പ്രധാനമന്ത്രിയുടെ ഓഫീസ്‌

അണ്‍ലോക്ക് 1.0 അനന്തര സാഹചര്യം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിമാരുമായുള്ള ആശയവിനിമയത്തിന്റെ രണ്ടാം ഭാഗത്തില്‍ പങ്കെടുത്ത് പ്രധാനമന്ത്രി


നിലവിലെ പരിശോധന സൗകര്യങ്ങള്‍ പരമാവധി ഉപയോഗിക്കുകയും അത് മെച്ചപ്പെടുത്താന്‍ നിരന്തരം ശ്രമിക്കുകയും ചെയ്യണം: പ്രധാനമന്ത്രി



വൈറസ് ബാധയില്‍ നിന്ന് മോചിതരാകുന്നവരുടെ എണ്ണം കൂടുന്നതിന് പ്രാധാന്യം നല്‍കി ഭയവും ആശങ്കയുമകറ്റുക: പ്രധാനമന്ത്രി



ലോക്ക്ഡൗണ്‍ കാലത്ത് ജനം പ്രകടിപ്പിച്ച അച്ചടക്കം കോവിഡ് 19 വ്യാപനത്തിന്റെ തോത് കുറച്ചു: പ്രധാനമന്ത്രി



കോവിഡ് 19 നെക്കുറിച്ചുള്ള ആശങ്കകള്‍ അകറ്റി നമുക്ക് അണ്‍ലോക്ക് 2.0നെക്കുറിച്ച് ആലോചിക്കാം: പ്രധാനമന്ത്രി



ആരോഗ്യമേഖയില്‍ സ്വീകരിച്ച നടപടികള്‍, അടിസ്ഥാനസൗകര്യങ്ങള്‍, ബോധവല്‍ക്കരണ പരിപാടികള്‍ എന്നിവയെക്കുറിച്ച് വിശദീകരിച്ച് മുഖ്യമന്ത്രിമാര്‍

Posted On: 17 JUN 2020 5:57PM by PIB Thiruvananthpuram

 


അണ്‍ലോക്ക് 1.0 അനന്തര പദ്ധതികളും കോവിഡ് 19നെ നേരിടാനുള്ള നടപടികളും സംബന്ധിച്ച് മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ ചര്‍ച്ച നടത്തി. മുഖ്യമന്ത്രിമാരുമായുള്ള ചര്‍ച്ചയുടെ രണ്ടാം ഭാഗമായിരുന്നു ഇന്നത്തെ ആശയവിനിമയം.

ചില വലിയ സംസ്ഥാനങ്ങളിലും വന്‍ നഗരങ്ങളിലും വൈറസ് വ്യാപനം കൂടുതലാണെന്ന് പ്രധാനമന്ത്രി വിലയിരുത്തി. ഉയര്‍ന്ന ജനസാന്ദ്രതയും ശാരീരിക അകലം പാലിക്കുന്നതിലുള്ള പ്രായോഗിക ബുദ്ധിമുട്ടും വലിയ അളവില്‍ ജനം നഗരത്തിലിറങ്ങിയതും വെല്ലുവിളി നിറഞ്ഞ സാഹചര്യം സൃഷ്ടിച്ചെങ്കിലും പൗരന്മാരുടെ ക്ഷമയും അതത് ഭരണസംവിധാനങ്ങളുടെ നിശ്ചയദാര്‍ഢ്യവും കൊറോണ പോരാളികളുടെ കഠിനാധ്വാനവും രോഗവ്യാപനം നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. സമയബന്ധിതമായി രോഗികളെ കണ്ടെത്തുന്നതും ചികിത്സിക്കുന്നതും രോഗമുക്തി നേടുന്നവരുടെ എണ്ണത്തില്‍ വര്‍ധന വരുത്തിയെന്നും അദ്ദേഹം പറഞ്ഞു. ലോക്ക്ഡൗണ്‍ കാലത്ത് ജനം പ്രകടമാക്കിയ അച്ചടക്കം വൈറസ് ബാധയെ വലിയൊരളവ് വരെ തടഞ്ഞു നിര്‍ത്തിയതായും പ്രധാനമന്ത്രി പറഞ്ഞു.

ആരോഗ്യരംഗത്തെ അടിസ്ഥാന സൗകര്യങ്ങളുടെ വര്‍ധന

മികച്ച ആരോഗ്യ അടിസ്ഥാന സൗകര്യങ്ങളും പരിശീലനം സിദ്ധിച്ച മനുഷ്യവിഭവശേഷിയുമാണു കോവിഡ് വെല്ലുവിളിയെ നേരിടാന്‍ വേണ്ട ഘടകങ്ങളെന്ന് പ്രധാനമന്ത്രി പറഞ്ഞു. വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളുടെയും മുഖാവരണങ്ങളുടെയും ആഭ്യന്തര ഉല്‍പ്പാദനശേഷിയിലെ വര്‍ധന, ആവശ്യമായ അളവില്‍ പരിശോധന കിറ്റുകളുടെ ലഭ്യത, പി എം കെയേഴ്സ് ഫണ്ട് ഉപയോഗിച്ച് ഇന്ത്യയില്‍ നിര്‍മ്മിച്ച വെന്റിലേറ്ററുകളുടെ വിതരണം, ലക്ഷക്കണക്കിനു പ്രത്യേക കോവിഡ് കിടക്കകള്‍, ആയിരക്കണക്കിന് ഐസൊലേഷന്‍- ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍, പരിശീലനം ലഭിച്ച ആവശ്യമായ ആരോഗ്യ പ്രവര്‍ത്തകരുടെ ലഭ്യത എന്നിവയെക്കുറിച്ച് അദ്ദേഹം പ്രത്യേകം സൂചിപ്പിച്ചു. അടിസ്ഥാന ആരോഗ്യ സൗകര്യങ്ങള്‍, വിവര സംവിധാനങ്ങള്‍, വൈകാരിക പിന്തുണ, പൊതുജന പങ്കാളിത്തം എന്നീ കാര്യങ്ങള്‍ കോവിഡ് പോരാട്ടത്തില്‍ നിര്‍ണ്ണായകമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

രോഗബാധയുള്ളവരെ പെട്ടെന്നു തന്നെ കണ്ടെത്തി ഐസൊലേറ്റ് ചെയ്ത് ചികിത്സ നല്‍കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രധാനമന്ത്രി വിശദീകരിച്ചു. നിലവിലുള്ള പരിശോധന സൗകര്യങ്ങളെ പൂര്‍ണ്ണമായി ഉപയോഗിക്കുന്നതിനൊപ്പം പരിശോധന സൗകര്യങ്ങള്‍ നിരന്തരം മെച്ചപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ടെലിമെഡിസിന്റെ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞ മോദി ഇതിനായി വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ഉപയോഗപ്പെടുത്തേണ്ടതുണ്ടെന്നും വ്യക്തമാക്കി. ഹെല്‍പ് ലൈനുകള്‍ വഴി കൃത്യമായ വിവരങ്ങള്‍ സമയാസമയം നല്‍കേണ്ടതുണ്ട്. ഇതിനായി യുവ വോളന്റിയര്‍മാരുടെ സേവനം കൂടുതലായി ഉപയോഗിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഭയവും ആശങ്കയും അകറ്റാനുള്ള പോരാട്ടം

ആരോഗ്യ സേതു മൊബൈല്‍ ആപ്പ് കൂടുതലായി ഡൗണ്‍ലോഡ് ചെയ്ത സംസ്ഥാനങ്ങളില്‍ ഗുണപരമായ ഫലങ്ങളാണു പ്രകടമായതെന്ന് പ്രധാന മന്ത്രി പറഞ്ഞു. കൂടുതല്‍ ആളുകള്‍ മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. മഴക്കാല രോഗങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണം. കോവിഡ് പോരാട്ടത്തിലെ വൈകാരിക വശത്തെക്കുറിച്ച്് സംസാരിച്ച പ്രധാനമന്ത്രി കൂടുതല്‍ പേര്‍ രോഗമുക്തരാകുന്നതിനെക്കുറിച്ച് ജനങ്ങള്‍ക്ക് അവബോധംപകര്‍ന്ന് ഭയവും ആശങ്കയും അകറ്റണമെന്ന് പറഞ്ഞു. ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റുള്ളവര്‍ എന്നിവരെ സഹായിക്കുകയും പിന്തുണയ്ക്കുകയുമായിരിക്കണം നമ്മുടെ മുന്‍ഗണന. ഈ പോരാട്ടത്തില്‍ ജന്‍ ഭാഗിധാരി അനിവാര്യ ഘടകമാണെന്ന് പറഞ്ഞ പ്രധാനമന്ത്രി മുഖാവരണം ധരിക്കാനും ശാരീരിക അകലം പാലിക്കാനും ജനങ്ങളെ നിരന്തരം ഓര്‍മ്മപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിമാരുടെ വാക്കുകള്‍

രണ്ടുദിവസമായി നടന്ന ആശയവിനിമയത്തിന്റെ രണ്ടാം ഭാഗമായിരുന്നു ഇന്നത്തേത്. മഹാരാഷ്ട്ര, തമിഴ്‌നാട്, ഡല്‍ഹി, ഗുജറാത്ത്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, പശ്ചിമ ബംഗാള്‍, കര്‍ണാടക, ബിഹാര്‍, ആന്ധ്രപ്രദേശ്, ഹരിയാന, ജമ്മു കശ്മീര്‍, തെലങ്കാന, ഒഡിഷ എന്നീ സംസ്ഥാന- കേന്ദ്രഭരണപ്രദേശങ്ങളുടെ പങ്കാളിത്തമാണ് ഇന്നുണ്ടായിരുന്നത്.

പ്രതിസന്ധിയുടെ ഈ സമയത്ത് പ്രധാനമന്ത്രിയുടെ നേതൃത്വത്തിനു മുഖ്യമന്ത്രിമാര്‍ നന്ദി അറിയിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ വൈറസിനെതിരായ പോരാട്ടത്തെക്കുറിച്ചുള്ള കാര്യങ്ങളും അവര്‍ വിവരിച്ചു. ആരോഗ്യമേഖലയിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കല്‍, ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള പിന്തുണ, കണ്ടെയ്ന്‍മെന്റ് സോണ്‍ നിരീക്ഷണം, മാസ്‌കും മറ്റു സുരക്ഷാ മുന്‍കരുതലും സ്വീകരിക്കാന്‍ പ്രേരിപ്പിക്കുന്ന ക്യാമ്പയിനുകള്‍, പരിശോധനയിലെ വര്‍ധന, മടങ്ങിയെത്തിയ കുടിയേറ്റത്തൊഴിലാളികള്‍ക്കുള്ള തൊഴില്‍ അവസരങ്ങള്‍ എന്നീ കാര്യങ്ങള്‍ മുഖ്യമന്ത്രിമാര്‍ ചര്‍ച്ച ചെയ്തു.

അണ്‍ലോക്ക് 2.0
മുഖ്യമന്ത്രിമാരുടെ അഭിപ്രായങ്ങള്‍ക്ക് പ്രധാനമന്ത്രി നന്ദി പറഞ്ഞു. വൈറസിനെതിരായ പോരാട്ടത്തില്‍ കൂട്ടായ യത്നം നമ്മെ വിജയത്തിലേക്ക് നയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, കൃത്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ച് സാമ്പത്തിക കാര്യങ്ങള്‍ ഊര്‍ജിതമാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം പറഞ്ഞു. ലോക്ക്ഡൗണുമായി ബന്ധപ്പെട്ടു പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ക്കെതിരെ പോരാടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം പറഞ്ഞു. രാജ്യം ഇപ്പോള്‍ അണ്‍ലോക്ക് ഘട്ടത്തിലാണ്. അണ്‍ലോക്കിന്റെ രണ്ടാം ഘട്ടത്തെക്കുറിച്ചു നാം ചിന്തിക്കേണ്ടതുണ്ട്. ജനങ്ങള്‍ക്ക് ആപത്തുണ്ടാകാതിരിക്കാനുള്ള മാര്‍ഗങ്ങളെക്കുറിച്ചു നാം ചിന്തിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.


നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരുത്തിയതോടെ സാമ്പത്തിക മേഖലയില്‍ പുനരുജ്ജീവനത്തിന്റെ സൂചനകള്‍ കാണുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പണപ്പെരുപ്പവും നിയന്ത്രണവിധേയമാക്കി. അടിസ്ഥാന സൗകര്യങ്ങളും നിര്‍മാണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും ഊര്‍ജിതമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ അദ്ദേഹം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായങ്ങള്‍, കൃഷി, കാര്‍ഷിക വിപണനം എന്നിവയ്ക്കായി ആത്മനിര്‍ഭര്‍ ഭാരതിനു കീഴില്‍ സ്വീകരിച്ച നടപടികളെക്കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു. വരും മാസങ്ങളില്‍ കുടിയേറ്റ തൊഴിലാളികള്‍ നേരിടുന്ന വെല്ലുവിളികള്‍ ഫലപ്രദമായി നേരിടുന്നതില്‍ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രിയുടെ നേതൃത്വത്തിനു കീഴില്‍ വൈറസിനെതിരായ പോരാട്ടത്തില്‍ ഇതുവരെ നാം വിജയം നേടിയിട്ടുണ്ടെന്നും എന്നാല്‍, യുദ്ധം അവസാനിച്ചിട്ടില്ലെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. നാം അണ്‍ലോക്ക് ഘട്ടത്തിലേയ്ക്കു കടന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. സ്വയം സംരക്ഷണത്തിനായുള്ള പരിചയായി വര്‍ത്തിക്കാന്‍ ആരോഗ്യ സേതു മൊബൈല്‍ ആപ്പ്  ഡൗണ്‍ലോഡ് ചെയ്യുന്ന കാര്യം പ്രോത്സാഹിപ്പിക്കണമെന്ന് അദ്ദേഹം എല്ലാ മുഖ്യമന്ത്രിമാരോടും അഭ്യര്‍ത്ഥിച്ചു.

ലോക്ക്ഡൗണിന്റെ ആദ്യഘട്ടങ്ങളിലും തുടര്‍ന്നു പ്രഖ്യാപിച്ച അണ്‍ലോക്ക് 1.0-ലും രോഗബാധിതരുടെ നിരക്ക് തുടര്‍ച്ചയായി കുറയുന്നുണ്ടെന്ന് ആരോഗ്യ മന്ത്രാലയത്തിലെ പ്രത്യേക ഓഫീസര്‍ (ഒ.എസ്.ഡി) പറഞ്ഞു. രോഗ വ്യാപനം കുറക്കാനും നിരവധി ജീവന്‍ രക്ഷിക്കാനും ലോക്കഡൗണിന് സാധിച്ചതായി അദ്ദേഹം പറഞ്ഞു. ബോധവല്‍ക്കരണം ഊര്‍ജിതമാക്കി, ആരോഗ്യമേഖലയിലെ അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ധിപ്പിച്ചു തുടങ്ങി ലോക്ക്ഡൗണ്‍ കാലത്തു നടത്തിയ ഗുണപരമായ പ്രവര്‍ത്തനങ്ങളെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. ഒരു ലക്ഷം പേരില്‍ കോവിഡ് രോഗികളുടെയും മരണങ്ങളുടെയും എണ്ണം ലോകത്തിലെ മറ്റേതു രാജ്യത്തേക്കാളും താഴ്ന്ന നിലയിലാണ് ഇന്ത്യയിലെന്നും അദ്ദേഹം പറഞ്ഞു.

***



(Release ID: 1632170) Visitor Counter : 199