പ്രധാനമന്ത്രിയുടെ ഓഫീസ്‌

കൊറോണ വൈറസ് മഹാവ്യാധിയെ കുറിച്ചു പ്രധാനമന്ത്രി വാരണാസിയിലെ ജനങ്ങളെ അഭിസംബോധന ചെയ്തു


സംയമനവും നിശ്ചയദാര്‍ഢ്യവും ബോധ്യവും വേണമെന്നു പ്രധാനമന്ത്രി
കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ പ്രധാനമന്ത്രി ഹെല്‍പ്‌ഡെസ്‌ക് നമ്പര്‍ പ്രഖ്യാപിച്ചു

Posted On: 25 MAR 2020 6:33PM by PIB Thiruvananthpuram

 

ഇതുപോലൊരു അവസരത്തില്‍ എം.പിയെന്ന നിലയില്‍ നിങ്ങള്‍ക്കൊപ്പം ഉണ്ടാവേണ്ടതാണെന്നും ഡെല്‍ഹിയില്‍ തിരക്കിട്ട കാര്യങ്ങള്‍ നടക്കുന്നതുകൊണ്ടാണ് ഇതു സാധ്യമാകാത്തതെന്നും വാരണാസിയിലെ ജനങ്ങളോടു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി. വിഡിയോ കോണ്‍ഫറന്‍സ് വഴി വാരണാസിയിലെ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. തിരക്കിനിടയിലും വാരണാസിയിലെ കാര്യങ്ങള്‍ സഹപ്രവര്‍ത്തകരില്‍നിന്നു ചോദിച്ചറിയുന്നുണ്ടെന്നു പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. 
കൊറോണ വൈറസിനെതിരെ പോരാടാന്‍ രാജ്യത്തിനു കരുത്തു പകരുന്നതിനായി ശൈലപുത്രി ദേവിയോടു പ്രാര്‍ഥിച്ചതിനു വാരണാസിയിലെ ജനങ്ങളോടു പ്രധാനമന്ത്രി നന്ദി അറിയിച്ചു. അദ്ദേഹം പറഞ്ഞു: 'ചിലപ്പോള്‍ ജനങ്ങള്‍ പ്രധാനപ്പെട്ട കാര്യങ്ങള്‍ ശ്രദ്ധിക്കില്ല. അതാണ് ഇന്ത്യയില്‍ സംഭവിക്കുന്നത്.' വസ്തുതകള്‍ മനസ്സിലാക്കണമെന്നും അതേസമയം, ഊഹാപോഹങ്ങള്‍ വിശ്വസിക്കരുതെന്നും അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തു. കൊറോണ വൈറസിനു ധനികരെന്നും ദരിദ്രരെന്നുമുള്ള വേര്‍തിരിവില്ലെന്നും അത് ആരെയും ഒഴിച്ചുനിര്‍ത്തില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. കാബൂളിലെ ഗുരുദ്വാരയില്‍ നടന്ന ഭീകരാക്രമണത്തില്‍ മരിച്ചവരുടെ കുടുംബങ്ങളെ അദ്ദേഹം അനുശോചനം അറിയിച്ചു. 
കൊറോണ വൈറസിനെ സംബന്ധിച്ച ശരിയായ വസ്തുതകള്‍ അറിയിക്കുന്നതിനായി വാട്‌സാപ്പുമായി ചേര്‍ന്നു ഹെല്‍പ് ഡെസ്‌ക് രൂപീകരിച്ചതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഇംഗ്ലീഷിലോ ഹിന്ദിയിലോ നമസ്‌തേ എന്ന സന്ദേശം 9013151515 എന്ന നമ്പറിലേക്ക് അയച്ചാല്‍ ഈ സേവനം ലഭ്യമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. മഹാഭാരതയുദ്ധം ജയിച്ചത് 18 ദിവസംകൊണ്ടാണെന്നും കൊറോണ വൈറസിനെതിരായ യുദ്ധം ജയിക്കാന്‍ ഇന്ത്യക്ക് 21 ദിവസം വേണ്ടിവരുമെന്നും പ്രധാനമന്ത്രി പറഞ്ഞു. 
ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ തുടങ്ങിയ വിദഗ്ധര്‍ എവിടെയെങ്കിലും മോശമായ രീതിയില്‍ കൈകാര്യം ചെയ്യപ്പെടുന്നതു കാണുന്നപക്ഷം അങ്ങനെ ചെയ്യുന്നവരോട് അവര്‍ ചെയ്യുന്നതു തെറ്റാണെന്നു പറഞ്ഞു മനസ്സിലാക്കിക്കാന്‍ മുന്‍കയ്യെടുക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. ഈ പ്രതിസന്ധിഘട്ടത്തില്‍ സേവനം നല്‍കുന്ന ഡോക്ടര്‍മാരുമായും നഴ്‌സുമാരുമായും മറ്റു വിദഗ്ധരുമായും സഹകരിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി കൈക്കൊള്ളണമെന്ന് ആഭ്യന്തര മന്ത്രാലയത്തോടും പൊലീസ് ഡയറക്ടര്‍ ജനറല്‍മാരോടും നിര്‍ദേശിച്ചതായി പ്രധാനമന്ത്രി വെളിപ്പെടുത്തി. ശരിയായ ചുവടു ശരിയായ സമയത്തു വെക്കണമെന്നാണ് ഈ രാജ്യത്തെ സാധാരണക്കാരന്‍ കരുതുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജനതാ കര്‍ഫ്യൂ പാലിക്കുന്നതിലും വൈകിട്ട് അഞ്ചിന് അവശ്യ സര്‍വീസ് രംഗത്തെ വിദഗ്ധരെ നന്ദി അറിയിക്കുന്നതിലും പൗരന്‍മാര്‍ എത്രത്തോളം പിന്‍തുണ നല്‍കി എന്ന് മാര്‍ച്ച് 22നു വെളിപ്പെട്ടതാണെന്നു പ്രധാനമന്ത്രി പറഞ്ഞു. ആശുപത്രികളില്‍ വെളുത്ത യൂണിഫോമുകളില്‍ ജോലി ചെയ്യുന്ന ആരോഗ്യ സംരക്ഷണ വിദഗ്ധര്‍ നമുക്കിന്നു ദൈവത്തെ പോലെയാണെന്നും അവര്‍ നമ്മെ രോഗത്തില്‍നിന്നു രക്ഷിക്കുന്നു എന്നും അവര്‍ സ്വന്തം ജീവിതം അപകടത്തില്‍ പെടുത്താന്‍ തയ്യാറായാണു നമ്മെ രക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
 



(Release ID: 1608187) Visitor Counter : 165