തമാണെങ്കില്‍ നമുക്ക് കൂടുതല്‍ ഫലപ്രദമായി കൊറോണ വൈറസിനെ ചെറുത്ത് തോല്‍പ്പിക്കാനാകും. പ്രതിരോധ ശേഷിയെ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന നിരവധി  യോഗാസനങ്ങളുണ്ട്. ഈ ആസനങ്ങള്‍ ചെയ്യുന്നവരുടെ ശാരീരികക്ഷമതയും മെറ്റാബോളിസവും വര്‍ദ്ധിക്കും.  

കോവിഡ് 19 വൈറസ് പ്രധാനമായും നമ്മുടെ ശ്വസനേന്ദ്രിയ വ്യവസ്ഥയെയാണു ബാധിക്കുന്നത്. നമ്മുടെ ശ്വാസകോശത്തെ ശക്തിപ്പെടുത്താനുള്ള ഏറ്റവും നല്ല മാര്‍ഗമാണു 'പ്രാണായാം' അഥവാ ശ്വസന വ്യായാമം. പൊതുവായി പറഞ്ഞാല്‍ 'അനുലോം വിലോം പ്രാണായാം' ആണ് ഏറ്റവും ജനകീയമായത്. ഇതും വളരെ ഫലപ്രദമാണ്. ഇവ കൂടാതെ നിരവധി പ്രാണായാമങ്ങളുണ്ട്. ശീതലി, കപല്‍ഭാട്ടി, ഭ്രമരി, ഭാസ്ത്രിക തുടങ്ങിയവയാണ് പ്രധാനം.

ഈ ആസനങ്ങള്‍ പരിശീലിക്കുന്നത് നമ്മുടെ രോഗപ്രതിരോധ ശേഷിയേയും ശ്വസനേന്ദ്രിയത്തേയും ശക്തമാക്കുന്നു. ആയതിനാല്‍ പ്രാണായാമം നിങ്ങളുടെ ജീവിതചര്യയുടെ ഭാഗമാക്കാന്‍ ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. അതോടൊപ്പം അനുലോം-വിലോം കൂടാതെ മറ്റ് പ്രാണായാമ രീതികള്‍ കൂടി പഠിച്ചെടുക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു. ലോകത്തെമ്പാടുമുള്ള ആയിരക്കണക്കിനു കോവിഡ് രോഗികള്‍ ഇന്ന്  യോഗ അഭ്യസിക്കുന്നു. യോഗയുടെ ശക്തി അവരെ രോഗമുക്തി നേടുന്നതിനു സഹായിക്കുന്നു.

സുഹൃത്തുക്കളേ,

യോഗ നമ്മുടെ ആത്മവിശ്വാസവും മനോവീര്യവും വര്‍ദ്ധിപ്പിക്കുന്നതിനാല്‍ നമുക്ക് പ്രതിസന്ധികളെ നേരിട്ട് വിജയിക്കാനാകും. യോഗ സമാധാനം നല്‍കുകയും അച്ചടക്കവും കരുത്തും നല്‍കുകയും ചെയ്യുന്നു. 'ശരിയായ ഒരു മനുഷ്യന്‍ കനത്ത നിശബ്ദതയില്‍ പോലും കര്‍മ്മനിരതനാകുകയും പ്രക്ഷുബ്ധമായ ചുറ്റുപാടുകളില്‍ പോലും പൂര്‍ണമായ ശാന്തത അനുഭവിക്കുകയും ചെയ്യുന്നയാളാണ്'- എന്ന് സ്വാമി വിവേകാനന്ദന്‍ പറയുന്നു.

ഏത് പ്രതിസന്ധിയേയും സമചിത്തതയോടെ നേരിടുകയെന്നതും തോറ്റു മടങ്ങാതിരിക്കുകയെന്നതും ഒരു മനുഷ്യന്റെ ഏറ്റവും മികച്ച ഗുണങ്ങളിലൊന്നാണ്. യോഗ ഇതിനുള്ള കരുത്ത് നല്‍കുന്നു. യോഗ പരിശീലിക്കുന്ന ഒരാള്‍ക്ക് ഒരു ഘട്ടത്തിലും ക്ഷമ നശിക്കില്ലെന്ന് നിങ്ങള്‍ക്ക് കാണാനാകും. യോഗയുടെ അര്‍ത്ഥം '‘समत्वम् योग उच्यते  ' എന്നാണ്. അതായത്, യോഗ എന്നാല്‍ എല്ലായ്പ്പോഴും, ഏതൊരു സാഹചര്യത്തിലും ദൃഢചിത്തതയോടെ നിലകൊള്ളുക എന്നതാണ്- അത് അനുകൂലമോ പ്രതികൂലമോ സന്തോഷമോ ദുഖമോ വിജയമോ പരാജയമോ ആകട്ടെ.

സുഹൃത്തുക്കളേ,

ആരോഗ്യകരമായ ലോകത്തിനായുള്ള ത്വരയ്ക്ക് യോഗ പ്രചോദനമേകുന്നു. ഇത് ഐക്യത്തിനായുള്ള ശക്തിയായി ഉയരുകയും മാനവരാശിയെ ആഴത്തില്‍ അടുപ്പിക്കുകയും ചെയ്യുന്നു. ഇതിനു വിവേചനമില്ല. വംശം, നിറം, ലിംഗം, വിശ്വാസം, രാഷ്ട്രങ്ങള്‍ എന്നിവയ്ക്കുമപ്പുറമാണിത്.

യോഗ കൈക്കൊള്ളാന്‍ ആര്‍ക്കും കഴിയും. നിങ്ങളുടെ അല്‍പ്പം സമയവും ഒഴിഞ്ഞ ഒരിടവും മാത്രമാണ് വേണ്ടത്. ശാരീരികാരോഗ്യം മാത്രമല്ല, ആരോഗ്യകരമായ മനസും നാം നേരിടുന്ന വെല്ലുവിളികളെ ആത്മവിശ്വാസത്തോടെ കൈകാര്യം ചെയ്യാമെന്ന വൈകാരിക ഉറപ്പുമാണ് യോഗ നമുക്ക് സമ്മാനിക്കുന്നത്.

സുഹൃത്തുക്കളേ,

നമ്മുടെ ആരോഗ്യത്തിന്റെയും പ്രതീക്ഷയുടെയും തന്തികള്‍ മികച്ചതാക്കാന്‍ കഴിഞ്ഞാല്‍, ആരോഗ്യകരവും സന്തുഷ്ടവുമായ മാനവരാശിയുടെ വിജയത്തിന് ലോകം സാക്ഷ്യം വഹിക്കുന്ന ദിനം വിദൂരമല്ല. ഇത് സാധ്യമാക്കാന്‍ യോഗ നമ്മെ തീര്‍ച്ചയായും സഹായിക്കും.

സുഹൃത്തുക്കളേ,
യോഗയിലൂടെയും ലോകക്ഷേമത്തിലൂടെയും പ്രശ്നപരിഹാരത്തെക്കുറിച്ച് നാം സംസാരിക്കുമ്പോള്‍, യോഗേശ്വരനായ കൃഷ്ണന്റെ കര്‍മ്മയോഗയെക്കുറിച്ചും നിങ്ങളെ ഓര്‍മ്മിപ്പിക്കാന്‍ ഞാന്‍ ഗ്രഹിക്കുന്നു. ഗീതയില്‍, ഭഗവാന്‍ കൃഷ്ണന്‍ യോഗയെക്കുറിച്ച് വിശദീകരിക്കുമ്പോള്‍ പറഞ്ഞതിങ്ങനെയാണ്:  - '‘योगः कर्मसु कौशलम्  '  അതായത് കര്‍മ്മങ്ങളിലെ  കാര്യക്ഷമതയാണ് യോഗ. ജീവിതത്തില്‍ കൂടുതല്‍ പ്രാപ്തരാകാനുള്ള കഴിവ് യോഗ സൃഷ്ടിക്കുന്നുവെന്ന് ഈ മന്ത്രം എല്ലായ്പ്പോഴും നമ്മെ പഠിപ്പിക്കുന്നു. നാം നമ്മുടെ കര്‍മ്മങ്ങള്‍ അച്ചടക്കത്തോടെ ചെയ്യുകയും കടമകള്‍ നിറവേറ്റുകയും ചെയ്താല്‍, അതുതന്നെ യോഗയുടെ ഒരു രൂപമാണ്.


സുഹൃത്തുക്കളേ,

കര്‍മ്മയോഗ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. ഇത് പറയുന്നതിങ്ങനെയാണ്: युक्त आहार विहारस्य, युक्त चेष्टस्य कर्मसु।

युक्त स्वप्ना-व-बोधस्य, योगो भवति दु:खहा।। 


അതായത്, യോഗ അര്‍ത്ഥമാക്കുന്നത്, ശരിയായ ഭക്ഷണം കഴിക്കുക, ശരിയായ കായിക വിനോദങ്ങളില്‍ ഏര്‍പ്പെടുക,  കൃത്യമായി ഉറങ്ങുന്നതും ഉണരുന്നതും ശീലമാക്കുക, നമ്മുടെ ജോലിയും കടമകളും കൃത്യമായി നിര്‍വഹിക്കുക എന്നതൊക്കെയാണ്. ഈ കര്‍മ്മയോഗയിലൂടെ, എല്ലാ പ്രശ്‌നങ്ങള്‍ക്കും നമുക്കു പരിഹാരം കാണാനാകും. മാത്രമല്ല, നിസ്വാര്‍ത്ഥമായ ജോലി, സ്വാര്‍ത്ഥതയില്ലാതെ എല്ലാവര്‍ക്കും സേവനമേകുന്ന സ്വത്വത്തെയും കര്‍മ്മയോഗ എന്നും വിളിക്കുന്നു. കര്‍മ്മയോഗയുടെ ഈ ചൈതന്യം ഇന്ത്യയുടെ സത്തയില്‍ ഉള്‍ക്കൊള്ളുന്നു. നിസ്വാര്‍ത്ഥതയുടെ ഈ മനോഭാവം ഇന്ത്യയില്‍ നിന്ന് ലോകത്തിനാകെ അനുഭവിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

സുഹൃത്തുക്കളേ,

നമ്മള്‍ യോഗയും കര്‍മ്മയോഗയുടെ സത്തയും ജീവിതത്തിന്റെ ഭാഗമാക്കുമ്പോള്‍ ഒരു വ്യക്തി, സമൂഹം, രാജ്യം എന്നീ നിലകളില്‍ നമ്മുടെ കരുത്ത് വര്‍ധിക്കുന്നത് അനുഭവിക്കാനാകും. നാം ഇതുമായി ബന്ധപ്പെട്ട് ഇന്നൊരു പ്രതിജ്ഞയെടുക്കാന്‍ പോകുകയാണ്- നമ്മുടേയും നമ്മുടെ പ്രിയപ്പെട്ടവരുടേയും ആരോഗ്യത്തിനായി സാധിക്കുന്ന എല്ലാ കാര്യങ്ങളും ചെയ്യും. ഉത്തരവാദിത്തമുള്ള പൗരനെന്ന നിലയില്‍ കുടുംബമായും സമൂഹമായും മുമ്പോട്ട് പോകും.

'യോഗ വീട്ടിലും വീട്ടുകാരോടൊത്തും' ജീവിതത്തിന്റെ ഭാഗമായി മാറ്റുവാന്‍ നാം ശ്രമിക്കും. ഇങ്ങനെ ചെയ്യുകയാണെങ്കില്‍ വിജയം നിങ്ങള്‍ക്ക് സുനിശ്ചിതമാണ്. ഒരിക്കല്‍ കൂടി എല്ലാവര്‍ക്കും യോഗദിനാശംസകള്‍ നേരുന്നു

लोकाः समस्ताः सुखिनो भवन्तु॥   

ലോകാ സമസ്താ സുഖിനോ ഭവന്തു
ഓം!


(Release ID: 1633208) Visitor Counter : 719