പ്രധാനമന്ത്രിയുടെ ഓഫീസ്
കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രധാനമന്ത്രി നടത്തിയ പ്രസംഗം
Posted On:
02 JUN 2020 6:35PM by PIB Thiruvananthpuram
നമസ്തേ. ഈ സംഘടന 125 വര്‍ഷം വിജയകരമായി പൂര്‍ത്തിയാക്കിയതിന് നിങ്ങളെല്ലാവര്‍ക്കും ആദ്യം തന്നെ അഭിനന്ദനങ്ങള്‍. അഭിനന്ദനങ്ങള്‍! 125 വര്‍ഷത്തെ യാത്ര വളരെ നീണ്ടതാണ്. നിരവധി നാഴികക്കല്ലുകള്‍ ഉറപ്പായുമുണ്ടാകും; നിരവധി കയറ്റിറങ്ങളും. എങ്കിലും ഒരു സംഘടന 125 വര്‍ഷം പ്രവര്‍ത്തിക്കുക എന്നത് വലിയ കാര്യം തന്നെയാണ്. സംവിധാനങ്ങള്‍ അടിമുടി മാറുന്നതിനും യുഗങ്ങളുടെ പോക്കിനും വരവിനും സാക്ഷ്യം വഹിച്ച വര്‍ഷങ്ങള്‍. ആദ്യം തന്നെ, ഈ 125 വര്‍ഷം നിലനില്‍ക്കുന്ന വിധം സിഐഐക്കു കരുത്തു പകര്‍ന്ന മുന്‍ഗാമികളെ ഉള്‍പ്പെടെ ഞാന്‍ അഭിനന്ദിക്കുന്നു. അവര്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിക്കുകയും ഭാവിയിലേക്ക് ഈ സംഘടനയെ നയിക്കുന്നവര്‍ക്ക് ആശംസകള്‍ നേരുകയും ചെയ്യുന്നു.
കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഇത്തരം ഓണ്‍ലൈന്‍ സമ്മേളനങ്ങള്‍ നവസാധാരണത്വമാണ്. അതേസമയംതന്നെ, ഏതു പ്രയാസ കാലത്തും പുറത്തേക്കൊരു വഴി കണ്ടെത്തുന്നതും മനുഷ്യരുടെ വലിയ കരുത്തുതന്നെ. ഇന്നിപ്പോള്‍പ്പോലും നാം ഒരു വശത്ത് കൊറോണ വൈറസിന് എതിരായ പോരാട്ടം ശക്തിപ്പെടുത്താന്‍ നടപടികളെടുക്കുകയും മറുവശത്ത് സമ്പദ്വ്യവസ്ഥയെ രക്ഷിക്കാന്‍ ശ്രമിക്കുകയുമാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ഒരുവശത്ത് നാം രാജ്യവാസികളുടെ ജീവന്‍ രക്ഷിക്കുകയും മറുവശത്ത് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്കു സ്ഥിരതയും വേഗതയും നല്‍കുകയുമാണ്. ഇതേ സാഹചര്യത്തില്‍ വളര്‍ച്ച തിരിച്ചുകൊണ്ടുവരുന്നതിനേക്കുറിച്ചു സംസാരിച്ചു തുടങ്ങുന്ന നിങ്ങളുടെ സമീപനം തീര്‍ച്ചയായും പരാമര്‍ശിക്കപ്പെടേണ്ടതു തന്നെയാണ്. ഒരുപടി കൂടിക്കടന്ന് ഞാന്‍ പറയട്ടെ: അതെ, നിശ്ചയമായും നാം തിരിച്ചു
വരികതന്നെ ചെയ്യും. ഈ പ്രതിസന്ധിയുടെ കാലത്ത് ഇത്ര ആത്മവിശ്വാസത്തോടെ ഞാന്‍ ഇതു പറയുന്നത് എങ്ങനെയാണ് എന്ന് നിങ്ങളില്‍ ചിലര്‍ അത്ഭുതപ്പെടുന്നുണ്ടാകും.
എന്റെ ആത്മവിശ്വാസത്തിനു പല കാരണങ്ങളുണ്ട്. ഇന്ത്യയുടെ മികവുകളിലും പ്രതിസന്ധി കൈകാര്യം ചെയ്യാനുള്ള ശേഷിയിലും ഞാന്‍ വിശ്വസിക്കുന്നു. ഇന്ത്യയുടെ കഴിവിലും സാങ്കേതികവിദ്യയിലും ഞാന്‍ വിശ്വസിക്കുന്നു. ഞാന്‍ ഇന്ത്യയുടെ നവീനാശയങ്ങളിലും ബൗദ്ധികശേഷിയിലും വിശ്വസിക്കുന്നു.
കര്‍ഷകരെയും എംഎസ്എംഇകളെയും ഇന്ത്യയിലെ സംരംഭങ്ങളെയും ഞാന്‍ വിശ്വസിക്കുന്നു; നിങ്ങളെല്ലാവരെയും പോലെ വ്യവസായ നായകരെ ഞാന്‍ വിശ്വസിക്കുന്നു. അതുകൊണ്ടാണ് ഞാന്‍ പറയുന്നത്, അതെ, നാം നമ്മുടെ വളര്‍ച്ച തിരിച്ചു കൊണ്ടുവരിക തന്നെ ചെയ്യും. ഇന്ത്യ അതിന്റെ വളര്‍ച്ചയിലേക്കു തിരിച്ചുവരും.
സുഹൃത്തുക്കളേ,
നമ്മുടെ വികസന ഗതിയെ കൊറോണ മന്ദഗതിയില്‍ ആക്കിയിട്ടുണ്ടാകാം. എന്നാല്‍ ഇന്ത്യ അണ്‍ലോക്ക് ഒന്നാം ഘട്ടത്തില്‍ പ്രവേശിക്കുകയും ലോക്്ഡൗണ്‍ മറികടക്കുകയും ചെയ്തിരിക്കുന്നു എന്നതാണ് ഇന്നു് രാജ്യത്തെ ഏറ്റവും വലിയ സത്യം. അണ്‍ലോക്ക് ഒന്നാം ഘട്ടത്തിലൂടെ സമ്പദ്ഘടനയുടെ വലിയൊരു ഭാഗം തുറക്കപ്പെട്ടിരിക്കുന്നു. ജൂണ്‍ 8നു ശേഷം കൂടുതല്‍ തുറക്കാന്‍ പോവുന്നു. അങ്ങനെയാണ് വളര്‍ച്ച തിരിച്ചുവരുന്നത്.
കൊറോണ അതിന്റെ അപകടം ലോകമാകെ പരത്തിയപ്പോള്‍ ശരിയായ സമയത്ത് ഇന്ത്യ ശരിയായ ചുവടുവയ്പുകള്‍ നടത്തിയതുകൊണ്ടാണ് ഇതെല്ലാം ചെയ്യാന്‍ നാം ഇന്നു പ്രാപ്തരാകുന്നത്. ലോകത്തെ മറ്റെല്ലാ രാജ്യങ്ങളുമായി നമ്മുടെ സാഹചര്യത്തെ താരതമ്യം ചെയ്താല്‍, ലോക്ഡൗണ്‍ ഇന്ത്യയില്‍ എത്രയധികം ഫലമാണ് ഉണ്ടാക്കിയത് എന്നു നമുക്ക് കാണാന്‍ സാധിക്കും. ഈ ലോക്ഡൗണില്‍ കൊറോണയ്ക്ക് എതിരേ പൊരുതുന്നതിന് ഇന്ത്യ ഭൗതിക വിഭവങ്ങള്‍ തയ്യാറാക്കുക മാത്രമല്ല ചെയ്തത്, നമ്മുടെ മാനവവിഭവ ശേഷി സംരക്ഷിക്കുകയും ചെയ്തു. ഇത്തരമൊരു സാഹചര്യത്തില്‍ ഇപ്പോഴത്തെ ചോദ്യം, അടുത്തത് എന്ത് എന്നാണ്. വ്യവസായ നായകര്‍ എന്ന നിലയില്‍ ഒരു ചോദ്യം നിങ്ങളുടെ മനസ്സില്‍ ഉറപ്പായും ഉണ്ടാകും- ഗവണ്‍മെന്റ് എന്താണ് ഇപ്പോള്‍ ചെയ്യാന്‍ പോകുന്നത്്? ആത്മനിര്‍ഭര്‍ പ്രചാരണ പരിപാടിയേക്കുറിച്ചും നിങ്ങള്‍ക്കു ചില ചോദ്യങ്ങളുണ്ടാകും. അത് തികച്ചും സ്വാഭാവികവും വേണ്ടതുമാണ്.
സുഹൃത്തുക്കളേ,
കൊറോണയില്‍ നിന്നു സാമ്പദ്ഘടനയെ മുക്തമാക്കുക എന്നതാണ് നമ്മുടെ പ്രധാന മുന്‍ഗണനകളില്‍ ഒന്ന്. ഇതിന് വേണ്ട തീരുമാനങ്ങള്‍ അടിയന്തരമായി എടുക്കേണ്ടത് ആവശ്യമാണ്. അത്തരം തീരുമാനങ്ങള്‍ രാജ്യത്തെ
ദീര്‍ഘകാലാടിസ്ഥാനത്തില്‍ സഹായിക്കുന്ന തരത്തിലാവുകയും വേണം.
സുഹൃത്തുക്കളേ,
പാവങ്ങള്‍ക്ക് അടിയന്തര സഹായങ്ങള്‍ ലഭ്യമാക്കുന്നതില്‍ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന വന്‍ തോതില്‍ സഹായകമായി. ഈ പദ്ധതിപ്രകാരം 74 കോടിയോളം ഗുണഭോക്താക്കള്‍ക്ക് റേഷന്‍ നല്‍കി. കുടിയേറ്റ
തൊഴിലാളികള്‍ക്കും സൗജന്യ റേഷന്‍ നല്‍കി. ഇതിനു പുറമേ സാമ്പത്തിക സഹായമായി അമ്പത്തിമൂവായിരം കോടി രൂപയിലധികം പാവപ്പെട്ട കുടുംബങ്ങള്‍ക്കു നല്‍കി. സ്ത്രീകളും ഭിന്നശേഷിക്കാരും മുതിര്‍ന്നവരും തൊഴിലാളികളും ഉള്‍പ്പെടെ എല്ലാവര്‍ക്കും ഇതിന്റെ ഗുണഫലം ലഭിച്ചു. ലോക്ഡൗണ്‍ കാലത്ത്
ഗവണ്‍മെന്റ് 8 കോടിയിലധികം ഗ്യാസ് സിലിന്‍ഡറുകള്‍ സൗജന്യമായി നല്‍കി. സ്വകാര്യ മേഖലയിലെ 50 ലക്ഷം തൊഴിലാളികളുടെ ഇപിഎഫിന്റെ 24 ശതമാനം വിഹിതം ഗവണ്‍മെന്റ് നല്‍കി. ഏകദേശം 800 കോടിയോളം രൂപയാണ് അവരുടെ ഇപിഎഫ് അക്കൗണ്ടില്‍ നിക്ഷേപിച്ചത്.
സുഹൃത്തുക്കളേ,
സ്വാശ്രയ ഇന്ത്യ കെട്ടിപ്പടുക്കുന്നതിനും ദ്രുതഗതിയിലുള്ള വികസനപാതയിലേക്ക് ഇന്ത്യയെ തിരിച്ചുകൊണ്ടുവരുന്നതിനും അഞ്ചു കാര്യങ്ങള്‍ വളരെ പ്രധാനമാണ്. ലക്ഷ്യബോധം, ഉള്‍ച്ചേര്‍ക്കല്‍, നിക്ഷേപം,
അടിസ്ഥാന സൗകര്യം, നവീനാശയങ്ങള്‍. സമീപ ദിവസങ്ങളില്‍ എടുത്ത ഉറച്ച തീരുമാനങ്ങളില്‍ ഇവയുടെയെല്ലാം മിന്നൊളി നിങ്ങള്‍ക്കു ലഭിക്കും. ഈ തീരുമാനങ്ങളില്‍ എല്ലാ മേഖലകളെയും നാം ഭാവിയിലേക്കു സജ്ജരാക്കുകയാണ്. വളര്‍ച്ചയില്‍ അധിഷ്ഠിതമായ പുതിയ ചുവടുവയ്പുകള്‍ക്ക് ഇന്ത്യ ഇന്നു സജ്ജമാണ്. സുഹൃത്തുക്കളേ, പരിഷ്‌കരണം എന്നത് ക്രമരഹിതവും ചിതറിയതുമായ തീരുമാനങ്ങളല്ല നമുക്ക്. നമുക്ക് പരിഷ്‌കരണം എന്നാല്‍ വ്യവസ്ഥാപിതവും ആസൂത്രിതവും സംയോജിതവും ആന്തരിക ബന്ധമുള്ളതുമായ ഭാവിയിലേക്കുള്ള
പ്രക്രിയയുമാണ്.
'പരിഷ്‌കരണം' എന്നതിന്റെ അര്‍ത്ഥം നമുക്കു തീരുമാനങ്ങള്‍ എടുക്കാനുള്ള ധൈര്യവും അതിനെ യുക്തിപരമായ പരിസമാപ്തിയില്‍ എത്തിക്കലുമാണ്. ഐബിസി ആകട്ടെ, ജിഎസ്ടി ആകട്ടെ, മുഖം നോക്കാതെയുള്ള ആദായനികുതി ഈടാക്കലാകട്ടെ ഇതിലെല്ലാം എല്ലായ്പ്പോഴും ഗവണ്‍മെന്റിന്റെ ഇടപെടല്‍
കുറയ്ക്കുന്നതിലാണ് നമ്മുടെ ഊന്നല്‍; സ്വകാര്യ സംരഭങ്ങള്‍ക്ക് അനുകൂലമായ പരിതസ്ഥിതിയെ പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുന്നു. രാജ്യത്തിനു പ്രതീക്ഷ ഉണര്‍ത്തുന്ന വിധത്തിലുള്ള ഇത്തരം തീരുമാനങ്ങളിലൂടെ ഗവണ്മെന്റ് ചില നയ പരിഷ്‌കരണങ്ങള്‍ കൂടിയാണ് വരുത്തുന്നത്. കര്‍ഷകരെ ഇടനിലക്കാരുടെ ദയക്കു വേണ്ടി കാത്തു നില്‍ക്കുന്നവരാക്കി മാറ്റുന്ന സ്ഥിതിയിലേക്കാണ് സ്വാതന്ത്ര്യത്തിനു ശേഷം നാം നടപ്പാക്കിയ ചട്ടങ്ങളും നിയന്ത്രണങ്ങളും കൊണ്ടെത്തിച്ചത് എന്ന് കാര്‍ഷിക മേഖലയേക്കുറിച്ചു
സംസാരിക്കുമ്പോള്‍ നമുക്കു വ്യക്തമാകും. കര്‍ഷകര്‍ അവരുടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ കൊണ്ടുപോകുമ്പോള്‍ ചട്ടങ്ങള്‍ വളരെ കര്‍ക്കശം. ദശാബ്ദങ്ങളായി കര്‍ഷകരോട് കാണിച്ചിരുന്ന അനീതി ഇല്ലാതാക്കാനുള്ള സന്നദ്ധത ഞങ്ങളുടെ ഗവണ്‍മെന്റ് കാണിച്ചു.
എപിഎംസി നിയമത്തിലെ മാറ്റങ്ങള്‍ക്കു ശേഷം കര്‍ഷകര്‍ക്ക് ഇപ്പോള്‍ അവരുടെ അവകാശങ്ങളും ലഭിക്കുന്നു. ആര്‍ക്ക്, എവിടെ, എപ്പോള്‍ സ്വന്തംഉല്‍പ്പന്നങ്ങള്‍ കൊടുക്കാനും കര്‍ഷകര്‍ക്ക് ഇപ്പോള്‍ സാധിക്കുന്നു. രാജ്യത്തെ ഏതു സംസ്ഥാനത്തും ഇപ്പോള്‍ കര്‍ഷകര്‍ക്ക് സ്വന്തം ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാം. ഗോഡൗണുകളിലെ വിത്തുകളുംകാര്‍ഷികോല്‍പ്പന്നങ്ങളും ഇപ്പോള്‍ ഇലക്ട്രോണിക് വ്യാപാരം നടത്താം. ഒന്നു സങ്കല്‍പ്പിച്ചു നോക്കൂ!. കാര്‍ഷിക വ്യവസായത്തിന് എത്ര പുതിയ ചക്രവാളങ്ങളാണ് തുറന്നു കിട്ടുന്നത്. സുഹൃത്തുക്കളേ, അതോടൊപ്പം തന്നെ നമ്മുടെ തൊഴിലാളികളുടെ ക്ഷേമത്തിലും മനസ്സുവെക്കുന്നു. തൊഴിലവസരങ്ങള്‍
വര്‍ധിപ്പിക്കാന്‍ ഉതകുന്ന തൊഴില്‍ പരിഷ്‌കരണങ്ങള്‍ നടപ്പാക്കി.
തന്ത്രപ്രധാനമല്ലാത്തതും സ്വകാര്യ മേഖലയ്ക്ക് ഇതുവരെ പ്രവേശനം അനുവദിക്കാത്തതുമായ മേഖലകള്‍ പോലും ഇപ്പോള്‍ തുറന്നു കൊടുത്തിരിക്കുന്നു. എല്ലാവര്‍ക്കുമൊപ്പം, എല്ലാവരുടെയും വികസനം, എല്ലാവരുടെയും വിശ്വാസം എന്ന മുദ്രാവാക്യത്തിലേക്കു വന്നതിന്റെ ഭാഗമായാണ് നിരവധി വര്‍ഷങ്ങളായി
ഉന്നയിച്ചിരുന്ന ഈ ആവശ്യങ്ങളില്‍ തീരുമാനമെടുക്കാനായത്. സുഹൃത്തുക്കളേ, ലോകത്തിലെ മൂന്നാമത്തെ കല്‍ക്കരി ശേഖരമുള്ള രാജ്യമാണ് ഇന്ത്യ. ഇന്ത്യക്ക് നിങ്ങളെപ്പോലെ ഉറച്ച നിലപാടും കഠിനാധ്വാനവുമുള്ള വ്യവസായ നായകരുമുണ്ട്. പിന്നെ എന്തിനാണ് കല്‍ക്കരി പുറത്തു നിന്ന്എത്തിക്കുന്നത്? എന്തുകൊണ്ട് കല്‍ക്കരി ഇറക്കുമതി ചെയ്യുന്നു? ഗവണ്‍മെന്റ് ഇക്കാര്യത്തില്‍ ചില നയങ്ങള്‍ മുന്‍ കാലങ്ങളില്‍എടുത്തിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ കല്‍ക്കരി മേഖലയെ ഈ കെട്ടുപാടുകളില്‍ നിന്ന് സ്വതന്ത്രമാക്കുന്ന പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു.
കല്‍ക്കരി മേഖലയില്‍ ഇപ്പോള്‍ വാണിജ്യാടിസ്ഥാനത്തിലുള്ള ഖനനത്തിന് അനുമതി നല്‍കിയിരിക്കുന്നു. തടസ്സങ്ങള്‍ ഭാഗികമായി നീക്കാനുള്ള അനുമതിയും നല്‍കി. ഇതുപോലെ തന്നെ ധാതുക്കളുടെ ഖനനത്തിലും തീരുമാനമെടുത്തു. കമ്പനികള്‍ക്ക് ഇപ്പോള്‍ പര്യവേക്ഷണത്തിനൊപ്പം ഖനനവുമാകാം. ഈ തീരുമാനങ്ങളുടെ വന്‍തോതിലുള്ള മെച്ചങ്ങളേക്കുറിച്ച് ഈ മേഖലയുമായി അടുപ്പമുള്ളവര്‍ക്കു നന്നായി മനസ്സിലാകും.
സുഹൃത്തുക്കളേ,
നമ്മുടെ ഖനന മേഖലയിലാകട്ടെ, ഊര്‍ജ്ജ മേഖലയിലാകട്ടെ, ഗവേഷണത്തിലോ സാങ്കേതികവിദ്യയിലോ ആകട്ടെ, ഗവണ്‍മെന്റ് മുന്നോട്ടു പോകുന്ന ദിശ ഒരുപോലെ വ്യവസായത്തിനും യുവാക്കള്‍ക്ക് എല്ലാ മേഖലകളിലും തൊഴിലവസരങ്ങള്‍ ലഭിക്കുന്നതിനും ഗുണകരമാണ്. അതിനുമപ്പുറം, തന്ത്രപ്രധാന മേഖലകളിലും സ്വകാര്യ പങ്കാളിത്തം എന്നത് ഒരു യാഥാര്‍ത്ഥ്യമായി മാറുകയാണ്. നിങ്ങള്‍ക്ക് ബഹിരാകാശ മേഖലയില്‍ നിക്ഷേപിക്കണമെങ്കില്‍, ആണവോര്‍ജ്ജത്തില്‍ പുതിയ അവസരങ്ങള്‍ കണ്ടെത്തണമെങ്കില്‍, അത്യധികം സാധ്യതകള്‍ പൂര്‍ണമായും നിങ്ങള്‍ക്കു മുന്നില്‍ തുറക്കപ്പെട്ടിരിക്കുന്നു.
സുഹൃത്തുക്കളേ,
ലക്ഷക്കണക്കിന് എംഎസ്എംഇകള്‍ നമ്മുടെ രാജ്യത്തിന്റെ സാമ്പത്തിക യന്ത്രങ്ങളെപ്പോലെ പ്രവര്‍ത്തിക്കുന്നതിനേക്കുറിച്ച് നിങ്ങള്‍ തികഞ്ഞ ബോധ്യമുള്ളവരാണ്. രാജ്യത്തിന്റെ ആഭ്യന്തര മൊത്ത വരുമാനത്തില്‍ വലിയൊരു സംഭാവനയാണ് അവര്‍ നല്‍കുന്നത്. ഈ സംഭാവന ഏകദേശം 30 ശതമാനമാണ്. എംഎസ്എംഇകളുടെ നിര്‍വചനത്തില്‍ വ്യക്തത വേണമെന്ന് വ്യവസായ മേഖല ദീര്‍ഘകാലമായി ആവശ്യപ്പെടുന്നു. ഇപ്പോള്‍ അത് സാക്ഷാല്‍ക്കരിച്ചിരിക്കുന്നു. ഒരു വിഷമവുമില്ലാതെ വളരാന്‍ ഇത് എംഎസ്എംഇകളെ പ്രാപ്തമാക്കും; എംഎസ്എംഇ പദവി നിലനില്‍ത്താന്‍ അവര്‍ മറ്റു വഴികളൊന്നും ഇനി തേടേണ്ടതുമില്ല. എംഎസ്എംഇ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കോടിക്കണക്കിന് ആളുകള്‍ക്കു പ്രയോജനം ലഭിക്കുന്ന 200 കോടി വരെയുള്ള ഗവണ്‍മെന്റ് സംഭരണത്തിന്റെ ആഗോള ടെന്‍ഡറാണ് ഇപ്പോള്‍
ക്ഷണിക്കുന്നത്. നമ്മുടെ ചെറുകിട വ്യവസായങ്ങള്‍ക്ക് ഇതു പുതിയ
അവസരങ്ങള്‍ തുറന്നുകൊടുക്കും. ആത്മനിര്‍ഭര്‍ ഭാരത് പാക്കേജും എംഎസ്എംഇ
മേഖലയ്ക്ക് പ്രവര്‍ത്തനക്ഷമത നല്‍കുന്ന ഇന്ധനമാണ്.
സുഹൃത്തുക്കളേ,
ഈ തീരുമാനങ്ങളുടെ പ്രസക്തി മനസ്സിലാക്കുന്നതിന് ഇന്നത്തെ ആഗോള
സാഹചര്യങ്ങള്‍ കാണുകയും മനസ്സിലാക്കുകയും ചെയ്യേണ്ടത് വളരെ
പ്രധാനമാണ്. ഇന്ന് ലോകത്തെ എല്ലാ രാജ്യങ്ങള്‍ക്കും മറ്റുള്ളവരുടെ
പിന്തുണ മുമ്പെന്നത്തേക്കാള്‍ ആവശ്യമായിരിക്കുന്നു. ലോകത്ത് ഒരാള്‍ക്കു
മറ്റൊരാളുടെ ആവശ്യം വര്‍ധിച്ചിരിക്കുന്നു. പക്ഷേ, ഇക്കാര്യത്തില്‍ പഴയ
ചിന്തകളും പഴയ രീതികളും പഴയ രാഷ്ട്രീയവും ഫലപ്രദമാകുമോ എന്നു
ചിന്തിക്കുക കൂടി ചെയ്യണം. പുതിയ ചിന്തകള്‍ ഉണ്ടാകുന്നത്
സ്വാഭാവികമാണ്. ഇന്ത്യയില്‍ നിന്നു ലോകത്തിനുള്ള പ്രതീക്ഷകള്‍
വര്‍ധിക്കുകയും ചെയ്യുന്ന കാലമാണ്. ലോകത്തിന് ഇന്ന് ഇന്ത്യയിലുള്ള
വിശ്വാസം വര്‍ധിക്കുകയും പുതിയ ഒരു പ്രതീക്ഷ ഉദിക്കുകയും
ചെയ്തിരിക്കുന്നു. ഈ കൊറോണ പ്രതിസന്ധിക്കിടയില്‍, ഒരു രാജ്യത്തിനു
മറ്റൊരു രാജ്യത്തെ സഹായിക്കുക ബുദ്ധിമുട്ടായിരിക്കുമ്പോള്‍, ഇന്ത്യ
150ല്‍പ്പരം രാജ്യങ്ങള്‍ക്ക് മരുന്നുകള്‍ അയച്ചുകൊടുത്തു സഹായിച്ചതും
നിങ്ങള്‍ക്കു കാണാന്‍ സാദിക്കും.
സുഹൃത്തുക്കളേ,
വിശ്വസിക്കാവുന്ന, ആശ്രയിക്കാവുന്ന ഒരു പങ്കാളിയെയാണ് ഇന്ത്യയില്‍ ലോകം
കാണുന്നത്. അതിലൊരു ശക്തിയും കരുത്തും ശേഷിയുമുണ്ട്.
ഇന്ത്യക്കു മേല്‍ ലോകത്തിനുണ്ടായിരിക്കുന്ന വിശ്വാസത്തിന്റെ പൂര്‍ണ
നേട്ടം ഇന്ന് നിങ്ങള്‍ക്കെല്ലാം, ഇന്ത്യയിലെ വ്യവസായങ്ങള്‍ക്ക്,
എടുക്കാനാകണം. ആ വിശ്വാസം ഉറപ്പാക്കേണ്ടത് നിങ്ങളെല്ലാവരുടെയും
ഉത്തരവാദിത്തമാണ്, സിഐഐ പോലുള്ള സംഘടനകളുടെ ഉത്തരവാദിത്തമാണ്.
ഗുണനിലവാരവും മല്‍സരക്ഷമതയുമാണ് ഇന്ത്യക്കൊപ്പം
'നിര്‍മിക്കപ്പെടുന്നത്'. നിങ്ങള്‍ രണ്ടു ചുവട് മുന്നോട്ടു വച്ചാല്‍
ഗവണ്‍മെന്റ് നാല് ചുവട് മുന്നോട്ടു വയ്ക്കുകയും നിങ്ങളെ
പിന്തുണയ്ക്കുകയും ചെയ്യും. നിങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന്
പ്രധാനമന്ത്രി എന്ന നിലയില്‍ ഞന്‍ ഉറപ്പു നല്‍കുന്നു. ഇന്ത്യയുടെ
ചരിത്രത്തില്‍ ഇതൊരു പ്രത്യേക സന്ദര്‍ഭമാണ്. എന്നെ വിശ്വസിക്കു, '
വളര്‍ച്ചയിലേക്കു തിരിച്ചെത്തുക' എന്നത് ബുദ്ധിമുട്ടുള്ള കാര്യമല്ല.
ഇന്ത്യയിലെ വ്യവസായങ്ങള്‍ക്കു കൃത്യമായ ഒരു വഴിയുണ്ട് എന്നതാണ്
നിങ്ങള്‍ക്കുള്ള ഇന്നത്തെ വലിയ കാര്യം. ആത്മനിര്‍ഭര്‍ ഭാരതിലേക്കുള്ള വഴി;
സ്വാശ്രയ ഇന്ത്യയിലേക്കുള്ള വഴി. സ്വാശ്രയ ഇന്ത്യ എന്നാല്‍ നാം
കൂടുതല്‍ കരുത്തരാവുകയും ലോകം നമ്മം ആലിംഗനം ചെയ്യുകയും എന്നാണ്
അര്‍ത്ഥം.
സ്വാശ്രയ ഇന്ത്യ ലോക സമ്പദ് വ്യവസ്ഥയുമായി പൂര്‍ണമായും ഉദ്ഗ്രഥിതവും
പിന്തുണ നല്‍കുന്നതുമായിരിക്കും. പക്ഷേ, ഒന്നുകൂടി മനസ്സില്‍ വയ്ക്കണം,
സ്വാശ്രയ ഇന്ത്യ എന്നാല്‍ തന്ത്രപ്രധാന മേഖലകളില്‍ നാം ആരെയും
ആശ്രയിക്കില്ല എന്നാണ്. അതായത്, ഇന്ത്യയില്‍ കരുത്തുറ്റ സംരഭങ്ങള്‍
ഉണ്ടാവുകയും അവ ആഗോള ശക്തികളായി മാറുകയും വേണം. അവ തൊഴില്‍
ഉല്‍പ്പാദിപ്പിക്കണം, നമ്മുടെ ജനങ്ങളെ ശാക്തീകരിക്കുകയും നമ്മുടെ
രാജ്യത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിന് ആവശ്യമായ വഴികള്‍
കണ്ടെത്തുകയും വേണം. നാം ഇപ്പോള്‍ പ്രാദേശികമായി വിതരണ ശൃംഖല
ശക്തിപ്പെടുത്താനുള്ള നിക്ഷേപം നടത്തിയാല്‍ അത് ആഗോള വിതരണ ശൃംഖലയില്‍
ഇന്ത്യയുടെ പങ്ക് ശക്തിപ്പെടുത്തും. ഈ പ്രചാരണ പരിപാടിയില്‍ സിഐഐ
പോലുള്ള വന്‍ ശക്തികള്‍ പുതിയ പങ്കോടുകൂടി മുന്നോട്ടു വരണം. നിങ്ങളിലുള്ള
പ്രചോദനത്തിന്റെ ചാമ്പ്യന്മാരായി മുന്നോട്ടു വരാന്‍ നിങ്ങള്‍ക്കു
കഴിയണം. ആഭ്യന്തര വ്യവസായങ്ങളുടെ വീണ്ടെടുപ്പ് പ്രോല്‍സാഹിപ്പിക്കാനും
അടുത്ത തലത്തിലെ വളര്‍ച്ചയെ സഹായിക്കാനും പിന്തുണയ്ക്കാനും നിങ്ങള്‍ക്കു
കഴിയണം. വ്യവസായങ്ങളുടെ ആഗോള വിപണി വിപുലപ്പെടുത്തുന്നതില്‍ സഹായിക്കാന്‍
നിങ്ങള്‍ക്കു കഴിയണം.
സുഹൃത്തുക്കളേ,
ഇന്ത്യയില്‍ നിര്‍മിക്കുകയും ലോകത്തിനു വേണ്ടിക്കൂടി ആയിരിക്കുകയും
ചെയ്യുന്ന ചില ഉല്‍പ്പന്നങ്ങള്‍ ഇപ്പോള്‍ നിര്‍മിക്കേണ്ടതുണ്ട്.
നമുക്ക് ഇറക്കുമതി എങ്ങനെ കുറയ്ക്കാന്‍ സാധിക്കും? എങ്ങനെയാണ് പുതിയ
ലക്ഷ്യങ്ങള്‍ നിര്‍ണയിക്കുക? എല്ലാ മേഖലകളിലും ഉല്‍പ്പാദനം
വര്‍ധിപ്പിക്കുന്നതിനുള്ള ലക്ഷ്യമാണ് നമ്മള്‍ നിര്‍ണയിക്കേണ്ടത്.
ഇന്നിപ്പോള്‍ വ്യവസായ മേഖലയ്ക്ക് ഈ സന്ദേശം തരാന്‍ ഞാന്‍
ആഗ്രഹിക്കുന്നു, രാജ്യത്തിന് ഇതേ പ്രതീക്ഷയാണ് നിങ്ങളില്‍
നിന്നുള്ളത്.
സുഹൃത്തുക്കളേ,
ഇന്ത്യയില്‍ നിര്‍മിക്കുന്നതിന് തൊഴിലിന്റെ ഒരു വലിയ മാധ്യമമാണ്
ഇന്ത്യയില്‍ നിര്‍മിക്കൂ മുന്നേറ്റം. നിങ്ങളെപ്പോലെ വിവിധ സംഘടനകളുമായി
കൂടിയാലോചിച്ച് നിരവധി മുന്‍ഗണനാ മേഖലകള്‍ കണ്ടെത്തുകയുണ്ടായി.
ഫര്‍ണിച്ചറുകള്‍, എയര്‍ കണ്ടീഷണര്‍, തുകലും ചെരിപ്പും തുടങ്ങിയ
മേഖലകളില്‍ പ്രവര്‍ത്തനം തുടങ്ങുകയും ചെയ്തു. നമുക്ക് ആവശ്യമുള്ള എയര്‍
കണ്ടീഷണറുകളുടെ 30 ശതമാനവും നമ്മള്‍ ഇറക്കുമതി ചെയ്യുകയാണ്. അതു നമുക്കു
സാധ്യമാകുന്നത്ര വേഗത്തില്‍ കുറച്ചു കൊണ്ടുവരണം. അതുപോലെതന്നെ, ലോകത്തിലെ
രണ്ടാമത്തെ വലിയ തുകല്‍ ഉല്‍പ്പാദകരായ നമ്മുടെ ആഗോള കയറ്റുമതി വിഹിതം
വളരെ കുറവാണ്.
സുഹൃത്തുക്കളേ,
നമുക്കു നന്നായി പലതും ചെയ്യാന്‍ കഴിയുന്ന നിരവധി മേഖലകളുണ്ട്.
മുന്‍കാലങ്ങളില്‍ വന്ദേ ഭാരത് പോലുള്ള ആധുനിക ട്രെയിനുകള്‍ രാജ്യത്തു
നിര്‍മിച്ചത് നിങ്ങളെപ്പോലുള്ള സുഹൃത്തുക്കളുടെ മാത്രം സഹായത്തിലാണ്.
രാജ്യം ഇപ്പോള്‍ മെട്രോ കോച്ചുകള്‍ കയറ്റുമതി ചെയ്യുന്നു. അതുപോലെതന്നെ,
വിവിധ മേഖലകളില്‍, അത് മൊബൈല്‍ ഫോണ്‍ ഉല്‍പ്പാദനത്തിലോ പ്രതിരോധ
മേഖലയിലെ ഉല്‍പ്പാദനത്തിലോ ആകട്ടെ, ഇറക്കുമതിയിലെ നമ്മുടെ പരാശ്രയത്വം
കുറച്ചുകൊണ്ടുവരുന്നു. ഞാന്‍ അഭിമാനത്തോടെ പറയട്ടെ, മൂന്നു മാസംകൊണ്ട്
നൂറുകണക്കിനു കോടികളുടെ വ്യക്തിഗത സുരക്ഷാ സാമഗ്രി (പിപിഇ)കളുടെ വ്യവസായം
നിങ്ങള്‍ വികസിപ്പിച്ചു. മൂന്നുമാസം മുമ്പു വരെ ഒരൊറ്റ പിപിഇ പോലും
ഇന്ത്യയില്‍ നിര്‍മിച്ചിരുന്നില്ല. ഇന്നിപ്പോള്‍ പ്രതിദിനം മൂന്നു ലക്ഷം
പിപിഇകളാണ് ഇന്ത്യയില്‍ നിര്‍മിക്കുന്നത്. ഇതാണു നമ്മുടെ
വ്യവസായങ്ങളുടെ കരുത്ത്. എല്ലാ മേഖലളിലും ഈ മികവ് നിങ്ങള്‍
ഉപയോഗിക്കണം. ഗ്രാമീണ സമ്പദ്മേഖലയിലെ നിക്ഷേപത്തിന്റെ പരിപൂര്‍ണ മെച്ചം
നേടിയെടുക്കണമെന്നും കര്‍ഷകരുമായി പങ്കാളിത്തം സാധ്യമാക്കണമെന്നുമാണ്
എനിക്ക് സിഐഐയിലെ മുഴുവന്‍ സുഹൃത്തുക്കളോടും ആവശ്യപ്പെടാനുള്ളത്.
ഗ്രാമങ്ങള്‍ക്കു സമീപമുള്ള പ്രാദേശിക കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ
ക്ലസ്റ്ററുകള്‍ക്ക് അത്യാവശ്യമുള്ള അടിസ്ഥാന സൗകര്യം ഇപ്പോള്‍
വികസിപ്പിച്ചിട്ടുണ്ട്. സിഐഐയിലെ ഓരോ അംഗത്തിനും വന്‍തോതിലുള്ള
അവസരങ്ങളാണുള്ളത്.
സുഹൃത്തുക്കളേ,
കൃഷിഭൂമി, മല്‍സ്യബന്ധനം, ഭക്ഷ്യ സംസ്‌കരണം, ചെരുപ്പു നിര്‍മാണം,
ഔഷധങ്ങള്‍ തുടങ്ങി വിവിധ മേഖലകളില്‍ പുതിയ അവസരങ്ങളുടെ വാതിലുകള്‍
നിങ്ങള്‍ക്കു വേണ്ടി തുറന്നിരിക്കുന്നു. നഗരങ്ങളിലേക്കു
കുടിയേറുന്നവര്‍ക്ക് വാടകയ്ക്കു സൗകര്യമൊരുക്കുന്നതിനു ഗവണ്‍മെന്റ്
പ്രഖ്യാപിച്ച പദ്ധതിയില്‍ സജീവ പങ്കാളിത്തം വഹിക്കുന്നതിന് ഞാന്‍
നിങ്ങളെല്ലാവരെയും ക്ഷണിക്കുന്നു.
സുഹൃത്തുക്കളേ,
രാജ്യത്തിന്റെ വികസന യാത്രയില്‍ സ്വകാര്യ മേഖലയെ
പങ്കാളികളാക്കുന്നതിനാണ് ഞങ്ങളുടെ ഗവണ്‍മെന്റ് പരിഗണന നല്‍കുന്നത്.
ആത്മനിര്‍ഭര്‍ ഭാരതുമായി ബന്ധപ്പെട്ട നിങ്ങളുടെ ഏത് ആവശ്യവും നടപ്പാകും.
നിങ്ങളുമായും അതിലെ ഓരോ പങ്കാളിയുമായും പതിവായി ഞാന്‍ ബന്ധം
പുലര്‍ത്തുന്നതായിരിക്കും. എല്ലാ മേഖലകളുടെയും വിശദമായ പഠനവുമായി
വരണമെന്ന് നിങ്ങളോടു ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു; സമവായം
കെട്ടിപ്പടുക്കുക; ആശയങ്ങള്‍ വികസിപ്പിക്കുകയും ബൃഹത്തായി ചിന്തിക്കുകയും
ചെയ്യുക; നമ്മുടെ രാജ്യത്തിനു മാറ്റമുണ്ടാക്കുന്ന കൂടുതല്‍ ഘടനാപരമായ
പരിഷ്‌കാരങ്ങള്‍ക്ക് നമുക്ക് ഒന്നിച്ചു പ്രവര്‍ത്തിക്കാം.
നമുക്കൊന്നിച്ച് ഒരു സ്വാശ്രയ ഇന്ത്യ കെട്ടിപ്പടുക്കാം. സുഹൃത്തുക്കളേ,
വരൂ, രാജ്യത്തെ സ്വാശ്രയമാക്കുന്നതിന് നമുക്കൊരു പ്രതിജ്ഞയെടുക്കാം. ഈ
ദൃഢനിശ്ചയം സാക്ഷാത്കരിക്കുന്നതിന് നിങ്ങളുടെ മുഴുവന്‍ ശേഷിയും
വിനിയോഗിക്കുക. ഗവണ്‍മെന്റ് നിങ്ങള്‍ക്കൊപ്പമുണ്ട്, നിങ്ങള്‍
നിര്‍ബന്ധമായും രാജ്യത്തിന്റെ ലക്ഷ്യങ്ങള്‍ക്കൊപ്പം ഉണ്ടാകണം. നിങ്ങള്‍
വിജയിക്കും, നമ്മള്‍ വിജയിക്കും, രാജ്യം പുതിയ ഉയരങ്ങളില്‍ എത്തുകയും
സ്വാശ്രയമായി മാറുകയും ചെയ്യും. 125 വര്‍ഷം പൂര്‍ത്തിയാക്കിയ സിഐഐയെ
ഞാന്‍ ഒരിക്കല്‍ക്കൂടി അഭിനന്ദിക്കുന്നു. വളരയെധികം നന്ദി.
(Release ID: 1629289)
Visitor Counter : 286
Read this release in:
Hindi
,
Gujarati
,
English
,
Urdu
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Odia
,
Tamil
,
Telugu
,
Kannada