ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ്  19 സംബന്ധിച്ച പുതിയ വിവരങ്ങള്‍

Posted On: 12 MAY 2020 5:13PM by PIB Thiruvananthpuram



കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ദ്ധന്‍ ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളുമായും കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരുമായും ലഡാക്കുമായും കോവിഡ് 19 മായി ബന്ധപ്പെട്ട ചര്‍ച്ച നടത്തി. ഈ സംസ്ഥാനങ്ങളിലെ നിലവിലെ സ്ഥിതി അദ്ദേഹം വിലയിരുത്തി.

ജമ്മു ആന്‍ഡ് കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണ്ണര്‍ ഗിരീഷ് ചന്ദ്ര മുര്‍മ്മു, ലഡാക്ക് ലഫ്റ്റനന്റ് ഗവര്‍ണ്ണര്‍ ആര്‍ കെ മാത്തൂര്‍, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത്, ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ജയ് റാം താക്കുര്‍ എന്നിവരുമായാണ് ഉന്നതതല യോഗം നടത്തിയത്.

2020 മെയ് 12 വരെ രാജ്യത്ത് 70, 756 പേര്‍ക്ക് കൊവിഡ് ബാധയുണ്ടായതായി വ്യക്തമാക്കിയ മന്ത്രി 2,293 പേര്‍ മരിച്ചതായി അറിയിച്ചു. 22,455 പേര്‍ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 3604 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായും ഹര്‍ഷ് വര്‍ദ്ധന്‍ അറിയിച്ചു. രാജ്യത്തെ മരണനിരക്ക് 3.2 ശതമാനവും രോഗമുക്തി നിരക്ക് 31.74 ശതമാനവുമാണെന്ന് മന്ത്രി വ്യക്തമാക്കി.
രാജ്യത്ത് 347 ഗവണ്‍മെന്റ് ലാബുകളിലും 137 സ്വകാര്യ ലാബുകളിലുമായി പ്രതിദിനം 1 ലക്ഷം പേര്‍ക്ക് കോവിഡ് പരിശോധന നടത്തുന്നു.  ഇതുവരെ 17,62,840 പേര്‍ക്കാണ്  പരിശോധന നടത്തിയത്.

പ്രവാസികള്‍ രാജ്യത്തേക്ക് മടങ്ങിവരുന്ന സാഹചര്യത്തില്‍ അവര്‍ക്കാവശ്യമായ സൗകര്യങ്ങളും പരിശോധനകളും ക്വാറന്റൈന്‍/ ഐസൊലേഷന്‍, ചികിത്സ എന്നിവയും അതത് സംസ്ഥാന സര്‍ക്കാരുകള്‍ ഏര്‍പ്പെടുത്തണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. തിരികെ വരുന്ന എല്ലാവരും ആരോഗ്യ സേതു ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കണം.തിരിച്ചുപോകുന്ന അതിഥി തൊഴിലാളികളുടെ കാര്യത്തിലുംപ്രത്യേക ശ്രദ്ധ വേണമെന്ന് ശ്രീ.ഹര്‍ഷ് വര്‍ദ്ധന്‍ പറഞ്ഞു



(Release ID: 1623411) Visitor Counter : 196