വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
പുതിയ കമ്മ്യൂണിറ്റി റേഡിയോ സ്റ്റേഷനുകൾ പ്രോത്സാഹിപ്പിക്കാൻ ചീഫ് സെക്രട്ടറിമാർക്കും ദുരന്തനിവാരണ വകുപ്പുകൾക്കും നിർദേശം; പ്രകൃതിദുരന്തങ്ങൾ ബാധിച്ച മേഖലകളിൽ കമ്മ്യൂണിറ്റി റേഡിയോ സ്റ്റേഷനുകൾക്ക് 11.50 ലക്ഷം രൂപയുടെ അടിയന്തര ഗ്രാന്റ് ലഭ്യമാക്കും
പോസ്റ്റഡ് ഓണ്‍:
07 AUG 2026 3:31PM by PIB Thiruvananthpuram
ഇന്ത്യയിൽ കമ്മ്യൂണിറ്റി റേഡിയോ സ്റ്റേഷനുകൾ (CRS) സ്ഥാപിക്കുന്നതിനുള്ള നയമാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, കമ്മ്യൂണിറ്റി റേഡിയോ പ്രക്ഷേപണത്തിന്റെ പ്രധാന ലക്ഷ്യം ആ റേഡിയോ സ്റ്റേഷന്റെ പ്രവർത്തനപരിധിയിൽ താമസിക്കുന്ന ജനങ്ങൾക്ക് വിവരങ്ങൾ ലഭ്യമാക്കുക എന്നതാണ്.
കൂടാതെ, നയമാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, പാരിസ്ഥിതിക അടിയന്തരാവസ്ഥകൾ, പ്രകൃതിദുരന്തങ്ങൾ, പൊതുതാല്പര്യം അല്ലെങ്കിൽ സമാനമായ സാഹചര്യങ്ങൾ എന്നിവയിൽ ആവശ്യമാണെന്ന് കരുതുന്ന ഏതൊരു പ്രത്യേക സന്ദേശവും പ്രക്ഷേപണം ചെയ്യുന്നതിന്കമ്മ്യൂണിറ്റി റേഡിയോ സ്റ്റേഷനുകൾക്ക് നിർദ്ദേശം നൽകാൻ ഗവണ്മെന്റിന് അധികാരമുണ്ട്. ഇത്തരം ഗവണ്മെന്റ് നിർദ്ദേശങ്ങൾ പാലിക്കാൻ റേഡിയോ നടത്തിപ്പിന് അനുമതി ലഭിച്ചവർ ബാധ്യസ്ഥരുമാണ്.
പ്രാദേശിക ഭരണകൂടം പൗരന്മാർക്ക് നൽകുന്ന സേവനങ്ങൾ , പ്രകൃതിദുരന്തങ്ങൾ, ആരോഗ്യ ജാഗ്രതാനിർദ്ദേശങ്ങൾ, മറ്റ് വിവരങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പൊതു അറിയിപ്പുകൾ പ്രക്ഷേപണം ചെയ്യാൻ കമ്മ്യൂണിറ്റി റേഡിയോ സ്റ്റേഷനുകൾക്ക് ഈ മാർഗ്ഗനിർദ്ദേശങ്ങൾ അനുമതി നൽകുന്നുണ്ട്.
അതനുസരിച്ച്, പ്രകൃതിദുരന്തങ്ങളിലും മറ്റ് അടിയന്തര സാഹചര്യങ്ങളിലും പ്രാദേശിക ഭാഷകളിൽ കൃത്യസമയത്തും വിശ്വസനീയവുമായ വിവരങ്ങൾ പ്രക്ഷേപണം ചെയ്യുന്നതിൽ കമ്മ്യൂണിറ്റി റേഡിയോ സ്റ്റേഷനുകൾ പ്രധാന പങ്ക് വഹിക്കുന്നു.
കൂടാതെ, പ്രാദേശിക ജനവിഭാഗങ്ങളുടെ വിവര ആവശ്യങ്ങൾ നിറവേറ്റുന്നതിൽ കമ്മ്യൂണിറ്റി റേഡിയോ സ്റ്റേഷനുകളുടെ പ്രാധാന്യം കണക്കിലെടുത്ത്, പ്രത്യേകിച്ച് വെള്ളപ്പൊക്ക സാധ്യതയുള്ളതും തീരദേശത്തുള്ളതും ദുരന്തസാധ്യതയുള്ളതുമായ പ്രദേശങ്ങളിൽ, ദുരന്ത സംബന്ധിയായ വിവരങ്ങൾ വിനിമയം ചെയ്യുന്നതിനായി ഈ മാധ്യമം ഉപയോഗപ്പെടുത്താനും അത്തരം പ്രദേശങ്ങളിൽ പുതിയ കമ്മ്യൂണിറ്റി റേഡിയോ സ്റ്റേഷനുകൾ സ്ഥാപിക്കുന്നത് ആലോചിച്ച് തീരുമാനിക്കാനും അഭ്യർത്ഥിച്ചുകൊണ്ട് മന്ത്രാലയം, ബന്ധപ്പെട്ട സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ചീഫ് സെക്രട്ടറിമാർക്കും റവന്യൂ, ദുരന്തനിവാരണ വകുപ്പുകളുടെ അഡ്മിനിസ്ട്രേറ്റീവ് സെക്രട്ടറിമാർക്കും കത്തുകൾ അയച്ചു.
"ഇന്ത്യയിലെ കമ്മ്യൂണിറ്റി റേഡിയോ പ്രസ്ഥാനത്തെ പിന്തുണയ്ക്കൽ" എന്ന കേന്ദ്രമേഖലാ പദ്ധതിക്ക് കീഴിലാണ് കമ്മ്യൂണിറ്റി റേഡിയോ സ്റ്റേഷനുകൾക്ക് പിന്തുണ നൽകുന്നത്. ഈ പദ്ധതി 2026-27 മുതൽ 2030-31 വരെയുള്ള കാലയളവിലേക്ക് 50 കോടി രൂപയുടെ വകയിരുത്തലോടെ തുടരാൻ അനുമതി നൽകിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ സുഗമമായ പ്രക്ഷേപണം ഉറപ്പാക്കുന്നതിന് യു.പി.എസ് (UPS), ജനറേറ്റർ സെറ്റുകൾ, സൗരോർജ സംവിധാനങ്ങൾ തുടങ്ങിയ ബാക്കപ്പ് സംവിധാനം ഉൾപ്പെടെ, കമ്മ്യൂണിറ്റി റേഡിയോ സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനും ആവശ്യമായ ഉപകരണങ്ങൾ വാങ്ങുന്നതിനോ മാറ്റുന്നതിനോ സാമ്പത്തിക സഹായം നൽകി പുതിയതും നിലവിലുള്ളതുമായ കമ്മ്യൂണിറ്റി റേഡിയോ സ്റ്റേഷനുകളെ ശക്തിപ്പെടുത്താൻ ഈ പദ്ധതി ലക്ഷ്യമിടുന്നു.
നിലവിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി റേഡിയോ സ്റ്റേഷനുകൾക്ക് വെള്ളപ്പൊക്കം, മിന്നൽ, ഭൂകമ്പം തുടങ്ങിയ പ്രകൃതിദുരന്തങ്ങളുടെ സാഹചര്യത്തിൽ 11.50 ലക്ഷം രൂപയുടെ അടിയന്തര ഗ്രാന്റും ഈ പദ്ധതി വ്യവസ്ഥ ചെയ്യുന്നുണ്ട്.
രാജ്യസഭയിൽ ഇന്ന് ശ്രീ കണാദ് പുർകായസ്ഥ, ശ്രീ മനൻ കുമാർ മിശ്ര, ശ്രീമതി സീമാ ദ്വിവേദി, ശ്രീ ശംഭു ശരൺ പട്ടേൽ, ശ്രീമതി സാധനാ സിംഗ് എന്നിവരുടെ ചോദ്യത്തിന് നൽകിയ രേഖാമൂലമുള്ള മറുപടിയിൽ കേന്ദ്ര വാർത്താവിതരണ, പാർലമെന്ററി കാര്യ സഹമന്ത്രി ഡോ. എൽ. മുരുകൻ ഈ വിവരം അറിയിച്ചു.
****
( റിലീസ് ഐ.ഡി: 2296104)
സന്ദര്‍ശക കൗണ്ടര്‍ : 34
ഈ റിലീസ് വായിക്കുക:
Assamese
,
English
,
Khasi
,
Urdu
,
हिन्दी
,
Bengali
,
Bengali-TR
,
Punjabi
,
Tamil
,
Telugu
,
Kannada