പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ബഹുമാനപ്പെട്ട ഷെയ്ഖ് ഹസീനയും ടെലിഫോണില്‍ സംസാരിച്ചു

Posted On: 29 APR 2020 8:19PM by PIB Thiruvananthpuram

 

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ബഹുമാനപ്പെട്ട ഷെയ്ഖ് ഹസീനയും ടെലിഫോണില്‍ സംസാരിച്ചു.
തന്റെയും ഇന്ത്യന്‍ ജനതയുടെയും പേരില്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്കും ബംഗ്ലാദേശ് ജനതയ്ക്കും പ്രധാനമന്ത്രി മോദി റമസാന്‍ ആശംസകള്‍ നേര്‍ന്നു 
കോവിഡ്- 19 മഹാവ്യാധി സംബന്ധിച്ച മേഖലാതല സാഹചര്യം ചര്‍ച്ച ചെയ്ത ഇരു നേതാക്കളും പ്രത്യാഘാതങ്ങള്‍ കുറച്ചുകൊണ്ടുവരുന്നതിനായി ഇരു രാജ്യങ്ങളും കൈക്കൊണ്ടുവരുന്ന നടപടികള്‍ ചര്‍ച്ച ചെയ്തു. 
മാര്‍ച്ച് 15നു നടന്ന സാര്‍ക് രാജ്യത്തലവന്‍മാരുടെ യോഗത്തില്‍ കൈക്കൊണ്ട പ്രത്യേക ക്രമീകരണങ്ങള്‍ നടപ്പാക്കുന്നതില്‍ ഉണ്ടായിട്ടുള്ള പുരോഗതിയില്‍ ഇരു നേതാക്കളും സന്തോഷം പ്രകടിപ്പിച്ചു. സാര്‍ക്കിന്റെ കോവിഡ്- 19 അടിയന്തര ഫണ്ടിലേക്ക് 15 ലക്ഷം ഡോളര്‍ വിഹിതം നല്‍കിയതിനു പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പ്രധാനമന്ത്രി മോദി നന്ദി അറിയിച്ചു. 
മേഖലയില്‍ കോവിഡ് 19നെ നേരിടുന്നതിനുള്ള ശ്രമങ്ങള്‍ ഏകോപിപ്പിച്ചതിനും ചികില്‍സാ സാമഗ്രികളായും ശേഷിവര്‍ധനയായും ബംഗ്ലാദേശിനു സഹായം നല്‍കിയതിനും പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പ്രധാനമന്ത്രി മോദിയെ നന്ദി അറിയിച്ചു. 
റോഡ്, റെയില്‍, ഉള്‍നാടന്‍ ജലഗതാഗതം, വ്യോമപാത എന്നീ മാര്‍ഗങ്ങളിലൂടെ അതിര്‍ത്തികള്‍ക്ക് ഇരുവശവും അവശ്യവസ്തുക്കളുടെ വിതരണം തുടരാന്‍ സാധിക്കുന്നതില്‍ ഇരു നേതാക്കളും സംതൃപ്തി പ്രകടിപ്പിച്ചു. ചരിത്രപരവും സാംസ്‌കാരികവും ഭാഷാപരവും സാഹോദര്യപരവുമായ ബന്ധത്തെ കുറിച്ച് ഓര്‍മിപ്പിച്ച പ്രധാനമന്ത്രി മോദി, മികച്ച ഉഭയകക്ഷി ബന്ധത്തില്‍ സംതൃപ്തി പ്രകടിപ്പിച്ചു. കോവിഡ്- 19 പടരാതിരിക്കാനും മഹാവ്യാധി വരുത്തിവെക്കുന്ന ആരോഗ്യ, സാമ്പത്തിക പ്രത്യാഘാതങ്ങളെ നേരിടുന്നതിനും ബംഗ്ലാദേശിനെ സഹായിക്കാനുള്ള ഇന്ത്യയുടെ സന്നദ്ധത അദ്ദേഹം അറിയിക്കുകയും ചെയ്തു. 
ചരിത്രപരമായ ഈ മുജീബ് ബാര്‍ഷോയില്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെയും സൗഹൃദം പുലര്‍ത്തുന്ന ബംഗ്ലാദേശി ജനതയുടെയും ആരോഗ്യത്തിനും ക്ഷേമത്തിനും പ്രധാനമന്ത്രി ശുഭാശംസകള്‍ നേര്‍ന്നു. 
 



(Release ID: 1619482) Visitor Counter : 211