പ്രധാനമന്ത്രിയുടെ ഓഫീസ്‌

അന്താരാഷ്ട്ര യോഗ ദിനത്തിൽ  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാഷ്ട്രത്തെ അഭിസംബോധന ചെയ്തു

Posted On: 21 JUN 2020 9:43AM by PIB Thiruvananthpuramയോഗ ദിനം ഐക്യദാര്‍ഢ്യത്തിന്റെയും പ്രാപഞ്ചിക സാഹോദര്യത്തിന്റെയും ദിനമെന്നു പ്രധാനമന്ത്രി

യോഗ കോവിഡ് 19 വൈറസിനെതിരായ പ്രതിരോധ ശക്തി ഉത്തേജിപ്പിക്കുന്നു: പ്രധാനമന്ത്രി
അന്താരാഷ്ട്ര യോഗ ദിനാഘോഷത്തിന്റെ ഭാഗമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വിഡിയോ കോണ്‍ഫന്‍സ് വഴി രാജ്യത്തെ അഭിസംബോധന ചെയ്തു. ഐക്യദാര്‍ഢ്യത്തിന്റെ ദിനമാണു  അന്താരാഷ്ട്ര യോഗ ദിനമെന്നു പ്രധാനമന്ത്രി പറഞ്ഞു. ഇതു പ്രാപഞ്ചിക സാഹോദര്യത്തിന്റെ ദിനമാണ്. കോവിഡ്- 19 ഉയര്‍ത്തുന്ന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ നിമിത്തം ഈ വര്‍ഷം രാജ്യാന്തര യോഗ ദിനം ഇലക്ട്രോണിക്, ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ വഴിയാണ് ആചരിക്കുന്നത്.
ജനങ്ങള്‍ വീടുകളില്‍ കുടുംബാംഗങ്ങളുമായി ചേര്‍ന്നു യോഗ  പരിശീലിക്കുകയാണെന്നു പ്രധാനമന്ത്രി പറഞ്ഞു.
യോഗ നമ്മെ ഒരുമിപ്പിച്ചു എന്ന് അദ്ദേഹം വ്യക്തമാക്കി.
'മൈ ലൈഫ്-മൈ യോഗ' വിഡിയോ ബ്ലോഗിങ് മല്‍സരത്തിനു ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു ലഭിക്കുന്ന വ്യാപകമായ പ്രതികരണം വര്‍ധിച്ചുവരുന്ന യോഗയുടെ പ്രചാരത്തെ പ്രതിഫലിപ്പിക്കുന്നു, അദ്ദേഹം തുടര്‍ന്നു.
ഇപ്പോള്‍ നാമെല്ലാം ആള്‍ക്കൂട്ടങ്ങളില്‍നിന്നു മാറിനില്‍ക്കുകയും വീടുകളില്‍ കുടുംബത്തോടൊപ്പം യോഗ പരിശീലിക്കുകയും വേണം. ഈ വര്‍ഷത്തെ പ്രമേയം 'യോഗ വീട്ടില്‍ കുടുംബത്തോടൊപ്പം' എന്നതാണ്. യോഗ പരിശീലിക്കാന്‍ കുടുംബത്തിലെ കുട്ടികളും ചെറുപ്പക്കാരും മുതിര്‍ന്നവരും ഒന്നിക്കുന്നതിലൂടെ പരസ്പര ബന്ധത്തെ യോഗ പ്രോല്‍സാഹിപ്പിക്കുന്നു. ഇതിലൂടെ കുടുംബത്തില്‍ അനുകൂലമായ ഊര്‍ജം പ്രസരിക്കുന്നു. യോഗ വൈകാരിക സന്തുലനം പ്രോല്‍സാഹിപ്പിക്കുന്നു, പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
'യോഗ ശരീരത്തിന്റെ പ്രതിരോധ ശക്തി വര്‍ധിപ്പിക്കുന്നു. നിങ്ങള്‍ നിത്യജീവിതത്തില്‍ പ്രാണായാമം ഉള്‍പ്പെടുത്തണം. പ്രാണായാമ യോഗ അഥവാ ശ്വസന ക്രിയകള്‍ നമ്മുടെ ശ്വസന സംവിധാനത്തെ ശക്തിപ്പെടുത്തുന്നു. കൊറോണ വൈറസ് ബാധിക്കുന്നതു ശ്വസന വ്യവസ്ഥയെ ആണെന്നതിനാല്‍ ഇക്കാര്യം ഇപ്പോള്‍ കൂടുതല്‍ പ്രസക്തമായിത്തീരുന്നു', അദ്ദേഹം വ്യക്തമാക്കി.
ഐക്യം പകരുന്ന ശക്തിയായി യോഗ മാറിയെന്നു പ്രധാനമന്ത്രി പറഞ്ഞു. മനുഷ്യനെ വേര്‍തിരിച്ചു കാണുന്നില്ല എന്നതിനാല്‍ അതു മാനവികതയുടെ ബന്ധത്തിന്റെ ആഴം വര്‍ധിപ്പിക്കുന്നു. അതു വംശത്തിനും വര്‍ണത്തിനും ലിംഗത്തിനും വിശ്വാസത്തിനും രാജ്യങ്ങള്‍ക്കും അതീതമാണ്. ആര്‍ക്കും യോഗ പിന്‍തുടരാം. നമുക്ക് ആരോഗ്യവും പ്രതീക്ഷയും മെച്ചപ്പെടുത്താനാകുമെങ്കില്‍ ലോകം ആരോഗ്യം നിലനിര്‍ത്തുന്നതില്‍ വിജയിക്കുകയും സന്തോഷപൂര്‍ണമായ മാനവികത നേടിയെടുക്കുകയും ചെയ്യുന്ന കാലം വിദൂരമല്ല. ഇതു യാഥാര്‍ഥ്യമാക്കാന്‍ നമ്മെ സഹായിക്കാന്‍ തീര്‍ച്ചയായും യോഗയ്ക്കു കഴിയും.
'ബോധമുള്ള പൗരന്‍മാരെന്ന നിലയില്‍ നാം യോജിപ്പോടെ കുടുംബമായും സമൂഹമായും മുന്നോട്ടു നീങ്ങും. 'വീട്ടില്‍ യോഗ, കുടുംബത്തോടൊപ്പം യോഗ' പദ്ധതി നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കാന്‍ നാം ശ്രമിക്കും. ഇക്കാര്യത്തില്‍ നാം തീര്‍ച്ചയായും വിജയിക്കുകയും ചെയ്യും', പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.(Release ID: 1633096) Visitor Counter : 375