പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രിയും അമേരിക്കന്‍ പ്രസിഡന്റും ടെലിഫോണില്‍ ചര്‍ച്ച നടത്തി

प्रविष्टि तिथि: 04 APR 2020 9:58PM by PIB Thiruvananthpuram
ബഹുമാനപ്പെട്ട അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ടെലിഫോണില്‍ ചര്‍ച്ച നടത്തി. കോവിഡ്-19 മഹാവ്യാധി ഉയര്‍ത്തുന്ന വെല്ലുവിളിയും അത് ആഗോളസൗഖ്യത്തിലും സമ്പദ് വ്യവസ്ഥയിലും സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളുമാണു ചര്‍ച്ച ചെയ്തത്. 
അമേരിക്കയില്‍ രോഗബാധ നിമിത്തം ആള്‍നാശം സംഭവിച്ചതില്‍ അനുശോചനമറിയിച്ച പ്രധാനമന്ത്രി, രോഗം ബാധിച്ചു ചികില്‍സയിലുള്ളവര്‍ വേഗം സുഖം പ്രാപിക്കുന്നതിനായി പ്രാര്‍ഥിക്കുന്നതായി അറിയിച്ചു. 
ഇരു രാജ്യങ്ങളും തമ്മിലുള്ള സവിശേഷമായ ബന്ധം ഊന്നിപ്പറഞ്ഞ അദ്ദേഹം രോഗത്തെ നേരിടുന്നതിനുള്ള അമേരിക്കയുടെ ശ്രമങ്ങളോടുള്ള ഐക്യദാര്‍ഢ്യം ആവര്‍ത്തിച്ചു. കോവിഡ്-19നെ നേരിടുന്നതിനായി ഇന്ത്യ-അമേരിക്ക പങ്കാളിത്തത്തിന്റെ മുഴുവന്‍ കരുത്തും ഉപയോഗപ്പെടുത്താന്‍ ഇരു നേതാക്കളും പരസ്പരം സമ്മതിച്ചു. 
മഹാവ്യാധി സൃഷ്ടിക്കുന്ന ആരോഗ്യ, സാമ്പത്തിക പ്രത്യാഘാതങ്ങള്‍ നേരിടുന്നതിനായി കൈക്കൊണ്ട നടപടികള്‍ നേതാക്കള്‍ പരസ്പരം വിശദീകരിച്ചു. 
ബുദ്ധിമുട്ടു നിറഞ്ഞ ഈ നാളുകളില്‍ മാനസികവും ശാരീരികവുമായ ആരോഗ്യം ഉറപ്പാക്കുന്നതിനു യോഗയും ആയുര്‍വേദവും (ഔഷധച്ചെടികളില്‍നിന്നു മരുന്നുണ്ടാക്കുന്ന ഇന്ത്യന്‍ പാരമ്പര്യം) എത്രത്തോളം പ്രധാനമാണെന്ന് ഇരു നേതാക്കളും ചൂണ്ടിക്കാട്ടി. 
കോവിഡ്-19 പടരുന്ന സാഹചര്യത്തില്‍ ഇരു രാജ്യങ്ങളുടെയും പ്രതിനിധികള്‍ സദാ ബന്ധം നിലനിര്‍ത്തണമെന്ന് അവര്‍ പരസ്പരം ഓര്‍മിപ്പിച്ചു. 

(रिलीज़ आईडी: 1611260) आगंतुक पटल : 345
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Manipuri , Bengali , Assamese , Punjabi , Gujarati , Odia , Tamil , Telugu , Kannada