ആഭ്യന്തരകാര്യ മന്ത്രാലയം

ഒഡിഷയിലും പശ്ചിമ ബംഗാളിലും ഉം-പുന്‍ ചുഴലിക്കാറ്റ് നാശം വിതച്ച പ്രദേശങ്ങളിലെ രക്ഷാ- ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി എന്‍ സി എം സി

Posted On: 21 MAY 2020 12:24PM by PIB Thiruvananthpuram


ഒഡിഷയിലും പശ്ചിമ ബംഗാളിലും ഉം-പുന്‍ ചുഴലിക്കാറ്റ് നാശം വിതച്ച മേഖലകളിലെ സ്ഥിതിഗതികള്‍ അവലോകനം ചെയ്ത് നാഷണല്‍ ക്രൈസിസ് മാനേജ്‌മെന്റ് കമ്മിറ്റി (എന്‍ സി എം സി). അവലോകന യോഗത്തില്‍ ക്യാബിനറ്റ് സെക്രട്ടറി ശ്രീ. രാജീവ് ഗൗബ അധ്യക്ഷനായി.

കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കൃത്യമായ അറിയിപ്പും നാഷണല്‍ ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫോഴ്‌സിന്റെ (എന്‍ ഡി ആര്‍ എഫ്) കാലേക്കൂട്ടിയുള്ള ഇടപെടലും ജനങ്ങളെ പ്രദേശത്തു നിന്നും ഒഴിപ്പിക്കാന്‍ സഹായിച്ചതായി ഇരു സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ പറഞ്ഞു. പശ്ചിമ ബംഗാളില്‍ നിന്ന് അഞ്ചുലക്ഷം പേരെയും ഒഡിഷയില്‍ നിന്ന് രണ്ടു ലക്ഷം പേരെയുമാണ് മാറ്റിപ്പാര്‍പ്പിച്ചത്. ഇത് മരണസംഖ്യ കുറയ്ക്കാന്‍ സഹായിച്ചു. 1999ല്‍ ഒഡിഷയെ ബാധിച്ച സൂപ്പര്‍ സൈക്ലോണിന്റെ തീവ്രതയോട് അടുത്തു നില്‍ക്കുന്നതാണ് ഉം-പുന്‍ ചുഴലിക്കാറ്റും. 1999ല്‍ വ്യാപക നാശമാണ് ഉണ്ടായത്.

പശ്ചിമ ബംഗാളില്‍, പ്രത്യേകിച്ച് കൊല്‍ക്കത്തയില്‍, സ്ഥിതി നിയന്ത്രണത്തിലാക്കാന്‍ എന്‍ ഡി ആര്‍ എഫ് കൂടുതല്‍ സംഘങ്ങളെ വിന്യസിക്കും. ദുരിതത്തിലായ ജനങ്ങള്‍ക്ക് ആവശ്യമായ ഭക്ഷ്യധാന്യങ്ങള്‍ ഉറപ്പാക്കുമെന്ന് എഫ് സി ഐയും അറിയിച്ചിട്ടുണ്ട്. 

ഊര്‍ജ മന്ത്രാലയവും ടെലി കമ്യൂണിക്കേഷന്‍ വകുപ്പും ഇരു സംസ്ഥാനങ്ങളിലെയും സേവനങ്ങള്‍ അതിവേഗം പുനഃസ്ഥാപിക്കും. നാശനഷ്ടങ്ങള്‍ ഏറെ നേരിട്ട റെയില്‍വെയും എത്രയും വേഗം പ്രവര്‍ത്തനം പുനരാരംഭിക്കാനുള്ള നീക്കത്തിലാണ്. 

കൃഷി, വൈദ്യുതി, ടെലി കമ്യൂണിക്കേഷന്‍ മേഖലകളില്‍ ചുഴലിക്കാറ്റ് കാര്യമായ നാശനഷ്ടമുണ്ടാക്കിയതായി പശ്ചിമ ബംഗാള്‍ അറിയിച്ചു. കാര്‍ഷിക മേഖലയെയാണ് പ്രധാനമായും ചുഴലിക്കാറ്റ് ബാധിച്ചതെന്ന് ഒഡിഷ വ്യക്തമാക്കി.

രക്ഷാപ്രവര്‍ത്തനവും പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളും അവലോകനം ചെയ്ത കാബിനറ്റ് സെക്രട്ടറി, കേന്ദ്ര മന്ത്രാലയങ്ങളോടും ഏജന്‍സികളോടും ഒഡിഷ, പശ്ചിമ ബംഗാള്‍ സംസ്ഥാന സര്‍ക്കാരുകളുമായി അടുത്ത ബന്ധം പുലര്‍ത്തണമെന്ന് ആവശ്യപ്പെട്ടു. വേണ്ട  സഹായങ്ങള്‍ പെട്ടെന്ന് എത്തിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. കെടുതിയുടെ കണക്കു വിലയിരുത്തുന്നതിനും റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനും ആഭ്യന്തര മന്ത്രാലയം പ്രത്യേക സംഘങ്ങളെ നിയോഗിക്കും.



(Release ID: 1625724) Visitor Counter : 173