പോസ്റ്റഡ് ഓണ്‍:
12 NOV 2026 12:59PM by PIB Thiruvananthpuram
ഗോവയിൽ നടക്കുന്ന 57-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്ര മേളയോടനുബന്ധിച്ച് (IFFI) സംഘടിപ്പിക്കുന്ന 'വേവ്സ് ബസാറിലെ' വേവ്എക്സ് സ്റ്റാർട്ടപ്പ് പവലിയനിൽ പങ്കെടുക്കുന്നതിന് അർഹരായ സ്റ്റാർട്ടപ്പുകൾക്ക് രജിസ്ട്രേഷൻ പൂർത്തിയാക്കാനും പ്രദര്‍ശന സ്റ്റാളുകള്‍ ബുക്ക് ചെയ്യാനുമുള്ള അവസാന അറിയിപ്പ് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം പുറപ്പെടുവിച്ചു. രജിസ്ട്രേഷൻ നാളെ (2026 നവംബർ 13) അവസാനിക്കും.
മന്ത്രാലയത്തിന്റെ സുപ്രധാന സ്റ്റാർട്ടപ്പ് ആക്സിലറേറ്റർ സംരംഭമായ 'വേവ്എക്സിന്' കീഴിൽ സിനിമ, മാധ്യമങ്ങള്‍, ആനിമേഷൻ, വിഷ്വൽ ഇഫക്ട്സ്, ഗെയിമിങ്, കോമിക്സ്, എക്സ്റ്റൻഡഡ് റിയാലിറ്റി എന്നിവയടക്കം അനുബന്ധ സാങ്കേതിക മേഖലകളിൽ പ്രവർത്തിക്കുന്ന DPIIT രജിസ്റ്റർ ചെയ്ത സ്റ്റാർട്ടപ്പുകളെയാണ് ഉല്പന്നങ്ങളും സാങ്കേതികവിദ്യകളും നൂതന പരിഹാരങ്ങളും പ്രദർശിപ്പിക്കാന്‍ ക്ഷണിച്ചിരിക്കുന്നത്.
ആഗോള മാധ്യമ-വിനോദ വ്യവസായ മേഖലയിലെ പ്രമുഖ പങ്കാളികളുടെ വിപുലമായ പങ്കാളിത്തം പ്രതീക്ഷിക്കുന്ന പ്രധാന നെറ്റ്വർക്കിങ് കേന്ദ്രമായ വേവ്സ് ബസാറിൽ നൂതനാശയങ്ങൾ പ്രദർശിപ്പിക്കാൻ തിരഞ്ഞെടുക്കപ്പെടുന്ന സ്റ്റാർട്ടപ്പുകൾക്ക് വേവ്എക്സ് സ്റ്റാർട്ടപ്പ് പവലിയൻ അവസരമൊരുക്കും. ദേശീയ-അന്തർദേശീയ ചലച്ചിത്ര പ്രവർത്തകർ, നിർമ്മാണ കമ്പനികൾ, സ്റ്റുഡിയോകൾ, നിക്ഷേപകർ എന്നിവരുമായി സംവദിക്കാനും സഹകരണത്തിനും വാണിജ്യ പങ്കാളിത്തത്തിനും പുതിയ വാതായനങ്ങൾ തുറക്കാനും സ്റ്റാർട്ടപ്പുകൾക്ക് ഇതിലൂടെ സാധിക്കും.
2026 നവംബർ 20 മുതൽ 28 വരെയാണ് ഗോവയിൽ 57-ാമത് രാജ്യാന്തര ചലച്ചിത്രമേള നടക്കുന്നത്. നവംബർ 20 മുതൽ 24 വരെയാണ് വേവ്സ് ബസാർ സ്റ്റാർട്ടപ്പ് പ്രദർശനം.
രജിസ്ട്രേഷനും യോഗ്യതയും
ചലച്ചിത്ര, മാധ്യമ, അനുബന്ധ സാങ്കേതിക മേഖലകളിൽ പ്രവർത്തിക്കുന്ന DPIIT അംഗീകൃത സ്റ്റാർട്ടപ്പുകൾക്ക് മാത്രമാണ് രജിസ്ട്രേഷന് അർഹത. വേവ്എക്സ് രൂപീകരിച്ച പ്രത്യേക തിരഞ്ഞെടുപ്പ് സമിതി അപേക്ഷകൾ വിലയിരുത്തി അർഹരായവരെ തിരഞ്ഞെടുക്കും.
താല്പര്യമുള്ള സ്റ്റാർട്ടപ്പുകൾക്ക് 2026 നവംബർ 13-നകം wavex.wavesbazaar.com എന്ന ഔദ്യോഗിക പോർട്ടൽ വഴി രജിസ്ട്രേഷൻ പൂർത്തിയാക്കാനും പ്രദര്‍ശന സ്റ്റാളുകള്‍ ബുക്ക് ചെയ്യാനും സാധിക്കും.
വേവ്എക്സിനെ കുറിച്ച്
ഇന്ത്യയുടെ മാധ്യമ-വിനോദ, ആനിമേഷൻ, വിഷ്വൽ ഇഫക്ട്സ്, ഗെയിമിങ്, കോമിക്സ്, എക്സ്റ്റൻഡഡ് റിയാലിറ്റി മേഖലകളിൽ നൂതനാശയങ്ങൾ, സംരംഭകത്വം, സാങ്കേതിക മുന്നേറ്റം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം ആവിഷ്കരിച്ച പ്രത്യേക സ്റ്റാർട്ടപ്പ് ആക്സിലറേറ്റർ സംരംഭമാണ് വേവ്എക്സ്.
IFFI-യെ കുറിച്ച്
ഗോവയിൽ എല്ലാ വർഷവും സംഘടിപ്പിക്കുന്ന ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്ര മേള ഏഷ്യയിലെ പ്രമുഖ ചലച്ചിത്ര മേളകളിലൊന്നാണ്. ചലച്ചിത്ര മികവ് ആഘോഷിക്കുന്നതിനൊപ്പം സർഗാത്മക ആശയവിനിമയത്തിനും അന്താരാഷ്ട്ര സഹകരണത്തിനും വഴിയൊരുക്കാനും രാജ്യത്തിനകത്തും പുറത്തുമുള്ള ചലച്ചിത്ര പ്രവർത്തകർക്കും വ്യവസായ പ്രമുഖർക്കും സിനിമാ പ്രേമികൾക്കും മേള മികച്ച വേദിയൊരുക്കുന്നു.
***