ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

ക്ഷയരോഗ നിർമാർജനത്തിലേക്ക് ഇന്ത്യയുടെ വമ്പിച്ച മുന്നേറ്റം: ക്ഷയരോഗ മരണനിരക്കിൽ 38% കുറവ്, 94% ചികിത്സ വിജയനിരക്ക്

പോസ്റ്റഡ് ഓണ്‍: 12 NOV 2026 8:40PM by PIB Thiruvananthpuram
ക്ഷയരോഗത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യ നിർണായക നേട്ടം കൈവരിച്ചു. 2015-നെ അപേക്ഷിച്ച് ക്ഷയരോഗം മൂലമുള്ള മരണനിരക്കിൽ ഇന്ത്യയിൽ 38% കുറവ് രേഖപ്പെടുത്തി. ആഗോളതലത്തിലെ കുറവ് 35% ആണ്. ക്ഷയ രോഗികളിൽ 94% മരുന്നുകളോട് പ്രതികരിക്കുന്നുവെന്ന ശ്രദ്ധേയമായ ചികിത്സാ വിജയനിരക്കും ഇന്ത്യ കൈവരിച്ചു. ലോകാരോഗ്യ സംഘടനയുടെ (WHO) 2026 നവംബർ 12-ന് പുറത്തിറക്കിയആഗോള ക്ഷയരോഗ റിപ്പോർട്ട് 2026-ൽ ചൂണ്ടിക്കാട്ടിയ ഈ നേട്ടങ്ങൾ, നേരത്തെയുള്ള രോഗനിർണയം, സമയബന്ധിതമായ ചികിത്സ, സാങ്കേതികവിദ്യയിലെ നൂതനാശയങ്ങൾ , സമഗ്രമായ രോഗീപരിചരണം എന്നിവയിലൂടെ ക്ഷയരോഗ നിർമാർജനത്തിൽ ഇന്ത്യ സുസ്ഥിരമായ പുരോഗതി കൈവരിക്കുന്നതിന്റെ പ്രതിഫലനമാണ്.
 
ക്ഷയരോഗ മരണനിരക്കിലെ ഇന്ത്യ കൈവരിച്ച കുറവ്, ഈ മേഖലയിൽ രാജ്യം കൈവരിച്ച ശക്തമായ പ്രകടനത്തെ എടുത്തുകാട്ടുന്നു. ദേശീയ ക്ഷയരോഗ നിർമാർജന പരിപാടിയുടെ (NTEP) കീഴിൽ വർദ്ധിപ്പിച്ച ഇടപെടലുകളുടെ ഫലമാണ് ഈ പുരോഗതി. AI സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയും എക്സ്-റേ ഉൾപ്പെടെയുമുള്ള സജീവമായ രോഗ നിർണയം , ദ്രുത രോഗനിർണയം, ഉടനടി ചികിത്സ ആരംഭിക്കൽ, വ്യത്യസ്ത ആവശ്യങ്ങൾക്കനുസരിച്ചുള്ള ക്ഷയരോഗ പരിചരണം, നിക്ഷയ് പോഷൻ യോജന , നിക്ഷയ് മിത്ര എന്നീ പദ്ധതികളിലൂടെയുള്ള പോഷകാഹാര പിന്തുണ എന്നിവയും ഇതിൽ ഉൾപ്പെടുന്നു. ഹോട്ട്‌സ്‌പോട്ടുകൾ തിരിച്ചറിയുന്നതിനും പ്രതികൂല ആരോഗ്യഫലങ്ങൾക്ക് സാധ്യതയുള്ള ഉയർന്ന അപകടസാധ്യതയുള്ള ക്ഷയരോഗ കേസുകൾ പ്രവചിക്കുന്നതിനുമുള്ള എഐ സംവിധാനം , ഖുഷി - എഐ ചാറ്റ്ബോട്ട് & അവതാർ വീഡിയോബോട്ട് തുടങ്ങിയ സാങ്കേതികവിദ്യകൾ എന്നിവയും ഈ ഇടപെടലുകൾക്ക് പിന്തുണ നൽകി.
 
94% എന്ന ഉയർന്ന ചികിത്സാ വിജയനിരക്ക്, ക്ഷയരോഗബാധിതരായവർക്ക് മികച്ച ചികിത്സാ സേവനവും തുടർച്ചയായ പിന്തുണയും ഉറപ്പാക്കുന്ന ഇന്ത്യയുടെ രോഗികേന്ദ്രീകൃത സമീപനത്തിന്റെ ഫലപ്രാപ്തി കൂടുതൽ വ്യക്തമാക്കുന്നു.
 
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ദീർഘവീക്ഷണമുള്ള നേതൃത്വത്തിന് കീഴിൽ, ക്ഷയരോഗത്തിനെതിരായ ഇന്ത്യയുടെ പോരാട്ടം രാജ്യവ്യാപകമായ ഒരു ജനകീയ പ്രസ്ഥാനമായി മാറിയിരിക്കുകയാണ്. ക്ഷയരോഗമുക്ത ഭാരതം എന്ന ലക്ഷ്യത്തിനായി ഗവൺമെന്റ് സ്ഥാപനങ്ങൾ, ആരോഗ്യപരിപാലന വിദഗ്ധർ, സമൂഹങ്ങൾ, പൗരന്മാർ എന്നിവരെ ഇത് ഒരുമിച്ച് കൊണ്ടുവരുന്നു. ജനപങ്കാളിത്തത്തിന് പ്രധാനമന്ത്രി നൽകുന്ന ഊന്നലിന്റെ അടിസ്ഥാനത്തിൽ, TB മുക്ത ഭാരത് അഭിയാൻ സമൂഹാധിഷ്ഠിത പരിശോധന, എഐ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തികൊണ്ടുള്ള നെഞ്ചിന്റെ എക്സ്-റേ, തന്മാത്ര തല രോഗനിർണയം, ക്ഷയരോഗ പ്രതിരോധ ചികിത്സ, പോഷകാഹാര പിന്തുണ എന്നിവ കൂടുതൽ ശക്തിപ്പെടുത്തുകയും അവശ്യ സേവനങ്ങൾ ദുർബല വിഭാഗങ്ങളിലുള്ള ജനങ്ങളിലേക്ക് കൂടുതൽ ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്.
 
ക്ഷയരോഗ നിർമാർജന പരിപാടിയ്ക്കായുള്ള ധനസഹായ ആവശ്യകതയുടെ 96% ആഭ്യന്തര വിഭവങ്ങളിലൂടെ നിറവേറ്റുന്നതിലും ഇന്ത്യയുടെ പ്രതിജ്ഞാബദ്ധത പ്രതിഫലിക്കുന്നു. ഇത് സുസ്ഥിരമായ ദേശീയ നിക്ഷേപവും ശക്തമായ രാഷ്ട്രീയ പ്രതിജ്ഞാബദ്ധതയും ക്ഷയരോഗ നിർമാർജനത്തിനായുള്ള സമഗ്ര ഗവൺമെന്റ് -സമൂഹ സമീപനവും വ്യക്തമാക്കുന്നു.
 
ടിബി മുക്ത ഭാരത് അഭിയാൻ : 25 കോടിയിലധികം പേരെ ശക്തമായ പരിശോധനയുടെ പരിധിയിൽ കൊണ്ടുവന്നു
 
ടിബി മുക്ത ഭാരത് അഭിയാൻ ഇന്ത്യയുടെ ദ്രുത ഗതിയിലെ ക്ഷയരോഗ നിർമാർജന ശ്രമങ്ങളുടെ പ്രധാന ചാലകശക്തിയായി മാറിയിരിക്കുകയാണ്. സജീവമായ പരിശോധന, സാങ്കേതികവിദ്യാധിഷ്ഠിത രോഗനിർണയം, സമൂഹത്തിലെത്തിച്ചേരൽ എന്നിവയിലൂടെ ക്ഷയരോഗം കണ്ടെത്തുന്നതിനുള്ള സമീപനത്തിൽ ഇത് വലിയ മാറ്റം സൃഷ്ടിച്ചു.
 
2024 ഡിസംബർ 7-ന് 33 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ഉയർന്ന മുൻഗണനയുള്ള 347 ജില്ലകളിൽ ആരംഭിച്ച ആദ്യത്തെ 100 ദിവസത്തെ തീവ്രപ്രചാരണം പിന്നീട് രാജ്യവ്യാപകമായി വിപുലീകരിച്ചു. പ്രത്യേകിച്ച് ദുർബലരും ഉയർന്ന അപകടസാധ്യതയുള്ളവരുമായ ജനവിഭാഗങ്ങൾക്കിടയിൽ ക്ഷയരോഗം നേരത്തെ കണ്ടെത്തുന്നത് ശക്തിപ്പെടുത്തുന്നതിനായിരുന്നു ഇത്. ഇതിലൂടെ ലഭിച്ച അനുഭവങ്ങളും സൃഷ്ടിച്ച മുന്നേറ്റവും അടിസ്ഥാനമാക്കി, 2026 മാർച്ച് 24-ന് ഗവൺമെന്റ് 100 ദിവസത്തെ മറ്റൊരു തീവ്രപ്രചാരണ പരിപാടി ആരംഭിച്ചു. 1.58 ലക്ഷം ഉയർന്ന അപകടസാധ്യതയുള്ള ഗ്രാമങ്ങളിലും വാർഡുകളിലും, ജനങ്ങൾ തിങ്ങികഴിയുന്ന ഇടങ്ങളിലും ദുർബല വിഭാഗങ്ങളിലുമുള്ള ജനങ്ങൾക്കിടയിൽ ക്ഷയരോഗ പരിശോധന നടത്തുന്നതിലായിരുന്നു ഇതിന്റെ ശ്രദ്ധ.
 
2024 ഡിസംബർ 7 മുതൽ 2026 നവംബർ 8 വരെ, പ്രചാരണപരിപാടി ശ്രദ്ധേയമായ പുരോഗതി കൈവരിച്ചു:
 
- 25 കോടിയിലധികം വ്യക്തികളെ തിരിച്ചറിയുകയും ക്ഷയരോഗ പരിശോധനാ പ്രവർത്തനങ്ങളുടെ പരിധിയിൽ കൊണ്ടുവരികയും ചെയ്തു.
- നേരത്തെയുള്ള രോഗനിർണയം ശക്തിപ്പെടുത്തുന്നതിനായി 11 കോടിയിലധികം നെഞ്ചിന്റെ എക്സ്-റേ പരിശോധനകൾ നടത്തി.
- വേഗത്തിലും കൃത്യതയോടെയും രോഗനിർണയം നടത്തുന്നതിനായി 3 കോടിയിലധികം ന്യൂക്ലിക് ആസിഡ് ആംപ്ലിഫിക്കേഷൻ ടെസ്റ്റുകൾ (NAAT) നടത്തി.
- രോഗലക്ഷണങ്ങളില്ലാത്ത 14.97 ലക്ഷം കേസുകൾ ഉൾപ്പെടെ 48.64 ലക്ഷം പുതിയ ക്ഷയരോഗ കേസുകൾ കണ്ടെത്തി.

 രോഗലക്ഷണങ്ങളില്ലാത്ത ഏകദേശം 15 ലക്ഷം കേസുകൾ കണ്ടെത്തിയത് പ്രത്യേക പ്രാധാന്യമർഹിക്കുന്നു. സാധാരണഗതിയിൽ രോഗം നിർണയിക്കപ്പെടാതെയിരിക്കാൻ സാധ്യതയുള്ള വ്യക്തികളെ സജീവമായ പരിശോധനയിലൂടെ കണ്ടെത്തുന്നതിന്റെ ഫലപ്രാപ്തിയാണ് ഇത് തെളിയിക്കുന്നത്. നേരത്തെയുള്ള രോഗനിർണയം സമയബന്ധിതമായ ചികിത്സ സാധ്യമാക്കുകയും ക്ഷയരോഗത്തിന്റെ വ്യാപനം കുറയ്ക്കുന്നതിനും ഗുരുതര രോഗാവസ്ഥ തടയുന്നതിനുള്ള അവസരങ്ങൾ ഒരുക്കുകയും ചെയ്യുന്നു.
 
കൃത്യസമയത്ത് ചികിത്സ ആരംഭിക്കൽ, രോഗികളുടെ ആവശ്യാനുസൃതമായ പരിചരണം, പോഷകാഹാര സഹായം, സമൂഹാധിഷ്ഠിതമായ തുടർപിന്തുണ എന്നിവയിലും അഭിയാൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ചികിത്സാ ഫലങ്ങൾ മെച്ചപ്പെടുത്തുന്നതിനാണ് ഈ നടപടികൾ ലക്ഷ്യമിടുന്നത്. ഈ പ്രവർത്തനങ്ങളുടെ ഭാഗമായി 2025-ൽ 67,933 പഞ്ചായത്തുകൾ ക്ഷയരോഗമുക്ത പഞ്ചായത്തുകളായി പ്രഖ്യാപിക്കപ്പെട്ടു.
 
ക്ഷയരോഗ നിർണയത്തിലും പരിചരണത്തിലും സാങ്കേതികവിദ്യയും നൂതനാശയങ്ങളും :
 
ക്ഷയരോഗ പരിശോധനയും രോഗനിർണയവും കൂടുതൽ വേഗത്തിലും കൃത്യതയോടെയും ഏവർക്കും പ്രാപ്യമാക്കുന്നതിനായി ഇന്ത്യ നൂതന സാങ്കേതികവിദ്യകൾ കൂടുതലായി പ്രയോജനപ്പെടുത്തിവരുന്നു.
 
പോർട്ടബിൾ എ.ഐ. അധിഷ്ഠിത ഡിജിറ്റൽ എക്‌സ്-റേ സംവിധാനങ്ങളുടെ വിന്യാസം, NAAT ഉൾപ്പെടെയുള്ള ദ്രുതഗതിയിലുള്ള തന്മാത്രതല പരിശോധനാ സാങ്കേതികവിദ്യകളുടെ വിപുലീകരണം, രോഗനിർണയ അടിസ്ഥാനസൗകര്യങ്ങളുടെ ശക്തിപ്പെടുത്തൽ എന്നിവ, ഭൂമിശാസ്ത്രപരവും സാമൂഹികവുമായി വിവിധസാഹചര്യങ്ങളിലുള്ള ജനങ്ങളിലേക്ക് എത്തിച്ചേരാനുള്ള പരിപാടിയുടെ കഴിവ് ഗണ്യമായി വർധിപ്പിച്ചിട്ടുണ്ട്.
 
നിക്ഷയ് ഡിജിറ്റൽ പ്ലാറ്റ്‌ഫോം രോഗികളുടെ നിരീക്ഷണം, ചികിത്സാ മേൽനോട്ടം, പരിപാടിയുടെ നടത്തിപ്പ് എന്നിവയ്ക്ക് പിന്തുണ നൽകുന്നു. ഇതിലൂടെ തുടർച്ചയായ പരിചരണവും സമയബന്ധിതമായ ഇടപെടലുകളും കൂടുതൽ ശക്തിപ്പെടുന്നു.
 
പ്രമേഹം, പോഷകാഹാരക്കുറവ്, മറ്റ് അനുബന്ധ രോഗങ്ങൾ എന്നിവ കണ്ടെത്തുകയും നിയന്ത്രിക്കുകയും ചെയ്യുന്നതിനൊപ്പം ക്ഷയരോഗ പരിശോധന സംയോജിപ്പിക്കുന്നത് സമഗ്രവും രോഗികേന്ദ്രീകൃതവുമായ ചികിത്സ സാധ്യമാക്കുന്നു.
 
ഇന്ത്യയുടെ ക്ഷയരോഗ പ്രതിരോധ പ്രവർത്തനങ്ങളിൽ പോഷകാഹാര പിന്തുണ പ്രധാന ഘടകമായി തുടരുന്നു. നിക്ഷയ് പോഷൻ യോജനയിലൂടെ അർഹരായ രോഗികൾക്ക് ചികിത്സാകാലയളവിൽ പോഷകാഹാര ആവശ്യങ്ങൾ നിറവേറ്റുന്നതിനായി സാമ്പത്തിക സഹായം ലഭിക്കുന്നു. അതേസമയം, നിക്ഷയ് മിത്ര സംരംഭത്തിലൂടെ വ്യക്തികൾ,സ്ഥാപനങ്ങൾ,സംഘടനകൾ എന്നിവയെ മാനസിക-സാമൂഹികവും പോഷകാഹാരപരവുമായ പിന്തുണ നൽകുന്നതിനായി സജ്ജരാക്കുന്നു.
 
മെച്ചപ്പെട്ട രോഗനിർണയ സംവിധാനങ്ങളും തുടർപരിചരണവും ഉൾപ്പെടെയുള്ള ഈ ഇടപെടലുകൾ ചികിത്സാ ഫലങ്ങൾ മെച്ചപ്പെടുത്തുന്നതിനും ക്ഷയരോഗം മൂലമുള്ള മരണനിരക്ക് കുറയ്ക്കുന്നതിനും സഹായിക്കുന്നു.
 
ശക്തമായ ശാസ്ത്രീയ നിരീക്ഷണത്തിന്റെയും തെളിവുകളുടെയും പിന്തുണയോടെ ഇന്ത്യയുടെ ക്ഷയരോഗ പുരോഗതി
 
ശക്തിപ്പെടുത്തിയ പകർച്ചവ്യാധി നിരീക്ഷണം, ശാസ്ത്രീയ ഗവേഷണം, തെളിവുകളെ അടിസ്ഥാനമാക്കിയുള്ള ക്ഷയരോഗ സാധ്യതകണക്കുകൂട്ടൽ എന്നിവയും ഇന്ത്യ കൈവരിച്ച നേട്ടങ്ങൾക്ക് പിന്തുണ നൽകുന്നു.
 
ക്ഷയരോഗ മരണനിരക്ക് കണക്കാക്കുന്നത് കൂടുതൽ കൃത്യമാക്കുന്നതിനായി രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യയുടെ സാമ്പിൾ രജിസ്ട്രേഷൻ സംവിധാനം (RGI/SRS), വാക്കാലുള്ള മരണകാരണ നിർണയ വിലയിരുത്തലുകൾ (verbal autopsy assessments), നിക്ഷയ് പോർട്ടലിൽ നിന്നുള്ള വിവരങ്ങൾ എന്നിവയുൾപ്പെടെ പരസ്പരം പൂരകമായ വിവിധ സ്രോതസ്സുകളിൽ നിന്നുള്ള തെളിവുകൾ WHO ഗ്ലോബൽ ട്യൂബർക്യൂലോസിസ് റിപ്പോർട്ട്‌ 2026 ൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

 ഈ വിലയിരുത്തലുകളുടെ അടിസ്ഥാനത്തിൽ, ഇന്ത്യയിലെ കണക്കാക്കപ്പെട്ട ക്ഷയരോഗ മരണനിരക്കിൽ 38% കുറവുണ്ടായതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. ജനസംഖ്യയിലെ ഒരു ലക്ഷം പേരിൽ 2015-ൽ 28 ആയിരുന്ന മരണനിരക്ക് 2025-ൽ 18 ആയി കുറഞ്ഞു.
 
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്–നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ഇൻ ട്യൂബർകുലോസിസ് (ICMR-NIRT) 2025-ൽ ദേശീയതലത്തിൽ ക്ഷയരോഗ വ്യാപനത്തിന്റെ സർവേ നടത്തി. ഈ സർവേ റിപ്പോർട്ട് ലോകാരോഗ്യ സംഘടനയുമായി (WHO) പങ്കുവെച്ചിട്ടുണ്ട്. നിലവിൽ ഇത് സാങ്കേതിക ചർച്ചകളിലാണ്. തുടർന്ന് WHO ഇന്ത്യയ്ക്കായുള്ള പുതുക്കിയ പ്രൊഫൈൽ പ്രസിദ്ധീകരിക്കും.
 
ജന പങ്കാളിത്തം: ക്ഷയരോഗ നിർമാർജനം ജനകീയ പ്രസ്ഥാനമാക്കുന്നു
 
ഇന്ത്യയുടെ ക്ഷയരോഗ നിർമാർജന പ്രവർത്തനങ്ങളുടെ നിർണായക സവിശേഷതകളിലൊന്ന് ദേശീയ ദൗത്യത്തിൽ സമൂഹങ്ങളെയും സ്ഥാപനങ്ങളെയും സജീവ പങ്കാളികളായി അണിനിരത്തിയതാണ്.
 
പഞ്ചായത്തീരാജ് സ്ഥാപനങ്ങൾ, നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ, സിവിൽ സൊസൈറ്റി സംഘടനകൾ, സ്വകാര്യ ആരോഗ്യപരിചരണ ദാതാക്കൾ, കോർപ്പറേറ്റ് പങ്കാളികൾ, സാമൂഹിക നേതാക്കൾ എന്നിവരുടെ പങ്കാളിത്തം താഴെത്തട്ടിൽ അവബോധം, പരിശോധന, പോഷക സഹായം, രോഗികൾക്കുള്ള പിന്തുണ എന്നിവ ശക്തിപ്പെടുത്തിയിട്ടുണ്ട്.
 
നിക്ഷയ് മിത്ര സംരംഭം ക്ഷയരോഗ ചികിത്സയിൽ കഴിയുന്നവരുടെ രോഗമുക്തിക്കും ക്ഷേമത്തിനുമായി പൗരന്മാരെയും സ്ഥാപനങ്ങളെയും നേരിട്ട് സംഭാവന ചെയ്യാൻ കൂടുതൽ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. ഇതിലൂടെ കൂട്ടായ ഉത്തരവാദിത്വത്തിന്റെ മനോഭാവം കൂടുതൽ ശക്തിപ്പെടുത്തുന്നു.
 
ഈ മുന്നേറ്റം കൂടുതൽ ശക്തിപ്പെടുത്തിക്കൊണ്ട്, ക്ഷയരോഗ നിർമാർജന പ്രസ്ഥാനത്തിലേക്ക് യുവജനങ്ങളുടെ കൂടുതൽ പങ്കാളിത്തം കൊണ്ടുവരികയാണ് JOSH ടീമുകളുടെ സംരംഭം. ബ്ലോക്ക്, വാർഡ് തലങ്ങളിൽ ടീമുകൾ രൂപീകരിച്ചുവരുന്നു. നിയുക്ത ക്ലാസ്-I ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ, അഞ്ച് NCC കേഡറ്റുകളുടെയും അഞ്ച് മൈ ഭാരത് സന്നദ്ധപ്രവർത്തകരുടെയും പിന്തുണയോടെയാണ് ഈ ടീമുകൾ പ്രവർത്തിക്കുന്നത്.
 
അവബോധം സൃഷ്ടിക്കൽ, സമൂഹതല ഇടപെടൽ, ജനങ്ങളെ പങ്കാളികളാക്കൽ എന്നിവയിലൂടെ JOSH ടീമുകൾ താഴെത്തട്ടിലെ ജനപങ്കാളിത്തം ശക്തിപ്പെടുത്തുകയും ക്ഷയരോഗമുക്ത ഭാരതം എന്ന ദർശനം മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യുന്നു.
 
ക്ഷയരോഗമുക്ത ഭാരതത്തിലേക്കുള്ള മുന്നേറ്റം സുസ്ഥിരമാക്കുന്നു:
 
WHO-യുടെ 2026-ലെ ആഗോള ക്ഷയരോഗ റിപ്പോർട്ടിൽ എടുത്തുകാട്ടിയ നേട്ടങ്ങൾ പൊതുജനാരോഗ്യം, സാങ്കേതിക നൂതനാശയം , ശാസ്ത്രീയ നിരീക്ഷണം, സമൂഹാധിഷ്ഠിത ഇടപെടലുകൾ എന്നിവയിൽ ഇന്ത്യ തുടർച്ചയായി നടത്തിയ നിക്ഷേപങ്ങളെ പ്രതിഫലിപ്പിക്കുന്നു.
 
ക്ഷയരോഗ മരണനിരക്കിലെ 38% കുറവ്, 94% ചികിത്സാ വിജയനിരക്ക്, TB മുക്ത് ഭാരത് അഭിയാന്റെ ഭാഗമായി നടന്ന അഭൂതപൂർവമായ തോതിലുള്ള പരിശോധന എന്നിവ ക്ഷയരോഗ നിർമാർജനത്തിലേക്കുള്ള ഇന്ത്യയുടെ യാത്രയിലെ സുപ്രധാന പുരോഗതിയാണ്.
 
തീവ്രമായ പരിശോധന, ഗുണമേന്മയുള്ള രോഗനിർണയ സംവിധാനങ്ങളിലേക്കുള്ള വിപുലമായ പ്രവേശനം, സമയബന്ധിതവും ഫലപ്രദവുമായ ചികിത്സ, ക്ഷയരോഗ പ്രതിരോധ ചികിത്സ, പോഷക സഹായം, കൂടുതൽ ആഴത്തിലുള്ള ജനപങ്കാളിത്തം എന്നിവയിലൂടെ ഈ നേട്ടങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്ന പ്രവർത്തനങ്ങൾ ഗവൺമെന്റ്തുടരും.
 
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ, ആഗോള ക്ഷയരോഗ നിർമാർജന ലക്ഷ്യങ്ങളിലേക്കുള്ള പുരോഗതി വേഗത്തിലാക്കുന്നതിനും ക്ഷയരോഗമുക്ത ഭാരതം എന്ന ദർശനം സാക്ഷാത്കരിക്കുന്നതിനുമായി ഇന്ത്യ ഉറച്ച പ്രതിജ്ഞാബദ്ധതയോടെ മുന്നേറുന്നു. WHO, ഗവേഷണ സ്ഥാപനങ്ങൾ, സംസ്ഥാനങ്ങൾ, കേന്ദ്രഭരണ പ്രദേശങ്ങൾ, വികസന പങ്കാളികൾ, സമൂഹങ്ങൾ എന്നിവരുമായി ഏകോപനത്തോടെയാണ് ഈ പ്രവർത്തനങ്ങൾ നടത്തുന്നത്.
 
ക്ഷയം നിർമാർജനം ചെയ്യപ്പെടും , രാജ്യം വിജയിക്കും!
 
***

( റിലീസ് ഐ.ഡി: 2335754) സന്ദര്‍ശക കൗണ്ടര്‍ : 8