പ്രധാനമന്ത്രിയുടെ ഓഫീസ്‌

കല്‍ക്കരി, ഖനന മേഖലയെ ഉത്തേജിപ്പിക്കുന്നതിനായി പ്രധാനമന്ത്രി മോദി യോഗം വിളിച്ചു

Posted On: 30 APR 2020 8:52PM by PIB Thiruvananthpuram


കോവിഡ്- 19ന്റെ പശ്ചാത്തലത്തില്‍ സമ്പദ് വ്യവസ്ഥയ്ക്ക് ഉത്തേജനം പകരുന്നതിനായി കല്‍ക്കരി, ഖനന മേഖലയില്‍ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വിശദമായ യോഗം നടത്തി. ആഭ്യന്തര സ്രോതസ്സുകളില്‍നിന്ന് എളുപ്പത്തില്‍ ആവശ്യത്തിനു ധാതുവിഭവങ്ങള്‍ കണ്ടെത്തുകയെന്നത് ഉറപ്പുവരുത്തുന്നതിനും പര്യവേക്ഷണം വര്‍ധിപ്പിക്കുന്നതിനും നിക്ഷേപം ആകര്‍ഷിക്കുന്നതിനും ആധുനിക സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്നതിനും സുതാര്യവും ഫലപ്രദവുമായ നടപടിക്രമങ്ങളിലൂടെ കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കുന്നതിനും തേടേണ്ട വഴികള്‍ ചര്‍ച്ച ചെയ്തു. 
കൂടുതല്‍ ബ്ലോക്കുകള്‍ ലേലംചെയ്യുക, ലേലങ്ങളില്‍ കൂടുതല്‍ പങ്കാളിത്തം ഉറപ്പാക്കുക, ധാതുവിഭവങ്ങളുടെ ഉല്‍പാദനം വര്‍ധിപ്പിക്കുക, ഖനനച്ചെലവും കടത്തുകൂലിയും കുറയ്ക്കുക, ബിസിനസ് ചെയ്യുന്നത് എളുപ്പമാക്കുക, പരിസ്ഥിതി സൗഹൃദപരമായ വികസനത്തിലൂടെ കാര്‍ബണ്‍ ഫുട്പ്രിന്റ് കുറയ്ക്കുക തുടങ്ങിയ കാര്യങ്ങളും ചര്‍ച്ച ചെയ്യപ്പെട്ടു. 
ലേലത്തിന്റെ ഘടനയില്‍ പരിഷ്‌കാരം വരുത്തുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, ഫലപ്രദമായ സ്ഥാപനപരമായ സജ്ജീകരണങ്ങള്‍, പര്യവേക്ഷണത്തിലും ഖനനത്തിലും സ്വകാര്യമേഖലയുടെ പങ്കാളിത്തം, പൊതുമേഖല കൂടുതല്‍ മല്‍സരക്ഷമത ഉള്ളതാക്കല്‍, ധാതു വികസന ഫണ്ട് വഴി സമൂഹ വികസന പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തല്‍ തുടങ്ങിയ കാര്യങ്ങളും ചര്‍ച്ച ചെയ്തു. ആഭ്യന്തര വിതരണത്തിനു കടല്‍മാര്‍ഗം ഉപയോഗപ്പെടുത്തുന്നത് ഉള്‍പ്പെടെ ധാതുക്കള്‍ കടത്തുന്നതിനുള്ള അടിസ്ഥാന സൗകര്യം മെച്ചപ്പെടുന്നതും ചര്‍ച്ച ചെയ്തു.
ഖനികളില്‍നിന്നു റയില്‍വേ കേന്ദ്രങ്ങള്‍ വരെയുള്ള ഫലപ്രദവും പരിസ്ഥിതി സൗഹൃദപരവുമായ കണക്റ്റിവിറ്റി വര്‍ധിപ്പിക്കുന്നതും റെയില്‍ വാഗണുകളില്‍ ഓട്ടോമാറ്റിങ് ലോഡിങ്, കല്‍ക്കരി വാതകവല്‍ക്കരണവും ദ്രവവല്‍ക്കരണവും, കല്‍ക്കരി അടിസ്ഥാനമാക്കിയുള്ള മീഥേന്‍ പര്യവേക്ഷണം എന്നീ മേഖലകളുടെ പരിഷ്‌കരണവും ചര്‍ച്ച ചെയ്തു. 
തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിലും വളര്‍ച്ച പ്രോല്‍സാഹിപ്പിക്കുന്നതിലും ഖനി മേഖലയുടെ സംഭാവനകള്‍ പ്രധാനമന്ത്രി വിലയിരുത്തി. ധാതുക്കളുടെ ഉല്‍പാദനത്തിലും ആഭ്യന്തര സംസ്‌കരണത്തിലും രാജ്യത്തിനുള്ള സ്വാശ്രയത്വം മെച്ചപ്പെടുത്തുന്നതിന് അദ്ദേഹം ഊന്നല്‍ നല്‍കി. ധാതു മേഖല രാജ്യാന്തര നിലവാരത്തിലേക്ക് ഉയരണമെന്നും അതിനു കര്‍മപദ്ധതി തയ്യാറാക്കണമെന്നും ശ്രീ. മോദി ഉപദേശിച്ചു. ഖനനം ഫലപ്രദമാക്കുന്നതിനായി ആധുനിക സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തണമെന്ന് അദ്ദേഹം ആഹ്വാനംചെയ്തു. ക്ലിയറന്‍സ് വൈകുന്നത് ഒഴിവാക്കാന്‍ നടപടി കൈക്കൊള്ളണമെന്നും സമ്പദ്‌വ്യവസ്ഥയ്ക്ക് ഉത്തേജനം പകരുന്നതിനായി സ്വകാര്യ നിക്ഷേപം വര്‍ധിപ്പിക്കുന്നതിനു സംസ്ഥാനങ്ങളുമായുള്ള പങ്കാളിത്തത്തോടെ പ്രവര്‍ത്തിക്കണമെന്നും നിര്‍ദേശിക്കുകയും ചെയ്തു. രാജ്യത്ത് ഈ വര്‍ഷം വലിയ അളവു കല്‍ക്കരിശേഖരം ഉണ്ടെന്നിരിക്കെ, തെര്‍മല്‍ കോള്‍ ഇറക്കുമതിക്കു പകരംവഴി തേടാന്‍ പ്രധാനമന്ത്രി നിര്‍ദേശം നല്‍കി. 

****


(Release ID: 1619874) Visitor Counter : 210