വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
അടുത്ത തലമുറ ഇന്ത്യൻ ഉള്ളടക്ക സ്രഷ്ടാക്കളെ പിന്തുണയ്ക്കാൻ ആറ് പ്രോഗ്രാമുകളിൽ സ്‌കോളർഷിപ്പുകളിലൂടെ ഐ.ഐ.സി.ടി, നെറ്റ്ഫ്ലിക്സുമായി കൈകോർക്കുന്നു
പോസ്റ്റഡ് ഓണ്‍:
26 AUG 2026 12:40PM by PIB Thiruvananthpuram
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിയേറ്റീവ് ടെക്നോളജീസും (ഐ.ഐ.സി.ടി) നെറ്റ്ഫ്ലിക്സും ചേർന്ന് 100 വിദ്യാർത്ഥികൾക്കായി സ്‌കോളർഷിപ്പുകൾ പ്രഖ്യാപിച്ചു. രണ്ട്- ഒരു വർഷ ഡിപ്ലോമ പ്രോഗ്രാമുകളും നാല്- ആറ് മാസ സർട്ടിഫിക്കറ്റ് പ്രോഗ്രാമുകളും അടങ്ങുന്ന ആറ് പ്രൊഫഷണൽ പ്രോഗ്രാമുകൾക്ക് 80% വരെ സാമ്പത്തിക സഹായം ഇതുവഴി വാഗ്ദാനം ചെയ്യുന്നു.
ഇൻ്ററാക്ടീവ് കോമിക്‌സ് ആൻഡ് സീക്വൻഷ്യൽ ആർട്‌സ്, വിഷ്വൽ എഫക്ട്സ് മാസ്റ്ററി എന്നിവയിലെ ഡിപ്ലോമകളും; വെർച്വൽ ആർട്ട് ഡിപ്പാർട്ട്‌മെൻ്റ് കണ്ടൻ്റ് ക്രിയേഷൻ, മീഡിയ ടെക് വർക്ക്‌ഫ്ലോ, ആർട്ട് ഓഫ് ക്യാരക്ടർ ആനിമേഷൻ, ഇ-സ്‌പോർട്‌സ് ആൻഡ് ഗെയിമിംഗ് മാനേജ്‌മെൻ്റ് എന്നിവയിലെ സർട്ടിഫിക്കറ്റ് കോഴ്‌സുകളുമാണ് ഈ സ്‌കോളർഷിപ്പ് പദ്ധതിക്ക് കീഴിൽ വരുന്ന ആറ് പ്രോഗ്രാമുകൾ.
2026 ഓഗസ്റ്റ് 5-ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും നെറ്റ്ഫ്ലിക്‌സ് കോ-സിഇഒ ടെഡ് സരണ്ടോസും തമ്മിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഈ പ്രഖ്യാപനം. ഇന്ത്യയ്ക്ക് സമ്പന്നമായ കഥാഖ്യാന പാരമ്പര്യവും സർഗ്ഗാത്മക പ്രതിഭകളുടെ അസാമാന്യ കരുത്തുമുണ്ടെന്നും ഉള്ളടക്ക നിർമ്മാണത്തിൻ്റെ ആഗോള കേന്ദ്രമെന്ന നിലയിൽ നമ്മുടെ രാജ്യത്തിൻ്റെ സ്ഥാനം ശക്തിപ്പെടുത്താൻ ഇത് പ്രയോജനപ്പെടുത്താമെന്നും ശ്രീ മോദി അഭിപ്രായപ്പെട്ടിരുന്നു. തുടർന്നാണ് നെറ്റ്ഫ്ലിക്സ് ഇന്ത്യ കഥാഖ്യാന സംരംഭം ആരംഭിച്ചത്. ഇന്ത്യയുടെ 'ഓറഞ്ച് സമ്പദ് വ്യവസ്ഥയുടെ' പ്രധാന ചാലകശക്തിയായി പ്രവർത്തിക്കുന്ന ആനിമേഷൻ, വിഷ്വൽ എഫക്ട്സ്, ഗെയിമിംഗ്, കോമിക്സ് (AVGC) മേഖലകളിൽ അടുത്ത തലമുറ കഥാകൃത്തുക്കൾക്ക്, വ്യവസായത്തിന് അനുയോജ്യമായ കഴിവുകൾ നൽകി ഇന്ത്യയിലെ സർഗ്ഗ പ്രതിഭാ സഞ്ചയത്തിൽ നിക്ഷേപം നടത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഇന്ത്യയിലുടനീളമുള്ള വിദ്യാർത്ഥികൾക്കും ജോലി ചെയ്യുന്ന പ്രൊഫഷണലുകൾക്കും ഈ സ്‌കോളർഷിപ്പുകൾ ലഭ്യമാകും.
ഐ.ഐ.സി.ടിയുടെ വിഷ്വൽ എഫക്ട്സ് മാസ്റ്ററി, മീഡിയ ടെക് വർക്ക്ഫ്ലോ പ്രോഗ്രാമുകളുടെ പാഠ്യപദ്ധതി നെറ്റ്ഫ്ലിക്സിൻ്റെ നിർദ്ദേശങ്ങളോടെ, സമകാലിക വ്യവസായ മേഖലയ്ക്കും ആഗോള നിലവാരത്തിനും അനുയോജ്യമായ രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
വാർത്താ വിതരണ, പ്രക്ഷേപണ മന്ത്രാലയം സെക്രട്ടറിയും ഐഐസിടി ബോർഡ് ചെയർമാനുമായ ശ്രീ ചഞ്ചൽ കുമാർ ഇങ്ങനെ പറഞ്ഞു, "ഇന്ത്യയുടെ സർഗാത്മക സമ്പദ് വ്യവസ്ഥ ഒരു നിർണായക ഘട്ടത്തിലാണ്. കഥാഖ്യാനരീതിയെ സാങ്കേതികവിദ്യ മാറ്റിമറിക്കുമ്പോൾ, അടുത്ത തലമുറയിലെ പ്രതിഭകളെ വാർത്തെടുക്കുന്ന സ്ഥാപനങ്ങളും അതിനനുസരിച്ച് വികസിക്കേണ്ടതുണ്ട്. ഇന്ത്യയുടെ വലിയ പ്രതിഭാസഞ്ചയത്തിനും വേഗത്തിൽ മാറിക്കൊണ്ടിരിക്കുന്ന ആഗോള എവിജിസി-എക്സ്ആർ വ്യവസായത്തിൻ്റെ ആവശ്യങ്ങൾക്കും ഇടയിലുള്ള ഒരു പാലമായാണ് ഐഐസിടി വിഭാവനം ചെയ്തത്. പ്രമുഖ ആഗോള പങ്കാളികളുമായുള്ള സഹകരണം ഈ സംരംഭത്തിൻ്റെ പ്രധാന ഭാഗമാണ്. ഇത്തരം സഹകരണങ്ങൾ ക്ലാസ് മുറികളിലേക്ക് വ്യവസായങ്ങളുടെ അറിവുകളെ കൊണ്ടുവരികയും ഇന്ത്യയിലെ പ്രതിഭകളെ നാളത്തെ സർഗ്ഗാത്മക തൊഴിൽ ശക്തിയായി വികസിപ്പിക്കാൻ സഹായിക്കുകയും ചെയ്യും."
ഐഐസിടി സിഇഒ ഡോ. വിശ്വാസ് ദേവോസ്കർ ഇപ്രകാരം പറഞ്ഞു: "ഐഐസിടി പോലൊരു സ്ഥാപനത്തിൻ്റെ ലക്ഷ്യം കഴിവുകൾ പകർന്നുനൽകുക എന്നത് മാത്രമല്ല, ആ കഴിവുകൾ വ്യവസായ രംഗത്തിൻ്റെ മാറുന്ന രീതിക്ക് അനുയോജ്യമായി നിലനിൽക്കുന്നുവെന്ന് ഉറപ്പാക്കുക കൂടിയാണ്. പാഠ്യപദ്ധതി രൂപകൽപ്പന, പ്രൊഫഷണൽ നിർവഹണം, വിദ്യാർത്ഥികൾ കൈവരിക്കേണ്ട നിലവാരങ്ങൾ എന്നിവയിലൂടെ ആ വ്യവസായ കാഴ്ചപ്പാട് നേരിട്ട് ഞങ്ങളുടെ അക്കാദമിക ചട്ടക്കൂടിലേക്ക് കൊണ്ടുവരുന്നതിന് നെറ്റ്ഫ്ലിക്സുമായുള്ള ഈ സഹകരണം സഹായിക്കും. ഘടനാപരമായ വിദ്യാഭ്യാസത്തെ നേരിട്ടുള്ള വ്യവസായ നിർദ്ദേശങ്ങളുമായും സാമ്പത്തിക സഹായങ്ങളുമായും സംയോജിപ്പിക്കുന്നതിലൂടെ, ഇന്ത്യയുടെ വളരുന്ന സർഗാത്മക സമ്പദ് വ്യവസ്ഥക്ക് സംഭാവന നൽകാൻ സജ്ജരായ പ്രതിഭകളുടെ ഒരു ശക്തമായ നിരയെ സൃഷ്ടിക്കുകയാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്."
ഫിക്കി എവിജിസി-എക്സ്ആർ ഫോറം ചെയർമാൻ മുഞ്ചാൽ ഷ്രോഫ് ഇങ്ങനെ പറഞ്ഞു: ഫിക്കി -ഐഐസിടി-നെറ്റ്ഫ്ലിക്സ് സഹകരണം, ഇന്ത്യയിലെ എവിജിസി-എക്സ്ആർ മേഖലയ്ക്കായി ഭാവി സജ്ജമായ ഒരു തൊഴിൽ സേനയെ, നിർമ്മിക്കുന്നതിന് വ്യവസായത്തിന് അനുയോജ്യമായ പ്രതിഭാ വികസനത്തിലേക്കുള്ള മാറ്റത്തെ അടയാളപ്പെടുത്തുന്നു.
കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം, മഹാരാഷ്ട്ര ഗവണ്മെൻ്റ്, ഫിക്കി, സിഐഐ എന്നിവരുടെ പങ്കാളിത്തത്തോടെ സ്ഥാപിച്ച ആനിമേഷൻ, വിഷ്വൽ എഫക്ട്സ്, ഗെയിമിംഗ്, കോമിക്സ്, എക്സ്റ്റൻഡഡ് റിയാലിറ്റി (AVGC-XR) മേഖലകൾക്കായുള്ള ഇന്ത്യയുടെ ദേശീയ മികവ് കേന്ദ്രമാണ് ഐഐസിടി. നിലവിൽ മുംബൈയിലെ പെഡർ റോഡിലുള്ള എൻഎഫ്ഡിസി കോംപ്ലക്സിലാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്. ഗോരേഗാവിലെ ഫിലിം സിറ്റിയിൽ 10 ഏക്കർ സ്ഥലത്ത് ഇതിൻ്റെ സ്ഥിരം ക്യാമ്പസ് നിർമിച്ചുവരുന്നു. സ്‌കോളർഷിപ്പുകളെയും പ്രോഗ്രാമുകളെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് iict.org സന്ദർശിക്കുക.
***
( റിലീസ് ഐ.ഡി: 2303530)
സന്ദര്‍ശക കൗണ്ടര്‍ : 6