ശാസ്ത്ര സാങ്കേതിക മന്ത്രാലയം

കോവിഡ്‌19: ഗവേഷണവും സാങ്കേതിക വിദ്യയും ഉപകരണങ്ങളുമായി ശ്രീചിത്ര തിരുനാൾ ഇന്‍സ്റ്റിറ്റ്യൂട്ട്

Posted On: 29 APR 2020 12:30PM by PIB Thiruvananthpuram


കോവിഡ്‌ 19 നെതിരായ ഇന്ത്യയുടെ പോരാട്ടത്തിൽ കേന്ദ്ര ഗവൺമെന്റിന്റെ ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴിലുള്ള ദേശീയ പ്രാധാന്യമുള്ള സ്ഥാപനമായ ശ്രീചിത്ര  തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി അതിന്റെ ഗവേഷണങ്ങൾ, സാങ്കേതികവിദ്യകൾ, നവീനാശയങ്ങൾ എന്നിവ കൊണ്ട്‌ വേറിട്ടു നിൽക്കുന്നു.

രാജ്യവ്യാപകമായി ലോക്ക്ഡൗൺ നടപ്പാക്കുന്നതിന് വളരെ മുമ്പുതന്നെ വിദേശത്ത് തിരിച്ചെത്തിയ ഒരു ഡോക്ടറിൽ കോവിഡ്‌ 19 കണ്ടെത്തിയപ്പോൾ ഇൻസ്റ്റിറ്റ്യൂട്ടിലെ നിരവധി ജീവനക്കാരെ ക്വാറന്റീൻ ചെയ്യേണ്ടിവന്നിരുന്നുവെങ്കിലും, കോവിഡ്‌ 19 നെ ചെറുക്കാനുള്ള സാങ്കേതികവിദ്യയും ഉൽപ്പന്നങ്ങളുമായി എസ്‌സി‌ടി ഐഎം‌എസ്ടി അവസരത്തിനൊത്ത്‌ ഉയർന്നു.
മൂന്നാഴ്ചയ്ക്കുള്ളിൽ എസ്‌സി‌ടി‌ഐഎം‌എസ്ടി വികസിപ്പിച്ചെടുത്ത കോവിഡ്‌ 19 പരിശോധന കിറ്റ് അതിവേഗപരിശോധനയ്ക്കുള്ള രാജ്യത്തിന്റെ അടിയന്തിര ആവശ്യം പരിഹരിക്കാൻ കഴിയുന്നതാണ്‌. കോവിഡ്‌ 19 പരിശോധന 10 മിനിറ്റിനുള്ളിലും സാമ്പിൾ സ്രവ പരിശോധനഫലം 2 മണിക്കൂറിനുള്ളിലും അറിയാൻ കഴിയുന്ന പരിശോധന സംവിധാനമുള്ള ലോകത്തിലെ തന്നെ ആദ്യത്തെ കുറച്ചു സ്ഥാപനങ്ങളിലൊന്നാണിത്. ഒരു ഉപകരണം വഴിതന്നെ ഒറ്റഘട്ടത്തിൽ 30 സാമ്പിളുകൾ പരീക്ഷിക്കാൻ കഴിയും. അങ്ങനെ കുറഞ്ഞ ചെലവിൽ സാമ്പിളുകൾ അതിവേഗം പരിശോധിക്കാൻ കഴിയുന്നു.

ആരോഗ്യപ്രവർത്തകരും ആശുപത്രികളിലും പൊതുസ്ഥലങ്ങളിലും മറ്റും ഉപയോഗിച്ച മാസ്‌ക്‌, ശരീര ആവരണങ്ങള്‍, മുഖംമൂടി (ഫെയ്സ് ഷീൽഡുകൾ) എന്നിവയുടെ അണു നശീകരണത്തിനുള്ള യുവി ബേസ്‌ഡ്‌ ഫെയ്‌സ്മാസ്ക് ഡിസ്പോസൽ ബിൻ, ശ്വസനേന്ദ്രിയ സംബന്ധവും അല്ലാതെയുമുള്ള ശരീര സ്രവങ്ങളെ കട്ടിയാക്കാനും അണുബാധ തടയാനുമുള്ള  ‘ചിത്ര അക്രിലോസോർബ് സെക്രീഷൻ സോളിഡിഫിക്കേഷൻ സിസ്റ്റം', കോവിഡ് -19 രോഗികളെ പരിശോധിക്കുന്നതിനായി അണുവിമുക്തമാക്കിയ സ്രവ പരിശോധനാ ബൂത്ത് എന്നിവയാണ്‌ ഇൻസ്‌റ്റിറ്റ്യൂട്ടിന്റെ ഗവേഷണ കണ്ടെത്തലുകൾ.
അണുബാധ തടയാൻ ഡോക്ടറുമായി നേരിട്ട് ബന്ധപ്പെടാതെ രോഗിയെ പരിശോധിക്കുന്നതിനായി ടെലഫോൺ ബൂത്ത് പോലെയുള്ള ഒന്നാണ് സ്രവ പരിശോധനാ ബൂത്ത്.

ഇൻസ്റ്റിറ്റ്യൂട്ടിൽ മൂന്ന് വിഭാഗങ്ങളുണ്ട്: ഒരു ത്രിതല റഫറൽ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ കോംപ്ലക്സ്, ഒരു ബയോ മെഡിക്കൽ ടെക്നോളജി വിഭാഗവും പൊതുജനാരോഗ്യ ഗവേഷണത്തിനുള്ള അക്കാദമിക് സെന്ററും (അച്യുത മേനോൻ സെന്റർ ഫോർ ഹെൽത്ത് സയൻസ് സ്റ്റഡീസ്), ഉന്നത നിലവാരത്തിലുള്ള ബയോമെഡിക്കൽ ഉപകരണങ്ങള്‍ക്കായുള്ള സാങ്കേതിക ഗവേഷണ കേന്ദ്രം.  ഹൃദ്‌രോഗം, നാഡീതകരാർ എന്നിവക്കുള്ള നൂതന ചികിത്സ, ബയോമെഡിക്കൽ ഉപകരണങ്ങൾക്കും ഉപാധികൾക്കുമായുള്ള സാങ്കേതികവിദ്യകളുടെ തദ്ദേശീയ വികസനം, പൊതുജനാരോഗ്യ പരിശീലനം, ഗവേഷണം എന്നിവയിൽ ശ്രീചിത്ര  തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട്  ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ശ്രീമതി സ്വപ്‌ന വാമദേവന്‍, പിആര്‍ഒ, എസ് സിടിഐഎംഎസ്ടി, മൊബൈല്‍ 9656815943, ഇമെയില്‍ pro@sctimst.ac.in
***



(Release ID: 1619228) Visitor Counter : 154