രാസവസ്തു, രാസവളം മന്ത്രാലയം

'ജന്‍ ഔഷധി സുഗം' മൊബൈല്‍ ആപ്ലിക്കേഷന്‍ പ്രയോജപ്പെടുത്തിയത് 325000 ത്തിലധികം പേര്‍

Posted On: 30 APR 2020 11:52AM by PIB Thiruvananthpuram

 

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് രാജ്യത്ത് പ്രഖ്യാപിക്കേണ്ടി ലോക്ക് ഡൗണ്‍ വേളയില്‍ 'ജന്‍ ഔഷധി സുഗം' മൊബൈല്‍ ആപ്ലിക്കേഷന്‍ ജനങ്ങള്‍ക്ക് ഏറെ സഹായകമാകുന്നു. ഏറ്റവും അടുത്തുള്ള പ്രധാന്‍മന്ത്രി ജന്‍ ഔഷധി കേന്ദ്രങ്ങള്‍(പി.എം.ജെ.കെ) കണ്ടെത്തുന്നതിനും മിതമായ വിലയില്‍ ലഭിക്കുന്ന ജനറിക് മരുന്നുകളുടെ ലഭ്യതയെ കുറിച്ച് അറിയുന്നതിനും ഈ ആപ്ലിക്കേഷന്‍ സഹായിക്കുന്നുണ്ട്.
ഇതുവരെ 325000-ലധികം പേരാണ് ഈ ആപ്ലിക്കേഷന്റെ സേവനം പ്രയോജപ്പെടുത്തിയത്. പ്രധാന്‍ മന്ത്രി ഭാരതീയ ജന ഔഷധി പരിയോജന (പി.എം.ബി.ജെ.പി)യുടെ ഗുണഫലങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിനും ഡിജിറ്റല്‍ സാങ്കേതിക വിദ്യയിലൂടെ ജനജീവിതം കൂടുതല്‍ അനായാസമാക്കുന്നതിനുമാണ് കേന്ദ്ര രാസവസ്തു, രാസവളം മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖല സ്ഥാപനമായ ബ്യൂറോ ഓഫ് ഫാര്‍മ ഈ ആപ്ലിക്കേഷന്‍ വികസിപ്പിച്ചത്.
ഏറ്റവും അടുത്തുള്ള ജന്‍ ഔഷധി കേന്ദ്രം കണ്ടെത്തുക, അവിടേക്ക് ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ വഴികാട്ടുക, ജനറിക് മരുന്നുകളുടെ ലഭ്യത, ബ്രാന്‍ഡഡ് മരുന്നുകളും അവയും തമ്മിലുള്ള ഗുണ-വിലവ്യത്യാസം തുടങ്ങിയവ വീട്ടിലിരുന്നുകൊണ്ടുതന്നെ മനസിലാക്കാനുള്ള ഡിജിറ്റല്‍ പ്ലാറ്റ്ഫോം എന്ന ആശയമാണ് ഈ ആപ്ലിക്കേഷന്റെ രൂപകല്‍പ്പനയിലേക്ക് നയിച്ചത്.
ആന്‍ഡ്രോയിഡ്, ഐ-ഫോണ്‍ പ്ലാറ്റ്ഫോമുകളില്‍ ഈ  മൊബൈല്‍ ആപ്പ് ലഭ്യമാണ്. ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പിള്‍ സ്റ്റോറിലും ഇത് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും.
കോവിഡിന് എതിരായ പോരാട്ടത്തില്‍ പി.എം.ബി.ജെ.പി പോലുള്ള ശ്രദ്ധേയമായ പദ്ധതികളിലൂടെ 900 ലധികം ഗുണനിലവാരമുള്ള ജനറിക്-മെഡിസിനുകളും 154 ശസ്ത്രക്രിയാ ഉപകരണങ്ങളും മിതമായ നിരക്കില്‍ ലഭ്യമാക്കി ആരോഗ്യസംരക്ഷണരംഗത്ത് വിപ്ലവം സൃഷ്ടിക്കുകയാണ് ഇന്ത്യ. രാജ്യത്ത് 726 ജില്ലകളിലായി  നിലവില്‍  6300 ലധികം  ജന്‍ ഔഷധി കേന്ദ്രങ്ങളാണ് പ്രവര്‍ത്തിക്കുന്നത്.

****



(Release ID: 1619525) Visitor Counter : 355