ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ് 19  പുതിയ വിവരങ്ങൾ

Posted On: 05 APR 2020 6:48PM by PIB Thiruvananthpuram


ന്യൂഡല്‍ഹി ഏപ്രില്‍ 05, 2020

രാജ്യത്തെ കോവിഡ് വ്യാപനം തടയുന്നതിനും,  പ്രതിരോധിക്കുന്നതിനും, നിയന്ത്രിക്കുന്നതിനുമായി നിരവധി നടപടികളാണ് ഇന്ത്യ ഗവണ്‍മെന്റ് സ്വീകരിച്ചു വരുന്നത്.  സംസ്ഥാന-കേന്ദ്രഭരണപ്രദേശങ്ങൾക്കൊപ്പം ചേർന്നുള്ള ഈ പ്രവർത്തനങ്ങള്‍ ഉന്നതതലത്തില്‍  ദിവസവും  നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യുന്നുണ്ട്.

രാജ്യത്തെ ഉന്നതാധികാര സംഘങ്ങളുടെ സംയുക്തയോഗത്തിനു  പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ അധ്യക്ഷത
വഹിച്ചിരുന്നു. കോവിഡ് പ്രതിരോധം ലക്ഷ്യമിട്ടുള്ള പദ്ധതികളുടെ  രൂപീകരണം, തയ്യാറെടുപ്പുകൾ, അവയുടെ നടപ്പാക്കൽ എന്നിവ രാജ്യത്തുടനീളം  ഉറപ്പാക്കുന്നത് ലക്ഷ്യമിട്ടായിരുന്നു ഇന്നലത്തെ യോഗം. ആശുപത്രികൾ ,നിരീക്ഷണ -ക്വാറന്റീൻ സംവിധാനങ്ങൾ, പരിശോധന സൗകര്യങ്ങൾ, അത്യാഹിത ചികിത്സ പരിശീലനം തുടങ്ങിയവയുടെ ലഭ്യത വർധിപ്പിക്കാൻ ഇതുവരെ സ്വീകരിച്ച നടപടികൾ സംഘങ്ങൾ യോഗത്തിൽ വിശദീകരിച്ചു.

കോവിഡ് 19 വെല്ലുവിളി നേരിടുന്നതിനായി സ്വീകരിച്ച നടപടികൾ നേരിട്ട് വിലയിരുത്തുന്നതിനായി, കേന്ദ്ര ആരോഗ്യ കുടുംബക്ഷേമമന്ത്രി ഡോ ഹർഷ് വർദ്ധൻ ജജ്ജറിലെ ഓൾ ഇന്ത്യ ഇൻസ്റ്റിട്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് സന്ദർശിച്ചു.  കോവിഡ് രോഗത്തിനായി മാത്രമുള്ള ആശുപത്രിയായി AIIMS ജജ്ജർ പ്രവർത്തിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഐസൊലേഷനിൽ കഴിയുന്ന രോഗികൾക്ക് നൂതന വൈദ്യ സഹായങ്ങൾ അടക്കം ലഭ്യമാക്കുന്നതിനായി   300 കിടക്കളോട് കൂടിയ ഐസൊലേഷൻ വാർഡുകൾ ആശുപത്രിയിൽ സജ്ജമാക്കും .

 കോവിഡിനെതിരായ പ്രതിരോധമരുന്ന് വികസിപ്പിക്കാൻ ലോകമെമ്പാടുമുള്ള ആളുകൾ അഹോരാത്രം പരിശ്രമിക്കുകയാണെന്നും ഫലപ്രദമായ ഒരു  മരുന്ന് കണ്ടുപിടിക്കും വരെ  ലോക് ഡൗണും, സാമൂഹിക അകലം പാലിക്കലുമാണ് കോവിഡിനെതിരായ ഫലപ്രദമായ പ്രതിരോധമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും, ഉന്നതതല നേതൃത്വവുമായി കാബിനറ്റ് സെക്രട്ടറി വീഡിയോ കോൺഫെറെൻസിലൂടെ ആശയവിനിമയം നടത്തി. ചീഫ് സെക്രട്ടറിമാർ, ആരോഗ്യ സെക്രട്ടറിമാർ, ജില്ലാ മജിസ്‌ട്രേറ്റുമാര്‍, പോലീസ് സൂപ്രണ്ടന്റുമാര്‍, ചീഫ് മെഡിക്കല്‍ ഓഫീസര്‍മാര്‍,  എല്ലാ ജില്ലകളിലെയും ഐഡിഎസ്പി അംഗങ്ങൾ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു. വൈദ്യോപകരണങ്ങൾ, മരുന്നുകൾ എന്നിവയുടെ ഉത്പാദനത്തിനാവശ്യമായ സംവിധാനങ്ങളിൽ  വീഴ്ച വരാൻ പാടില്ലെന്ന്, കാബിനറ്റ് സെക്രട്ടറി ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകി. കോവിഡ് നിയന്ത്രണം സംബന്ധിച്ച് ജീവനക്കാർക്കും, ബന്ധപ്പെട്ട  പ്രതിനിധികൾക്കും  ആവശ്യമായ പ്രാഥമിക വിവരങ്ങൾ യോഗത്തിൽ നൽകി . രാജ്യത്തെ ഓരോ ജില്ലയും ഓരോ കോവിഡ് 19 ദുരന്ത നിവാരണ പദ്ധതിക്ക് രൂപം നൽകണമെന്നും നിർദേശിക്കപ്പെട്ടു.
ഭിൽവാര, ആഗ്ര, ഗൗതം ബുദ്ധ് നഗർ, പത്തനംതിട്ട, കിഴക്കൻ ഡൽഹി, മുംബൈ എന്നിവിടങ്ങളിൽ ഇതുവരെ സ്വീകരിച്ച നടപടികളും തങ്ങളുടെ അനുഭവങ്ങളും ബന്ധപ്പെട്ട ജില്ലാ കമ്മീഷണര്‍മാരും മുനിസിപ്പല്‍ കമ്മീഷണര്‍മാരും പങ്കുവച്ചു.

ഏറ്റവും പുതിയ കണക്കു പ്രകാരം, രാജ്യത്തെ 274 ജില്ലകൾ കോവിഡ് മഹാമാരിയുടെ പിടിയിലാണ്.


 രോഗവ്യാപനഭീഷണി നിലനിൽക്കുന്നിടങ്ങളിൽ നടത്താനുള്ള റാപിഡ് ആന്റിബോഡി അടിസ്ഥാനമാക്കിയ രക്തപരിശോധന   സംബന്ധിച്ച മാർഗനിർദേശങ്ങൾ ഐസിഎംആര്‍  പുറത്ത്  ഇറക്കിയിട്ടുണ്ട്. റാപിഡ് പരിശോധന ഫലങ്ങൾ  ഐസിഎംആര്‍  പോർട്ടലിൽ നേരിട്ട്  ലഭ്യമാക്കുന്നത്  ബന്ധപ്പെട്ടവർ ഉറപ്പാക്കണമെന്നും നിർദേശത്തിൽ പറയുന്നു. വേഗത്തിൽ രോഗബാധിതരെ  തിരിച്ചറിയുന്നതിനും അവർക്കാവശ്യമായ ചികിത്സ ഉറപ്പുവരുത്തുന്നതിനും, ഇത് സഹായകരമാകും.


പൊതുസ്ഥലങ്ങളിൽ തുപ്പുന്നത് കൊറോണ വൈറസിന്റെ വ്യാപനത്തെ ത്വരിതപ്പെടുത്തുമെന്ന്  ഐസിഎംആര്‍ പുറത്തിറക്കിയ പുതിയ നിർദേശത്തിൽ പറയുന്നു. കോവിഡ് മഹാമാരിയുയർത്തുന്ന വെല്ലുവിളികളുടെ പശ്ചാത്തലത്തിൽ, പൊതുസ്ഥലങ്ങളിൽ തുപ്പുന്നതും, പുകരഹിതമായ പുകയിലഉല്പന്നങ്ങളുടെ ഉപയോഗവും ഒഴിവാക്കണമെന്നും നിർദേശത്തിൽ പറയുന്നു.

 
രാജ്യത്തിതുവരെ 3374 പേർക്ക് രോഗം സ്ഥിരീകരിച്ചു. രോഗബാധയെത്തുടർന്ന് 79 പേരാണ് മരിച്ചത്. രോഗം, ഭേദമായതിനെത്തുടര്ന്ന്  267 പേര് ആശുപത്രി വിട്ടു .


കോവിഡ് 19 മായി ബന്ധപ്പെട്ട  ഏറ്റവും പുതിയതും ആധികാരികവുമായ  വിവരങ്ങൾക്കായി സന്ദർശിക്കുക
https://www.mohfw.gov.in/.
 
കോവിഡ് 19 മായി ബന്ധപ്പെട്ട സാങ്കേതിക സംശയങ്ങൾ technicalquery.covid19[at]gov[dot]in   എന്ന മെയിൽ ഐ ഡി യിലും, മറ്റു സംശയങ്ങൾ   ncov2019[at]gov[dot]in  എന്ന മെയിൽ ഐഡിയിലും അയക്കാവുന്നതാണ്.

സംശയദൂരീകരണത്തിനായി, ആരോഗ്യകുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ +91-11-23978046   എന്ന ഹെല്‍പ്‌
ലൈൻ നമ്പറിലോ  1075 എന്ന ടോൾ ഫ്രീ നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെയും, കേന്ദ്രഭരണപ്രദേശങ്ങളിലെയും   ഹെല്പ് ലൈൻ നമ്പറുകൾ താഴെക്കാണുന്ന ലിങ്കിൽ ലഭ്യമാണ്:


https://www.mohfw.gov.in/pdf/coronvavirushelplinenumber.pdf
***



(Release ID: 1611506) Visitor Counter : 164