തെരഞ്ഞെടുപ്പ് കമ്മീഷന്‍
azadi ka amrit mahotsav

ബിഹാറിലെയും ബംഗാളിലെയും എസ്ഐആർ തീരുമാനങ്ങൾ കൈക്കൊണ്ടത് ഏകകണ്ഠമായി -തെരഞ്ഞെടുപ്പ് കമ്മീഷൻ

പോസ്റ്റഡ് ഓണ്‍: 26 SEP 2026 5:36PM by PIB Thiruvananthpuram

i. നിലവിൽ നടന്നുവരുന്ന എസ്ഐആർ പ്രക്രിയയ്ക്കിടെ, വിവരങ്ങൾ കൃത്യമായി ബന്ധിപ്പിക്കാത്തതിൻ്റെ അടിസ്ഥാനത്തിലോ ലഭ്യമായ വിവരങ്ങളിൽ യുക്തിപരമായ പൊരുത്തക്കേടുകൾ കണ്ടെത്തിയതിൻ്റെ പേരിലോ ഒരാൾക്ക് നോട്ടീസ് നൽകിയിട്ടുണ്ടെങ്കിൽ, ബിഎൽഒ ആ വ്യക്തിയുടെ വസതി സന്ദർശിച്ച് ആവശ്യമായ രേഖകൾ ശേഖരിക്കേണ്ടതാണ്. ശേഖരിച്ച രേഖകൾ EROയുടെ പരിശോധനയ്ക്കും തീരുമാനത്തിനുമായി ECINet-ൽ അപ്‌ലോഡ് ചെയ്യണം. ഇത്തരത്തിലുള്ള വ്യക്തികളെ ഹിയറിംഗിനായി ERO/AERO ഓഫീസിലേക്ക് നേരിട്ട് വിളിച്ചുവരുത്തേണ്ടതില്ല. EROയുടെ വിലയിരുത്തലിൽ ഹിയറിംഗ് അനിവാര്യമാണെന്ന് തോന്നുന്ന അസാധാരണ സാഹചര്യങ്ങളിൽ മാത്രം ഹിയറിംഗ് നടത്തേണ്ടതും, അത്തരം സാഹചര്യങ്ങളിൽ ഓൺലൈൻ ഹിയറിംഗിന് മുൻഗണന നൽകേണ്ടതുമാണ്. ആവശ്യമെങ്കിൽ, വോട്ടർക്ക് തൻ്റെ കുടുംബത്തിലെ ഏതെങ്കിലും പ്രായപൂർത്തിയായ അംഗത്തെ തനിക്കുവേണ്ടി ഹിയറിംഗിൽ പങ്കെടുക്കുന്നതിനായി ചുമതലപ്പെടുത്താവുന്നതാണ്. ഓൺലൈൻ ഹിയറിംഗുകൾ നടത്തുന്നതിനാവശ്യമായ സാങ്കേതിക സൗകര്യങ്ങൾ  ശക്തിപ്പെടുത്തേണ്ടതാണ്.

ii. രാത്രികാല അഭയകേന്ദ്രങ്ങളിൽ കഴിയുന്നവർ, തൊഴിലാളികൾ, പാവപ്പെട്ടവർ, ഭവനരഹിതർ തുടങ്ങിയ വിഭാഗങ്ങൾക്ക് ആവശ്യമായ സഹായം ഉറപ്പാക്കുന്നതിനായി, ആവശ്യാനുസരണം മതിയായ എണ്ണം ഹെൽപ്പ് ഡെസ്കുകൾ സജ്ജീകരിക്കുന്നതിനും പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിനും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ (ഡിഇഒമാർ) ആവശ്യമായ നടപടി സ്വീകരിക്കേണ്ടതാണ്.

iii. എസ്ഐആറിനായി ഉപയോഗിക്കുന്ന ഫോം 6-നോടൊപ്പം സമർപ്പിക്കേണ്ട സത്യപ്രസ്താവന ബഹുമാനപ്പെട്ട സുപ്രീം കോടതി ശരിവെച്ചിട്ടുള്ളതാണ്.  എസ്ഐആറിൻ്റെ പരിധിയിൽപ്പെടാത്ത കാലയളവുകളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ, ‘വോട്ടർമാരുടെ രജിസ്ട്രേഷൻ ചട്ടങ്ങൾ, 1960’ പ്രകാരം നിഷ്കർഷിച്ചിട്ടുള്ള ഫോമുകളായിരിക്കും ഉപയോഗിക്കുക.

iv. ഫീൽഡ് ഓഫീസർമാർക്ക് അവരുടെ നിയമപരമായ അധികാരങ്ങൾക്കും ചുമതലകൾക്കും അനുസൃതമായി ECINET സംവിധാനത്തിൽ ചുമതലാധിഷ്ഠിത പ്രവേശനസൗകര്യം അനുവദിച്ചിട്ടുണ്ട്. നിയമങ്ങളിലെയും ചട്ടങ്ങളിലെയും പ്രസക്തമായ വ്യവസ്ഥകൾ ECINET സംവിധാനം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി, സീനിയർ ഡെപ്യൂട്ടി ഇലക്ഷൻ കമ്മീഷണർ (ഡിഇസി) അധ്യക്ഷനായും ഐഐടി /ഐഐഐടി-ൽ നിന്നുള്ള ഒരു സ്വതന്ത്ര വിദഗ്ധൻ അംഗമായും ഉള്ള ഒരു സമിതി ECINET സംവിധാനം സമഗ്രമായി അവലോകനം ചെയ്ത് കമ്മീഷന് റിപ്പോർട്ട് സമർപ്പിക്കും. സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർമാരിൽ (സിഇഒ) നിന്ന് ലഭിച്ച നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ഏതാനും മാസങ്ങളിലായി പോർട്ടലിൽ നിരവധി നവീകരണ പ്രവർത്തനങ്ങൾ നടപ്പാക്കിയിട്ടുണ്ട്. ഫീൽഡ് ഓഫീസർമാർക്ക് ആവശ്യമായ കൂടുതൽ സൗകര്യങ്ങളോ പ്രവർത്തനപരമായ ഇളവുകളോ ആവശ്യമുള്ള പക്ഷം, അവയും ആവശ്യാനുസരണം നടപ്പിലാക്കുന്നതാണ്. ഇനിമുതൽ, ഐടി  മൊഡ്യൂളുകളും പോർട്ടലുകളും സംബന്ധിച്ച എല്ലാ പുതിയ സംരംഭങ്ങളും കമ്മീഷൻ്റെ അംഗീകാരത്തിനായി സമർപ്പിക്കുന്നതിന് മുമ്പ്, ചർച്ചയ്ക്കും വിശദമായ പരിഗണനയ്ക്കുമായി ‘കമ്മിറ്റി ഓഫ് ഓഫീസേഴ്സ്’ (COO)-ൻ്റെ മുമ്പാകെ അവതരിപ്പിക്കേണ്ടതാണ്.

v. ഡൽഹി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ അഭ്യർത്ഥന പരിഗണിച്ച്, അവകാശവാദങ്ങളും ആക്ഷേപങ്ങളും സമർപ്പിക്കുന്നതിനുള്ള കാലാവധി 2026 ഒക്ടോബർ 30 വരെയും, നോട്ടീസുകൾ, അവകാശവാദങ്ങൾ, ആക്ഷേപങ്ങൾ എന്നിവ തീർപ്പാക്കുന്നതിനുള്ള കാലാവധി 2026 നവംബർ 30 വരെയും കമ്മീഷൻ ദീർഘിപ്പിച്ചിട്ടുണ്ട്. അതുപോലെ, മഹാരാഷ്ട്ര മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ അഭ്യർത്ഥനയുടെ അടിസ്ഥാനത്തിൽ, അവകാശവാദങ്ങളും ആക്ഷേപങ്ങളും സമർപ്പിക്കുന്നതിനുള്ള കാലാവധി 2026 ഒക്ടോബർ 12 വരെയും, നോട്ടീസുകൾ, അവകാശവാദങ്ങൾ, ആക്ഷേപങ്ങൾ എന്നിവ തീർപ്പാക്കുന്നതിനുള്ള കാലാവധി 2026 നവംബർ 10 വരെയും കമ്മീഷൻ ദീർഘിപ്പിച്ചിട്ടുണ്ട്.

vi. കമ്മീഷൻ്റെ എല്ലാ യോഗങ്ങളുടെയും അജണ്ട മുൻകൂട്ടി വിതരണം ചെയ്യും, യോഗനടപടികളുടെ മിനിറ്റ്‌സ് യഥാസമയം തയ്യാറാക്കി ഔദ്യോഗികമായി വിതരണം ചെയ്യും.

vii. എല്ലാ ഉദ്യോഗസ്ഥരുടെയും വാർഷിക പ്രകടന വിലയിരുത്തൽ റിപ്പോർട്ടുകൾ (APARs) നിശ്ചിത സമയപരിധിക്കുള്ളിൽ, അതായത് ഓരോ വർഷവും ഡിസംബർ 31-നകം, നിർബന്ധമായും പൂർത്തിയാക്കുന്നതാണ്.

viii. ഉദ്യോഗസ്ഥരുടെ വിദേശയാത്രകൾക്ക് കമ്മീഷൻ്റെ അനുമതി നിർബന്ധമാണ്.

ix. കമ്മീഷനിലെ ഉദ്യോഗസ്ഥർ കമ്മീഷണർമാർ നൽകുന്ന എല്ലാ നിർദേശങ്ങളും കൃത്യമായി പാലിക്കേണ്ടതാണ്.

2. ബിഹാറും പശ്ചിമ ബംഗാളും ഉൾപ്പെടെ 20 സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളിലും എസ്ഐആർ നടപടികൾ പൂർത്തിയായിട്ടുണ്ട്. എസ്ഐആർ  നടപടികൾക്കിടയിലോ അതിനുശേഷമോ വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടാതെ പോയവർക്ക്, യുവ വോട്ടർമാരും ആദ്യമായി വോട്ട് ചെയ്യുന്നവരും ഉൾപ്പെടെ, ‘നിരന്തര പുതുക്കൽ’ പ്രക്രിയയിലൂടെ പട്ടികയിൽ പേര് ഉൾപ്പെടുത്തുന്നതിനായി ബന്ധപ്പെട്ട ERO-യ്ക്ക് അപേക്ഷ നൽകാവുന്നതാണ്. ഈ നടപടികൾ സുഗമമാക്കുന്നതിനാവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. അർഹരായ ഇത്തരം വോട്ടർമാരെ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനായി CEO, DEO, ERO എന്നിവർ ചേർന്ന് ഉടനടി പ്രത്യേക യജ്ഞം ആരംഭിക്കുന്നതാണ്.


3. ഇനിപ്പറയുന്ന കാര്യങ്ങൾ ആവർത്തിച്ച് വ്യക്തമാക്കുന്നു

i. കാബിനറ്റ് സെക്രട്ടറിക്ക് അയച്ച കത്ത് കമ്മീഷൻ്റെയോ ഐടി വിഭാഗത്തിൻ്റെയോ ഏതെങ്കിലും നയപരമായ കാര്യവുമായി ബന്ധപ്പെട്ടതായിരുന്നില്ല; മറിച്ച്, ഇസിഐ-യിൽ ഡെപ്യൂട്ടേഷനിൽ സേവനമനുഷ്ഠിക്കുന്ന ഒരു ഉദ്യോഗസ്ഥൻ്റെ പ്രവർത്തനവുമായി ബന്ധപ്പെട്ടതായിരുന്നു അത്. രണ്ട് കമ്മീഷണർമാരുടെ ഉത്തരവുകൾ ഉണ്ടായിരുന്നിട്ടും, ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ പുറപ്പെടുവിച്ച ജോലി പുനർവിതരണ ഉത്തരവുകൾ യഥാർത്ഥത്തിൽ നടപ്പിലാക്കപ്പെട്ടില്ല; കൂടാതെ, ഐടി വിഭാഗത്തിന്മേലുള്ള ഡിഇസിയുടെ മേൽനോട്ടച്ചുമതല ഒരിക്കലും പിൻവലിക്കപ്പെട്ടതുമില്ല.


ii. രാജ്യത്തുടനീളം നടപ്പാക്കിവരുന്ന എസ്ഐആർ നടപടികളുമായി ബന്ധപ്പെട്ടവ ഉൾപ്പെടെ നിരവധി സുപ്രധാന തീരുമാനങ്ങൾ കമ്മീഷൻ സമീപകാലത്ത് കൈക്കൊണ്ടിട്ടുണ്ട്. ബിഹാറിൽ ആരംഭിച്ച്, തുടർന്ന് പശ്ചിമ ബംഗാളും മറ്റ് 30 സംസ്ഥാന- കേന്ദ്രഭരണ പ്രദേശങ്ങളും ഉൾപ്പെടെ രാജ്യത്തെ എല്ലാ സംസ്ഥാന- കേന്ദ്രഭരണ പ്രദേശങ്ങളിലും എസ്ഐആർ നടത്തുന്നതിനുള്ള 2025 ജൂൺ 24-ലെ ഉത്തരവ് കമ്മീഷൻ ഏകകണ്ഠമായി അംഗീകരിച്ച് പുറപ്പെടുവിച്ചു. ഈ നടപടി 2026 മെയ് 27-ലെ ഉത്തരവിലൂടെ ബഹുമാനപ്പെട്ട സുപ്രീം കോടതി ശരിവെച്ചിട്ടുണ്ട്. കമ്മീഷൻ്റെ ഏകകണ്ഠമായ അംഗീകാരത്തോടെ, 12 സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങൾക്കുമുള്ള എസ്ഐആർ ഷെഡ്യൂൾ 2025 ഒക്ടോബർ 27-നും, 19 സംസ്ഥാന- കേന്ദ്രഭരണ പ്രദേശങ്ങൾക്കുള്ള ഷെഡ്യൂൾ 2026 മെയ് 14-നും പുറപ്പെടുവിച്ചു. മൂന്നാം ഘട്ടത്തിൽ ഉൾപ്പെടുന്ന 12 സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളിലെയും വോട്ടർ പട്ടികയുടെ അന്തിമ പ്രസിദ്ധീകരണം പൂർത്തിയായതിന് ശേഷമേ രാജ്യത്തെ ആകെ വോട്ടർമാരുടെ എണ്ണം കൃത്യമായി വ്യക്തമാകുകയുള്ളൂ.

iii. പട്ടികയിൽ ഉൾപ്പെടാതെ പോയ വോട്ടർമാരുടെ അപേക്ഷാ ഫോമുകൾ ശേഖരിക്കുന്നതിനായി, അവരെ നേരിട്ട് സന്ദർശിക്കാൻ ബന്ധപ്പെട്ട ബി.എൽ.ഒ.മാരോട് ഗോവയിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നിർദ്ദേശിച്ചു. പട്ടികയിൽ പേര് ചേർക്കുന്നതിനായുള്ള 'ഫോം 6' ഇതിനകം തന്നെ 97-ൽ 81 വോട്ടർമാർ പൂരിപ്പിച്ചു നൽകിക്കഴിഞ്ഞു.

4. 2026 സെപ്റ്റംബർ 26-ന് ചേർന്ന കമ്മീഷൻ്റെ യോഗത്തിൽ കൈക്കൊണ്ട തീരുമാനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ പത്രക്കുറിപ്പ് പുറപ്പെടുവിക്കുന്നത്. പത്രക്കുറിപ്പിന് കമ്മീഷൻ്റെ പൂർണ്ണ അംഗീകാരം ലഭിച്ചിട്ടുണ്ട്.

2026 സെപ്റ്റംബർ 26-ന് ഉച്ചയ്ക്ക് 3.00 മണിക്ക് ന്യൂഡൽഹിയിലെ നിർവാചൻ സദനിൽ ചേർന്ന തിരഞ്ഞെടുപ്പ് കമ്മീഷൻ യോഗത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ശ്രീ ഗ്യാനേഷ് കുമാറും തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ ഡോ. എസ്.എസ്. സന്ധുവും ഡോ. വിവേക് ജോഷിയും പങ്കെടുത്തു.
***

( റിലീസ് ഐ.ഡി: 2315367) സന്ദര്‍ശക കൗണ്ടര്‍ : 13