ആഭ്യന്തരകാര്യ മന്ത്രാലയം

ആരോഗ്യവിദഗ്‌ധരുടെയും പാരാ മെഡിക്കൽ ജീവനക്കാരുടെയും സുഗമമായ സഞ്ചാരം ഉറപ്പുവരുത്തുവാനും എല്ലാ സ്വകാര്യക്ലിനിക്കുകളും നഴ്സിംഗ് ഹോമുകളും ലാബുകളും തുറക്കുവാനും  കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാനങ്ങളോട്‌ നിർദേശിച്ചു.

Posted On: 11 MAY 2020 12:10PM by PIB Thiruvananthpuram

 കോവിഡ്‌–-കോവിഡിതര അടിയന്തിര സാഹചര്യങ്ങളെ നേരിടാൻ അത്‌ വളരെ അത്യാവശ്യമാണെന്നും മന്ത്രാലയം

ന്യൂഡൽഹി , മെയ് 11, 2020
 
2020 മെയ് 10 ന്  കേന്ദ്ര കാബിനറ്റ് സെക്രട്ടറി അധ്യക്ഷത വഹിച്ച് വീഡിയോ കോൺഫറൻസിലൂടെ നടന്ന യോഗത്തിൽ ,  ആരോഗ്യവിദഗ്‌ധരുടെയും പാരാ മെഡിക്കൽ ജീവനക്കാരുടെയും സുഗമമായ സഞ്ചാരത്തിന് ചില സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്  ചർച്ചയായി.

യോഗ തീരുമാനമനുസരിച്ച്‌ പൊതുജനാരോഗ്യ ആവശ്യങ്ങൾ നിറവേറ്റുന്നതിനും വിലയേറിയ മനുഷ്യ ജീവനുകൾ  രക്ഷിക്കുന്നതിനും എല്ലാ ആരോഗ്യ വിദഗ്‌ധരുടെയും തടസ്സമില്ലാതെയുള്ള നീക്കം അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തരമന്ത്രാലയം എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്കും കത്തെഴുതിയിട്ടുണ്ട്.

ആരോഗ്യവിദഗ്‌ധരുടെയും പാരാ മെഡിക്കൽ ജീവനക്കാരുടെയും സുഗമമായ സഞ്ചാരത്തിന് എന്തെങ്കിലും നിയന്ത്രണം ഏർപ്പെടുത്തിയാൽ കോവിഡ്‌–-കോവിഡിതര ആരോഗ്യ സേവനങ്ങൾ എത്തിക്കുന്നതിൽ വലിയ വിഘാതമുണ്ടായേക്കാമെന്നും കത്തിൽ കൂട്ടിച്ചേർത്തിട്ടുണ്ട്‌.

 ആരോഗ്യവിദഗ്‌ധർ, നഴ്‌സുമാർ, പാരാ മെഡിക്കൽ, ശുചികരണ ജീവനക്കാർ, ആംബുലൻസുകൾ എന്നിവയുടെ സുഗമമായ നീക്കം എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും ഉറപ്പാക്കണമെന്ന് കത്തിൽ എടുത്തുപറയുന്നു.

എല്ലാ കോവിഡ്–- കോവിഡ് ഇതര ആരോഗ്യ  സേവനങ്ങളും തടസ്സമില്ലാതെ രോഗികൾക്ക് എത്തിച്ചു നൽകാൻ ഇത് സഹായിക്കും. മുകളിൽ സൂചിപ്പിച്ച എല്ലാ വിദഗ്‌ധരുടെയും അന്തർസംസ്ഥാനനീക്കത്തിന് സംസ്ഥാനങ്ങൾക്കും  കേന്ദ്ര ഭരണപ്രദേശങ്ങൾക്കും സൗകര്യമൊരുക്കാം.

എല്ലാ സ്വകാര്യക്ലിനിക്കുകളും നഴ്സിംഗ് ഹോമുകളും ലാബുകളും അവരുടെ എല്ലാ ആരോഗ്യവിദഗ്‌ധരെയും  ജീവനക്കാരെയും ഉൾപ്പെടുത്തി തുറക്കാൻ അനുവദിക്കണമെന്ന് കത്തിൽ ഊന്നിപ്പറഞ്ഞിട്ടുണ്ട്. എല്ലാ രോഗികൾക്കും, കോവിഡ്‌–- കോവിഡ്‌ ഇതര അടിയന്തിര സാഹചര്യങ്ങളിൽ തടസ്സമില്ലാതെ സേവനങ്ങൾ നൽകാനും ആശുപത്രികളുടെ ഭാരം ലഘൂകരിക്കാനും ഇത് സഹായകമാവും.

വിശദമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക : https://static.pib.gov.in/WriteReadData/userfiles/11.5.2020%20Hs%20to%20CS%20reg.%20Movement%20of%20Medical%20Professionals.pdf(Release ID: 1622951) Visitor Counter : 208