ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ് 19 മായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങൾ
Posted On:
27 APR 2020 6:25PM by PIB Thiruvananthpuram
****************
ന്യൂഡൽഹി, ഏപ്രിൽ 27, 2020
സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി, പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഇന്ന് വീഡിയോ കോൺഫെറെൻസിലൂടെ ആശയവിനിമയം നടത്തുകയുണ്ടായി. കൊറോണ വൈറസിന്റെ വ്യാപനശൃംഖല മുറിക്കപ്പെടേണ്ടതുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. റെഡ് - ഓറഞ്ച് സോണുകളിൽപ്പെട്ട ജില്ലകളിൽ ഇത് കർശനമായും നടപ്പിൽ വരുത്തണം. ഹോട്സ്പോട്ടുകളിൽ (അതായത് റെഡ് സോണുകളിൽ), നൽകിയിട്ടുള്ള നിർദേശങ്ങൾ സംസ്ഥാനങ്ങൾ കർശനമായി പാലിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം എടുത്തുപറഞ്ഞു. റെഡ് സോണുകളെ ഓറഞ്ച് സോണുകളായും, അവയെ പിന്നീട് ഗ്രീൻ സോണുകളായും മാറ്റുന്നത് ലക്ഷ്യമിട്ടാവണം സംസ്ഥാന-കേന്ദ്രഭരണപ്രദേശ ഭരണകൂടങ്ങളുടെ പ്രവർത്തനങ്ങൾ എന്ന് ശ്രീ മോദി ഓർമ്മിപ്പിച്ചു. കോവിഡുമായി ബന്ധപ്പെട്ട് യാതൊരുവിധ വീഴ്ചയും ഉണ്ടാവാൻ പാടില്ലെന്ന് നിർദേശിച്ച പ്രധാനമന്ത്രി, മറ്റു രോഗങ്ങൾക്കുള്ള സേവനങ്ങൾ ലഭ്യമാക്കാൻ ആരോഗ്യസംവിധാനങ്ങൾ ശ്രദ്ധിക്കണമെന്നും ചൂണ്ടിക്കാട്ടി. പരമ്പരാഗത ചികിത്സാസംവിധാനങ്ങൾ തങ്ങളുടെ പ്രവൃത്തികൾ തുടരണമെന്നും ശ്രീ മോദി പറഞ്ഞു.
കോവിഡ് വ്യാപനത്തെത്തുടർന്ന്, രാജ്യത്തെ വിതരണശൃംഖലകളിലും, ചരക്കുനീക്കം സംബന്ധിച്ച നടപടികളിലും ഉള്ള പുരോഗതി, ഇന്ത്യ ഗവണ്മെന്റിന്റെ ഉന്നതാധികാരസമിതി (EG5), ന്യൂ ഡൽഹിയിൽ മാധ്യമങ്ങളെ അറിയിക്കുകയുണ്ടായി. ഉന്നതാധികാരസമിതി കൺവീനറും, കുടിവെള്ള-ശുചിത്വ വകുപ്പ് സെക്രട്ടറിയുമായ ശ്രീ പരമേശ്വരൻ അയ്യരാണ് മാധ്യമങ്ങളെ അഭിസംബോധന ചെയ്തത്. കൃഷി, ഉത്പാദനം, ചരക്കുനീക്കം, ദുര്ബലവിഭങ്ങൾക്ക് അവശ്യസാധനങ്ങൾ ലഭ്യമാക്കൽ എന്നീ നാല് പ്രധാന മേഖലകളിലെ വെല്ലുവിളികളെ നേരിടാൻ ഗവണ്മെന്റ് കൈക്കൊണ്ടിട്ടുള്ള നടപടികൾ അദ്ദേഹം വിശദീകരിച്ചു. ഭക്ഷ്യസാധനങ്ങൾ, മരുന്നുകൾ എന്നിവയുമായുള്ള ട്രെക്കുകളുടെ നീക്കത്തിൽ പുരോഗതി ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ മാസം അതായതു മാർച്ച് 30 നു 46 ശതമാനം ആയിരുന്ന ചരക്കുനീക്കം ഈ മാസം 25 ഓടുകൂടി 76 ശതമാനമായി വർദ്ധിച്ചു. ഇതേകാലയളവിൽ തന്നെ തീവണ്ടികളിലൂടെയുള്ള ചരക്കു നീക്കത്തിലും 67 ശതമാനത്തിൽ നിന്നും 76 ശതമാനത്തിലേക്ക് വർദ്ധനയുണ്ടായി. തുറമുഖങ്ങളിലെ ചരക്കുനീക്കത്തിൽ 70 ശതമാനത്തിൽ നിന്നും 87 ശതമാനത്തിലേക്ക് വർദ്ധനയുണ്ടായി. രാജ്യത്തെ പ്രധാന വിപണികളുടെ (മണ്ഡി) പ്രവർത്തനത്തിലും പുരോഗതി രേഖപ്പെടുത്തുകയുണ്ടായി - 61 ശതമാനത്തിൽ 79 ശതമാനത്തിലേക്ക്. വിവിധ ഗവണ്മെന്റ് ഏജൻസികൾ, ഗവണ്മെന്റ് ഇതര സംഘടനകൾ, വ്യവസായസംരഭങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ പ്രതിദിനം 1.5 കോടിയിലേറെപ്പേർക്കാണ് ഉച്ചഭക്ഷണം വിതരണം ചെയ്യുന്നത്.
ഉന്നതാധികാരസമിതി (EG5) യുടെ പങ്കിനെപ്പറ്റി സംസാരിക്കുന്നതിനിടെ, നയങ്ങൾ കൂടുതൽ ഉദാരമാക്കാനും, അവശ്യസാധങ്ങളുടെ വിതരണം, താഴെത്തട്ടിലുള്ള പ്രവർത്തനങ്ങൾ എന്നിവയിൽ നേരിടുന്ന തടസ്സങ്ങൾ ഒഴിവാക്കാനും ഭരണകൂടം കൂടുതൽ ശ്രദ്ധ നൽകുന്നതായി ശ്രീ പരമേശ്വരൻ അയ്യർ അറിയിച്ചു. വിതരണം തടസ്സമില്ലാതെ നടത്താൻ സ്വീകരിക്കപ്പെടുന്ന മികച്ചനടപടികൾക്ക് രാജ്യത്തുടനീളം പ്രചാരം നൽകാനും ഗവണ്മെന്റ് ലക്ഷ്യമിടുന്നു. ഇതിനായി, മറ്റു വകുപ്പുകൾ, ആഭ്യന്തരമന്ത്രാലയം, വ്യവസായപ്രമുഖർ എന്നിവരുമായി സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതുവരെ 27,892 കോവിഡ് കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ 6,184 പേർ, അതായത് 22.17 ശതമാനം പേർ രോഗമുക്തി നേടിയിട്ടുണ്ട്. ഇന്നലെ മുതൽ മാത്രം 1396 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് 48 പേർക്കാണ് ജീവൻ നഷ്ടമായത്. ഇതോടെ ആകെ മരണസംഖ്യ 872 ആയി.
കോവിഡ് 19 മായി ബന്ധപ്പെട്ട ഔദ്യോഗികവും, പുതിയതുമായ വിവരങ്ങൾ, മാർഗനിർദേശങ്ങൾ, എന്നിവയ്ക്കായി പതിവായി സന്ദർശിക്കൂ,
https://www.mohfw.gov.in/.
കോവിഡ് 19 മായി ബന്ധപ്പെട്ട സാങ്കേതികപരമായ സംശയങ്ങൾ, technicalquery.covid19[at]gov[dot]in എന്ന ഐഡിയിലും, മറ്റു സംശയങ്ങൾ ncov2019[at]gov[dot]in എന്ന ഐഡിയിലും ഉന്നയിക്കാവുന്നതാണ്.
കോവിഡ് -19മായി ബന്ധപ്പെട്ട ഏത് സംശയത്തിനും, ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ ഹെൽപ് ലൈൻ നമ്പറായ +91-11-23978046 ലോ, ടോൾ ഫ്രീ നമ്പറായ 1075 ലോ വിളിക്കൂ.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെയും, കേന്ദ്രഭരണപ്രദേശങ്ങളിലെയും, കോവിഡ് 19 ഹെൽപ് ലൈൻ നമ്പറുകൾ താഴെ പറയുന്ന വെബ്‌സൈറ്റിലും ലഭ്യമാണ്.
https://www.mohfw.gov.in/pdf/coronvavirushelplinenumber.pdf .
(Release ID: 1618763)
Visitor Counter : 237
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada