ആഭ്യന്തരകാര്യ മന്ത്രാലയം

രാജ്യതലസ്ഥാനത്തെ കോവിഡ് 19 സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഡല്‍ഹിയില്‍ കേന്ദ്ര  ആഭ്യന്തരമന്ത്രി ശ്രീ. അമിത് ഷായുടെ അധ്യക്ഷതയില്‍ രാഷ്ട്രീയ കക്ഷികളുടെ യോഗം ചേര്‍ന്നു

Posted On: 15 JUN 2020 4:08PM by PIB Thiruvananthpuram

 

 

ജനങ്ങള്‍ക്കുവേണ്ടി രാഷ്ട്രീയ അഭിപ്രായഭിന്നത മറന്നു പ്രവര്‍ത്തിക്കണമെന്ന് ശ്രീ. അമിത് ഷാ

 

രാഷ്ട്രീയ ഐക്യം ജനങ്ങളില്‍ ആത്മവിശ്വാസം സൃഷ്ടിക്കും; നിലവിലെ സ്ഥിതി മെച്ചപ്പെടുത്താന്‍ ഇടയാക്കും: ശ്രീ. അമിത് ഷാ




ന്യൂഡല്‍ഹി, 15 ജൂണ്‍ 2020

ഡല്‍ഹിയില്‍ കോവിഡ് 19 വ്യാപനം തടയാന്‍ ആവശ്യമായ എല്ലാ നടപടികളും കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി ശ്രീ. അമിത് ഷാ പറഞ്ഞു. മഹാമാരിക്കെതിരായ ഈ പോരാട്ടത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ എല്ലാവരും ഒത്തൊരുമയോടെ നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു ശ്രീ. അമിത് ഷാ.

ഇന്നലെ വിളിച്ചുചേര്‍ത്ത യോഗത്തിലെ സുപ്രധാന തീരുമാനങ്ങള്‍ അദ്ദേഹം രാഷ്ട്രീയ കക്ഷികളുടെ യോഗത്തില്‍ അറിയിച്ചു. തീരുമാനങ്ങള്‍ താഴേത്തട്ടില്‍ നടക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് അദ്ദേഹം രാഷ്ട്രീയ കക്ഷികളോട് അഭ്യര്‍ത്ഥിച്ചു. ഡല്‍ഹിയിലെ ജനങ്ങളുടെ ക്ഷേമത്തിനായി കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച തീരുമാനങ്ങള്‍ നടപ്പാക്കുന്നതിനായ പാര്‍ട്ടി പ്രവര്‍ത്തകരെ അണിനിരത്തണമെന്നും ശ്രീ. അമിത് ഷാ ആവശ്യപ്പെട്ടു. ജനങ്ങള്‍ക്കായി രാഷ്ട്രീയ വ്യത്യാസങ്ങള്‍ മറന്ന് ഒന്നിച്ചുനിന്നു പോരാടണമെന്നും ശ്രീ. അമിത് ഷാ രാഷ്ട്രീയ കക്ഷികളോട് അഭ്യര്‍ത്ഥിച്ചു. ഈ ഐക്യം പൊതുജനങ്ങളില്‍ ആത്മവിശ്വാസം സൃഷ്ടിക്കും. ഇത് തലസ്ഥാനത്തെ രോഗാവസ്ഥയില്‍ മാറ്റം വരുത്താന്‍ സഹായിക്കും. നവീന സാങ്കേതിക വിദ്യകളുപയോഗിച്ച് കോവിഡ് 19 പരിശോധാനാശേഷി മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. ഒത്തൊരുമിച്ചു പോരാടി ഈ മഹാമാരിക്കെതിരായ യുദ്ധത്തില്‍ നാം വിജയിക്കുമെന്നും ശ്രീ. ഷാ പറഞ്ഞു.

ആം ആദ്മി പാര്‍ട്ടി പ്രതിനിധി ശ്രീ. സഞ്ജയ് സിങ്, ബിജെപി ഡല്‍ഹി സംസ്ഥാന പ്രസിഡന്റ് ശ്രീ. ആദേശ് ഗുപ്ത, കോണ്‍ഗ്രസ് ഡല്‍ഹി പ്രസിഡന്റ് ശ്രീ. അനില്‍ ചൗധരി, ബിഎസ്പി പ്രതിനിധി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. വിവിധ നിര്‍ദേശങ്ങളും പങ്കുവച്ചു. സര്‍ക്കാരുകള്‍ക്ക് പാര്‍ട്ടി പ്രതിനിധികള്‍ പൂര്‍ണപിന്തുണ ഉറപ്പുനല്‍കി.

ആഭ്യന്തര മന്ത്രി ശ്രീ. അമിത് ഷാ അധ്യക്ഷനായി കഴിഞ്ഞ ദിവസം നടന്ന യോഗത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി ശ്രീ. അരവിന്ദ് കെജ്രിവാള്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവരാണ് പങ്കെടുത്തത്. ഡല്‍ഹിയിലെ വിവിധ ആശുപത്രികളില്‍ കോവിഡ് രോഗികള്‍ക്കായുള്ള കിടക്കകളുടെ എണ്ണക്കുറവ് പരിഗണിച്ച് 8000 കിടക്കകള്‍ സജ്ജമാക്കിയ, എല്ലാ ചികിത്സാ സൗകര്യങ്ങളുമുള്ള 500 റെയില്‍വേ കോച്ചുകള്‍ ഡല്‍ഹി ഗവണ്‍മെന്റിന് അടിയന്തരമായി കൈമാറാന്‍ ഇന്നലത്തെ യോഗത്തില്‍ തീരുമാനമായി. കോവിഡ് പരിശോധന വര്‍ധിപ്പിക്കാനും കോണ്ടാക്റ്റ് മാപ്പിംഗ് മെച്ചപ്പെടുത്താന്‍ കണ്ടെയ്ന്‍മെന്റ് സോണുകളിലുള്ള വീടുകള്‍ തോറും സര്‍വേ നടത്താനും തീരുമാനമായി. കൊറോണ ചികിത്സയ്ക്കായി കുറഞ്ഞ നിരക്കില്‍ 60 ശതമാനം കിടക്കകള്‍ സ്വകാര്യ ആശുപത്രികള്‍ ലഭ്യമാക്കുമെന്ന് ഉറപ്പാക്കാനും കൊറോണ പരിശോധനയുടെയും ചികിത്സയുടെയും നിരക്ക് നിശ്ചയിക്കാനും യോഗം തീരുമാനിച്ചു. ഇതിനു മേല്‍നോട്ടം വഹിക്കാന്‍ നിതി ആയോഗ് അംഗം ഡോ. വി. കെ. പോളിന്റെ നേതൃത്വത്തില്‍ സമിതിക്കും രൂപം നല്‍കി. ഡല്‍ഹി എയിംസിനു കീഴില്‍ കോവിഡ് 19 മാര്‍ഗനിര്‍ദേശങ്ങള്‍ക്കായി ഹെല്‍പ്പ് ലൈനും ആരംഭിക്കും.



(Release ID: 1631720) Visitor Counter : 234