പോസ്റ്റഡ് ഓണ്:
24 OCT 2026 1:56PM by PIB Thiruvananthpuram
ഡിജിറ്റൽ കാർഷിക രംഗത്തെ ഒരു സുപ്രധാന നാഴികക്കല്ലായി, 2027 മാർച്ച് 31 എന്ന അന്തിമ സമയപരിധിക്ക് അഞ്ച് മാസം മുമ്പുതന്നെ 11 കോടി കർഷക തിരിച്ചറിയൽ രേഖകൾ സൃഷ്ടിക്കുകയെന്ന ലക്ഷ്യം ഇന്ത്യാ ഗവണ്മെൻ്റ് കൈവരിച്ചു. സമൃദ്ധരായ കർഷകരുള്ള വികസിത ഇന്ത്യ എന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിലേക്കുള്ള നിർണായക ചുവടുവെയ്പായി ഈ നേട്ടത്തെ കേന്ദ്ര കൃഷി, കർഷകക്ഷേമ, ഗ്രാമവികസന വകുപ്പ് മന്ത്രി ശ്രീ. ശിവരാജ് സിംഗ് ചൗഹാൻ വിശേഷിപ്പിച്ചു. കേന്ദ്ര കൃഷി, കർഷക ക്ഷേമ മന്ത്രാലയം നടപ്പിലാക്കുന്ന ഡിജിറ്റൽ കാർഷിക ദൗത്യം വഴിയാണ് ഈ നാഴികക്കല്ല് കൈവരിക്കാനായത്. കർഷകർക്ക് ഒരു സവിശേഷ ഡിജിറ്റൽ തിരിച്ചറിയൽ രേഖ നൽകുക എന്ന ലക്ഷ്യത്തോടെയാണ് കർഷക ഐ.ഡി പദ്ധതി ആവിഷ്കരിക്കുന്നത്. ഇത് കടലാസ് നടപടിക്രമങ്ങളും ആവർത്തിച്ചുള്ള സ്ഥിരീകരണങ്ങളും കുറയ്ക്കുന്നതിനൊപ്പം ഗവണ്മെൻ്റ് പദ്ധതികൾ, ബാങ്ക് വായ്പകൾ, വിള ഇൻഷുറൻസ്, ദുരന്തനിവാരണ സഹായം എന്നിവ സുതാര്യമായും കാര്യക്ഷമമായും സമയബന്ധിതമായും കർഷകർക്ക് ലഭ്യമാക്കാൻ സഹായിക്കുന്നു.
ലക്ഷ്യം കൈവരിച്ചത് നിശ്ചയിച്ച സമയപരിധിക്ക് അഞ്ച് മാസം മുമ്പ്
11 കോടി കർഷക ഐ.ഡികൾ സൃഷ്ടിക്കുന്ന നടപടി ഒക്ടോബർ 23-ന് രാത്രിയോടെ വിജയകരമായി പൂർത്തിയായതായി കേന്ദ്ര കൃഷിമന്ത്രി ശ്രീ ശിവരാജ് സിംഗ് ചൗഹാൻ അറിയിച്ചു. 2027 മാർച്ച് 31 ആയിരുന്നു ഈ ലക്ഷ്യം കൈവരിക്കുന്നതിനുള്ള സമയപരിധിയായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നിശ്ചയിച്ചിരുന്നത്. എന്നാൽ നിശ്ചയിച്ച സമയപരിധിക്ക് അഞ്ച് മാസം മുമ്പുതന്നെ ഇത് കൈവരിക്കുന്നതിനായി കേന്ദ്ര കൃഷി, കർഷകക്ഷേമ മന്ത്രാലയം, സംസ്ഥാന ഗവണ്മെൻ്റുകൾ, താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥർ എന്നിവർ ഏകോപനത്തോടെ പ്രവർത്തിച്ചു. ഈ നേട്ടം കൈവരിച്ചതിൽ രാജ്യത്തുടനീളമുള്ള കർഷകരെ അദ്ദേഹം അഭിനന്ദിച്ചു. കർഷക ഐ.ഡി എന്നത് കർഷകരുടെ സ്വന്തം ഡിജിറ്റൽ തിരിച്ചറിയൽ രേഖയാണെന്നും, ആധുനിക സാങ്കേതികവിദ്യയിലൂടെ കൃഷി കൂടുതൽ കാര്യക്ഷമവും സുതാര്യവും സമൃദ്ധവുമാക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണിതെന്നും അദ്ദേഹം വിശേഷിപ്പിച്ചു.
കുറഞ്ഞ കടലാസ് നടപടിക്രമങ്ങളും കൂടുതൽ സുതാര്യമായ ആനുകൂല്യ വിതരണവും:
കർഷകർക്ക് ഗവണ്മെൻ്റ് ഓഫീസുകളിലും ബാങ്കുകളിലും പലതവണ പോകേണ്ടി വരുന്നതും, വിവിധ പദ്ധതികൾക്കായി ഒരേ രേഖകൾ വീണ്ടും വീണ്ടും സമർപ്പിക്കേണ്ടി വരുന്നതും കർഷക ഐ.ഡി സംവിധാനം വഴി ഗണ്യമായി കുറയ്ക്കാനാകുമെന്ന് ശ്രീ ചൗഹാൻ പറഞ്ഞു. മുമ്പ്, വിവിധ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനായി കർഷകർക്ക് പലതവണ രേഖകൾ സമർപ്പിക്കേണ്ടി വന്നിരുന്നത് സമയനഷ്ടത്തിനും പണനഷ്ടത്തിനും ഇടയാക്കിയിരുന്നു. 'കർഷക ഐ.ഡി'യുടെ വരവോടെ, പ്രധാനപ്പെട്ട പല സേവനങ്ങളും കൂടുതൽ ലളിതവും സുതാര്യവുമായി മാറുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
ബാങ്ക് വായ്പകളും കിസാൻ ക്രെഡിറ്റ് കാർഡും: വായ്പാ നടപടിക്രമങ്ങൾ കൂടുതൽ എളുപ്പമാകും; അതുവഴി രേഖകൾ ആവർത്തിച്ച് സ്ഥിരീകരിക്കേണ്ടതിൻ്റെ ആവശ്യകത കുറയും.
പ്രധാനമന്ത്രി ഫസൽ ബീമ യോജന: പ്രകൃതി ദുരന്തങ്ങളോ വിളനാശമോ ഉണ്ടാകുന്ന സാഹചര്യത്തിൽ, നഷ്ടപരിഹാരം കണക്കാക്കുന്നതും അത് വിതരണം ചെയ്യുന്നതും കൂടുതൽ സുതാര്യമായ നടപടിക്രമങ്ങളിലൂടെയാകും; നഷ്ടപരിഹാരത്തുക കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് നൽകും.
ദുരന്തനിവാരണ സഹായം: അടിയന്തര സാഹചര്യങ്ങളിൽ, അർഹരായ യഥാർത്ഥ കർഷകരിലേക്ക് സഹായം കൂടുതൽ വേഗത്തിൽ എത്തിച്ചേരും.
കുറഞ്ഞ താങ്ങുവിലയിൽ (എം.എസ്.പി) വിളകൾ സംഭരിക്കൽ: വിള സംഭരണ പ്രക്രിയയിൽ ഇടനിലക്കാരുടെ പങ്ക് ഒഴിവാക്കാനും, കർഷകർക്ക് അവരുടെ ഉൽപ്പന്നങ്ങൾക്ക് അർഹമായ മുഴുവൻ തുകയും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ഈ ഡിജിറ്റൽ സംവിധാനം സഹായിക്കും.
കാർഷിക സേവന വിതരണത്തിൽ സുതാര്യതയും ഉത്തരവാദിത്തവും ശക്തിപ്പെടുത്തുന്നതിനാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്; അർഹരായ കർഷകർക്ക് ഗവണ്മെൻ്റ് സഹായം ലഭിക്കുന്നതിലെ നടപടിക്രമപരമായ തടസ്സങ്ങൾ കുറയ്ക്കുന്നതും ഇതിലൂടെ ഉറപ്പാക്കുന്നു.
ഇതിനകം ആനുകൂല്യങ്ങൾ ലഭിച്ചത് 6 കോടിയിലധികം കർഷകർക്ക്
2024 സെപ്റ്റംബർ രണ്ടിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചതിനെത്തുടർന്നാണ് ഡിജിറ്റൽ കാർഷിക ദൗത്യം ആരംഭിച്ചത്. ഈ ദൗത്യത്തിന് കീഴിൽ വികസിപ്പിക്കുന്ന 'ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങൾ (ഡി.പി.ഐ), ഇതിനകം തന്നെ പ്രായോഗിക തലത്തിൽ ഫലങ്ങൾ കണ്ടുതുടങ്ങിയിട്ടുണ്ട്. കർഷക ഐ.ഡി അടിസ്ഥാനമാക്കിയുള്ള സേവന വിതരണ സംവിധാനത്തിലൂടെ, രാജ്യത്തുടനീളമുള്ള 6 കോടിയിലധികം കർഷകർക്ക് വിവിധ പദ്ധതികൾക്ക് കീഴിലുള്ള ആനുകൂല്യങ്ങൾ നേരിട്ട് ലഭ്യമായി. കൃത്യമായി പരിശോധിച്ചുറപ്പിച്ച കർഷകരുടെ വിവരശേഖരത്തെ കാർഷിക സേവനങ്ങളുമായി ബന്ധിപ്പിക്കുന്നത്, തട്ടിപ്പുകൾ ഒഴിവാക്കാനും ഒരേ വിവരങ്ങൾ പലതവണ സ്ഥിരീകരിക്കേണ്ടി വരുന്ന സാഹചര്യം ഇല്ലാതാക്കാനും സഹായിക്കുന്നു. ഇത് ഗവണ്മെൻ്റ് വകുപ്പുകൾ തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്തുകയും, നയരൂപീകരണവും പദ്ധതികളുടെ അവലോകനവും ശക്തിപ്പെടുത്തുകയും ചെയ്തു; അതുവഴി പദ്ധതി നിർവഹണവും ആനുകൂല്യങ്ങൾ ഗുണഭോക്താക്കളിലേക്ക് എത്തുന്നുണ്ടോയെന്ന് പരിശോധിക്കുന്നതും കൂടുതൽ എളുപ്പമായിത്തീർന്നു.
സഹകരണ ഫെഡറലിസത്തിൻ്റെ മികച്ച ഉദാഹരണം
ഈ നേട്ടം കേന്ദ്ര-സംസ്ഥാന ഗവണ്മെൻ്റുകളുടെ കൂട്ടായ പരിശ്രമത്തിൻ്റെ ഫലമാണെന്ന് പറഞ്ഞ ശ്രീ ചൗഹാൻ; ഇതിനെ സഹകരണ ഫെഡറലിസത്തിൻ്റെ മികവാർന്നൊരു ഉദാഹരണമായി വിശേഷിപ്പിച്ചു. നിശ്ചയിച്ച സമയപരിധിക്ക് മുമ്പുതന്നെ ലക്ഷ്യം കൈവരിക്കുന്നതിന് സംഭാവനയേകിയ കേന്ദ്ര ഗവണ്മെൻ്റ്, സംസ്ഥാന ഗവണ്മെൻ്റുകൾ, കേന്ദ്രഭരണ പ്രദേശങ്ങളിലെ ഭരണകൂടങ്ങൾ, ജില്ലാ-തല സംഘങ്ങൾ, ഗ്രാമങ്ങളിലുടനീളം പ്രവർത്തിക്കുന്ന ഫീൽഡ്തല ഉദ്യോഗസ്ഥർ എന്നിവരെ അദ്ദേഹം അഭിനന്ദിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു. പാട്ടക്കർഷകരെയും യഥാർത്ഥ കൃഷിക്കാരെയും ഡിജിറ്റൽ പ്ലാറ്റ്ഫോമിലേക്ക് കൊണ്ടുവരുന്നതിനായി, നിലവിലുള്ള ചട്ടങ്ങൾക്കനുസൃതമായി സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും പ്രത്യേക നടപടികൾ സ്വീകരിച്ചുവരുന്നു. അർഹരായ ഒരു കർഷകനും ഗവണ്മെൻ്റിൻ്റെ ക്ഷേമ-പിന്തുണാ പദ്ധതികളിൽ നിന്ന് ഒഴിവാക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കുകയാണ് ഇതിൻ്റെ ലക്ഷ്യം.
ഇന്ത്യൻ കാർഷിക രംഗത്തെ പരിവർത്തനം ചെയ്യുന്ന സാങ്കേതികവിദ്യ
'കുറഞ്ഞ സർക്കാർ, കൂടുതൽ ഭരണം' എന്ന തത്വത്തിന് അനുസൃതമായി, കർഷക രജിസ്ട്രി ശക്തിപ്പെടുത്തുന്നതിൽ കേന്ദ്ര കൃഷി, കർഷകക്ഷേമ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണ്. കർഷക ഐ.ഡി എന്നത് കേവലമൊരു ഡിജിറ്റൽ തിരിച്ചറിയൽ രേഖ മാത്രമല്ല; സുതാര്യവും ഉത്തരവാദിത്തമുള്ളതും കർഷക കേന്ദ്രീകൃതവുമായ ഒരു ഭരണനിർവഹണ സംവിധാനത്തിൻ്റെ ശക്തമായ അടിത്തറ കൂടിയാണത്.
കർഷകർക്കായി സ്ഥിരീകരിക്കപ്പെട്ട ഒരു ഡിജിറ്റൽ തിരിച്ചറിയൽ സംവിധാനം ഒരുക്കുന്നതിലൂടെ, കാർഷിക സേവനങ്ങളുടെ വിതരണം മെച്ചപ്പെടുത്താനും ഗവണ്മെൻ്റ് സഹായം ഉദ്ദിഷ്ട ഗുണഭോക്താക്കളിലേക്ക് കാര്യക്ഷമമായി എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കാനും ഈ സംരംഭം ലക്ഷ്യമിടുന്നു. രാജ്യത്തുടനീളമുള്ള കർഷകരെ അഭിനന്ദിച്ചുകൊണ്ട്, ആധുനിക സാങ്കേതികവിദ്യയെ സ്വീകരിക്കാനും, തങ്ങൾക്ക് അർഹമായ പദ്ധതികളും ആനുകൂല്യങ്ങളും അനാവശ്യ പ്രയാസങ്ങളില്ലാതെ പ്രയോജനപ്പെടുത്താനും, ഇന്ത്യൻ കാർഷിക രംഗത്തെ പുതിയ ഉന്നതികളിലേക്ക് നയിക്കുന്നതിൽ പങ്കാളികളാകാനും ശ്രീ. ചൗഹാൻ അവരോട് ആവശ്യപ്പെട്ടു. സാങ്കേതികവിദ്യ കർഷക താൽപ്പര്യങ്ങൾക്കായി പ്രവർത്തിക്കുകയും, വികസിത ഇന്ത്യ എന്ന കാഴ്ചപ്പാടിന് പിന്തുണയേകുകയും ചെയ്യുന്ന ഒരു ആധുനിക കാർഷിക ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണ് ഈ നേട്ടമെന്ന് അദ്ദേഹം പറഞ്ഞു.
****