പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി 'മന്‍ കീ ബാത്ത് 2.0' 11ാമത് ലക്കം പ്രഭാഷണം നിര്‍വഹിച്ചു
Posted On:
26 APR 2020 4:49PM by PIB Thiruvananthpuram
കൊറോണയ്‌ക്കെതിരായ ഇന്ത്യയുടെ പോരാട്ടം ജനങ്ങളാല്‍ നയിക്കപ്പെടുന്നത്: പ്രധാനമന്ത്രി
പൊതുസ്ഥലത്തു തുപ്പുന്നതു നിര്‍ത്തണമെന്നു പ്രധാനമന്ത്രി
'മന്‍ കീ ബാത്ത് 2.0' 11ാമത് ലക്കം പ്രഭാഷണം നിര്‍വഹിച്ച പ്രധാനമന്ത്രി, കൊറോണയ്‌ക്കെതിരായ ഇന്ത്യയുടെ പോരാട്ടം ജനങ്ങളാല്‍ നയിക്കപ്പെടുന്നതാണെന്നും ജനങ്ങളോടൊപ്പം ഗവണ്‍മെന്റും ഭരണകൂടവും മഹാവ്യാധിക്കെതിരെ പോരാടുകയാണെന്നും വ്യക്തമാക്കി. ഈ പോരാട്ടത്തില്‍ രാജ്യത്തെ ഓരോ പൗരനും ഭടനാണെന്നും അവരാണു യുദ്ധം നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഓരോ സ്ഥലത്തും പരസ്പര സഹായവുമായി രംഗത്തുവന്ന ജനങ്ങളുടെ ദൃഢനിശ്ചയത്തെ പ്രധാനമന്ത്രി പ്രശംസിച്ചു.
വിശക്കുന്നവര്‍ക്കു ഭക്ഷണം ലഭ്യമാക്കുകയും റേഷന്‍ വിതരണം സാധ്യമാക്കുകയും ലോക്ഡൗണ്‍ പാലിക്കുകയും ആശുപത്രികളില്‍ സൗകര്യമൊരുക്കുകയും തദ്ദേശീയമായി വൈദ്യോപകരണങ്ങള്‍ നിര്‍മിക്കുകയും വഴി രാജ്യമൊന്നാകെ ഒരുമിച്ചു മുന്നേറുകയാണ്. അമിതമായ ആത്മവിശ്വാസമെന്ന കുരുക്കുല്‍ പെടരുതെന്നും തങ്ങളുടെ നഗരത്തിലോ ഗ്രാമത്തിലോ തെരുവിലോ ഓഫീസിലെ ഇതുവരെ എത്തിയില്ല എന്നതിനാല്‍ കൊറോണ വൈറസ് എത്തില്ലെന്നു ചിന്തിക്കരുതെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. പരസ്പരം രണ്ടു മീറ്ററോളം അകലം പാലിക്കാന്‍ തയ്യാറാകണമെന്നും സ്വന്തം ആരോഗ്യം സംരക്ഷിക്കണമെന്നും പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു. അമിതാവേശം കാണിക്കുന്ന സാഹചര്യമോ ഗൗരവത്തോടെ കാണാതിരിക്കുന്ന സാഹചര്യമോ ഉണ്ടാവരുത്.
തൊഴില്‍സംസ്‌കാരത്തിലും ജീവിതരീതിയിലും ശീലങ്ങളിലും ഗുണകരമായ മാറ്റം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. മാസ്‌ക് ധരിച്ചു മുഖം മറയ്ക്കുന്നു എന്നതാണ് ഏറ്റവും പ്രകടമായ മാറ്റം. കൊറോണയുടെ കാലത്ത് മാസ്‌ക് ജനജീവിതത്തിന്റെ ഭാഗമായതായി അദ്ദേഹം വെളിപ്പെടുത്തി. സാംസ്‌കാരിക ബോധമുള്ള സമൂഹത്തിന്റെ അടയാളമായി മാസ്‌ക് മാറും. സ്വയമോ മറ്റുള്ളവരെയോ രോഗത്തില്‍നിന്നു രക്ഷിക്കാന്‍ മാസ്‌ക് ധരിക്കണം. മുഖം മറയ്ക്കാന്‍ കട്ടി കുറഞ്ഞ ടവല്‍ ഉപയോഗിക്കാവുന്നതാണെന്നു പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
പൊതു സ്ഥലത്തു തുപ്പുന്നതുകൊണ്ടുള്ള അപകടം ജനങ്ങള്‍ തിരിച്ചറിഞ്ഞുതുടങ്ങി എന്നതാണു സമൂഹത്തിലുണ്ടായ മറ്റൊരു ബോധവല്‍ക്കരണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എവിടെയും തുപ്പുന്ന ദുശ്ശീലം ജനങ്ങള്‍ക്ക് ഉണ്ടായിരുന്നു എന്നും അതു ശുചിത്വത്തിനും ആരോഗ്യത്തിനും ഗുരുതരമായ വെല്ലുവിളി ഉയര്‍ത്തുന്നു എന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ ശീലം നിര്‍മാര്‍ജനം ചെയ്യണമെന്ന് അദ്ദേഹം ആഹ്വാനംചെയ്തു. ഇത് അടിസ്ഥാന ശുചിത്വം വര്‍ധിപ്പിക്കുന്നതോടൊപ്പം കൊറോണ പടരുന്നതിനെ പ്രതിരോധിക്കുകയും ചെയ്യും.
പ്രതിസന്ധിനാളുകളില്‍ ജനങ്ങള്‍ കൈക്കൊണ്ട ദൃഢനിശ്ചയം ഇന്ത്യയില്‍ പുതിയ പരിവര്‍ത്തനം സൃഷ്ടിച്ചുവെന്നു പ്രധാനമന്ത്രി പറഞ്ഞു. ബിസിനസുകളും ഓഫിസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും രാജ്യത്തെ ചികില്‍സാ രംഗവും പുതിയ രീതിയില്‍ പ്രവര്‍ത്തിക്കുന്നതിനു സജ്ജമായിക്കൊണ്ടിരിക്കുകയാണ്. സാങ്കേതിക രംഗത്തു രാജ്യത്തെ നൂതനാശയക്കാരെല്ലാം എന്തെങ്കിലും നവീനാശയങ്ങളുമായി രംഗത്തു വരുന്നുണ്ട്.
കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകളും എല്ലാ വകുപ്പുകളും സ്ഥാപനങ്ങളും കൈകള്‍ കോര്‍ത്തു പരമാവധി വേഗത്തില്‍ ആശ്വാസമെത്തിക്കുന്നതിനായി പ്രവര്‍ത്തിക്കുകയാണ്. വ്യോമഗതാഗത രംഗത്തും റെയില്‍വെയിലും ജോലി ചെയ്യുന്നവര്‍ ജനങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനായി രാവും പകലും ജോലി ചെയ്യുകയാണ്. കുറഞ്ഞ സമയത്തിനകം രാജ്യത്താകമാനം മരുന്നെത്തിക്കാന്‍ ലൈഫ്‌ലൈന്‍ ഉഡാന്‍ എന്ന പദ്ധതിയിലൂടെ സാധിച്ചത് അദ്ദേഹം ഉദാഹരിച്ചു. മൂന്നു ലക്ഷം കിലോമീറ്റര്‍ പറന്ന് രാജ്യത്തിന്റെ വിവിധ കോണുകളിലേക്ക് 500 ടണ്ണിലേറെ ചികില്‍സാ സാമഗ്രികള്‍ ലൈഫ്‌ലൈന്‍ ഉഡാന്‍ വഴി എത്തിച്ചു.
രാജ്യത്തു സാധാരണക്കാരന് അവശ്യ വസ്തുക്കള്‍ക്കു ക്ഷാമം വരാതിരിക്കുന്നതിനായി റെയില്‍വേ ലോക്ഡൗണ്‍ കാലത്ത് അക്ഷീണം പ്രവര്‍ത്തിക്കുകയാണെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. അറുപതോളം പാതകളിലായി ഇന്ത്യന്‍ റെയില്‍വേ നൂറിലേറെ പാഴ്‌സല്‍ തീവണ്ടികള്‍ ഓടിക്കുന്നുണ്ട്. ചികില്‍സാ സാമഗ്രികള്‍ എത്തിക്കുന്നതിനായി തപാല്‍ വകുപ്പു ജീവനക്കാര്‍ ശ്രദ്ധേയമായ പങ്കു വഹിക്കുന്നതായി ശ്രീ. മോദി വ്യക്തമാക്കി. ഇവരൊക്കെ ശരിയായ അര്‍ഥത്തില്‍ കൊറോണ പടയാളികളാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദരിദ്രരെ സഹായിക്കുന്നതിനു സര്‍ക്കാരിനുള്ള പ്രതിബദ്ധതയ്ക്ക് അടിയവരയിട്ട പ്രധാനമന്ത്രി, പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ പാക്കേജിന്റെ ഭാഗമായി ദരിദ്രരുടെ അക്കൗണ്ടുകളിലേക്കു നേരിട്ടു പണം നല്‍കിവരികയാണെന്നു വെളിപ്പെടുത്തി. മൂന്നു മാസത്തേക്കു സൗജന്യമായി പാചക വാതകം, റേഷന്‍ തുടങ്ങിയ സൗകര്യങ്ങളും പാവങ്ങള്‍ക്കു ലഭ്യമാക്കിവരുന്നു. ഒരു ടീമായി പ്രവര്‍ത്തിക്കുന്നതിനു ഗവണ്‍മെന്റ് ഉദ്യോഗസ്ഥരെയും ബാങ്ക് ജീവനക്കാരെയും അദ്ദേഹം അഭിനന്ദിച്ചു.
പകര്‍ച്ചവ്യാധിയെ നേരിടുന്നതിനായി പ്രതികരണാത്മകമായ പങ്കു വഹിക്കുന്നതിനു സംസ്ഥാന ഗവണ്‍മെന്റുകളെ പ്രധാനമന്ത്രി പ്രശംസിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംസ്ഥാന ഗവണ്‍മെന്റുകളും നിറവേറ്റിവരുന്ന ഉത്തരവാദിത്തങ്ങള്‍ കൊറോണയ്‌ക്കെതിരായ യുദ്ധത്തില്‍ നിര്‍ണായകമാണെന്ന് അദ്ദേഹം വ്യക്തമാക്കി. അവരുടെ കഠിനാധ്വാനം പ്രശംസയര്‍ഹിക്കുന്നു എന്നും ശ്രീ. മോദി പറഞ്ഞു. രാജ്യത്താകമാനം ചികില്‍സാ രംഗത്തുള്ളവരോടുള്ള അഗാധമായ ആദരവു പ്രകടമാക്കിയ അദ്ദേഹം, കൊറോണ മുക്ത ഇന്ത്യക്കായി രാപകലില്ലാതെ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാരും നഴ്‌സുമാരും പാരാമെഡിക്കല്‍ ജീവനക്കാരും സാമൂഹ്യ ആരോഗ്യ പ്രവര്‍ത്തകരും സുരക്ഷിതരാണെന്നു നാം ഉറപ്പിക്കണമെന്നും അടുത്തിടെ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചത് ഇതിന്റെ ഭാഗമാണെന്നും വ്യക്തമാക്കി. കൊറോണയ്‌ക്കെതിരെ പോരാടുന്നവരെ പീഡിപ്പിക്കുകയോ പരുക്കേല്‍പ്പിക്കുകയോ ആക്രമിക്കുുകയോ ചെയ്യുന്ന പക്ഷം കുറ്റവാളികള്‍ക്കു കടുത്ത ശിക്ഷ ഉറപ്പാക്കുന്നതാണ് ഓര്‍ഡിനന്‍സ്.
വീട്ടുജോലികളില്‍ സഹായത്തിനെത്തുന്നവരെയും കടകളില്‍ ജോലി ചെയ്യുന്നവരെയും അവശ്യ സര്‍വീസ് രംഗത്തു പ്രവര്‍ത്തിക്കുന്നവരെയും കുറിച്ചും അങ്ങാടികളില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികളെയും അയല്‍പക്കങ്ങളിലുള്ള ഓട്ടോറിക്ഷാ ഡ്രൈവര്‍മാരെയുംകുറിച്ചും പരാമര്‍ശിച്ച പ്രധാനമന്ത്രി, അത്തരക്കാരില്ലാതെ ജീവിക്കാന്‍ എത്രമാത്രം ബുദ്ധിമുട്ടാണെന്നു ജനങ്ങള്‍ ഈ ദിവസങ്ങളില്‍ തിരിച്ചറിഞ്ഞു എന്നു വ്യക്തമാക്കി. ഇത്തരം സഹ്രപവര്‍ത്തകരുടെ സ്ഥാനം ജനങ്ങള്‍ തിരിച്ചറിയുകയും അവരെ സഹായിക്കുകയും ചെയ്യുക മാത്രമല്ല, സാമൂഹ്യ മാധ്യമങ്ങളില്‍ അത്തരക്കാരെ കുറിച്ചു വളരെ ബഹുമാനത്തോടെ എഴുതുകയും ചെയ്യുന്നു. ഡോക്ടര്‍മാരും ശുചീകരണ തൊളിലാളികളും സേവന മേഖലയിലുള്ളവരും പൊലീസ് ഉദ്യോഗസ്ഥരുമൊക്കെ പുതിയ രീതിയിലാണു സമൂഹത്താല്‍ വീക്ഷിക്കപ്പെടുന്നത്. ദരിദ്രര്‍ക്കും ആവശ്യക്കാര്‍ക്കും ഭക്ഷണം ലഭിക്കുന്നുണ്ട് എന്ന് പൊലീസ് ഉറപ്പുവരുത്തുന്നു. സാധാരണക്കാര്‍ വൈകാരികമായി പൊലീസിനോടു ചേര്‍ന്നുനില്‍ക്കുന്ന സമയമാണിത്. covidwarriors.gov.in എന്ന ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിനു ഗവണ്‍മെന്റ് രൂപംനല്‍കിയ കാര്യം അദ്ദേഹം വെളിപ്പെടുത്തി. ഇതിലൂടെ സേവന സന്നദ്ധരായ സാമൂഹിക സംഘടനകളും പൊതുസമൂഹത്തിലെ പ്രതിനിധികളും തദ്ദേശ സ്വയംഭരണ മേഖലയിലുള്ളവരും പരസ്പരം ബന്ധിപ്പിക്കപ്പെടുന്നു. വളരെ ചുരുങ്ങിയ സമയത്തിനിടെ ഡോക്ടര്‍മാരും നഴ്‌സുമാരും ആശാ-എ.എന്‍.എം. വര്‍ക്കര്‍മാരും എന്‍.സി.സി., എന്‍.എസ്.എസ്. കെഡറ്റുകളും വിവിധ മേഖലകളിലെ വിദഗ്ധരും ഉള്‍പ്പെടെ 1.25 കോടി പേര്‍ ഈ പ്ലാറ്റ്‌ഫോമില്‍ ചേര്‍ന്നു. പ്രതിസന്ധി നേരിടുന്നതിനു പദ്ധതിയൊരുക്കുന്നതിനും നടപ്പാക്കുന്നതിനും ഈ കോവിഡ് പോരാളികള്‍ ചെയ്യുന്ന സഹായം നിസ്സീമമാണ്. കോവിഡിനെതിരെയുള്ള പോരാളികളാകുന്നതിനും രാജ്യത്തെ സേവിക്കുന്നതിനുമായി covidwarriors.gov.inല്‍ ചേരാന്‍ ജനങ്ങളോട് അദ്ദേഹം ആഹ്വാനംചെയ്തു.
പ്രതിസന്ധി നാളുകളില്‍ ലോകത്താകമാനം മരുന്നു നല്‍കാന്‍ ഇന്ത്യ തയ്യാറായെന്നു പ്രധാനമന്ത്രി ഉയര്‍ത്തിക്കാട്ടി. പ്രതിരോധം വര്‍ധിപ്പിക്കുന്നതിനായി ആയുര്‍വേദത്തെയും യോഗയെയും ലോകം പ്രതീക്ഷയോടെയാണു കാണുന്നത്. കൊറോണയെ പ്രതിരോധിക്കാന്‍ ആയുഷ് മന്ത്രാലയം മുന്നോട്ടുവെച്ച പ്രതിരോധ പദ്ധതി പിന്‍തുടരാന്‍ ശ്രീ. മോദി ആഹ്വാനം ചെയ്തു. ചൂടുവെള്ളം, കഷായം, തുടങ്ങി ആയുഷ് മന്ത്രാലയം നല്‍കിയ മാര്‍ഗനിര്‍ദേശങ്ങള്‍ ജനങ്ങള്‍ക്കു വളരെയധികം സഹായകമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. നമ്മുടെ കരുത്തും ശോഭായമാനയമായ പാരമ്പര്യവും അംഗീകരിക്കാന്‍ നാം എപ്പോഴും മടിക്കുന്നു എന്നതു നമ്മുടെ നിര്‍ഭാഗ്യമാണെന്നു പ്രധാനമന്ത്രി പറഞ്ഞു. നമ്മുടെ പരമ്പരാഗത ആശയങ്ങളെ ശാസ്ത്രീയ ഭാഷയില്‍ പ്രചരിപ്പിക്കുന്നതിനായി നമ്മുടെ ചെറുപ്പക്കാര്‍ ഗവേഷണാടിസ്ഥാനത്തിലുള്ള തെളിവുകള്‍ നേടേണ്ടതിന്റെ ആവശ്യകതയ്ക്ക് അദ്ദേഹം അടിവരയിട്ടു. യോഗയെ സന്തോഷപൂര്‍വം സ്വീകരിച്ചതുപോലെ ലോകം എത്രയോ കാലത്തെ പഴക്കമുള്ള ആയുര്‍വേദ ആശയങ്ങളെയും സ്വീകരിക്കുമെന്നു പ്രധാനമന്ത്രി വിശദീകരിച്ചു.
പുണ്യദിനമായ അക്ഷയതൃതീയയ്ക്കു പരിസ്ഥിതി സംരക്ഷണത്തെയും വനങ്ങളെയും നദികളെയും ആവാസ വ്യവസ്ഥയെയും കുറിച്ച് ഓര്‍ക്കാന്‍ തയ്യാറാകണമെന്ന് അദ്ദേഹം ആഹ്വാനംചെയ്തു. പുനരുപയോഗിക്കാവുന്ന വിഭവങ്ങള്‍ നിലനിര്‍ത്തണമെന്നുണ്ടെങ്കില്‍ ഭൂമിയില്‍ അവ വേണ്ടത്ര ഉണ്ടെന്ന് ഉറപ്പുവരുത്തണം. അക്ഷയ തൃതീയ ഈ പ്രതിസന്ധിനാളുകളില്‍ ദാനം നല്‍കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചുകൂടി ഓര്‍മിപ്പിക്കുന്നു. ആദ്യത്തെ തീര്‍ഥങ്കരനായ ഭഗവാന്‍ ഋഷഭദേവിന്റെ ജീവിതത്തിലെ പ്രധാന ദിവസവും ഭഗവാന്‍ ബദവേശ്വരന്റെ ജന്‍മ ദിനവുമാണ് അക്ഷയതൃതീയ. വിശുദ്ധ മാസമായ റമസാന്‍ ആരംഭിച്ചു എന്നും മുന്‍പെന്നത്തേക്കാളുമേറെ പ്രാര്‍ഥിക്കാന്‍ ജനങ്ങള്‍ തയ്യാറാകണമെന്നും ഈദിനു മുമ്പേ ലോകം കൊറോണ മുക്തമാവുക വഴി ലോകത്തിന് ആവേശപൂര്‍വം ഈദ് ആഘോഷിക്കാന്‍ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
തെരുവുകളിലും അങ്ങാടികളിലും മൊഹല്ലകളിലും അഥവാ കോളനികളിലും സാമൂഹിക അകലം പാലിക്കേണ്ടതു വളരെ പ്രധാനമാണന്നതിനാല്‍ പ്രാദേശിക ഭരണകൂടം നല്‍കുന്ന മാര്‍ഗനിര്‍ദേശം പിന്‍തുടരണമെന്നു ജനങ്ങളോടു ശ്രീ. മോദി ആഹ്വാനം ചെയ്തു. രണ്ടു മീറ്ററോളം അകലം പാലിക്കണമെന്നും വീടുകളില്‍നിന്നു പുറത്തേക്കു പോകരുതെന്നും ജനങ്ങളെ ബോധവല്‍ക്കരിക്കുന്ന സാമുദായിക നേതാക്കളോടു പ്രധാനമന്ത്രി നന്ദി അറിയിച്ചു. ഇന്ത്യയിലും ലോകത്താകമാനവും ആഘോഷങ്ങള്‍ കൊണ്ടാടുന്ന രീതി കൊറോണ മാറ്റിമറിച്ചു എന്നും അദ്ദേഹം വ്യക്തമാക്കി.
(Release ID: 1618586)
Visitor Counter : 223
Read this release in:
Marathi
,
Assamese
,
Punjabi
,
Kannada
,
English
,
Urdu
,
Hindi
,
Manipuri
,
Gujarati
,
Odia
,
Tamil
,
Telugu