ആഭ്യന്തരകാര്യ മന്ത്രാലയം
സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി, ഐ.എസ്.ഐ. പിന്തുണയുള്ള ഭീകരസംഘമായ ഷെഹ്സാദ് ഭട്ടി നെറ്റ്വര്‍ക്ക് മോദി സര്‍ക്കാര്‍ തകര്‍ക്കുകയും ഇരുന്നൂറിലധികം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തുകൊണ്ട് അട്ടിമറി ആക്രമണങ്ങള്‍ നടത്താനുള്ള അവരുടെ പദ്ധതികള്‍ പരാജയപ്പെടുത്തുകയും ചെയ്തു
प्रविष्टि तिथि:
17 AUG 2026 3:00PM by PIB Thiruvananthpuram
സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി, ഐ.എസ്.ഐ. പിന്തുണയുള്ള ഷെഹ്സാദ് ഭട്ടി നെറ്റ്വര്‍ക്ക് എന്ന ഭീകരശൃംഖലയ്ക്കെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സുരക്ഷാ ഏജന്‍സികള്‍ വന്‍തോതിലുള്ള ഏകോപിത നടപടി സ്വീകരിക്കുകയും ഈ ശൃംഖല തകര്‍ക്കുകയും ചെയ്തു.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലും കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ. അമിത് ഷായുടെ മാര്‍ഗ്ഗനിര്‍ദ്ദേശത്തിലും, അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തോടുള്ള 'സീറോ ടോളറന്‍സ്' നയത്തിന്റെ ഭാഗമായി 14 സംസ്ഥാനങ്ങളിലായി 253 പേരെ കസ്റ്റഡിയിലെടുത്തു. കൂടാതെ, ഈ ശൃംഖലയ്‌ക്കെതിരെ 80-ലധികം എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്തു. 200-ലധികം പേര്‍ അറസ്റ്റിലുമായി.
സമൂഹ മാധ്യമമായ എക്‌സിലെ ഒരു പോസ്റ്റില്‍ കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ. അമിത് ഷാ കുറിച്ചു: 'സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി, ഐ.എസ്.ഐ പിന്തുണയുള്ള ഭീകരസംഘമായ ഷെഹ്സാദ് ഭട്ടി നെറ്റ്വര്‍ക്ക് മോദി സര്‍ക്കാര്‍ തകര്‍ക്കുകയും ഇരുന്നൂറിലധികം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തുകൊണ്ട് അട്ടിമറി ആക്രമണങ്ങള്‍ നടത്താനുള്ള അവരുടെ പദ്ധതികള്‍ തടയുകയും ചെയ്തു. 14 സംസ്ഥാനങ്ങളിലെ വിവിധ കേന്ദ്രങ്ങളില്‍ ഏകോപിതമായ നടപടികള്‍ സ്വീകരിച്ചുകൊണ്ട് ഇന്ത്യന്‍ സുരക്ഷാ സേന ഈ ശൃംഖല തകര്‍ത്തു. ഭീകരവാദത്തോടുള്ള ഇന്ത്യയുടെ സീറോ ടോളറന്‍സ് നയത്തിന്റെ ഉത്തമ ഉദാഹരണമാണിത്. ഐ.ഇ.ഡികള്‍, പാകിസ്ഥാന്‍ ഓര്‍ഡനന്‍സ് ഫാക്ടറിയുടെ മുദ്രയുള്ള ഗ്രനേഡുകള്‍, പിസ്റ്റളുകള്‍, ലൈവ് കാട്രിഡ്ജുകള്‍, ചാരപ്രവര്‍ത്തനത്തിന് ഉപയോഗിച്ചിരുന്ന സി.സി.ടി.വി. ക്യാമറകള്‍ എന്നിവയുള്‍പ്പെടെ വന്‍തോതിലുള്ള ആയുധശേഖരവും ഉപകരണങ്ങളും ഐ.എസ്.ഐ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഈ സംഘത്തില്‍ നിന്ന് പിടിച്ചെടുത്തു. നിരവധി ഭീകര പ്രവര്‍ത്തനങ്ങളില്‍ ഈ ശൃംഖലയ്ക്ക് പങ്കുണ്ടായിരുന്നു.'
പാകിസ്ഥാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതും ഐ.എസ്.ഐ പിന്തുണയുള്ളതുമായ ഭീകരസംഘമാണ് ഷെഹ്സാദ് ഭട്ടി നെറ്റ്വര്‍ക്ക്. ഇന്ത്യയിലുടനീളം ഗ്രനേഡ്, ഐ.ഇ.ഡി, പെട്രോള്‍ ബോംബ് ആക്രമണങ്ങള്‍ നടത്തുന്നതിലും ആസൂത്രിത കൊലപാതകങ്ങളിലും ഈ സംഘത്തിന് പങ്കുണ്ട്. കൂടാതെ, പോലീസ്, പ്രതിരോധ കേന്ദ്രങ്ങള്‍, ആരാധനാലയങ്ങള്‍ എന്നിവിടങ്ങളില്‍ നിരീക്ഷണം നടത്തുന്നതിനും, ചാരപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി സി.സി.ടി.വി. ക്യാമറകള്‍ സ്ഥാപിക്കുന്നതിനുമായി പ്രാദേശിക ഏജന്റുമാര്‍ക്ക് ഇവര്‍ പണം നല്‍കിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഷെഹ്സാദ് ഭട്ടി നെറ്റ്വര്‍ക്ക് ആസൂത്രണം ചെയ്തിരുന്ന അട്ടിമറി നീക്കങ്ങള്‍ തടയുന്നതിനായി, സംസ്ഥാന പോലീസ് സേനകളുമായി തത്സമയ രഹസ്യാന്വേഷണ വിവരങ്ങള്‍ പങ്കുവെയ്ക്കുന്ന സംവിധാനത്തിന്റെ സഹായത്തോടെ ഓഗസ്റ്റ് 12-ന് ഏകോപിതമായ നടപടി സ്വീകരിച്ചു. ഇതിന്റെ ഭാഗമായി 14 സംസ്ഥാനങ്ങളിലായി 253 പേരെ കസ്റ്റഡിയിലെടുത്തു - ഉത്തര്‍പ്രദേശ് (62), ഹരിയാന (52), ഡല്‍ഹി (51), പഞ്ചാബ് (44), രാജസ്ഥാന്‍ (15), മഹാരാഷ്ട്ര (8), ഉത്തരാഖണ്ഡ് (5), കര്‍ണാടക, ഗുജറാത്ത്, ബിഹാര്‍ (3 വീതം), തെലങ്കാന, ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍, കേരളം (2 വീതം). കൂടാതെ ഡല്‍ഹിയിലും കര്‍ണാടകയിലും പുതിയ എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.
യു.എ.പി.എ, ഭാരതീയ ന്യായ സംഹിത, ആയുധ നിയമം, എന്‍.ഡി.പി.എസ് നിയമം, സ്‌ഫോടകവസ്തു നിയമം എന്നിവ പ്രകാരം ഷെഹ്സാദ് ഭട്ടി നെറ്റ്വര്‍ക്കിനെതിരെ 80-ലധികം എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 200-ലധികം അറസ്റ്റുകള്‍ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഐ.ഇ.ഡികള്‍, പാകിസ്ഥാന്‍ ഓര്‍ഡനന്‍സ് ഫാക്ടറിയുടെ മുദ്രയുള്ള ഗ്രനേഡുകള്‍, പിസ്റ്റളുകള്‍, ലൈവ് കാട്രിഡ്ജുകള്‍, ചാരപ്രവര്‍ത്തനത്തിന് ഉപയോഗിച്ചിരുന്ന സി.സി.ടി.വി.ക്യാമറകള്‍ എന്നിവ പിടിച്ചെടുത്ത വസ്തുക്കളില്‍ ഉള്‍പ്പെടുന്നു. ഇത് ഈ ശൃംഖലയ്ക്ക് അതിര്‍ത്തി കടന്നുള്ള നേരിട്ടുള്ള ബന്ധങ്ങളുണ്ടെന്ന് സ്ഥിരീകരിക്കുന്നു.
അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തോടുള്ള ഇന്ത്യയുടെ സീറോ ടോളറന്‍സ് നയം സുരക്ഷാ ഏജന്‍സികള്‍ വീണ്ടും വ്യക്തമാക്കി. രാജ്യത്തുടനീളമുള്ള ഷെഹ്സാദ് ഭട്ടി നെറ്റ്വര്‍ക്ക് ശൃംഖലകള്‍ തകര്‍ക്കുന്നതിനുള്ള ഏകോപിത നടപടികള്‍ തുടരുമെന്നും സുരക്ഷാ ഏജന്‍സികള്‍ അറിയിച്ചു.
***
(रिलीज़ आईडी: 2300563)
आगंतुक पटल : 14
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
हिन्दी
,
Marathi
,
Bengali
,
Bengali-TR
,
Assamese
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada