സൂക്ഷ്മ, ചെറുകിട, ഇടത്തരം മന്ത്രാലയം

എം.എസ്.എം.ഇ മേഖലയിലെ പദ്ധതികള്‍,ആശയങ്ങള്‍, ഗവേഷണങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പോര്‍ട്ടലിന് തുടക്കം

Posted On: 30 APR 2020 3:56PM by PIB Thiruvananthpuram

 

 

സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭ മേഖലയിലെ സമഗ്ര വിവരങ്ങളുള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പോര്‍ട്ടലിന്റെ (http://ideas.msme.gov.in/) ഉദ്ഘാടനം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി ശ്രീ. നിതിന്‍ ഗഡ്കരി  ഇന്ന് നാഗ്പൂരില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ  നിര്‍വഹിച്ചു.

കേന്ദ്ര- സംസ്ഥാന- കേന്ദ്രഭരണ പ്രദേശങ്ങളിലെ ഗവണ്‍മെന്റുകളുടെ എല്ലാ പദ്ധതികളും  ഈ വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.  ഈ മേഖലയിലെ പുതിയ ആശയങ്ങള്‍, ഗവേഷണങ്ങള്‍ എന്നിവ അപ്ലോഡ് ചെയ്യുന്നതിനും സൈറ്റില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്, ആശയങ്ങള്‍ സമാഹരിക്കുന്നതിനും ഇവ ക്രൗഡ് സോഴ്സിംഗിലൂടെ വിലയിരുത്തുന്നതിനും സംവിധാനമുണ്ട്.  മൂലധന സമാഹരണം വിദേശ പങ്കാളിത്തം എന്നിവയ്ക്കും  വെബ്സൈറ്റ് സഹായിക്കും.

ചെറുകിട ഇടത്തരം വ്യവസായ മേഖലയില്‍ ഈ പോര്‍ട്ടല്‍ വലിയ മാറ്റത്തിന് വഴിതെളിക്കുമെന്നും  സമ്പദ്വ്യവസ്ഥക്ക് ഗുണകരമാകുമെന്നും ശ്രീ ഗഡ്കരി പറഞ്ഞു. ഓരോ മേഖല  തിരിച്ചുള്ള വര്‍ഗ്ഗീകരണവും വിവര വിശകലനവും ജീവിത വിജയകഥകളും പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തണമെന്നും ഇത് മറ്റുള്ളവര്‍ക്ക് പ്രചോദനമാകുമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ഗുണനിലവാരം മെച്ചപ്പെടുത്താന്‍ ഗവേഷണം, സാങ്കേതികവിദ്യ, നൂതനത്വം  എന്നിവയില്‍ കൂടുതല്‍  ശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം പറഞ്ഞു

 താല്‍പര്യമുള്ളവര്‍ക്ക് തങ്ങളുടെ ആശയങ്ങളോ ഗവേഷണഫലങ്ങളോ ഈ പോര്‍ട്ടലില്‍ രേഖപ്പെടുത്താനാവും. ഇത് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പരിശോധിച്ച് പൊതുജനങ്ങള്‍ക്കായി  പ്രസിദ്ധീകരിക്കും. രജിസ്റ്റര്‍ ചെയ്ത ഉപയോക്താക്കള്‍ക്ക് ഈ ആശയങ്ങളെ വിലയിരുത്താനാകും. കൂടാതെ മൂലധനനിക്ഷേപത്തിന് താല്‍പര്യമുള്ളവര്‍ക്ക് ബന്ധപ്പെട്ട ആശയംപങ്കുവെക്കുന്നവരോട് ബന്ധപ്പെടാനും തുടര്‍പ്രവര്‍ത്തനത്തിനും അവസരമൊരുക്കും.

ആശയം, നൂതനത്വം , ഗവേഷണം എന്നിവയ്ക്കുള്ള ഓണ്‍ലൈന്‍ ഫോമുകള്‍ അഞ്ച്- ആറ് മിനിറ്റിനുള്ളില്‍ എളുപ്പത്തില്‍ പൂരിപ്പിക്കാനാകും. ഇഷ്ടമുള്ള മേഖല(ധനകാര്യം, മനുഷ്യവിഭവ ശേഷി, സാങ്കേതികവിദ്യ, അടിസ്ഥാന സൗകര്യം, വിപണനം തുടങ്ങിയ)  തെരഞ്ഞെടുക്കാനും താല്‍പര്യമുള്ളവ (ഗ്രാമീണ സാങ്കേതികവിദ്യകള്‍, മാലിന്യത്തില്‍ നിന്ന് സമ്പത്ത്, കാര്‍ഷിക സസ്‌കരണം, ഖാദി, കയര്‍ മുതലായവ) രേഖപ്പെടുത്താനും സംവിധാനമുണ്ട്.

 

 ഉദ്ഘാടനച്ചടങ്ങില്‍ കേന്ദ്ര സൂക്ഷ്മ, ചെറുകിട ഇടത്തരം  സംരംഭ  മന്ത്രാലയം സഹമന്ത്രി പ്രതാപ് ചന്ദ്ര സാരംഗി, മന്ത്രാലയം സെക്രട്ടറി  ഡോ. അരുണ്‍ കുമാര്‍ പാണ്ഡെ,  ഡെപ്യൂട്ടി കമ്മീഷണര്‍  റാം മോഹന്‍ മിശ്ര, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുത്തു.


(Release ID: 1619670) Visitor Counter : 269