ഉപരാഷ്ട്രപതിയുടെ കാര്യാലയം
തിരുവാരൂര്‍ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഓഫ് തമിഴ്‌നാടിന്റെ 11-ാമത് ബിരുദദാന ചടങ്ങില്‍ ഉപരാഷ്ട്രപതി ശ്രീ. സി. പി. രാധാകൃഷ്ണന്‍ പങ്കെടുത്തു
प्रविष्टि तिथि:
17 AUG 2026 1:56PM by PIB Thiruvananthpuram
തിരുവാരൂര്‍ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഓഫ് തമിഴ്‌നാടിന്റെ (CUTN) 11-ാമത് ബിരുദദാന ചടങ്ങില്‍ ഉപരാഷ്ട്രപതി ശ്രീ. സി. പി. രാധാകൃഷ്ണന്‍ ഇന്ന് പങ്കെടുത്തു. ജീവിതത്തിലെ ഒരു സുപ്രധാന നാഴികക്കല്ല് പിന്നിട്ട ബിരുദധാരികളായ വിദ്യാര്‍ത്ഥികളെ അദ്ദേഹം അഭിനന്ദിച്ചു.
ബിരുദദാന ചടങ്ങ് എന്നത് വെറുമൊരു സാക്ഷ്യപത്രം കൈമാറുന്ന ചടങ്ങ് മാത്രമല്ലെന്നും, അറിവിനായുള്ള നിരന്തര അന്വേഷണത്തിന്റെയും വിദ്യാഭ്യാസത്തിന്റെ പരിവര്‍ത്തന ശേഷിയുടെയും ആഘോഷമാണെന്നും ബിരുദധാരികളെ അഭിസംബോധന ചെയ്യവേ, ശ്രീ. സി. പി. രാധാകൃഷ്ണന്‍ പറഞ്ഞു.
വിദ്യാര്‍ത്ഥികളെ ഈ സുപ്രധാന നാഴികക്കല്ലിലേക്ക് എത്തിച്ച സമര്‍പ്പണം, സ്ഥിരോത്സാഹം, പ്രതിരോധശേഷി എന്നിവയാണ് ചടങ്ങിലൂടെ ആദരിക്കപ്പെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ബിരുദധാരികളായ വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കളെയും അധ്യാപകരെയും അദ്ദേഹം അഭിനന്ദിച്ചു. അവരുടെ ത്യാഗങ്ങളെ അംഗീകരിച്ച അദ്ദേഹം, മക്കളുടെയും വിദ്യാര്‍ത്ഥികളുടെയും ഉജ്ജ്വല ഭാവിക്കായി അവര്‍ തങ്ങളുടെ ഇന്നത്തെ പല സുഖസൗകര്യങ്ങളും വേണ്ടെന്നുവെച്ചതായും ഓര്‍മ്മിപ്പിച്ചു.
തുടര്‍ന്ന്, തിരുവാരൂര്‍ നഗരത്തിന്റെ ചരിത്രപ്രാധാന്യത്തെക്കുറിച്ച് പരാമര്‍ശിച്ച ശ്രീ. സി. പി. രാധാകൃഷ്ണന്‍, പ്രസിദ്ധമായ ത്യാഗരാജ ക്ഷേത്രം സ്ഥിതിചെയ്യുന്ന ഈ പുണ്യഭൂമി നൂറ്റാണ്ടുകളായി ആത്മീയതയുടെയും പണ്ഡിതശ്രേഷ്ഠതയുടെയും കലാമേന്മയുടെയും മഹത്തായ കേന്ദ്രമാണെന്ന് പറഞ്ഞു.
സന്യാസിവര്യന്മാര്‍ക്കും മഹാപണ്ഡിതന്മാര്‍ക്കും കര്‍ണാടക സംഗീതത്തിലെ പ്രശസ്തരായ ത്രിമൂര്‍ത്തികള്‍ക്കും ജന്മം നല്‍കിയ മഹത്തായ മണ്ണാണിതെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. സംസ്‌കാരവും അറിവും മൂല്യങ്ങളും ഒത്തുചേരുമ്പോഴാണ് യഥാര്‍ത്ഥ മഹത്വം രൂപപ്പെടുന്നതെന്നും ഉപരാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ പന്ത്രണ്ട് വര്‍ഷത്തിനിടയില്‍ ഉന്നതവിദ്യാഭ്യാസ രംഗത്തുണ്ടായ വന്‍ മുന്നേറ്റത്തെ ഉപരാഷ്ട്രപതി എടുത്തുപറഞ്ഞു. രാജ്യത്തുടനീളമുള്ള ബിരുദദാന ചടങ്ങുകളില്‍ പുരുഷന്മാരേക്കാള്‍ കൂടുതല്‍ സ്ത്രീകള്‍ ബിരുദങ്ങളും മെഡലുകളും ഏറ്റുവാങ്ങുന്ന കാഴ്ചയാണ് താന്‍ കാണാറുള്ളതെന്നും, ഈ മാറ്റം ഏറെ സ്വാഗതാര്‍ഹമാണെന്നും ഉപരാഷ്ട്രപതി വ്യക്തമാക്കി.
ഇന്നത്തെ കാലത്ത് വിദ്യാഭ്യാസത്തെ വെറുമൊരു പരീക്ഷയുടെയോ മാര്‍ക്കിന്റെയോ അടിസ്ഥാനത്തില്‍ മാത്രം അളക്കാനാകില്ലെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. 'സ്വതന്ത്രമായി ചിന്തിക്കാനും, കാര്യക്ഷമമായി ആശയവിനിമയം നടത്താനും, കൂട്ടായ്മയോടെ പ്രവര്‍ത്തിക്കാനും, ജീവിതകാലം മുഴുവന്‍ പഠനം തുടരാനുമുള്ള കഴിവിന്റെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസം വിലയിരുത്തപ്പെടേണ്ടത്,' അദ്ദേഹം വ്യക്തമാക്കി.
ബഹുവിഷയാധിഷ്ഠിത വിദ്യാഭ്യാസം, ഗവേഷണം, നവീകരണം, മൂല്യാധിഷ്ഠിത പഠനം എന്നിവയ്ക്ക് മുന്‍ഗണന നല്‍കിക്കൊണ്ട് ഈ കാഴ്ചപ്പാട് ഉയര്‍ത്തിപ്പിടിക്കുന്ന തമിഴ്നാട് സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയെ ഉപരാഷ്ട്രപതി അഭിനന്ദിച്ചു.
പാര്‍ലമെന്റ് അടുത്തിടെ പാസാക്കിയ പൊതുപരീക്ഷാ (ക്രമക്കേടുകള്‍ തടയല്‍) ഭേദഗതി ബില്ലിനെക്കുറിച്ച് പരാമര്‍ശിച്ച ഉപരാഷ്ട്രപതി, പരീക്ഷകളിലെ ക്രമക്കേടുകള്‍ തടയുന്നതും വിദ്യാര്‍ത്ഥികളുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതും പരമപ്രധാനമെന്ന് വ്യക്തമാക്കി.
ഝാര്‍ഖണ്ഡ് ഗവര്‍ണറായിരുന്ന കാലം അനുസ്മരിക്കവെ, തന്റെ ഔദ്യോഗിക കാലാവധിയില്‍ ഝാര്‍ഖണ്ഡ് സര്‍ക്കാരും സമാനമായ ഒരു ബില്‍ പാസാക്കിയിരുന്നുവെന്നും അന്നത്തെ ഗവര്‍ണര്‍ എന്ന നിലയില്‍ താന്‍ അതില്‍ ഉടന്‍ തന്നെ ഒപ്പുവെച്ച് നിയമമാക്കിയതായും ശ്രീ. സി. പി. രാധാകൃഷ്ണന്‍ പറഞ്ഞു.
നല്ല വ്യക്തികളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി സമൂഹത്തിലെ ദോഷകരമായ ശക്തികളെ ശിക്ഷിക്കണമെന്ന് പറഞ്ഞ അദ്ദേഹം, പൊതുപരീക്ഷകളുടെ സുതാര്യതയും നീതിയും ഉറപ്പാക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു.
അറിവിന്റെ ഉപഭോക്താക്കളാകുന്നതിന് പകരം അതിന്റെ സ്രഷ്ടാക്കളാകാനും, അനുകര്‍ത്താക്കളാകുന്നതിന് പകരം നവീകരണക്കാരാകാനും, അനുയായികളാകുന്നതിന് പകരം നേതാക്കളാകാനും ഉപരാഷ്ട്രപതി ബിരുദധാരികളോട് ആഹ്വാനം ചെയ്തു.
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ദീര്‍ഘവീക്ഷണത്തോടെയുള്ള നേതൃത്വത്തിന് കീഴില്‍ 'വികസിത ഭാരതം @2047' എന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യ കുതിക്കുകയാണെന്ന് ശ്രീ സി. പി. രാധാകൃഷ്ണന്‍ പറഞ്ഞു. 'രാഷ്ട്രം ആദ്യം ' എന്ന ആശയം തങ്ങളുടെ ഓരോ പ്രവൃത്തിയുടെയും കാതലായി സൂക്ഷിക്കണമെന്നും, സ്വന്തം അറിവും നൈപുണ്യവും നേതൃപാടവവും രാജ്യത്തിന്റെ വികസനത്തിനായി വിനിയോഗിക്കണമെന്നും അദ്ദേഹം യുവാക്കളോട് അഭ്യര്‍ത്ഥിച്ചു.
ലഹരിക്കച്ചവടക്കാര്‍ക്കും ലഹരി എന്ന വിപത്ത് പ്രചരിപ്പിക്കുന്നതില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും എതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഉപരാഷ്ട്രപതി പോലീസിനോടും സുരക്ഷാ ഏജന്‍സികളോടും ആവശ്യപ്പെട്ടു.
ലഹരിയുപയോഗം വ്യക്തികളുടെ ജീവിതം തകര്‍ക്കുക മാത്രമല്ല, കുടുംബങ്ങളെയും സമൂഹത്തെയും ദോഷകരമായി ബാധിക്കുമെന്നും ഈ വിപത്തില്‍ നിന്ന് യുവാക്കളെ സംരക്ഷിക്കുക എന്നത് കൂട്ടായ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.
'ലഹരി അരുത്' എന്ന തന്റെ അഭ്യര്‍ത്ഥന വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ ആവര്‍ത്തിച്ച അദ്ദേഹം, ലഹരി ഉപയോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ സുഹൃത്തുക്കളെ പ്രേരിപ്പിക്കണമെന്നും ആഹ്വാനം ചെയ്തു.
തന്റെ പ്രസംഗം ഉപസംഹരിച്ചുകൊണ്ട്, എല്ലാ ബിരുദധാരികള്‍ക്കും വിജയവും സംതൃപ്തിയും നല്ല ആരോഗ്യവും നേര്‍ന്ന ഉപരാഷ്ട്രപതി, സമൂഹത്തിന് അര്‍ത്ഥവത്തായ സംഭാവനകള്‍ നല്‍കാന്‍ അവര്‍ക്ക് സാധിക്കട്ടെയെന്ന് ആശംസിച്ചു.
ചടങ്ങില്‍ ആകെ 1,103 വിദ്യാര്‍ത്ഥികളാണ് ബിരുദം ഏറ്റുവാങ്ങിയത്. ഇതില്‍ മികച്ച പഠനമികവ് പുലര്‍ത്തിയ 50 പേര്‍ സ്വര്‍ണ്ണമെഡലുകള്‍ നേടി. ബിരുദം നേടിയ 1,103 പേരില്‍ 616 പേരും വനിതകളാണ്. കൂടാതെ, 50 സ്വര്‍ണ്ണമെഡലുകളില്‍ 37 എണ്ണവും സ്വന്തമാക്കിയത് പെണ്‍കുട്ടികളാണ് എന്നതും ശ്രദ്ധേയമായി.
തമിഴ്നാട് ഗവര്‍ണര്‍ ശ്രീ. രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍, നാഗപട്ടണം ലോക്സഭാ എം.പി. തിരു വി. സെല്‍വരാജ്, ചാന്‍സലര്‍ പ്രൊഫ. ജി. പത്മനാഭന്‍, വൈസ് ചാന്‍സലര്‍ സീനിയര്‍ പ്രൊഫ. സുലോചന ശേഖര്‍, അധ്യാപകര്‍, മാതാപിതാക്കള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
***
(रिलीज़ आईडी: 2300457)
आगंतुक पटल : 4