ആഭ്യന്തരകാര്യ മന്ത്രാലയം

കോവിഡ് പ്രതിരോധത്തിനായി മെയ് 3 വരെ ലോക് ഡൗൺ നീട്ടാനുള്ള തീരുമാനം ജനങ്ങളുടെ ജീവൻ സംരക്ഷിക്കുന്നത് ലക്ഷ്യമിട്ട്:  ശ്രീ അമിത് ഷാ

Posted On: 14 APR 2020 3:10PM by PIB Thiruvananthpuram

 

കോവിഡ് പോരാട്ടത്തിന്റെ ഭാഗമായി ഇന്ത്യ ഗവണ്മെന്റ്  ലോക് ഡൗൺ  രാജ്യവ്യാപകമായി മെയ് 3 വരെ നീട്ടാന്‍ തീരുമാനിച്ചിരിക്കുകയാണ്.

ഇത്തരമൊരു തീരുമാനം കൈക്കൊണ്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിക്ക് ആഭ്യന്തരമന്ത്രി അമിത് ഷാ നന്ദി രേഖപ്പെടുത്തി. കോവിഡിനെ തോൽപ്പിക്കുന്നത് ലക്ഷ്യമിട്ട്, ലോക് ഡൗൺ കാലയളവ് നീട്ടാനുള്ള ശ്രീ മോദിയുടെ തീരുമാനം രാജ്യത്തെ ജനങ്ങളുടെ ജീവന് സംരക്ഷണം ഉറപ്പാക്കുന്നതിന് വേണ്ടിയാണെന്നും ആഭ്യന്തരമന്ത്രി അഭിപ്രായപ്പെട്ടു.

കോവിഡ് 19 വ്യാപനം തടയുന്നതിന് ഭരണകൂടം സ്വീകരിച്ചിട്ടുള്ള തീരുമാനങ്ങളെ ശ്രീ ഷാ അഭിനന്ദിച്ചു. ലോകമൊട്ടാകെ ഒരു മഹാമാരിയെ നേരിടുന്ന ഇക്കാലത്ത് ഇത്തരമൊരു വിപത്തിനെ എങ്ങനെ പ്രതിരോധിക്കാം എന്നതിന് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൻ കീഴിൽ പോരാടുന്ന ഇന്ത്യൻ ജനത ഒരു മാതൃക സൃഷ്ടിച്ചതായും അദ്ദേഹം അഭിപ്രായപ്പെട്ടു. കാലോചിതമായി ഭരണകൂടം സ്വീകരിക്കുന്ന വിവിധ തീരുമാനങ്ങളും അതിനു രാജ്യത്തെ ജനങ്ങൾ നൽകുന്ന സഹകരണവും ഇതിന് അടിവരയിടുന്നു.

കോവിഡ് വിരുദ്ധ പോരാട്ടത്തിൽ കേന്ദ്ര ഗവണ്മെന്റുമായി ചേർന്ന് സംസ്ഥാനങ്ങൾ പ്രവർത്തിക്കുന്ന രീതി അഭിനന്ദനാർഹമെന്നു ആഭ്യന്തരമന്ത്രി വിലയിരുത്തി. ഈ മഹാമാരിയെ പ്രതിരോധിക്കാനും പൗരന്മാരുടെ ആവശ്യങ്ങൾ നിറവേറ്റാനും കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങൾ തമ്മിലുള്ള സഹകരണം പ്രധാനമാണെന്നും ശ്രീ ഷാ ഓർമ്മിപ്പിച്ചു. ഈ സഹകരണം കൂടുതൽ ശക്തമാക്കേണ്ടതുണ്ട്.  എങ്കിൽ മാത്രമേ രാജ്യത്തെ ജനങ്ങൾക്ക് ബുദ്ധിമുട്ടുകളൊന്നും കൂടാതെ തന്നെ അവർക്കാവശ്യമായ സാധനങ്ങൾ ലഭ്യമാക്കാനും, ലോക് ഡൗൺ നിർദേശങ്ങൾ കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാനും സാധിക്കൂ.
 
കോവിഡ് വിരുദ്ധ പോരാട്ടത്തിന്റെ മുൻനിരയിലുള്ള ആരോഗ്യ പ്രവർത്തകർ, സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവരുടെ പ്രവർത്തനം ആഭ്യന്തരമന്ത്രി  എടുത്ത് പറഞ്ഞു. ഈ പോരാട്ടത്തിൽ ഡോക്ടർമാർ, ആരോഗ്യപ്രവർത്തകർ, ശുചീകരണ തൊഴിലാളികൾ, പോലീസ് അടക്കമുള്ള സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവർ നൽകുന്ന സംഭാവനകൾ വിലമതിക്കാനാവാത്തതാണ്. പ്രതിസന്ധി ഘട്ടങ്ങളെ മനസിലാക്കാനുള്ള അവരുടെ ശേഷിയും ധൈര്യവും ഓരോ ഇന്ത്യൻ പൗരനും പ്രചോദനമാകണം. ലഭിക്കുന്ന നിർദേശങ്ങൾ പാലിച്ചുകൊണ്ട്,അവരുമായി സഹകരിക്കാൻ ജനങ്ങൾ തയ്യാറാകണമെന്നും ആഭ്യന്തരമന്ത്രി ഓർമ്മിപ്പിച്ചു.


ഭക്ഷണം, മരുന്ന് അടക്കമുള്ള അവശ്യസാധനങ്ങളുടെ മതിയായ ശേഖരം രാജ്യത്തുണ്ടെന്നും, ആരും പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി. അതേസമയം തന്നെ, തങ്ങളുടെ ചുറ്റുപാടുമുള്ള പാവങ്ങളെ സഹായിക്കാൻ രാജ്യത്തെ ജനങ്ങൾ  മുന്നോട്ട് വരണമെന്നും ശ്രീ ഷാ അഭ്യർഥിച്ചു.


**



(Release ID: 1614402) Visitor Counter : 171