ഭവന, നഗരദാരിദ്ര ലഘൂകരണ മന്ത്രാലയം

കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ, നഗര ഗതാഗത സേവനങ്ങൾ നൽകുന്നതിൽ, സംസ്ഥാന-കേന്ദ്രഭരണപ്രദേശ നഗര-മെട്രോ റെയിൽ കമ്പനികൾ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച്  കേന്ദ്ര ഭവനനിർമ്മാണ-നഗരകാര്യ മന്ത്രാലയം (MoHUA) മാർഗനിർദേശങ്ങൾ പുറത്തിറക്കി

Posted On: 12 JUN 2020 11:44AM by PIB Thiruvananthpuram


കേന്ദ്ര ഭവനനിർമ്മാണ-നഗരകാര്യ മന്ത്രാലയം, രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾ, കേന്ദ്രഭരണപ്രദേശങ്ങൾ, നഗരങ്ങൾ, മെട്രോ റെയിൽ കമ്പനികൾ എന്നിവയ്ക്കായി പുറത്തിറക്കിയ മാർഗനിർദേശങ്ങള്‍, നഗര ഗതാഗത സേവനങ്ങൾ നൽകുന്നതിൽ ഒരു മൂന്നുഘട്ട നയപരിപാടി വ്യക്തമാക്കി. ആറുമാസം നീളുന്ന ഹ്രസ്വകാല പദ്ധതി, ഒരുവര്ഷത്തിൽ താഴെയുള്ള ഇടത്തരം പദ്ധതികൾ, ഒരു വര്ഷത്തിനും മൂന്നു വര്ഷത്തിനും ഇടയിലുള്ള ദീർഘകാല പദ്ധതികൾ എന്നിങ്ങനെ മൂന്നു ഘട്ടങ്ങളായാണ് ഇവ നടപ്പാക്കുക. കേന്ദ്ര ഭവനനിർമ്മാണ-നഗരകാര്യ മന്ത്രാലയ സെക്രട്ടറി ശ്രീ ദുർഗ ശങ്കർ മിശ്ര അയച്ച നിർദേശങ്ങളിലെ പ്രധാന വസ്തുതകൾ താഴെപ്പറയുന്നു: 

i. യന്ത്രസഹായമില്ലാത്ത ഗതാഗത സംവിധാനങ്ങളെ (NMT) വീണ്ടെടുക്കുക, പ്രോത്സാഹിപ്പിക്കുക: ഭൂരിഭാഗം നഗരഗതാഗത യാത്രകളും അഞ്ചു കിലോമീറ്ററിൽ താഴെ അവസാനിക്കുന്നവയാണ്. കോവിഡ് വെല്ലുവിളി നേരിടുന്ന ഇക്കാലത്ത്, ഇത്തരം യാത്രകൾക്ക് NMT സംവിധാനങ്ങൾ ഉപയോഗിക്കാവുന്നതാണ്. കുറഞ്ഞ ചിലവും മനുഷ്യവിഭവശേഷിയും ആവശ്യമുള്ളതും, വേഗത്തിലും എളുപ്പത്തിലും നടപ്പാക്കാവുന്നതുമായ ഇത്തരം സംവിധാനങ്ങൾ പരിസ്ഥിതിസൗഹൃദം കൂടിയാണ്.

ii. സ്ഥിരയാത്രക്കാരിൽ വിശ്വാസം അർപ്പിച്ചുകൊണ്ട്, പൊതുഗതാഗതം പുനഃരാരംഭിക്കുക: പൊതുഗതാഗത സംവിധാനങ്ങളിലൂടെ ഉണ്ടാകാനിടയുള്ള രോഗവ്യാപനം തടയേണ്ടതും അത്യാവശ്യമാണ്. കൃത്യമായ അണുനശീകരണം, രോഗനിയന്ത്രണ-സാമൂഹിക അകല പാലനം എന്നിവ ഉറപ്പാക്കിക്കൊണ്ട് രോഗത്തെ പ്രതിരോധിക്കാനാവും.


iii. സാങ്കേതികവിദ്യയുടെ മികച്ച ഉപയോഗത്തിലൂടെ വൈറസ് വ്യാപനം തടയുക: മെച്ചപ്പെട്ട ഗതാഗത സംവിധാനങ്ങളുടെ(Intelligent Transportation System - ITS) ഉപയോഗം; ഭിം, ഫോൺപേയ്, ഗൂഗിൾ പേയ്, പേറ്റിഎം  പോലുള്ള കറൻസി രഹിത, സ്പർശന രഹിത തദ്ദേശീയ ഇടപാട് സംവിധാനങ്ങൾ, ദേശീയ പൊതു യാത്ര കാർഡുകൾ (NCMC) തുടങ്ങിയവ പൊതുഗതാഗത സംവിധാനങ്ങളിലെ മാനുഷിക സമ്പർക്കങ്ങൾ പരമാവധി കുറയ്ക്കും.


# പൊതുഗതാഗത സംവിധാനങ്ങളിലെ യാത്രക്കാരുടെ എണ്ണത്തിൽ 90% വരെ ഇടിവുണ്ടായതായി പഠനങ്ങൾ തെളിയിക്കുന്നു.

# MoHUA നടത്തിയ വിവിധ പഠനങ്ങൾ പ്രകാരം, നഗരങ്ങളുടെ വലിപ്പം അനുസരിച്ച്, സ്ഥിരയാത്രക്കാരിൽ ഏതാണ്ട് 16-57% പേർ കാൽനടയായും, 30-40% പേർ സൈക്കിളിലും യാത്ര നടത്തുന്നവരാണ്.

 
# രാജ്യത്തെ 18 പ്രധാന നഗരങ്ങളിലായി 700 കിലോമീറ്റര് നീളം വരുന്ന ശക്തമായ മെട്രോ റെയിൽ സംവിധാനമാണ് ഇന്ത്യയ്ക്കുള്ളത്. പതിനൊന്നു നഗരങ്ങളിലായി, 450 കിലോമീറ്റർ നീളത്തിൽ ഒരു BRT ശൃംഖലയും നമുക്കുണ്ട്. പ്രതിദിനം ഒരു കോടിയിലേറെ യാത്രക്കാരാണ് ഇന്ത്യയിൽ ഈ സേവനങ്ങൾ ഉപയോഗിക്കുന്നത്. എന്നാൽ സാമൂഹിക അകലം സംബന്ധിച്ച നിബന്ധനകൾ മൂലം, കൊറോണയ്ക്ക് മുൻപ് ഉപയോഗിച്ചിരുന്നതിന്റെ 25 മുതൽ 50 ശതമാനം വരെ സൗകര്യങ്ങളെ ഇവയിൽ ഉപയോഗിക്കാനാകൂ. അതുകൊണ്ട് തന്നെ, ഇവയ്ക്കൊപ്പം  മറ്റു ബദൽ ഗതാഗത സംവിധാനങ്ങൾ വികസിപ്പിക്കേണ്ട ആവശ്യം ഉയർന്നിരിക്കുകയാണ്.

 
 # സ്വകാര്യ വാഹനങ്ങൾ പൊതുവെ കുറവായ ഇന്ത്യ പോലുള്ള ഒരു രാജ്യത്ത്, സുരക്ഷിതവും ആശ്രയയോഗ്യവുമായ ഗതാഗത സംവിധാനങ്ങൾ പൊതുജനങ്ങൾക്ക് ഉറപ്പാക്കേണ്ടതുണ്ട്. നഗരങ്ങളിലായിരിക്കും ഇതിനു കൂടുതൽ പരിഗണന നൽകുക. സാമ്പത്തികരംഗം, അതിന്റെ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്ന മുറയ്ക്ക്, രാജ്യത്തെ നഗരങ്ങൾക്ക് ബദൽ ഗതാഗത സംവിധാനങ്ങൾ ഉറപ്പാക്കേണ്ടി വരും. ഇതിലൂടെ മാത്രമേ, നഗരങ്ങളുടെ ചലനാത്മകത നിലനിർത്താനാവൂ.

**


(Release ID: 1631114) Visitor Counter : 292