പ്രധാനമന്ത്രിയുടെ ഓഫീസ്
സാമ്പത്തിക മേഖലയെ കുറിച്ചും ഇന്ത്യയിലെ വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനു കൈക്കൊള്ളേണ്ട നടപടികളെ കുറിച്ചും പ്രധാനമന്ത്രി വിശദമായ യോഗം വിളിച്ചു
Posted On:
02 MAY 2020 10:57PM by PIB Thiruvananthpuram
നിലവിലുള്ള സാഹചര്യത്തില്‍ സാമ്പത്തിക രംഗത്ത് ആവശ്യമായ ഇടപെടലുകള്‍ സംബന്ധിച്ചും വളര്‍ച്ചയും ക്ഷേമവും വര്‍ധിപ്പിക്കുന്നതിനായി നടത്തേണ്ട ഘടനാപരമായ പരിഷ്‌കാരണങ്ങള്‍ സംബന്ധിച്ചും ചര്‍ച്ച ചെയ്യുന്നതിനായി പ്രധാനമന്ത്രി യോഗം വിളിച്ചുചേര്‍ത്തു.
ധനകാര്യ മന്ത്രിയും ഉദ്യോഗസ്ഥരുമായുള്ള യോഗത്തില്‍ സ്വകാര്യ മേഖലയെയും കര്‍ഷകരെയും പിന്‍തുണയ്ക്കുന്നതിനും പണ ലഭ്യത വര്‍ധിപ്പിക്കുന്നതിനും വായ്പയുടെ ഒഴുക്കു ശക്തിപ്പെടുത്തുന്നതിനും ആവശ്യമായ തന്ത്രങ്ങളും ഇടപെടലുകളും സംബന്ധിച്ച് അദ്ദേഹം ചര്‍ച്ച ചെയ്തു. കോവിഡ്- 19ന്റെ സാഹചര്യത്തില്‍ സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കുന്നതിനുള്ള വഴികളും പ്രത്യാഘാതങ്ങളെ അതിവേഗം അതിജീവിക്കുന്നതിനു കൈക്കൊണ്ട നടപടികളും പ്രധാനമന്ത്രി ചര്‍ച്ച ചെയ്തു.
തൊഴിലാളികളുടെയും സാധാരണക്കാരുടെയും ക്ഷേമത്തെ കുറിച്ചു ചര്‍ച്ച ചെയ്യവേ, ഗുണകരമായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ചൂണ്ടിക്കാട്ടി. കോവിഡ്- 19 സൃഷ്ടിച്ച തടസ്സങ്ങള്‍ മറികടക്കാന്‍ ബിസിനസ് മേഖലയെ സഹായിച്ചുകൊണ്ടു വേണം ഇതു സാധ്യമാക്കാനെന്നു വിശദീകരിക്കുകയും ചെയ്തു.
മുന്‍കാലങ്ങളില്‍ നടപ്പാക്കിയ ഘടനാപരമായ പരിഷ്‌കാരങ്ങള്‍ ശക്തമാക്കേണ്ടതിന്റെ ആവശ്യകതയ്ക്ക് അടിവരയിട്ട പ്രധാനമന്ത്രി കോര്‍പറേറ്റ് ഭരണം, വായ്പാ വിപണി, അടിസ്ഥാന സൗകര്യ മേഖലകള്‍ എന്നിവയില്‍ ഘടനാപരമായ പുതിയ പരിഷ്‌കാരങ്ങള്‍ അനിവാര്യമാണെന്ന് ഓര്‍മിപ്പിക്കുകയും ചെയ്തു.
പുതിയ അടിസ്ഥാന സൗകര്യ പദ്ധതികള്‍ ആരംഭിക്കുന്നതിനും അടിസ്ഥാന സൗകര്യ മേഖലയിലെ പ്രവൃത്തികളുടെ വേഗം കൂട്ടുന്നതിനും പെട്ടെന്നു നടപടി സ്വീകരിക്കണമെന്നതിന് അദ്ദേഹം ഊന്നല്‍ നല്‍കി. ഇതുവഴി കോവിഡ്- 19 നിമിത്തം ഉണ്ടായ സമയനഷ്ടം നികത്താന്‍ സാധിക്കണമെന്നു പ്രധാനമന്ത്രി പറഞ്ഞു. കാലതാമസം ഒഴിവാക്കുന്നതിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമായി നാഷണല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പൈപ്പ്‌ലൈനിന്റെ കീഴിലുള്ള പദ്ധതികള്‍ ഇടയ്ക്കിടെ ഉന്നത തലത്തില്‍ അവലോകനം ചെയ്യണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.
വിവിധ മന്ത്രാലയങ്ങള്‍ നടപ്പാക്കിവരുന്ന പരിഷ്‌കരണ നടപടികള്‍ തടസ്സമില്ലാതെ മുന്നോട്ടുപോകണമെന്നും നിക്ഷേപത്തിന്റെ ഒഴുക്കിനോ മൂലധന രൂപീകരണത്തിനോ എന്തെങ്കിലും തടസ്സം സംഭവിക്കുന്നത് ഒഴിവാക്കാന്‍ സമയബന്ധിതമായി നടപടി കൈക്കൊള്ളണമെന്നും ചര്‍ച്ച ചെയ്യപ്പെട്ടു.
ആഭ്യന്തര മന്ത്രി, ധനകാര്യ മന്ത്രി, ധനകാര്യ മന്ത്രാലയം സെക്രട്ടറിമാര്‍, മുതിര്‍ന്ന കേന്ദ്ര ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
(Release ID: 1620573)
Visitor Counter : 258
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada