വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

കമ്യൂണിറ്റി റേഡിയോകളിലെ പരസ്യ സമയം മണിക്കൂറില്‍ 12 മിനിറ്റാക്കി ഉയര്‍ത്തുന്നതിനുള്ള ആലോചനകള്‍ സജീവം: കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍



കമ്യൂണിറ്റി റേഡിയോയില്‍ വാര്‍ത്താ ബുള്ളറ്റിനുകള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള നിര്‍ദേശം പരിഗണനയില്‍; കമ്യൂണിറ്റി റേഡിയോകളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള പദ്ധതിയും ഉടന്‍: പ്രകാശ് ജാവദേക്കര്‍

Posted On: 22 MAY 2020 7:44PM by PIB Thiruvananthpuram


ടെലിവിഷന്‍ ചാനലുകളില്‍ ഉള്ളതുപോലെ കമ്യൂണിറ്റി റേഡിയോകളിലും പരസ്യസമയം മണിക്കൂറില്‍ നിലവിലുള്ള 7 മിനിറ്റില്‍ നിന്ന് 12 മിനിറ്റായി ഉയര്‍ത്തുന്ന കാര്യം പരിഗണനയിലുണ്ടെന്ന് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി ശ്രീ. പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. ഒരേ സമയം ര്ാജ്യത്തെ എല്ലാ കമ്യൂണിറ്റി റേഡിയോ സ്റ്റേഷനുകളുടെയും ശ്രോതാക്കള്‍ക്കായി നടത്തിയ പ്രക്ഷേപണത്തില്‍ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. ഇന്ന് രാത്രി ഏഴിനും 7.30നും രണ്ടു ഭാഗങ്ങളായാണ് പരിപാടി പ്രക്ഷേപണം ചെയ്തത്.


കമ്യൂണിറ്റി റേഡിയോ സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിന്റെ 75 ശതമാനം ചെലവും വഹിക്കുന്നത് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയമാണെന്ന് ശ്രീ. ജാവദേക്കര്‍ പറഞ്ഞു. ദൈനംദിന പ്രവര്‍ത്തനങ്ങളുടെ ചെലവ് സ്റ്റേഷനുകള്‍ വഹിക്കുന്നു. നിലവില്‍ കമ്യൂണിറ്റി റേഡിയോ സ്റ്റേഷനുകള്‍ക്ക് അനുവദിച്ചിരിക്കുന്ന പരസ്യസമയം മണിക്കൂറില്‍ ഏഴു മിനിറ്റാണ്. എന്നാല്‍, ടെലിവിഷന്‍ ചാനലുകള്‍ക്ക് 12 മിനിറ്റാണ് അനുവദിച്ചിട്ടുള്ളതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. എല്ലാ റേഡിയോ സ്റ്റേഷനുകള്‍ക്കും സമാന സമയം നല്‍കാന്‍ ആഗ്രഹമുണ്ടെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. അതിനാല്‍ത്തന്നെ അവര്‍ക്ക് പ്രത്യേക ധനസഹായം തേടേണ്ട ആവശ്യം വരില്ലെന്നും പ്രാദേശിക പരസ്യങ്ങള്‍ കമ്യൂണിറ്റി സ്റ്റേഷനുകളില്‍ കൂടുതലായി പ്രക്ഷേപണം ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു.


കമ്യൂണിറ്റി റേഡിയോ തന്നെ ഒരു സമൂഹമാണെന്ന് ആമുഖമായി മന്ത്രി പറഞ്ഞു. 'മാറ്റത്തിന്റെ പ്രതിനിധി'കളാണ് അവയെന്നു വിശേഷിപ്പിച്ച മന്ത്രി, ദശലക്ഷക്കണക്കിനു ജനങ്ങളിലേയ്ക്കാണ് ദിനംപ്രതി അവ എത്തുന്നതെന്നും സ്റ്റേഷനുകളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള പദ്ധതി മന്ത്രാലയം ഉടന്‍ കൊണ്ടുവരുമെന്നും പറഞ്ഞു.


കൊറോണ വൈറസിനെതിരായ പോരാട്ടം തുടരാന്‍ ജനങ്ങളെ ആഹ്വാനം ചെയ്ത മന്ത്രി, മറ്റു രോഗങ്ങളെ തുടച്ചു നീക്കിയതുപോലെ കൊറോണയെയും തുടച്ചുനീക്കുമെന്നും പറഞ്ഞു. എന്നിരുന്നാലും അതിനായി നമുക്ക് പുതിയ, ശരിയായ നാലു ഘട്ടങ്ങള്‍ ഉള്‍പ്പെടുന്നുവെന്ന് മന്ത്രി ഊന്നിപ്പറഞ്ഞു. പറ്റാവുന്നിടത്തോളം വീടുകളില്‍ കഴിയുക, പതിവായി കൈകള്‍ ശുചിയാക്കുക, പൊതു ഇടങ്ങളില്‍ മുഖാവരണം ധരിക്കുക, സാമൂഹ്യ അകലം പാലിക്കുക എന്നിവയാണവ.


കമ്യൂണിറ്റി റേഡിയോ ചാനലുകളില്‍ വാര്‍ത്താ പ്രക്ഷേപണം വേണമെന്ന പ്രധാന ആവശ്യത്തെക്കുറിച്ചും മന്ത്രി പരാമര്‍ശിച്ചു. എഫ് എം ചാനലുകളില്‍ ഉള്ളതുപോലെ വാര്‍ത്താപ്രക്ഷേപണത്തിന് കമ്യൂണിറ്റി റേഡിയോകളെയും അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്ന് അദ്ദേഹം ഉറപ്പു നല്‍കി. പ്രചരിക്കുന്ന വ്യാജ വാര്‍ത്തകള്‍ ശ്രദ്ധിച്ചും, പ്രാദേശിക സ്രോതസ്സുകളിലൂടെ അവയുടെ നിജസ്ഥിതി പരിശോധിച്ചും, വ്യാജ വാര്‍ത്താ ഭീഷണികള്‍ക്കെതിരായി പ്രവര്‍ത്തിക്കുന്നതില്‍ മുഖ്യ പങ്കുവഹിക്കാന്‍ ഇത്തരം സ്റ്റേഷനുകള്‍ക്കു കഴിയണമെന്ന് മന്ത്രി പറഞ്ഞു. യഥാര്‍ത്ഥ വസ്തുതകള്‍ ഓള്‍ ഇന്ത്യ റേഡിയോയുമായി പങ്കിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതിലൂടെ സത്യം കൂടുതല്‍ പേരില്‍ എത്തിക്കാന്‍ കഴിയും. പ്രസ്സ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയ്ക്കു കീഴില്‍ ഫാക്ട് ചെക്ക് സെല്ലിനു രൂപം നല്‍കിയിട്ടുണ്ടെന്നും കമ്യൂണിറ്റി റേഡിയോയ്ക്ക് ഫാക്ട് ചെക്ക് സെല്ലിന്റെ ജോലി പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.


കേന്ദ്ര ധനമന്ത്രി അടുത്തിടെ പ്രഖ്യാപിച്ച ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയെക്കുറിച്ചു സംസാരിച്ച ശ്രീ. ജാവദേക്കര്‍, കൃഷി, വ്യവസായം തുടങ്ങി വിവിധ മേഖലകള്‍ക്കുള്ള പരിഷ്‌കാരങ്ങള്‍ ഉള്‍ക്കൊള്ളുന്ന സമഗ്രമായ പദ്ധതിയാണ് ഇതെന്നും ഇറക്കുമതി കുറയ്ക്കാനും കയറ്റുമതി വര്‍ധിപ്പിക്കാനും പദ്ധതി ലക്ഷ്യമിടുന്നുവെന്നും പറഞ്ഞു. പദ്ധതിക്ക് മികച്ച സ്വീകാര്യതയാണ് കിട്ടിയതെന്നും ജനങ്ങള്‍ ഈ ഉത്തേജന പദ്ധതിയില്‍ സന്തുഷ്ടരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


പശ്ചാത്തലം:


പബ്ലിക് റേഡിയോ (ഓള്‍ ഇന്ത്യ റേഡിയോ), സ്വകാര്യ റേഡിയോ പ്രക്ഷേപണം (എഫ് എം) എന്നിവയ്ക്കൊപ്പം റേഡിയോ പ്രക്ഷേപണത്തിന്റെ മൂന്നാം നിരയാണ് കമ്യൂണിറ്റി റേഡിയോ. പ്രക്ഷേപണ പരിധി കുറഞ്ഞ എഫ് എം റേഡിയോ സ്റ്റേഷനാണിത്. പ്രാദേശിക വിഷയങ്ങള്‍ കേന്ദ്രീകരിച്ചുള്ള ഈ റേഡിയോ സ്റ്റേഷനുകള്‍ പ്രത്യേക വിഭാഗത്തിന്റെ ഉടമസ്ഥതയിലാണുണ്ടാകുക. ആ വിഭാഗത്തിന്റെ ആവശ്യങ്ങള്‍ക്കായി 10-15 കിലോമീറ്റര്‍ പരിധിയിലാകും പ്രവര്‍ത്തനം.


കമ്യൂണിറ്റി റേഡിയോകള്‍ക്കായി രൂപം നല്‍കിയ ആദ്യ നയം 2002ല്‍ പുറപ്പെടുവിച്ചതിനുശേഷമാണ് ഇന്ത്യയില്‍ കമ്യൂണിറ്റി റേഡിയോകള്‍ ആരംഭിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു മാത്രമാണ് ഈ നയത്തിന്റെ പശ്ചാത്തലത്തില്‍ കമ്യൂണിറ്റി റേഡിയോ സ്ഥാപിക്കാന്‍ അനുമതിയുള്ളത്. 2006ല്‍ നയം വിപുലീകരിച്ചപ്പോള്‍ സന്നദ്ധ സംഘടനകള്‍, കൃഷി വിജ്ഞാന്‍ കേന്ദ്രങ്ങള്‍, ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന മറ്റ് സംഘടനകള്‍ എന്നിവ പോലെ താഴെത്തട്ടില്‍ പ്രവര്‍ത്തിക്കുന്നവയ്ക്കും രാജ്യത്ത് കമ്യൂണിറ്റി റേഡിയോ സ്ഥാപിക്കാന്‍ അനുമതി നല്‍കി. ഇന്ന് രാജ്യത്ത് 290 കമ്യൂണിറ്റി റേഡിയോ സ്റ്റേഷനുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഏകദേശം 90 ദശലക്ഷം പേരാണ് ഈ കമ്യൂണിറ്റി റേഡിയോകളുടെ പരിധിയില്‍ വരുന്നത്. ഇവിടെ മറ്റുള്ള മാധ്യമങ്ങളുടെ സാന്നിധ്യം വളരെ പരിമിതമാണ്. പ്രാദേശിക ഭാഷയിലും ഭാഷാഭേദങ്ങളിലും ഈ കമ്യൂണിറ്റി റേഡിയോ സ്റ്റേഷനുകളില്‍ നിര്‍മ്മിക്കപ്പെട്ട പരിപാടികള്‍ക്ക് അതതു വിഭാഗങ്ങളില്‍ കൂടുതല്‍ സ്വാധീനം ചെലുത്താന്‍ കഴിയും.


വിവിധ വിഭാഗങ്ങളിലുള്ള കമ്യൂണിറ്റി സ്റ്റേഷനുകള്‍ ഇനി പറയുന്നു :-


ക്രമനമ്പര്‍, വിഭാഗം, എണ്ണം ക്രമത്തില്‍

1. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ 130

2. സന്നദ്ധ സംഘടനകള്‍ 143

3. കൃഷി വിജ്ഞാന്‍ കേന്ദ്രങ്ങള്‍ 17


ആകെ 290


കമ്യൂണിറ്റി റേഡിയോകളെ പിന്തുണയ്ക്കുന്നതിനായി 'ഇന്ത്യയിലെ കമ്യൂണിറ്റി റേഡിയോ പ്രസ്ഥാനത്തെ പിന്തുണയ്ക്കുക' എന്ന പേരില്‍ സര്‍ക്കാര്‍ പദ്ധതി നടപ്പാക്കുന്നുണ്ട്. 25 കോടി രൂപയാണ് ഇതിന് അനുവദിച്ചിട്ടുള്ളത്. നടപ്പുവര്‍ഷം 4.5 കോടി രൂപയാണ് പദ്ധതി വിഹിതം.


***


(Release ID: 1626192) Visitor Counter : 311