പ്രധാനമന്ത്രിയുടെ ഓഫീസ്‌

കൊവിഡ് 19ന് എതിരായ പോരാട്ടത്തിന്റെ തുടര്‍തന്ത്രങ്ങള്‍ രൂപപ്പെടുത്താന്‍ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ആശയവിനിമയം നടത്തി

Posted On: 11 APR 2020 4:39PM by PIB Thiruvananthpuram


ലോക് ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടണമെന്ന് മുഖ്യമന്ത്രിമാര്‍ അഭിപ്രായപ്പെട്ടു.

'നമ്മുടെ മുദ്രാവാക്യം 'ജാന്‍ ഹെ തോ ജഹാന്‍ ഹെ' എന്നതില്‍ നിന്ന് ഇപ്പോള്‍ 'ജാന്‍ ഭി ജഹാന്‍ ഭി' എന്നായി മാറിയിരിക്കുന്നു: പ്രധാനമന്ത്രി

രോഗാണു വ്യാപനം തടയാന്‍ ഇതുവരെ സ്വീകരിച്ച നടപടികളുടെ ഫലപ്രാപ്തി നിര്‍ണയിക്കുന്നതില്‍ അടുത്ത മൂന്ന്, നാല് ആഴ്ച നിര്‍ണായകം: പ്രധാനമന്ത്രി

കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിപണനത്തിനു എപിഎംസി (കാര്‍ഷികോല്‍പ്പാദന വിപണന സമിതി) നിയമങ്ങളുടെ പരിഷ്‌കരണം ഉള്‍പ്പെടെ കാര്‍ഷിക, അനുബന്ധ മേഖലകള്‍ക്കുള്ള കൃത്യമായ നടപടികള്‍ പ്രധാനമന്ത്രി നിര്‍ദേശിച്ചു.

കൊവിഡ് 19ന് എതിരായ പോരാട്ടത്തിലും യാത്രയ്ക്ക് ഇ-പാസ് നല്‍കാനും ആരോഗ്യ സേതു ആപ്പ് അനിവാര്യ ഉപകരണം: പ്രധാനമന്ത്രി

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് എതിരായ ആക്രമണങ്ങളെയും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നും കശ്മീരില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികളോടു മോശമായി പെരുമാറുന്നതിനെയും പ്രധാനമന്ത്രി അപലപിച്ചു.



അവശ്യമരുന്നു വിതരണത്തില്‍ രാജ്യം സജ്ജമെന്ന് പ്രധാനമന്ത്രി ഉറപ്പു നല്‍കി; കരിഞ്ചന്തയ്ക്കും പൂഴ്ത്തിവയ്പ്പിനും എതിരേ ശക്തമായ താക്കീത്.
 

ന്യൂഡല്‍ഹി; ഏപ്രില്‍ 11, 2020

 

കൊവിഡ് 19ന് എതിരായ പോരാട്ടത്തില്‍ സ്വീകരിക്കേണ്ട തുടര്‍ നടപടികളേക്കുറിച്ച് ആലോചിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി എല്ലാ സംസ്ഥാന മുഖ്യമന്ത്രിമാരുമായും വീഡിയോ കോണ്‍ഫറന്‍സ് മുഖേന ആശയവിനിമയം നടത്തി. ഇതുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നടത്തുന്ന മൂന്നാമത്തെ ആശയവിനിമയമാണ് ഇത്. ഏപ്രില്‍ രണ്ടിനും മാര്‍ച്ച് 20നും ആയിരുന്നു മുമ്പത്തെ വീഡിയോ കോണ്‍ഫറന്‍സുകള്‍.
കേന്ദ്രവും സംസ്ഥാനങ്ങളും യോജിച്ചു നടത്തുന്ന ശ്രമങ്ങള്‍ കൊവിഡ് 19ന്റെ പ്രത്യാഘാതം ലഘൂകരിക്കാന്‍ ഉറപ്പായും സഹായിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു; എന്നാല്‍ നിരന്തര ജാഗ്രത ആവശ്യമായ വിധം സാഹചര്യങ്ങള്‍ ദ്രുതഗതിയില്‍ മാറുകയാണ്. രോഗാണു വ്യാപനം തടയുന്നതിന് ഇതുവരെ സ്വീകരിച്ച നടപടികളുടെ ഫലപ്രാപ്തി നിശ്ചയിക്കാന്‍ അടുത്ത മൂന്നു നാല് ആഴ്ചകള്‍ നിര്‍ണായകമാണ് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വെല്ലുവിളി അഭിമുഖീകരിക്കുന്നതിന് കൂട്ടായ പ്രവര്‍ത്തനമാണ് പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അവശ്യമരുന്നുകളുടെ മതിയായ വിതരണത്തിന് ഇന്ത്യ പ്രാപ്തമാണ് എന്ന് സംശയരഹിതമായി പ്രധാനമന്ത്രി ഉറപ്പു നല്‍കി. പോരാട്ടത്തിന്റെ മുന്നണിയില്‍ നിന്നു പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ആളുകള്‍ക്കുമുള്ള സുരക്ഷാ ഉപകരണങ്ങളുടെ ലഭ്യതയും ഉറപ്പാക്കും. പൂഴ്ത്തിവയ്പിനും കരിഞ്ചന്തയ്ക്കും എതിരേ അദ്ദേഹം ശക്തമായ താക്കീതും നല്‍കി. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകരെ ആക്രമിക്കുന്നതും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നും കശ്മീരില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികളോടു മോശമായി പെരുമാറുന്നതും പോലുള്ള സംഭവങ്ങളെ അപലപിച്ച പ്രധാനമന്ത്രി, അത്തരം അതിക്രമങ്ങള്‍ ശക്തമായി കൈകാര്യം ചെയ്യുമെന്ന് അടിവരയിട്ടു പറഞ്ഞു. ലോക് ഡൗണ്‍ ലംഘിക്കുന്നത് തടയേണ്ടതിന്റെ ആവശ്യകതയേക്കുറിച്ച് അദ്ദേഹം ഓര്‍മിപ്പിച്ചു; സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഉറപ്പു വരുത്തണം.
ലോക് ഡൗണ്‍ അടുത്ത രണ്ടാഴ്ചത്തേക്കു കൂടി നീട്ടുന്ന കാര്യത്തില്‍ സംസ്ഥാനങ്ങളുമായി സമവായം ഉണ്ടായതായി പ്രധാനമന്ത്രി അറിയിച്ചു. നമ്മുടെ മുദ്രാവാക്യം 'ജാന്‍ ഹെ തോ ജഹാന്‍ ഹെ' എന്നതില്‍ നിന്ന് ഇപ്പോള്‍ 'ജാന്‍ ഭി ജഹാന്‍ ഭി' എന്നായി മാറിയിരിക്കുന്നു, പ്രധാനമന്ത്രി പറഞ്ഞു.
ആരോഗ്യ പരിരക്ഷാ അടിസ്ഥാനസൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും ടെലി- മെഡിസിനിലൂടെ രോഗികളിലേക്ക് എത്തിക്കുന്നതിനെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. മാര്‍ക്കറ്റുകളിലെ തിരക്കു കുറയ്ക്കാന്‍ കാര്‍ഷികോല്‍പ്പന്നങ്ങള്‍ നേരിട്ടു വീടുകളില്‍ എത്തിക്കണം എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു; അതിന് അനുസൃതമായി എപിഎംസി (കാര്‍ഷികോല്‍പ്പാദന വിപണന സമിതി) നിയമങ്ങള്‍ വൈകാതെ പരിഷ്‌കരിക്കും. ഇത്തരം നടപടികള്‍ കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ സ്വന്തം വീട്ടുപടിക്കല്‍ വച്ച് വില്‍ക്കാനും സഹായിക്കും.
കൂടുതല്‍ ആളുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്ന വിധത്തില്‍ ആരോഗ്യ സേതു ആപ്പ് ജനകീയമാക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. രോഗികളുമായി സമ്പര്‍ക്കമുണ്ടായവരെ ദക്ഷിണ കൊറിയയും സിംഗപ്പൂരും കണ്ടുപിടിച്ച രീതി അദ്ദേഹം പരാമര്‍ശിച്ചു. അവരുടെ അനുഭവങ്ങളുടെ കൂടി അടിസ്ഥാനത്തില്‍, പകര്‍ച്ചവ്യാധിക്ക് എതിരായ ഇന്ത്യയുടെ പോരാട്ടത്തില്‍ ഈ ആപ്പ് പ്രധാനപ്പെട്ട ഒരു സാമഗ്രിയാക്കി മാറ്റാന്‍ ഇന്ത്യ സ്വന്തം നിലയില്‍ പ്രയത്നം നടത്തണം. ഒരിടത്തു നിന്നു മറ്റൊരിടത്തേക്കു യാത്ര ചെയ്യുന്നതിന് ഇ - പാസ് അനുവദിക്കുന്നതിനും ആപ്പ് ഉപയോഗിക്കുന്നതിനുള്ള സാധ്യത അദ്ദേഹം ചൂണ്ടിക്കാട്ടി.
നാം സ്വാശ്രിതരാകുന്നതിനുള്ള അവസരമാണ് ഇപ്പോഴത്തെ പ്രതിസന്ധിയെന്ന് സാമ്പത്തിക വെല്ലുവിളികളെക്കുറിച്ചു സംസാരിക്കവേ അദ്ദേഹം പറഞ്ഞു; രാജ്യത്തെ ഇത് ഒരു സാമ്പത്തിക ഊര്‍ജ്ജകേന്ദ്രമായി പരിവര്‍ത്തിപ്പിക്കും.
അതതു സംസ്ഥാനങ്ങളിലെ കൊവിഡ് പൊസിറ്റീവ് കേസുകളുടെ സ്ഥിതി, സാമൂഹിക അകലം പാലിക്കുന്നതിന് ഇതുവരെ സ്വീകരിച്ച നടപടികള്‍, ആരോഗ്യ പരിരക്ഷാ അടിസ്ഥാനസൗകര്യ വികസനം,  കുടിയേറ്റ തൊഴിലാളികളുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനും അവശ്യസാധന വിതരണത്തിനു തടസ്സമില്ലാതിരിക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ എന്നിവയേക്കുറിച്ചു മുഖ്യമന്ത്രിമാര്‍ വിശദീകരിച്ചു. ലോക് ഡൗണ്‍ രണ്ടാഴ്ചത്തേക്കു കൂടി നീട്ടണം എന്നു മുഖ്യമന്ത്രിമാര്‍ അഭിപ്രായപ്പെട്ടു. പകര്‍ച്ചവ്യാധിക്ക് എതിരായ പോരാട്ടത്തിനുള്ള വിഭവങ്ങള്‍ വര്‍ധിപ്പിക്കാന്‍ സാമ്പത്തികവും നികുതി സംബന്ധവുമായ സഹായവും പിന്തുണയും അവര്‍ ആവശ്യപ്പെടുകയും ചെയ്തു.
കേന്ദ്ര ആഭ്യന്തര മന്ത്രി, പ്രതിരോധ മന്ത്രി, ആരോഗ്യ മന്ത്രി, പ്രിന്‍സിപ്പല്‍ സെക്രട്ടറി, ക്യാബിനറ്റ് സെക്രട്ടറി, കേന്ദ്ര ഗവണ്‍മെന്റിലെ മറ്റു മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും ആശയവിനിമയത്തില്‍ പങ്കെടുത്തു.
 

****


 

 

 


(Release ID: 1613403) Visitor Counter : 327