പ്രധാനമന്ത്രിയുടെ ഓഫീസ്
അണ്‍ലോക്ക് 1.0 അനന്തര സാഹചര്യം മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ചര്‍ച്ച ചെയ്തു
ജീവനും ജീവനോപാധിക്കും നാം ഊന്നല്‍ നല്‍കണം; ആരോഗ്യ അടിസ്ഥാന സൗകര്യം, പരിശോധന, കണ്ടെത്തല്‍ എന്നിവ ഊര്‍ജിതമാക്കണം, ഒപ്പം സാമ്പത്തിക നടപടികള്‍ വര്‍ദ്ധിപ്പിക്കണം: പ്രധാനമന്ത്രി
ഓരോ ജീവനും രക്ഷിക്കാന്‍ നാം ശ്രമിച്ചു; രാജ്യത്തെ രോഗമുക്തി നിരക്ക് ഇപ്പോള്‍ 50 ശതമാനത്തിലധികം: പ്രധാനമന്ത്രി
കൊറോണ വൈറസ് കാരണമുണ്ടാകുന്ന മരണനിരക്ക് ഏറ്റവും കുറഞ്ഞ രാജ്യങ്ങളില്‍ ഇന്ത്യയും: പ്രധാനമന്ത്രി
വ്യക്തികളുടേയും കുടുംബത്തിന്റേയും സമൂഹത്തിന്റേയും സുരക്ഷയെ കരുതി മുഖാവരണം ധരിക്കാതെ പുറത്തിറങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കുക പോലും പാടില്ല: പ്രധാനമന്ത്രി
സമീപകാലത്തെ ശ്രമഫലമായി മുന്നോട്ടുപോകാന്‍ നമുക്കു പ്രോല്‍സാഹനമേകുന്ന ഒട്ടേറെ ഹരിത മുകുളങ്ങള്‍ സാമ്പത്തിക മേഖലയില്‍ പ്രകടമായി: പ്രധാനമന്ത്രി
സംസ്ഥാനങ്ങളിലെ സാഹചര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ മുഖ്യമന്ത്രിമാര്‍ പങ്കുവച്ചു, ആരോഗ്യരംഗത്തു നിലവിലുള്ള അടിസ്ഥാന സൗകര്യവും മെച്ചപ്പെടുത്താന്‍ സ്വീകരിച്ച നടപടികളും വിശദീകരിച്ചു
Posted On:
16 JUN 2020 5:35PM by PIB Thiruvananthpuram
കോവിഡ് 19 മഹാമാരിയെ തുരത്താനുള്ള അണ്‍ലോക്ക് 1.0 അനന്തര സാഹചര്യങ്ങളെക്കുറിച്ച് മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സ് മുഖേന പ്രധാനമന്ത്രി ചര്‍ച്ച നടത്തി. ഇത് ഇത്തരത്തിലുള്ള ആറാമത്തെ ചര്‍ച്ചയാണ്. മാര്‍ച്ച് 20, ഏപ്രില്‍ 2, 11, 27, മെയ് 11 തീയതികളിലാണു നേരത്തെ ചര്‍ച്ച നടന്നത്.
വൈറസിനെ നേരിടാന്‍ സമയോചിത തീരുമാനങ്ങള്‍
വൈറസിനെ നേരിടാന്‍ ഇതുവരെ സ്വീകരിച്ച സമയോചിത നടപടികള്‍ ഫലപ്രദമായിരുന്നെന്ന് പ്രധാനമന്ത്രി വിലയിരുത്തി. ഫെഡറല്‍ സംവിധാനത്തില്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിനുള്ള ഉത്തമോദാഹരണമാണു നാം ലോകത്തിനു കാണിച്ചു കൊടുത്തതെന്ന് ജനം ഓര്‍മ്മിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഓരോ ജീവനും രക്ഷിക്കാന്‍ നാം ശ്രമിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. എല്ലാത്തരം ഗതാഗത സംവിധാനങ്ങളും പുനരാരംഭിച്ചു. ലക്ഷക്കണക്കിനു കുടിയേറ്റ തൊഴിലാളികള്‍ തിരികെ അവരുടെ ഗ്രാമങ്ങളിലെത്തി. ആയിരക്കണക്കിന് ഇന്ത്യക്കാര്‍ വിദേശത്ത് നിന്ന് തിരികെയെത്തി. ഇന്ത്യ ജനസംഖ്യയില്‍ മുന്നിലുള്ള രാജ്യമായിട്ടും മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഗുരുതരമായ നിലയിലെത്തിയിട്ടില്ലെന്ന് അദ്ദേഹം അടിവരയിട്ടു പറഞ്ഞു. ലോകത്താകമാനമുള്ള ആരോഗ്യവിദഗ്ധര്‍ ഇന്ത്യക്കാര്‍ പ്രകടിപ്പിച്ച അച്ചടക്കത്തെ അഭിനന്ദിച്ചതായി പറഞ്ഞ പ്രധാനമന്ത്രി, രാജ്യത്തെ രോഗമുക്തിനിരക്ക് 50 ശതമാനത്തിനു മുകളിലാണെന്നു വ്യക്തമാക്കി. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് വൈറസ് മൂലമുള്ള മരണനിരക്ക് കുറഞ്ഞ രാജ്യമാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു. നാം അച്ചടക്കത്തോടെ തുടരുകയും നിയമങ്ങള്‍ അനുസരിക്കുകയും ചെയ്താല്‍ വൈറസിനു കാര്യമായ അപകടം സൃഷ്ടിക്കാനാകില്ല. മുഖാവരണം ഉപയോഗിക്കുന്നതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, അതില്ലാതെ ആരും പുറത്തിറങ്ങരുതെന്ന് നിര്‍ദ്ദേശിച്ചു. ഇതൊരു വ്യക്തിക്കുവേണ്ടി മാത്രമല്ലെന്നും കുടുംബത്തിനും സമൂഹത്തിനും വേണ്ടിയാണെന്നും അദ്ദേഹം വ്യക്തമാക്കി. സാമൂഹിക അകലം പാലിക്കുക എന്ന മന്ത്രം പിന്തുടരണമെന്നും സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് കൈകള്‍ കഴുകണമെന്നും പ്രധാനമന്ത്രി പറഞ്ഞു. നമ്മുടെ അച്ചടക്കത്തില്‍ കുറവ് വന്നാല്‍ അത് വൈറസിനെതിരായ പോരാട്ടങ്ങളെ ദുര്‍ബലപ്പെടുത്തുമെന്ന് അദ്ദേഹം മുന്നറിയിപ്പു നല്‍കി.
സമ്പദ്‌വ്യവസ്ഥയിലെ ഹരിത മുകുളങ്ങള്‍
കഴിഞ്ഞ കുറച്ചുനാളായുള്ള ശ്രമഫലമായി സാമ്പത്തിക രംഗത്തു ഹരിത മുകുളങ്ങള്‍ പ്രകടമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. വൈദ്യുതോപയോഗത്തിലെ വര്‍ധന, വളം വാങ്ങുന്നതില്‍ മെയ് മാസത്തിലുണ്ടായ പ്രകടമായ വര്‍ധന, കഴിഞ്ഞ വര്‍ഷവുമായ് താരതമ്യപ്പെടുത്തുമ്പോള്‍ ഖാരിഫ് വിളയിലുണ്ടായ വര്‍ധന, ഇരുചക്ര വാഹന നിര്‍മ്മാണം ഉയര്‍ന്നത്, റീട്ടെയ്ല്‍ രംഗത്തെ ഡിജിറ്റല്‍ ഇടപാടുകള്‍ ലോക്ക് ഡൗണിനു മുമ്പത്തെ അവസ്ഥയിലേക്ക് എത്തിയത്, മെയ് മാസത്തില്‍ ടോള്‍ പിരിവിലുണ്ടായ വര്‍ധന, കയറ്റുമതിയില്‍ ഉണ്ടായ തിരിച്ചടി എന്നിവ ഉള്‍പ്പെടെ സാമ്പത്തിക രംഗത്ത് പുരോഗതി പ്രകടമാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഈ സൂചനകള്‍ മുമ്പോട്ട് പോകാന്‍ നമ്മെ ശക്തരാക്കുന്നതായി അദ്ദേഹം പറഞ്ഞു.
ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്റെ ഗുണഫലങ്ങള്‍
ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്റെ കീഴില്‍ കൃഷി, ഉദ്യാനക്കൃഷി, മത്സ്യബന്ധനം, സൂക്ഷ്മ-ഇടത്തരം-ചെറുകിട വ്യവസായം എന്നീ മേഖലകളില്‍ പ്രകടമായ വളര്‍ച്ച ദൃശ്യമായെന്ന് പ്രധാനമന്ത്രി പറഞ്ഞു. എംഎസ്എംഇകള്‍ക്ക് സമയോചിത വായ്പകള്‍ നല്‍കുന്നതിനെക്കുറിച്ച് വ്യക്തമാക്കവേ വ്യവസായങ്ങള്‍ക്ക് ബാങ്കേഴ്സ് സമിതികള്‍ വഴി ദ്രുതഗതിയില്‍ വായ്പകള്‍ ലഭ്യമാകുന്നത് ഇവ പെട്ടെന്നു പ്രവര്‍ത്തനം ആരംഭിക്കുന്നതിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും കാരണമാകുമെന്ന് അദ്ദേഹം പറഞ്ഞു. ചെറിയ ഫാക്ടറികള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങളും സഹായഹസ്തവും ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. വാണിജ്യത്തിനും വ്യവസായത്തിനും മികവ് നേടാന്‍ മൂല്യശൃംഖലകളില്‍ കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാനങ്ങളിലെ നിര്‍ദിഷ്ട സാമ്പത്തിക പ്രവര്‍ത്തന പോയിന്റുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കേണ്ടതുണ്ട്. സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജം പകരാന്‍ ലോഡിംഗ് -അണ്‍ലോഡിംഗ് പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയിലാക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയ്ക്കുള്ള നവീന മാര്‍ഗങ്ങള്‍, വരുമാനത്തിലെ വര്‍ധന- ഇതു സമ്പദ്‌വ്യവസ്ഥയില്‍ ഉല്‍പ്പന്നങ്ങളുടെ ആവശ്യകതയുടെ വര്‍ധനയ്ക്കും വഴിവയ്ക്കും- തുടങ്ങി കാര്‍ഷിക മേഖലയിലെ പരിഷ്‌കരണങ്ങളിലൂടെ കൃഷിക്കാര്‍ക്കുണ്ടാകുന്ന നേട്ടങ്ങളെക്കുറിച്ചു പ്രധാനമന്ത്രി പരാമര്‍ശിച്ചു. ജൈവ ഉല്‍പ്പന്നങ്ങള്‍, മുള ഉല്‍പ്പന്നങ്ങള്‍, മറ്റ് ഗിരിവര്‍ഗ ഉല്‍പ്പന്നങ്ങള്‍ എന്നിവയ്ക്കായി പുതിയ വിപണികള്‍ തുറക്കുന്നതിലൂടെ, കാര്‍ഷിക, ഉദ്യാനക്കൃഷി മേഖലകളില്‍ വടക്കുകിഴക്കന്‍, ഗിരിവര്‍ഗ പ്രദേശങ്ങളില്‍ പുതിയ അവസരങ്ങള്‍ സൃഷ്ടിക്കാനൊരുങ്ങുകയാണ്. പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ക്കായുള്ള കൂട്ടായ സമീപനത്തിലൂടെ സംസ്ഥാനങ്ങള്‍ക്ക് പ്രയോജനം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. മെച്ചപ്പെട്ട നടപടിക്രമങ്ങള്‍ക്കും കൂടുതല്‍ ഫലപ്രദമായ വിപണനത്തിനും ജില്ലാ-ബ്ലോക്ക് തലങ്ങളില്‍ അത്തരം ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തേണ്ടതുണ്ട്. ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്റെ കീഴില്‍ നടത്തിയ പ്രഖ്യാപനങ്ങള്‍ എത്രയും വേഗം ഫലപ്രദമായി നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ഒന്നിച്ച് പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം ഊന്നിപ്പറഞ്ഞു.
മുഖ്യമന്ത്രിമാരുടെ വാക്കുകള്‍
ഇന്നത്തെ സംഭാഷണം രണ്ടു ദിവസത്തെ ആശയവിനിമയത്തിന്റെ ആദ്യ ഭാഗമായിരുന്നു. പഞ്ചാബ്, അസം, കേരളം, ഉത്തരാഖണ്ഡ്, ഝാര്‍ഖണ്ഡ്, ഛത്തീസ്ഗഢ്, ത്രിപുര, ഹിമാചല്‍ പ്രദേശ്, ചണ്ഡീഗഢ്, ഗോവ, മണിപ്പുര്‍, നാഗാലാന്‍ഡ്, ലഡാഖ്, പുതുച്ചേരി, അരുണാചല്‍ പ്രദേശ്, മേഘാലയ, മിസോറം, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, ദാദ്ര നാഗര്‍ ഹാവേലി ആന്‍ഡ് ദാമന്‍ ദിയു, സിക്കിം, ലക്ഷദ്വീപ് എന്നീ സംസ്ഥാന - കേന്ദ്രഭരണപ്രദേശങ്ങളുടെ പങ്കാളിത്തമാണ് ഇന്നുണ്ടായിരുന്നത്.
പ്രതിസന്ധിയുടെ ഈ സമയത്ത് പ്രധാനമന്ത്രിയുടെ നേതൃത്വത്തിനും വൈറസിനെതിരായ കൂട്ടായ പോരാട്ടത്തിനായി രാജ്യത്തെ ഒന്നിപ്പിച്ചതിനും മുഖ്യമന്ത്രിമാര്‍ നന്ദി അറിയിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ ആരോഗ്യമേഖലയിലെ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചും വൈറസ് വ്യാപനത്തിന്റെ തോതു കുറയ്ക്കുന്നതിനു നടത്തിയ പ്രവര്‍ത്തനങ്ങളെക്കുറിച്ചും മുഖ്യമന്ത്രിമാര്‍ വിവരിച്ചു. സംസ്ഥാനങ്ങള്‍ സംഘടിപ്പിച്ച ബോധവല്‍ക്കരണ കാമ്പെയ്‌നുകള്‍, നാട്ടിലേക്ക് മടങ്ങിയെത്തിയ തൊഴിലാളികള്‍ക്ക് സഹായം നല്‍കല്‍, ആരോഗ്യസേതു മൊബൈല്‍ ആപ്പിന്റെ ഉപയോഗം, സംസ്ഥാനങ്ങളിലെ സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ തുടക്കം എന്നിവയെക്കുറിച്ച് അവര്‍ സംസാരിച്ചു.
ജീവിതത്തിലും ഉപജീവനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുക
മുഖ്യമന്ത്രിമാരുടെ അഭിപ്രായങ്ങള്‍ക്ക് പ്രധാനമന്ത്രി നന്ദി പറഞ്ഞു. ജീവിതത്തിലും വരുമാനഉപജീവന മാര്‍ഗങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം അടിവരയിട്ടു പറഞ്ഞു. ഒരു വശത്ത്, പരിശോധന, രോഗം കണ്ടെത്തല്‍ തുടങ്ങിയവയ്ക്ക് ഊന്നല്‍ നല്‍കി ആരോഗ്യരംഗത്തെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തേണ്ടതുണ്ട്. അതോടൊപ്പം തന്നെ സാമ്പത്തിക പ്രവര്‍ത്തനങ്ങളും വിപുലീകരിക്കേണ്ടതുണ്ട്. നിലവിലെ ആവശ്യങ്ങളും ഭാവിയിലെ ആവശ്യങ്ങളും കണക്കിലെടുത്തു വേണം തീരുമാനങ്ങള്‍ എടുക്കാന്‍.
വൈറസ് ഉയര്‍ത്തുന്ന അപകടം ഇനിയും അവസാനിച്ചിട്ടില്ല. അതുകൊണ്ടുതന്നെ, സമ്പദ്‌വ്യവസ്ഥയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമ്പോള്‍ ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും നേതാക്കളോട് അദ്ദേഹം ആവശ്യപ്പെട്ടു.
മഹാമാരിക്കെതിരെ നാം ഇതുവരെ വിജയകരമായാണ് പോരാടിയതെന്നും എന്നാല്‍ മുന്നോട്ടുള്ള പാത ദീര്‍ഘമേറിയതാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ. അമിത് ഷാ പറഞ്ഞു. മാസ്‌കിന്റെ ഉപയോഗം, സാമൂഹിക അകലം പാലിക്കല്‍ തുടങ്ങി പ്രധാനമന്ത്രി നല്‍കിയ നിര്‍ദേശങ്ങള്‍ എല്ലാവരും പിന്തുടരണമെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.
തയ്യാറെടുപ്പുകള്‍ സംബന്ധിച്ചു നേരത്തേ നടത്തിയ അവലോകനം
കോവിഡ് 19 മഹാമാരിക്കെതിരെ രാജ്യം നടത്തിയ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനായി മുതിര്‍ന്ന മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും വിശദമായ യോഗം ജൂണ്‍ 13ന് പ്രധാനമന്ത്രി വിളിച്ചുചേര്‍ത്തിരുന്നു. മഹാമാരിയുടെ പശ്ചാത്തലത്തില്‍ ദേശീയ തലത്തിലെ സ്ഥിതിഗതികളും തയ്യാറെടുപ്പും യോഗം അവലോകനം ചെയ്തിരുന്നു.
ആകെ കോവിഡ് രോഗികളില്‍ മൂന്നില്‍ രണ്ടു ഭാഗവും അഞ്ച് സംസ്ഥാനങ്ങളിലാണെന്നും വലിയ നഗരങ്ങളില്‍ രോഗബാധിതരുടെ എണ്ണം താരതമ്യേന കൂടുതലാണെന്നും കണ്ടെത്തിയിട്ടുണ്ട്. നേരിടുന്ന വെല്ലുവിളികള്‍ (വലിയ നഗരങ്ങള്‍ പ്രത്യേകിച്ചും) കണക്കിലെടുത്ത്, രോഗബാധിതര്‍ ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യം പരിഗണിച്ച്, ഇതു ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. പരിശോധനയും കിടക്കകളുടെ എണ്ണവും വര്‍ധിപ്പിക്കും. മറ്റു സേവനങ്ങള്‍ ഊര്‍ജിതമാക്കുന്ന കാര്യവും ചര്‍ച്ച ചെയ്തു.
ആശുപത്രി കിടക്കകളുടെയും ഐസൊലേഷന്‍ കിടക്കകളുടെയും നഗരം - ജില്ല തിരിച്ചുള്ള ആവശ്യകതകളെക്കുറിച്ച ഉന്നതതല സംഘത്തിന്റെ ശുപാര്‍ശകള്‍ പ്രധാനമന്ത്രി അവലോകനം ചെയ്തു. സംസ്ഥാനങ്ങള്‍, കേന്ദ്രഭരണ പ്രദേശങ്ങള്‍ എന്നിവയുമായി ആലോചിച്ച് അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ ആരോഗ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. മണ്‍സൂണ്‍ സീസണ്‍ ആരംഭിക്കുന്നതിനു മുന്നോടിയായി അനുയോജ്യമായ തയ്യാറെടുപ്പുകള്‍ നടത്തേണ്ടതുണ്ടെന്നും അദ്ദേഹം മന്ത്രാലയത്തിനു നിര്‍ദേശം നല്‍കിയിരുന്നു.
***
(Release ID: 1631971)
Visitor Counter : 323
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada