ധനകാര്യ മന്ത്രാലയം

റീഫണ്ട് സുഗമമാക്കുന്നതിനുള്ള ഇ-മെയിലുകൾ ഉപദ്രവിക്കാനെന്നു ദുർവ്യാഖ്യാനം ചെയ്യരുത്: കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ്‌ (സിബിഡിടി)

Posted On: 21 APR 2020 11:45AM by PIB Thiruvananthpuram


സ്റ്റാർട്ടപ്പുകളുടെ കുടിശ്ശിക പിരിച്ചെടുക്കുന്നതിനായി ആദായനികുതി വകുപ്പ് പിടിച്ചെടുക്കൽ നടപടികൾ സമ്മർദ്ദത്തിലൂടെ കർശനമാക്കുകയാണെന്ന സോഷ്യൽ മീഡിയ പ്രചരണം തെറ്റാണെന്ന്‌ കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് (സിബിഡിടി) അറിയിച്ചു. ഇത്തരത്തിലുള്ള നിരീക്ഷണങ്ങളും പ്രചാരണവും തീർത്തും അടിസ്ഥാനരഹിതവും വസ്തുതകളെ തെറ്റായി ചിത്രീകരിക്കുന്നതുമാണ്.

നികുതി റീഫണ്ട് ലഭിക്കാൻ അർഹതയുള്ളവരും നികുതി കുടിശ്ശികയുള്ളവരുമായ എല്ലാവരിൽ നിന്നും വ്യക്തത ആവശ്യപ്പെടുന്നതാണ്‌ ഇ-മെയിൽ സന്ദേശം. അത്‌ ഉപദ്രവിക്കാനാണെന്ന തരത്തിൽ തെറ്റിദ്ധരിപ്പിക്കരുതെന്ന്‌ സിബിഡിടി അറിയിച്ചു. ഏകദേശം 1.72 ലക്ഷം നികുതിദായകർക്ക്‌ ഇ-മെയിലുകൾ‌ അയച്ചിട്ടുണ്ട്. അതിൽ‌ എല്ലാ വിഭാഗത്തിൽപ്പെട്ട നികുതിദായകരും ഉൾപ്പെടുന്നു. വ്യക്തികൾ മുതൽ‌ സംയുക്‌തസംരംഭ സ്ഥാപനങ്ങൾ, സ്റ്റാർ‌ട്ടപ്പുകൾ, വൻകിട–-ചെറുകിട കമ്പനികൾ തുടങ്ങി എല്ലാം ഉൾപ്പെടും. അതിനാൽ‌ സ്റ്റാർ‌ട്ടപ്പുകളെ മാത്രം‌ ഒറ്റപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്യുന്നു എന്ന പ്രചാരണം വസ്തുതകളെ മറച്ച്‌ തെറ്റിദ്ധരിപ്പിക്കുന്നതാണ്‌.

ഇത്തരം മെയിലുകൾ പൊതുവായ ഒരു ആശയവിനിമയത്തിന്റെ ഭാഗം മാത്രമാണെന്ന് സിബിഡിടി വ്യക്തമാക്കി.  കുടിശ്ശികയുള്ള തുക ഇതിനകം തന്നെ നികുതിദായകൻ അടച്ചിട്ടുണ്ടെങ്കിലോ നികുതിവിഭാഗം അധികൃതരുടെ കൈവശം അതുണ്ടെങ്കിലോ ഈ- മെയിലുകളിലൂടെ തന്നെ മറുപടി നൽകണം. അങ്ങനെയെങ്കിൽ റീഫണ്ട് വിതരണം ചെയ്യുമ്പോൾ ഈ തുക തടഞ്ഞുവയ്ക്കില്ല. റീഫണ്ടുകൾ ഉടൻ തന്നെ വിതരണം ചെയ്യാനാവും.

ഇത്തരം മെയിൽ വഴിയുള്ള ആശയവിനിമയങ്ങൾ കുടിശ്ശികയുള്ള നികുതിദായകന്റെ റീഫണ്ട്‌ ക്രമീകരണത്തിനായി പ്രതികരണം തേടിക്കൊണ്ടുള്ള ഒരു അഭ്യർത്ഥന മാത്രമാണ്‌. ഇതിനെ തുക തിരിച്ചു പിടിക്കാനുള്ള അറിയിപ്പായോ ആദായനികുതി വകുപ്പ്‌ നികുതി ദായകനെ സമ്മർദ്ദത്തിലാഴ്ത്താൻ ശ്രമിക്കുന്നതായും  പ്രചരിപ്പിക്കരുതെന്ന്‌ സിബിഡിടി അറിയിച്ചു. റീഫണ്ട് വിതരണം ചെയ്യുന്നതിന് മുമ്പായി കുടിശ്ശിക ക്രമീകരിച്ചുകൊണ്ട് പൊതുപണം സംരക്ഷിക്കാൻ പ്രത്യക്ഷനികുതി വകുപ്പിന്‌ ബാധ്യതയുണ്ട്.

കോവിഡ്‌ 19 പകർച്ചവ്യാധിയിൽ നികുതിദായകരെ സഹായിക്കുന്നതിനായി സിബിഡിടി ഇതുവരെ 14 ലക്ഷത്തോളം റീഫണ്ടുകളിലായി 9,000 കോടി രൂപ നൽകി. നികുതിദായകരിൽ നിന്നുള്ള ഈമെയിൽ പ്രതികരണം ലഭിക്കാത്തതിനാൽ നിരവധി റീഫണ്ടുകൾ തീർപ്പുകൽപ്പിച്ചിട്ടില്ല. വിവരങ്ങൾ അപ്‌ഡേറ്റുചെയ്‌തു പ്രതികരണം നൽകിയാൽ എത്രയും വേഗം റീഫണ്ടുകൾ വിതരണം ചെയ്യുന്നതാണ്‌.



(Release ID: 1616713) Visitor Counter : 217