പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഒഡിഷയില്‍ ആകാശ നിരീക്ഷണം നടത്തിയ ശേഷം പ്രധാനമന്ത്രി നടത്തിയ പരാമര്‍ശങ്ങള്‍

Posted On: 22 MAY 2020 7:52PM by PIB Thiruvananthpuram

ലോകം ഒരു വശത്ത് കൊറോണ വൈറസില്‍നിന്നു മനുഷ്യ ജീവനകുള്‍ സംരക്ഷിക്കാനായി പൊരുതുകയാണ്. അത്തരമൊരു പ്രതിസന്ധി ഘട്ടത്തില്‍- കേന്ദ്ര ഗവണ്‍മെന്റോ സംസ്ഥാന ഗവണ്‍മെന്റുകളോ ആകട്ടെ- കഴിഞ്ഞ രണ്ടര മാസമായി എല്ലാ വകുപ്പുകളും പൗരന്‍മാരും കൊറോണ വൈറസിനെതിരെ പോരാടുകയാണ്. 
അത്തരമൊരു ഘട്ടത്തില്‍ ഒരു അതിശക്ത ചുഴലിക്കാറ്റു വീശിയതു വളരെയധികം ആശങ്കയുണര്‍ത്തുന്ന കാര്യമാണ്. ബംഗാളിലേക്കു നീങ്ങുമ്പോള്‍ അത് ഒഡിഷയില്‍ എത്രത്തോളം നാശം വിതയ്ക്കുമെന്നതും ആശങ്ക നിറഞ്ഞ കാര്യമായിരുന്നു. കൈക്കൊണ്ട തയ്യാറെടുപ്പുകളും ഗ്രാമങ്ങളിലെ പൗരന്‍മാര്‍ എന്തു ചെയ്യണമെന്ന അറിവുംകൊണ്ടു പൗരന്‍മാരുടെ ജീവന്‍ രക്ഷിക്കുന്നതില്‍ വലിയ നേട്ടം കൈവരിക്കാന്‍ ഒഡിഷയ്ക്കു സാധിച്ചു. ഒഡിഷയിലെ പൗരന്‍മാര്‍ക്കും ഭരണകൂടത്തിനും മുഖ്യമന്ത്രി ശ്രീ. നവീന്‍ ബാബുവിനും അദ്ദേഹത്തിന്റെ ടീമിനും അഭിനന്ദനങ്ങള്‍. 
എന്നാല്‍, ഇത്രയും വലിയ പ്രകൃതി ദുരന്തമുണ്ടാവുമ്പോള്‍ വളരെയധികം സ്വത്തുനാശമുണ്ടാകും. പശ്ചിമ ബംഗാളുമായി താരതമ്യം ചെയ്യുമ്പോള്‍ ഒഡിഷയില്‍ ഉണ്ടായ നഷ്ടം കുറവാണ്. എങ്കിലും സംസ്ഥാനത്തുകൂടെ കടന്നുപോയപ്പോള്‍ ചുഴലിക്കാറ്റ് അതിന്റെ അടയാളം ബാക്കിവെച്ചു. ഇതൊരു വലിയ പ്രതിസന്ധിയാണ്. അതിനാല്‍ തന്നെ, വീടുകള്‍ക്കും കൃഷിക്കും വൈദ്യുതിക്കും ആശയവിനിമയത്തിനും അടിസ്ഥാന സൗകര്യ മേഖലയ്ക്കും സംഭവിച്ച നാശം ഞാന്‍ പൂര്‍ണമായും വിലയിരുത്തി. സംസ്ഥാന ഗവണ്‍മെന്റ് പ്രാഥമികമായ എല്ലാ വിവരവും എനിക്കു ലഭ്യമാക്കിയിരുന്നു. 
കാര്യങ്ങള്‍ വിലയിരുത്തിയശേഷമുള്ള സംസ്ഥാന ഗവണ്‍മെന്റിന്റെ റിപ്പോര്‍ട്ട് കേന്ദ്ര ഗവണ്‍മെന്റിന് ഉടന്‍ ലഭിക്കും. ഒരു കേന്ദ്ര സംഘം ഉടന്‍ ഇവിടെ എത്തുകയും ചെയ്യും. മൊത്തത്തിലുള്ള സാഹചര്യം വിലയിരുത്തിയശേഷം ജോലിയും ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള സഹായത്തിനും പുനരുജ്ജീവനത്തിനും പുനരധിവാസത്തിനും സഹായവും നല്‍കുകയും ചെയ്യും. ഈ കാര്യങ്ങള്‍ക്കെല്ലാം മുന്‍ഗണന നല്‍കി മുന്നോട്ടുപോകും. 
എന്നാല്‍, അടിയന്തര സാഹചര്യം മനസ്സിലാക്കി കേന്ദ്ര ഗവണ്‍മെന്റ് 500 കോടി രൂപ നല്‍കും. ബാക്കി ആവശ്യങ്ങള്‍ വ്യക്തമാവുകയും പുനരധിവാസത്തിനുള്ള ആസൂത്രണം തയ്യാറാവുകയും ചെയ്യുന്നതോടെ കേന്ദ്ര ഗവണ്‍മെന്റ് ഒഡിഷയുടെ വികസനത്തിനായി സംസ്ഥാന ഗവണ്‍മെന്റിനൊപ്പം തോളോടുതോള്‍ ചേര്‍ന്നു പ്രവര്‍ത്തിക്കും. പ്രതിസന്ധിയില്‍നിന്നു കരകയറാന്‍ സംസ്ഥാനത്തെ സഹായിക്കുകയും ചെയ്യും. 
വളരെയധികം നന്ദി!


(Release ID: 1626330) Visitor Counter : 128