പ്രധാനമന്ത്രിയുടെ ഓഫീസ്
ആചാര്യ മഹാപ്രജ്ഞ ജന്മശതാബ്ദി ആഘോഷത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാള പരിഭാഷ
പോസ്റ്റഡ് ഓണ്‍:
19 JUN 2020 11:34AM by PIB Thiruvananthpuram
നമസ്‌ക്കാരം!
ആചാര്യ ശ്രീ മഹാശ്രമണ്‍ ജി; തേരാപന്ഥി മഹാസഭാ പ്രസിഡന്റ് ശ്രീ സുരേഷ്ചന്ദ്ര ഗോയല്‍ ജി; സാങ്കേതിക വിദ്യയിലൂടെ ഈ പരിപാടിയില്‍ പങ്കുചേര്‍ന്ന വിശിഷ്ടാതിഥികളെ സുഹുത്തുക്കളെ!
ഋഷിവര്യനായ ആചാര്യ ശ്രി മഹാപ്രജ്ഞാജിയുടെ ജന്മവാര്‍ഷികത്തിന്റെ ഈ പുണ്യാവസരത്തില്‍ നമ്മയെല്ലാം ബന്ധിപ്പിക്കാന്‍ കഴിഞ്ഞത് നമുക്കെല്ലാം ലഭിച്ച വിശേഷഭാഗ്യമാണ്. നിങ്ങള്‍ക്കും എനിക്കും എല്ലാവര്‍ക്കും അദ്ദേഹത്തിന്റെ അനുഗ്രഹം അനുഭവേദ്യമാണ്.
ആചാര്യ ശ്രീ മഹാപ്രജ്ഞാജിക്ക് ഞാന്‍ എന്റെ ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും നിങ്ങള്‍ക്കെല്ലാം ആശംസകള്‍ നേരുകയും ചെയ്യുന്നു. ആചാര്യ ശ്രീ മഹാശ്രമണ്‍ ജിക്ക് പ്രത്യേക നന്ദി അര്‍പ്പിക്കാനും ഞാന്‍ ആഗ്രഹിക്കുന്നു. കൊറോണ വൈറസ് മഹാമാരിയുണ്ടാക്കിയ ഈ വെല്ലുവിളിയുടെ സാഹചര്യത്തിലും സാങ്കേതികവിദ്യയിലൂടെ അദ്ദേഹം കാര്യക്ഷമമായി ഈ പരിപാടി സംഘടിപ്പിച്ചു.
സുഹൃത്തുക്കളെ,
ആചാര്യ മഹാപ്രജ്ഞാജിയുമായി കൂടിക്കാഴ്ച നടത്താന്‍ നിങ്ങളില്‍ പലര്‍ക്കും അവസരമുണ്ടായിട്ടുണ്ട്. ആ സമയത്ത് നിങ്ങള്‍ അദ്ദേഹത്തിന്റെ ആത്മീയചൈതന്യം അനുഭവിച്ചിട്ടുമുണ്ട്. ഞാന്‍ ഇത് പറയുന്നതെന്തെന്നാല്‍ എനിക്ക് എന്റെ ജീവിതത്തിലുടനീളം നിരന്തരമായി അദ്ദേഹത്തിന്റെ വാത്സല്യവും അനുഗ്രഹവും ലഭിച്ചിട്ടുണ്ട്.
ഞാന്‍ ഗുജറാത്ത് മുഖ്യമന്ത്രിയായ സമയത്തെക്കുറിച്ച് ഞാന്‍ ഓര്‍ക്കുകയാണ്; ആ സമയത്ത് അദ്ദേഹം ഗുജറാത്ത് സന്ദര്‍ശിച്ചിരുന്നു. അദ്ദേഹത്തിന്റെ അഹിംസയ്ക്കും മാനവരാശിക്കായുള്ള സേവനത്തിനുമുള്ള യാത്രയില്‍ പങ്കെടുക്കാനുള്ള അവസരം എനിക്കുണ്ടായിട്ടുണ്ട്', തേരാപന്ഥ് എന്റെ മതവിഭാഗമാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു'വെന്ന് ഞാന്‍ അന്ന് ആചാര്യനോട് പറഞ്ഞിട്ടുണ്ട്. ആചാര്യ ശ്രീയുടെ അനുഗ്രഹത്തോടെ തേരാപന്ഥ് എന്റെ മതവിഭാഗമാവുകയും ഞാനും ആചാര്യജിയുടെ പിന്തുടര്‍ച്ചക്കാരനാവുകയും ചെയ്തു.
സുഹൃത്തുക്കളെ,
ഒരു യോഗ ഋഷിയുടെ ജീവിതത്തില്‍ സ്വയം എന്നതിന് വേണ്ടി ഒന്നുമില്ലെന്ന് അദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തിലൂടെ എനിക്ക് എപ്പോഴും തോന്നിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ജീവിതം, അദ്ദേഹത്തിന്റെ ചിന്തകള്‍, അദ്ദേഹത്തിന്റെ ചിന്തിക്കല്‍ എന്നിവയെല്ലാം സമൂഹത്തിനും മാനവരാശിക്കും വേണ്ടി മാത്രമായിരുന്നു.
'നമ്മള്‍ എനിക്കും എന്റേതിനും അപ്പുറം നോക്കാന്‍ ശ്രമിച്ചാല്‍, എല്ലാം നിങ്ങളുടേതായിരിക്കു'മെന്ന് ആചാര്യ മഹാപ്രജ്ഞാ ജി പറയാറുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മന്ത്രവും തത്വശാസ്ത്രവും ജീവിതത്തില്‍ പ്രകടമായിരുന്നു.
അദ്ദേഹത്തിനു ജീവിതത്തില്‍ ഒന്നുമില്ലായിരുന്നുവെന്നും എന്നാല്‍ എല്ലാവരും അദ്ദേഹത്തിന്റേതായിരുന്നുവെന്നും നമ്മളെല്ലാം കണ്ടിട്ടുണ്ട്. ഒന്നിന്റെയും ഉടമസ്ഥാവകാശത്തിനോട് അദ്ദേഹത്തിന്റെ ജീവിതത്തില്‍ ഒരു അഭിവാഞ്ഛയും ഉണ്ടായിരുന്നില്ല; എന്നാല്‍ എല്ലാവരോടും സ്നേഹമുണ്ടായിരുന്നു.
സുഹൃത്തുക്കളെ,
ജീവിതം നയിക്കാനുള്ള തത്വശാസ്ത്രം സുഗമമായി കണ്ടെത്താനാകും. എന്നാല്‍ ഇത്തരത്തില്‍ ഒരു ജീവിതം ജീവിക്കുന്നവരെ കണ്ടെത്തുക അത്ര ലളിതമല്ല. ജീവിതത്തിന്റെ അത്തരം ഒരു നിലയില്‍ എത്താന്‍ ഒരാള്‍ കഠിനമായി പരിശ്രമിക്കുകയും നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കുകയും വേണം. ഇത് ഒരു സാധാരണ കാര്യമല്ല. എന്നാല്‍ ഇതാണ് അനിതരസാധാരണത്വത്തെ പ്രതീകവല്‍ക്കരിക്കുന്ന അതിവിശിഷ്ട വ്യക്തിത്വം.
അതുകൊണ്ടാണ് ആചാര്യ മഹാപ്രജ്ഞാ ജി ആധുനികകാലത്തിലെ വിവേകാനന്ദനാണെന്ന് രാഷ്ട്രകവി രാംധാരി സിംഗ് ദിനകര്‍ പറയാറുള്ളത്. അതുപോലെ ദിഗംബര പാരമ്പര്യത്തിലെ മഹാനായ ഋഷി ആചാര്യനായ വിദ്യാനന്ദ, മഹാപ്രജ്ഞാജിയെ ഡോ: സര്‍വേപ്പള്ളി രാധാകൃഷ്ണനുമായാണ് താരതമ്യം ചെയ്തിരുന്നത്. ആചാര്യ മഹാപ്രജ്ഞാജിയുടെ സാഹിത്യകൃതികളും സമാനതകളില്ലാത്തതാണ്.
സാഹിത്യത്തിലെയും അറിവിലേയും ഒരു മഹാനായ കലാഭിജ്ഞനായിരുന്ന നമ്മുടെ അഭിവന്ദ്യനായ അടല്‍ജി തന്നെ 'ഞാന്‍ ആചാര്യ പ്രജ്ഞാജിയുടെ സാഹിത്യത്തിന്റെ, അറിവിന്റെ, വാക്കുകളുടെ ആഴത്തിന്റെ വലിയ ആരാധകനാണ്' എന്ന് പറയാറുണ്ടായിരുന്നു. ശബ്ദത്തിന്റെ മാസ്മരികതയിലും വാക്കുകളുടെ സന്തുലിതമായ തെരഞ്ഞെടുക്കുന്നതിലും പ്രസംഗത്തില്‍ അദ്ദേഹത്തിന് ഒരു ദൈവിക ദാനവും അനുഗ്രഹവുമുണ്ടായിരുന്നു,
സുഹൃത്തുക്കളെ,
നിങ്ങള്‍ എപ്പോഴെങ്കിലും ആചാര്യ ശ്രീയുടെ സാഹിത്യസൃഷ്ടികള്‍ വായിക്കുകയും അദ്ദേഹത്തിന്റെ വാക്കുകള്‍ ഓര്‍ക്കുകയും ചെയ്താല്‍, അദ്ദേഹത്തിന്റെ അറിവും നിരവധി മഹത്തായ വ്യക്തിത്വങ്ങളുടെ പ്രതിഫലന വര്‍ണനയും എത്ര ആഴമുള്ളതാണെന്ന് നിങ്ങള്‍ക്ക് അനുഭവിക്കാനാകും!
ആത്മീയ വിഷയങ്ങളെക്കുറിച്ച് വളരെ ആഴത്തില്‍ എഴുതിയിട്ടുള്ളതുപോലെത്തന്നെ അദ്ദേഹം തത്വശാസ്ത്രം, രാഷ്ട്രമീമാംസ, മനഃശാസ്ത്രം, സാമ്പത്തികശാസ്ത്രം എന്നിവയെക്കുറിച്ചും എഴുതിയിട്ടുണ്ട്.
വിവിധ വിഷയങ്ങളെക്കുറിച്ച് സംസ്‌കൃതം, ഹിന്ദി, ഗുജറാത്തി, ഇംഗ്ലീഷ് എന്നീ ഭാഷകളില്‍ മഹാപ്രജ്ഞ 300ലധികം പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. 'കുടുംബവും രാജ്യവും' (ദ ഫാമിലി ആന്റ് ദ നേഷന്‍) എന്ന അദ്ദേഹത്തിന്റെ പുസ്തകത്തെക്കുറിച്ച് നിങ്ങള്‍ക്ക് ഓര്‍മ്മകാണും. ഡോ: എ.പി.എഅബ്ദുള്‍ കലാം ജിയും മഹാപ്രജ്ഞാജിയും ചേര്‍ന്ന് രചിച്ചതാണ് ഈ പുസ്തകം.
ഒരു കുടുംബം എങ്ങനെ സന്തുഷ്ട കുടുംബമാകുമെന്നും ഒരു സന്തുഷ്ടകുടുംബത്തിന് എങ്ങനെ സമ്പല്‍സമൃദ്ധമായ രാഷ്ട്രം നിര്‍മ്മിക്കാനാകുമെന്നുമുള്ള വീക്ഷണം ഈ പുസ്തകത്തിലൂടെ ഈ രണ്ടു മഹദ്വ്യക്തിത്വങ്ങളും ചേര്‍ന്ന് നല്‍കുകയാണ്.
ഞാന്‍ മുഖ്യമന്ത്രിയായശേഷം ഒരു ദിവസം ഡോ: കലാം ഗുജറാത്ത് സന്ദര്‍ശിച്ചതിനെക്കുറിച്ച് ഞാന്‍ ഓര്‍ക്കുകയാണ്. ആ സമയത്ത് അദ്ദേഹത്തോടൊപ്പം ആചാര്യ ജിയെ കാണാന്‍ ഞാനും പോയിരുന്നു. ഒരേ സമയത്ത് മഹാന്മാരായ രണ്ടു പേരോടൊന്നിച്ച് സന്നിഹിതനാകാന്‍ കഴിഞ്ഞത് എന്റെ ഭാഗ്യമാണ്. അവരുടെ രണ്ടു പേരുടെ സാന്നിദ്ധ്യത്തില്‍ ഒരു സന്യാസിക്ക് എങ്ങനെ ശാസ്ത്രവീക്ഷണമുണ്ടാകുമെന്നും ഒരു ശാസ്ത്രജ്ഞന്‍ എങ്ങനെ സന്യാസിയുടെ ആരാധകനാകുമെന്നും എനിക്ക് നേരിട്ട് അനുഭവിച്ചറിയാന്‍ കഴിഞ്ഞു.
നടക്കുക, ശേഖരിക്കുക, നല്‍കുക എന്ന ഒറ്റ ഉദ്ദേശ്യം മാത്രമേ അദ്ദേഹത്തിന്റെ ജീവിതത്തിനള്ളൂ എന്ന് മഹാപ്രജ്ഞാജിയെക്കുറിച്ച് ഡോ: കലാം പറയാറുണ്ടായിരുന്നു. അതായത് വിശ്രമമില്ലാത്ത യാത്ര, അറിവിന്റെ ശേഖരണം, അദ്ദേഹത്തിന്റെ ജീവിതത്തില്‍ എന്തൊക്കെയുണ്ടോ അത് സമൂഹത്തിന് നല്‍കുക.
സുഹൃത്തുക്കളെ,
മഹാപ്രജ്ഞാജി അദ്ദേഹത്തിന്റെ ജീവിതത്തില്‍ ആയിരക്കണക്കിന് കിലോമീറ്ററുകള്‍ സഞ്ചരിച്ചിട്ടുണ്ട്. അവസാനനിമിഷം പോലും അദ്ദേഹം അഹിംസാ യാത്രയിലായിരുന്നു.
'ആത്മാവാണ് എന്റെ ദൈവം, ത്യാഗമാണ് എന്റെ പ്രാര്‍ത്ഥന, സൗഹൃദമാണ് എന്റെ ഭക്തി, സൗമ്യത എന്റെ കരുത്തും അഹിംസ എന്റെ മതവുമാണ്' എന്നും അദ്ദേഹം പറയാറുണ്ടായിരുന്നു.
അദ്ദേഹം സ്വയം ഈ ജീവിതചര്യയില്‍ ജീവിക്കുകയും അതു തന്നെ ലക്ഷക്കണക്കിന് ആളുകളെ പഠിപ്പിക്കുകയും ചെയ്തു. യോഗയിലൂടെ ലക്ഷക്കണക്കിന് ആളുകളെ അദ്ദേഹം വിഷാദരഹിത ജീവിതത്തിന്റെ കല പഠിപ്പിച്ചു.
ഒരുദിവസം കഴിയുമ്പോള്‍ അന്താരാഷ്ട്ര യോഗ ദിനം ആഘോഷിക്കുന്നുവെന്നത് അതിശയകരമായ ഒരു യാദൃശ്ചികതയാണ്. സന്തുഷ്മായ കുടുംബവും സമ്പല്‍സമൃദ്ധമായ രാജ്യവും എന്ന മഹാപ്രജ്ഞാജിയുടെ സ്വപ്നം സാക്ഷാത്കരിക്കുന്നതിനും അദ്ദേഹത്തിന്റെ ആശയങ്ങള്‍ സമൂഹത്തിന് പകരുന്നതിനും സഹായിക്കുന്നതിനുള്ള അവസരമാണിത്.
സുഹൃത്തുക്കളെ,
ആചാര്യ മഹാപ്രജ്ഞാജി മറ്റൊരു മന്ത്രവും നല്‍കിയിരുന്നു. 'ആരോഗ്യകരമായ ആളുകള്‍, ആരോഗ്യകരമായ സമൂഹം, ആരോഗ്യകരമായ സമ്പദ്ഘടന' എന്നതായിരുന്നു അദ്ദേഹത്തിന്റെ മന്ത്രം. ഇന്നത്തെ സാഹചര്യത്തിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിന്റെ മന്ത്രം നമുക്കെല്ലാം ഒരു വലിയ പ്രചോദനമാണ്. ഇന്ന് രാജ്യം ഈ മന്ത്രത്തോടൊപ്പവും നിശ്ചയദാര്‍ഢ്യത്തോടൊപ്പവും മുന്നേറുകയാണ്.
നമ്മുടെ യോഗിമാരും മഹാത്മാക്കളും സങ്കല്‍പ്പിച്ചിരുന്ന ആദര്‍ശ സമൂഹവും ഉല്‍കൃഷ്ടമായ രാജ്യവും വളരെ വേഗം തന്നെ സാദ്ധ്യമാകുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. നിങ്ങളെല്ലാം ആ സ്വപ്നം സത്യമാക്കും. നിങ്ങളെല്ലാം ആരോഗ്യത്തോടെയും സുരക്ഷിതത്വത്തോടെയും ഇരിക്കട്ടെ! മഹാത്മാവായ പ്രവര ആചാര്യ ശ്രി മഹാപ്രജ്ഞാ ജിയുടെ സന്ദേശങ്ങള്‍ പുതിയ തലമുറകളിലേക്ക് നിങ്ങള്‍ക്ക് പരത്താനാകട്ടെ! ഈ ആശംസകളോടെ നിങ്ങള്‍ക്കെല്ലാം വളരെയധികം നന്ദി!
***
( റിലീസ് ഐ.ഡി: 1632831)
സന്ദര്‍ശക കൗണ്ടര്‍ : 152
ഈ റിലീസ് വായിക്കുക:
English
,
Urdu
,
हिन्दी
,
Marathi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada