പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഇന്ത്യ-ഓസ്‌ട്രേലിയ വിര്‍ച്വല്‍ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

Posted On: 04 JUN 2020 12:21PM by PIB Thiruvananthpuram
ബഹുമാന്യരേ, നമസ്‌കാരം!
ആദ്യമായി കോവിഡ്- 19 ബാധിക്കാനിടായ എല്ലാ ഓസ്‌ട്രേലിയക്കാരെയും അവരുടെ കുടുംബാംഗങ്ങളെയും എന്റെ പേരിലും ഇന്ത്യയുടെ ആകെ പേരിലും ദുഃഖം അറിയിക്കുകയാണ്. ഈ ആഗോള മഹാവ്യാധി ലോകത്തിലെ എല്ലാ സംവിധാനങ്ങളെയും ബാധിച്ചിരിക്കുന്നു. അതിന്റെ ഒരു ഉദാഹരണമാണു നമ്മുടെ ഈ ഡിജിറ്റല്‍ ഉച്ചകോടി. 
ബഹുമാന്യരേ, നിങ്ങളെ ഡിജിറ്റല്‍ മാധ്യമത്തിലൂടെ കാണാന്‍ സാധിച്ചതില്‍ ആഹ്ലാദിക്കുന്നതോടൊപ്പം ഇന്ത്യയിലേക്കു ക്ഷണിക്കാന്‍ അവസരം ലഭിക്കാത്തതില്‍ ദുഃഖിക്കുകയും ചെയ്യുന്നു. ജനുവരി ആദ്യവും തുടര്‍ന്നു കഴിഞ്ഞ മാസവും നിങ്ങളുടെ ഇന്ത്യാ സന്ദര്‍ശനത്തിനു കാത്തിരിക്കുകയായിരുന്നു നാം. എന്നാല്‍ രണ്ടു തവണയും നിങ്ങളുടെ സന്ദര്‍ശന പരിപാടി റദ്ദാക്കേണ്ടിവന്നു. ഇന്നത്തെ യോഗം നിങ്ങളുടെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കാന്‍ കാരണാകുന്നില്ല. സാഹചര്യം മെച്ചപ്പെടുന്നതോടെ കുടുംബവുമായി ഇന്ത്യ സന്ദര്‍ശിക്കുകയും ഞങ്ങളുടെ ആതിഥ്യം സ്വീകരിക്കുകയും വേണമെന്ന് ഒരു സുഹൃത്തെന്ന നിലയില്‍ അഭ്യര്‍ഥിക്കുകയാണ്. 
ബഹുമാന്യരേ, ഇന്ത്യ-ഓസ്‌ട്രേലിയ ബന്ധം വ്യാപ്തിയേറിയതും ആഴമേറിയതും ആണ്. പൊതു മൂല്യങ്ങളെയും പൊതു താല്‍പര്യങ്ങളെയും പൊതു ഭൂമിശാസ്ത്രത്തെയും പൊതു ലക്ഷ്യത്തെയും അടിസ്ഥാനപ്പെടുത്തി ഉള്ളതാണത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ നമുക്കിടയിലുള്ള സഹകരണം വര്‍ധിച്ചു. നാം തമ്മിലുള്ള ബന്ധത്തിന്റെ കടിഞ്ഞാണിന്റെ ഒരറ്റം അങ്ങയെ പോലെ കരുത്തും വീക്ഷണവുമുള്ള നേതാവിന്റെ കയ്യിലാണെന്നതു ഭാഗ്യം തന്നെ. ഇത് ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള ശരിയായ അവസരമാണെന്നു ഞാന്‍ കരുതുന്നു. 
സൗഹൃദം കരുത്തുറ്റതാക്കാന്‍ അളവില്ലാത്ത സാധ്യതകളാണു മുന്നിലുള്ളത്. സാധ്യതകള്‍ വെല്ലുവിളികള്‍ കൂടി ഉയര്‍ത്തും. പൗരന്‍മാര്‍ തമ്മിലും ബിസിനസ് മേഖലയിലും അക്കാദമിക രംഗത്തും ഗവേഷകര്‍ക്കിടയിലും ഒക്കെയുള്ള ബന്ധം മെച്ചപ്പെടുത്തുക വഴി ഇപ്പോഴത്തെ സാഹചര്യം എങ്ങനെ ഫലപ്രദമായി ഉപയോഗപ്പെടുത്താം എന്ന വെല്ലുവിളി നിലനില്‍ക്കുന്നു. നമ്മുടെ മേഖലയ്ക്കും ലോകത്തിനാകെയും സ്ഥിരത പകരാന്‍ നാം തമ്മിലുള്ള ബന്ധം എങ്ങനെ ഉപയോഗപ്പെടുത്താമെന്ന വെല്ലുവിളിയുണ്ട്. ആഗോള നന്‍മയ്ക്കായി എങ്ങനെ ഒരുമിച്ചു പ്രവര്‍ത്തിക്കാമെന്ന വെല്ലുവിളിയും ഉണ്ട്. ഇക്കാര്യങ്ങളെല്ലാം പരിഗണിക്കപ്പെടേണ്ടതുണ്ട്. 
ബഹുമാന്യരേ, ഇന്നത്തെ ലോകത്തില്‍ രാജ്യങ്ങള്‍ പരസ്പരം എന്നതുപോലെ നമ്മില്‍നിന്നു നമ്മുടെ പൗരന്‍മാരും ഏറെ പ്രതീക്ഷിക്കുന്നുണ്ട്. അത്തരം പ്രതീക്ഷകള്‍ നിറവേറ്റുന്നതിനായി ജനാധിപത്യപരമായ മൂല്യങ്ങള്‍ വഴി നാം ഏറെ പ്രവര്‍ത്തിക്കേണ്ടതുണ്ട്. അതിനാല്‍ തന്നെ ജനാധിപത്യം, നിയമവാഴ്ച, സ്വാതന്ത്ര്യം, പരസ്പര ബഹുമാനം, രാജ്യാന്തര സ്ഥാപനങ്ങളോടും സുതാര്യതയോടുമുള്ള ബഹുമാനം തുടങ്ങിയ ആഗോള ക്ഷേമത്തിനായുള്ള മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുകയും ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യേണ്ടതു നമ്മുടെ വിശുദ്ധമായ ഉത്തരവാദിത്തമാണ്. ഇതൊരു തരത്തില്‍ ഭാവിയിലേക്കുള്ള നമ്മുടെ പാരമ്പര്യമാണ്. ഇന്ന് ഈ മൂല്യങ്ങള്‍ വിവിധ വഴികളിലൂടെ വെല്ലുവിളിക്കപ്പെടുന്നതിനാല്‍ പരസ്പര ബന്ധം ശക്തിപ്പെടുത്തുക വഴി നമുക്ക് അവയെ ശക്തിപ്പെടുത്താം. 
ബഹുമാന്യരേ, ഓസ്‌ട്രേലിയയുമായുള്ള ബന്ധം സമഗ്രതയോടെ അതിവേഗം വികസിപ്പിക്കുന്നതിന് ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. ഇതു നമ്മുടെ രണ്ടു രാജ്യങ്ങള്‍ക്കു മാത്രമല്ല, ഇന്‍ഡോ-പസഫിക് മേഖലയ്ക്കാകെ നിര്‍ണായകമാണ്. നമ്മുടെ സ്ഥാപനങ്ങള്‍ തമ്മില്‍ നടക്കുന്ന ചര്‍ച്ചകള്‍ നാം തമ്മിലുള്ള ബന്ധം മെച്ചപ്പെടാന്‍ ഇടയാക്കുന്നു എന്നതില്‍ ഞാന്‍ സന്തുഷ്ടനാണ്. ഇരു രാജ്യങ്ങള്‍ക്കും ഇടയില്‍ തുടര്‍ച്ചയായ ഉന്നതതല വിനിമയങ്ങള്‍ നടക്കുന്നുണ്ട്. വ്യാപാരവും നിക്ഷേപവും വര്‍ധിക്കുന്നുണ്ട്. എന്നാല്‍ ബന്ധം വികസിക്കുന്നതിന്റെ തോതിലും വേഗത്തിലും സംതൃപ്തനാണെന്നു ഞാന്‍ പറയില്ല. താങ്കളെ പോലൊരു നേതാവു രാജ്യത്തെ നയിക്കുമ്പോള്‍ നമുക്കിടയിലുള്ള ബന്ധത്തിന്റെ വികാസത്തിന്റെ വേഗവും ലക്ഷ്യബോധത്തോടെ ഉള്ളതായിരിക്കണം. നാം തമ്മിലുള്ള ഉഭയകക്ഷി ബന്ധം സമഗ്ര തന്ത്രപരമായ പങ്കാളിത്ത തലത്തിലേക്ക് ഉയര്‍ത്തപ്പെടുകയാണ് ഇന്ന് എന്നതില്‍ ഞാന്‍ സന്തോഷിക്കുന്നു. 
നാം തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ആഗോള മഹാവ്യാധിയുടെ ഈ കാലത്ത് കൂടുതല്‍ പ്രധാനമാണ്. ഈ മഹാവ്യാധിയുടെ സാമൂഹിക പാര്‍ശ്വഫലങ്ങളില്‍നിന്നു പുറത്തുകടക്കാന്‍ ലോകത്തിന് ഏകോപിതവും സഹകരണാടിസ്ഥാനത്തില്‍ ഉള്ളതുമായ സമീപനം ആവശ്യമാണ്. 
ഈ പ്രതിസന്ധിയെ അവസരമായി കാണാനാണു ഞങ്ങളുടെ ഗവണ്‍മെന്റ് തീരുമാനിച്ചത്. ഇന്ത്യയില്‍ ഏതാണ്ടെല്ലാ മണ്ഡലങ്ങളിലും സമഗ്ര പരിഷ്‌കരണത്തിനു തുടക്കമിട്ടിരിക്കുകയാണ്. അതിന്റെ ഗുണം താഴേത്തട്ടില്‍ തന്നെ പ്രകടമാകും. പ്രതിസന്ധി നാളുകളില്‍ ഇന്ത്യന്‍ വംശജര്‍ക്ക്, വിശേഷിച്ച് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക്, നിങ്ങള്‍ നല്‍കിയ കരുതലിന് എനിക്കു സവിശേഷമായ നന്ദിയുണ്ട്. 

(Release ID: 1629521) Visitor Counter : 266