ആഭ്യന്തരകാര്യ മന്ത്രാലയം

ആരോഗ്യവിദഗ്‌ധർക്കും ജീവനക്കാർക്കും മുന്‍നിര പ്രവര്‍ത്തകര്‍ക്കും സുരക്ഷ ഉറപ്പാക്കുക: കേന്ദ്ര ആഭ്യന്തരമന്ത്രി

Posted On: 22 APR 2020 5:24PM by PIB Thiruvananthpuram

 

 ആരോഗ്യ വിദഗ്ധർക്കും ജീവനക്കാർക്കും മുന്‍നിര പ്രവർത്തകർക്കും എതിരായ അതിക്രമം തടയുന്നതിന് മതിയായ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്രആഭ്യന്തര മന്ത്രി ശ്രീ അമിത് ഷായുടെ നിർദേശപ്രകാരം കേന്ദ്ര ആഭ്യന്തര മന്ത്രാലയം എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്കും നിർദ്ദേശം നൽകി. കോവിഡ് മൂലം മരണം സംഭവിച്ച ആരോഗ്യവിദഗ്‌ധരുടെയും ആരോഗ്യ പ്രവർത്തകരുടെ അന്ത്യകർമ്മങ്ങൾ പോലും തടസ്സപ്പെടുത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.

എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്കും 24.03.2020, 04.04.2020, 11.04.2020 എന്നീ തീയതികളിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം മാർഗനിർദേശം നൽകിയിരുന്നു. ആരോഗ്യ മേഖലയിലെ വിദഗ്‌ധർക്കും ജീവനക്കാർക്കും മുൻ‌നിര പ്രവർത്തകർക്കും മതിയായ സുരക്ഷ ഉറപ്പാക്കണമെന്നും അഭ്യർത്ഥിച്ചു. ഈ നിർദേശങ്ങൾക്കിടയിലും ആരോഗ്യ മേഖലയിലെ വിദഗ്‌ധർക്കും ജീവനക്കാർക്കും പ്രവർത്തകർക്കും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അക്രമം നേരിടേണ്ടിവന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

കോവിഡ്‌ 19 രോഗം നിർണയിച്ചവരെയും അല്ലെങ്കിൽ രോഗം സംശയിക്കപ്പെടുന്നവരെയും ക്വാറന്റീനിലുള്ളവരെയും
പാർപ്പിച്ചിരിക്കുന്നിടത്തും ആശുപത്രികളിൽ പ്രവർത്തിക്കുന്ന ഡോക്ടർമാർക്കും ആരോഗ്യജീവനക്കാർക്കും കേന്ദ്രസർക്കാരും സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ആവശ്യമായ പോലീസ് സുരക്ഷ നൽകണമെന്ന് 08.04.2020 ന്‌ സുപ്രീം കോടതി ഉത്തരവിട്ടു. കൂടാതെ ആളുകളെ പരിശോധിക്കുന്നതിനായി സ്ഥലങ്ങൾ സന്ദർശിക്കുന്ന ഡോക്ടർമാർക്കും മറ്റ് ജീവനക്കാർക്കും ആവശ്യമായ പോലീസ് സുരക്ഷ നൽകാനും കോടതി നിർദ്ദേശിച്ചു.

സുപ്രീം കോടതി നിർദേശങ്ങൾക്കും 2005 ലെ ദുരന്തനിവാരണ നിയമത്തിലെ വ്യവസ്ഥകൾക്കും അനുസൃതമായി നിയമത്തിലെ വ്യവസ്ഥകളോ അല്ലെങ്കില്‍ പ്രാബല്യത്തിലുള്ള മറ്റേതെങ്കിലും നിയമമോ ഉപയോഗിച്ച്, കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്കും നിർദ്ദേശം നൽകി. ദുരന്ത നിവാരണ നിയമത്തിന്റെ 2005ലെ വ്യവസ്ഥ പ്രകാരം അധികാരപ്പെടുത്തിയിട്ടുള്ള സർക്കാർ ആരോഗ്യ ഉദ്യോഗസ്ഥരെയും മറ്റ് ആരോഗ്യ ജീവനക്കാരെയും അവരുടെ സേവനങ്ങൾ നിർവഹിക്കുന്നതിൽ തടസപ്പെടുത്തുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണം.

ആരോഗ്യ വിദഗ്‌ധരുടെ സുരക്ഷാ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് 24 മണിക്കൂറും പ്രവർത്തിക്കുന്ന നോഡൽ ഓഫീസർമാരെ സംസ്ഥാന/കേന്ദ്രഭരണ, ജില്ലാതലങ്ങളില്‍ നിയമിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്കും നിർദ്ദേശം നൽകി. എന്തെങ്കിലും അക്രമ സംഭവമുണ്ടായാൽ നോഡൽ ഓഫീസർമാർ അടിയന്തര കർശന നടപടി സ്വീകരിക്കണം.

ഇതിനുപുറമെ, പ്രതിരോധ നടപടികളുടെയും നോഡൽ‌ ഓഫീസർമാരുടെ നിയമനത്തിന്റെയും വിശദാംശങ്ങൾ‌, ഐ‌എം‌എയുടെ പ്രാദേശിക ഘടകങ്ങളേയും പൊതുജനങ്ങളേയും അറിയിക്കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്കും നിർദേശം നൽകി.

സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും അയച്ച ഔദ്യോഗിക കത്ത് കാണാന്‍ ക്ലിക്ക് ചെയ്യുക:

https://pibcms.nic.in/WriteReadData/ebooklat/HS%20letter%20to%20Chief%20Secretaries%20reg.%20security%20to%20healthcare%20professionals%2022.04.2020.PDF



(Release ID: 1617280) Visitor Counter : 284