സാംസ്‌കാരിക മന്ത്രാലയം
azadi ka amrit mahotsav

പതിനൊന്നാമത് ബ്രിക്‌സ് സാംസ്കാരിക മന്ത്രിമാരുടെ യോഗം ഭോപ്പാലിൽ സമാപിച്ചു; ഭോപ്പാൽ പ്രഖ്യാപനം അംഗീകരിച്ചു

प्रविष्टि तिथि: 08 AUG 2026 1:54PM by PIB Thiruvananthpuram
ഇന്ത്യയുടെ ബ്രിക്‌സ് അധ്യക്ഷതയിൽ 11-ാമത് ബ്രിക്‌സ് സാംസ്കാരിക മന്ത്രിമാരുടെ യോഗം ഇന്ന് ഭോപ്പാലിൽ നടന്നു. ഭോപ്പാൽ പ്രഖ്യാപനം അംഗീകരിച്ചുകൊണ്ടാണ് യോഗം സമാപിച്ചത്. ബ്രിക്‌സ് അംഗരാജ്യങ്ങൾക്കും പങ്കാളി രാജ്യങ്ങൾക്കും ഇടയിലുള്ള സാംസ്കാരിക സഹകരണം ശക്തിപ്പെടുത്തുന്നതിന് പ്രായോഗികവും ഭാവിയെ മുന്നിൽക്കണ്ടുള്ളതുമായ ഒരു ചട്ടക്കൂട് ഇതിലൂടെ ഒരുക്കുന്നു.
 
 
ഇന്ത്യയുടെ അധ്യക്ഷതയിൽ ബ്രിക്‌സ് സാംസ്കാരിക ട്രാക്കിൻ്റെ പ്രവർത്തനങ്ങൾ മൂന്ന് സാംസ്കാരിക വർക്കിംഗ് ഗ്രൂപ്പ് യോഗങ്ങളിലൂടെയാണ് പുരോഗമിച്ചത്. ആദ്യ യോഗം 2026 ഏപ്രിൽ 29–30 തീയതികളിൽ ഓൺലൈനായി നടന്നു. തുടർന്ന് രണ്ടാമത്തെ യോഗം 2026 ജൂൺ 4–5 തീയതികളിൽ വാരാണസിയിലും, മൂന്നാമത്തെ യോഗം 2026 ഓഗസ്റ്റ് 5–6 തീയതികളിൽ ഭോപ്പാലിലും നടന്നു. ഇന്ന് നടന്ന മന്ത്രിതല യോഗത്തിൽ ഇന്ത്യ ഉൾപ്പെടെ 14 രാജ്യങ്ങളുടെ പങ്കാളിത്തം ഉണ്ടായിരുന്നു. ഇതിൽ 10 ബ്രിക്‌സ് അംഗരാജ്യങ്ങളും 4 പങ്കാളി രാജ്യങ്ങളും ഉൾപ്പെടുന്നു. ബ്രസീൽ, ചൈന, ഈജിപ്ത്, എത്യോപ്യ, ഇന്ത്യ, ഇന്തോനേഷ്യ, ഇറാൻ, റഷ്യ, ദക്ഷിണാഫ്രിക്ക, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവയായിരുന്നു പങ്കെടുത്ത ബ്രിക്‌സ് അംഗരാജ്യങ്ങൾ. ഇവയിൽ ഈജിപ്ത് ഓൺലൈനായാണ് മന്ത്രിതല യോഗത്തിൽ പങ്കെടുത്തത്. ബെലാറസ്, ക്യൂബ, കസാക്കിസ്താൻ, തായ്‌ലൻഡ് എന്നിവയായിരുന്നു പങ്കാളി രാജ്യങ്ങൾ. സാംസ്കാരിക ട്രാക്കിലെ ഉന്നതതല ഇടപെടലുകൾ പ്രതിഫലിപ്പിച്ചുകൊണ്ട് ഇന്തോനേഷ്യ, ദക്ഷിണാഫ്രിക്ക, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നീ രാജ്യങ്ങളിലെ സാംസ്കാരിക മന്ത്രിമാരും ഈ മന്ത്രിതല യോഗത്തിൽ പങ്കെടുത്തു. ആകെ 55 പ്രതിനിധികളാണ് ഈ യോഗങ്ങളിൽ പങ്കെടുത്തത്.
 
"പ്രതിരോധശേഷി, നവീകരണം, സഹകരണം, സുസ്ഥിരത എന്നിവയ്ക്കായുള്ള നിർമ്മിതി" എന്ന ഇന്ത്യയുടെ ബ്രിക്‌സ് പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് ചർച്ചകൾ നടന്നത്. സംവാദങ്ങളെ പ്രായോഗിക സംരംഭങ്ങളാക്കി മാറ്റുന്നതിനും സാംസ്കാരിക മേഖലയിലെ സ്ഥാപനപരമായ സഹകരണം ശക്തിപ്പെടുത്തുന്നതിനുമാണ് യോഗം പ്രധാനമായും ഊന്നൽ നൽകിയത്.
 
 
ഇന്ന് അംഗീകരിച്ച ഭോപ്പാൽ പ്രഖ്യാപനം സാംസ്കാരികവും സർഗ്ഗാത്മകവുമായ വ്യവസായങ്ങളിലും സർഗ്ഗാത്മക സമ്പദ്‌വ്യവസ്ഥയിലും സഹകരണം മുന്നോട്ട് കൊണ്ടുപോകുന്നു. പ്രവർത്തനരീതികൾ, അനുഭവങ്ങൾ, മികച്ച പ്രവർത്തന മാതൃകകൾ എന്നിവയുടെ കൈമാറ്റം, സ്രഷ്ടാക്കൾക്കുള്ള പിന്തുണ, നെറ്റ്‌വർക്കിംഗ്, ഡിജിറ്റൽ മാർഗ്ഗങ്ങളിലൂടെ വിപണി പ്രവേശനത്തിനുള്ള വിപുലമായ അവസരങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. യുനെസ്കോയുടെ ഒന്നിലധികം രാജ്യങ്ങൾ ചേർന്നുള്ള നാമനിർദ്ദേശങ്ങൾ, സാംസ്കാരിക സ്വത്തുക്കളുടെ ഉറവിടത്തെക്കുറിച്ചുള്ള ഗവേഷണം, അവ കണ്ടെത്തി തിരിച്ചയക്കലും തിരികെ നൽകലും എന്നിവയിലുള്ള സഹകരണവും ഇതിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്, ഇതിനായി നിർമ്മിതബുദ്ധി (AI) ഉപയോഗിച്ചുള്ള ട്രേസിംഗ് ഉപകരണങ്ങളുടെ സാധ്യതകൾ പരിശോധിക്കുന്നതും ഉൾപ്പെടുന്നു. കൂടാതെ, പരമ്പരാഗത വിജ്ഞാന സംവിധാനങ്ങളും പരമ്പരാഗത സാംസ്കാരിക ആവിഷ്കാരങ്ങളും സംരക്ഷിക്കുക; ചരിത്രരേഖാ പൈതൃകം, ഡിജിറ്റൈസേഷൻ, സംരക്ഷണം എന്നിവയിൽ മ്യൂസിയങ്ങൾ, ലൈബ്രറികൾ, ആർക്കൈവുകൾ എന്നിവ തമ്മിലുള്ള സഹകരണം ഉറപ്പാക്കുക; നിർമ്മിത ബുദ്ധി (AI) സംവിധാനങ്ങളിൽ പകർപ്പവകാശമുള്ള കൃതികളുടെ ഉപയോഗവുമായി ബന്ധപ്പെട്ട് സ്രഷ്ടാക്കളുടെ അവകാശങ്ങളുടെ സംരക്ഷണം, സുതാര്യത, ന്യായവും തുല്യവുമായ പ്രതിഫലം എന്നിവ ഉറപ്പാക്കുക തുടങ്ങിയവയും പ്രഖ്യാപനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
 
സാംസ്കാരിക ട്രാക്കിന് കീഴിലെ ഒരു പ്രായോഗിക ചുവടുവെയ്പ്പ് എന്ന നിലയിൽ, ഒരു വൊളണ്ടറി ആർട്ടിസ്റ്റ് രജിസ്ട്രി വികസിപ്പിക്കുന്നതിനുള്ള ഒരു പൈലറ്റ് പദ്ധതി ഇന്ത്യ പ്രഖ്യാപിച്ചു. ബ്രിക്‌സ് രാജ്യങ്ങളിലുടനീളമുള്ള കലാകാരന്മാർക്കും സർഗ്ഗാത്മക മേഖലയിൽ പ്രവർത്തിക്കുന്നവർക്കും സാംസ്കാരിക കൈമാറ്റങ്ങൾ സുഗമമാക്കുന്നതിനും, പ്രൊഫഷണൽ ശൃംഖലകൾ ശക്തിപ്പെടുത്തുന്നതിനും, കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനുമാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.
 
ഇന്ത്യയുടെ ബ്രിക്‌സ് അധ്യക്ഷതയുടെ ഭാഗമായി സംഘടിപ്പിച്ച പ്രധാന സാംസ്കാരിക പരിപാടികളിലൊന്നായിരുന്നു 2026 ഓഗസ്റ്റ് 6–7 തീയതികളിൽ ഭോപ്പാലിൽ നടന്ന രണ്ടുദിവസത്തെ ബ്രിക്‌സ് സാംസ്കാരിക മഹോത്സവം. ബ്രിക്‌സ് അംഗരാജ്യങ്ങളുടെയും പങ്കാളിത്ത രാജ്യങ്ങളുടെയും പങ്കാളിത്തത്തിന് ഈ പരിപാടി സാക്ഷ്യം വഹിച്ചു. ബെലാറസ്, ബ്രസീൽ, ഇന്തോനേഷ്യ, റഷ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നീ രാജ്യങ്ങൾ അവരുടെ കലാപാരമ്പര്യങ്ങളുടെ സമൃദ്ധിയും വൈവിധ്യവും വിളിച്ചോതുന്ന സാംസ്കാരിക പരിപാടികൾ അവതരിപ്പിച്ചു. "സർവ്വേ ഭവന്തു സുഖിനഃ" - "എല്ലാവർക്കും ഐക്യവും സമാധാനവും" എന്ന കാലാതീതമായ ഭാരതീയ തത്ത്വചിന്തയെ അടിസ്ഥാനമാക്കി സംഘടിപ്പിച്ച ഈ മഹോത്സവം, സാംസ്കാരിക സംവാദത്തിനും കലാപരമായ വിനിമയത്തിനും ജനങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും സജീവമായ വേദിയൊരുക്കി. രണ്ടാം ദിവസം, പങ്കെടുത്ത ബ്രിക്‌സ് രാജ്യങ്ങളുടെ ഭാഷകളിൽ മഹോത്സവത്തിൻ്റെ ഈ പ്രമേയത്തിൽ അവതരിപ്പിച്ച സംയുക്ത കലാപ്രകടനം സാംസ്കാരിക വൈവിധ്യത്തിലൂടെയുള്ള ഐക്യത്തെ പ്രതീകപ്പെടുത്തി.
 
 
സാംസ്കാരിക മേഖലയിലെ പ്രവർത്തനങ്ങൾ ഉഭയകക്ഷി ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള അവസരവും ഒരുക്കി. പങ്കെടുത്ത രാജ്യങ്ങളുമായി കേന്ദ്ര സാംസ്കാരിക മന്ത്രിയുടെയും സാംസ്കാരിക മന്ത്രാലയ സെക്രട്ടറിയുടെയും തലത്തിൽ ഉഭയകക്ഷി കൂടിക്കാഴ്ചകൾ നടന്നു. ഉഭയകക്ഷി സാംസ്കാരിക സഹകരണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും പരസ്പര താൽപ്പര്യമുള്ള മേഖലകൾ കണ്ടെത്തുന്നതിനെക്കുറിച്ചും അഭിപ്രായങ്ങൾ കൈമാറുന്നതിന് ഈ കൂടിക്കാഴ്ചകൾ അവസരമൊരുക്കി.
 
സന്ദർശക പ്രതിനിധിസംഘങ്ങൾക്ക് ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക, നാഗരിക പൈതൃകം അനുഭവിക്കാനുള്ള അവസരവും ഈ പരിപാടി നൽകി. ഓഗസ്റ്റ് 5-ന് പ്രതിനിധികൾ ഭോപ്പാലിലെ ഇന്ദിരാഗാന്ധി രാഷ്ട്രീയ മാനവ് സംഗ്രഹാലയം (IGRMS) സന്ദർശിച്ചു. മന്ത്രിതല യോഗത്തിന് ശേഷം, സാഞ്ചിയിലെ മഹത്തായ ബുദ്ധമത പൈതൃകം നേരിട്ടറിയുന്നതിനായി പ്രതിനിധിസംഘങ്ങളെ ഇന്ന് അവിടേക്ക് കൊണ്ടുപോകും. പ്രതിനിധികൾക്ക് ഇന്ത്യയുടെ ചരിത്രാതീത കാലത്തെ ശിലാസങ്കേതങ്ങളും പുരാതന സാംസ്കാരിക പൈതൃകവും അനുഭവിച്ചറിയാൻ അവസരമൊരുക്കിക്കൊണ്ട് ഓഗസ്റ്റ് 9-ന് രാവിലെ ഭീംബെട്ക സന്ദർശനവും നിശ്ചയിച്ചിട്ടുണ്ട്.
 
 
അധ്യക്ഷതയുടെ കാലയളവിൽ ക്രിയാത്മകമായ ഇടപെടലുകൾ നടത്തിയതിനും സജീവ പങ്കാളിത്തം ഉറപ്പാക്കിയതിനും എല്ലാ ബ്രിക്‌സ് അംഗരാജ്യങ്ങൾക്കും പങ്കാളിത്ത രാജ്യങ്ങൾക്കും ഇന്ത്യ നന്ദി അറിയിച്ചു. ഒപ്പം, ബ്രിക്‌സിനുള്ളിൽ കൂടുതൽ ബന്ധിപ്പിക്കപ്പെട്ടതും എല്ലാവരെയും ഉൾക്കൊള്ളുന്നതും ഭാവിസജ്ജവുമായ സാംസ്കാരിക പങ്കാളിത്തത്തിനായി തുടർന്നും സഹകരിക്കാനുള്ള പ്രതിബദ്ധത ഇന്ത്യ ആവർത്തിക്കുകയും ചെയ്തു.
 
***
 
 

(रिलीज़ आईडी: 2296563) आगंतुक पटल : 12
इस विज्ञप्ति को इन भाषाओं में पढ़ें: Telugu , English , Marathi , Gujarati , Urdu , हिन्दी , Bengali , Tamil , Kannada