വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
प्रविष्टि तिथि:
05 AUG 2026 5:08PM by PIB Thiruvananthpuram
സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള ഉപയോക്താക്കൾക്കായി തുറന്നതും സുരക്ഷിതവും വിശ്വസനീയവും ഉത്തരവാദിത്വമുള്ളതുമായ ഒരു ഇൻ്റർനെറ്റ് അന്തരീക്ഷം ഉറപ്പാക്കാനാണ് ഗവണ്മെൻ്റിൻ്റെ നയങ്ങൾ ലക്ഷ്യമിടുന്നത്. ഇന്ത്യയിലെ ഇൻ്റർനെറ്റ് ഏതെങ്കിലും തരത്തിലുള്ള നിയമവിരുദ്ധ ഉള്ളടക്കങ്ങൾ, വിവരങ്ങൾ, പ്രത്യേകിച്ച് അശ്ലീലവും മോശവുമായ ഉള്ളടക്കങ്ങളിൽ നിന്ന് മുക്തമാണെന്ന് ഉറപ്പാക്കാൻ ഗവണ്മെൻ്റ് പ്രതിജ്ഞാബദ്ധമാണ്.
ഇൻഫർമേഷൻ ടെക്നോളജി നിയമം, 2000 (ഐടി ആക്ട്), ഇൻഫർമേഷൻ ടെക്നോളജി (ഇൻ്റർമീഡിയറി ഗൈഡ്‌ലൈൻസ് ആൻഡ് ഡിജിറ്റൽ മീഡിയ എത്തിക്സ് കോഡ്) ചട്ടങ്ങൾ, 2021 (ഐടി റൂൾസ്) എന്നിവ ഡിജിറ്റൽ മേഖലയിലെ നിയമവിരുദ്ധവും ദോഷകരവുമായ ഉള്ളടക്കങ്ങളെ നേരിടുന്നതിന് സമഗ്രമായ ഒരു ചട്ടക്കൂട് നൽകുകയും ഉത്തരവാദിത്വo ഉറപ്പാക്കാൻ ഇൻ്റർമീഡിയറി സ്ഥാപനങ്ങൾക്ക് വ്യക്തമായ ബാധ്യതകൾ നിർദ്ദേശിക്കുകയും ചെയ്യുന്നു.
സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമുകൾ ഉൾപ്പെടെയുള്ള ഇൻ്റർമീഡിയറികളുടെ കമ്പ്യൂട്ടർ സ്രോതസ്സുകൾ ഉപയോഗിക്കുന്നവർ
അശ്ലീലം, പോണോഗ്രാഫിക് വിവരങ്ങൾ, കുട്ടികൾക്ക് എതിരായ ലൈംഗികത, കുട്ടികൾക്ക് ദോഷകരമായ വിവരങ്ങൾ,
വ്യക്തിഗത സ്വകാര്യത ലംഘിക്കുന്ന കാര്യങ്ങൾ,
ലിംഗാധിഷ്ഠിതമായി അധിക്ഷേപിക്കുന്നതോ ഉപദ്രവിക്കുന്നതോ ആയ ഉള്ളടക്കങ്ങൾ, നിലവിലുള്ള ഏതെങ്കിലും നിയമങ്ങൾ ലംഘിക്കുന്ന വിവരങ്ങൾ എന്നിവ പോസ്റ്റ് ചെയ്യുകയോ, പ്രദർശിപ്പിക്കുകയോ, അപ്‌ലോഡ് ചെയ്യുകയോ, മാറ്റം വരുത്തുകയോ, പ്രസിദ്ധീകരിക്കുകയോ, കൈമാറുകയോ, സൂക്ഷിക്കുകയോ, പുതുക്കുകയോ, പങ്കുവെക്കുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാൻ ഇത്തരം സാമൂഹ്യമാധ്യമ ഇൻ്റർമീഡിയറി പ്ലാറ്റ്‌ഫോമുകൾ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ഐടി ചട്ടങ്ങൾ, 2021 വ്യക്തമാക്കുന്നു. ഐടി ചട്ടങ്ങൾ, 2021 അനുസരിച്ചുള്ള നിയമപരമായ ബാധ്യതകൾ പാലിക്കുന്നതിൽ ഇൻ്റർമീഡിയറി പ്ലാറ്റ്‌ഫോമുകൾ പരാജയപ്പെട്ടാൽ, ഐടി നിയമത്തിലെ സെക്ഷൻ 79 പ്രകാരം മൂന്നാം കക്ഷി വിവരങ്ങളുടെ കാര്യത്തിൽ അവർക്ക് ലഭിക്കുന്ന നിയമ പരിരക്ഷ നഷ്ടപ്പെടും. തുടർന്ന് നിലവിലുള്ള നിയമങ്ങൾ അനുസരിച്ച് അവർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ സാധിക്കും.
കൃത്രിമമായി സൃഷ്ടിക്കപ്പെടുന്ന വിവരങ്ങൾ (SGI), ഡീപ്‌ഫെയ്ക്കുകൾ, എഐ നിർമ്മിത ഉള്ളടക്കങ്ങൾ എന്നിവ മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനായി 2026 ഫെബ്രുവരി 10-ന് കേന്ദ്ര ഗവണ്മെൻ്റ് ഐടി ചട്ടങ്ങളിൽ ഭേദഗതി വരുത്തി നിയന്ത്രണ ചട്ടക്കൂട് കൂടുതൽ ശക്തമാക്കി.
ഈ ഭേദഗതികൾ അനുസരിച്ച്, വ്യക്തികളുടെ അശ്ലീലമോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ വ്യാജരൂപം നിർമ്മിച്ച് ആൾമാറാട്ടം നടത്തുന്നതോ, കുട്ടികൾക്ക് ദോഷകരമായതോ നിയമവിരുദ്ധമോ ആയ എഐ നിർമ്മിത ഉള്ളടക്കങ്ങൾ നിർമ്മിക്കുകയോ പ്രചാരണം നടത്തുകയോ ചെയ്യുന്നത് തടയുന്നതിന് ആവശ്യമായ സാങ്കേതിക നടപടികൾ സ്വീകരിക്കാൻ ഇൻ്റർ മീഡിയറി സ്ഥാപനങ്ങളും വൻകിട സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമുകളും ബാധ്യസ്ഥരാണ്. കൂടാതെ, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (2023) അല്ലെങ്കിൽ പോക്സോ നിയമം, 2012 പോലെയുള്ള, കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് നിർബന്ധമാക്കുന്ന നിയമങ്ങൾ അനുസരിച്ച് ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങളെക്കുറിച്ച് ബന്ധപ്പെട്ട അധികാരികളെ അറിയിക്കാനും പ്ലാറ്റ്‌ഫോമുകൾക്ക് നിയമപരമായ ബാധ്യതയുണ്ട്.
എല്ലാത്തരം സൈബർ കുറ്റകൃത്യങ്ങളും പൊതുജനങ്ങൾക്ക് റിപ്പോർട്ട് ചെയ്യുന്നതിനായി, ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെൻ്ററിൻ്റെ (I4C) ഭാഗമായി ‘നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടൽ’ (എൻസിആർപി) (https://cybercrime.gov.in) ആരംഭിച്ചിട്ടുണ്ട്. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള ചില പ്രത്യേക വിഭാഗങ്ങളിലുള്ള സൈബർ കുറ്റകൃത്യങ്ങൾ പേരുവിവരങ്ങൾ വെളിപ്പെടുത്താതെ റിപ്പോർട്ട് ചെയ്യാനുള്ള സൗകര്യം എൻസിആർപിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. "റിപ്പോർട്ട് വിമൻ/ചൈൽഡ് റിലേറ്റഡ് ക്രൈം" എന്ന മൊഡ്യൂളിൽ പരാതിക്കാർക്ക് "അജ്ഞാതമായി റിപ്പോർട്ട്" എന്ന ഓപ്ഷൻ തിരഞ്ഞെടുക്കാം. ഇത് വ്യക്തിഗത വിവരങ്ങൾ വെളിപ്പെടുത്താതെ തന്നെ പരാതികൾ സമർപ്പിക്കാൻ സഹായിക്കുന്നു.
സംശയാസ്പദമായ വെബ്‌സൈറ്റ് ലിങ്കുകൾ (URLs), വാട്ട്‌സ്ആപ്പ് നമ്പറുകൾ/ടെലിഗ്രാം ഹാഷ്‌ടാഗുകൾ, ഫോൺ നമ്പറുകൾ, ഇ-മെയിൽ ഐഡികൾ, എസ്.എം.എസ് ഹെഡറുകൾ/നമ്പറുകൾ, ഡീപ് ഫെയ്ക്കുകൾ, സാമൂഹ്യ മാധ്യമ ലിങ്കുകൾ എന്നിവ റിപ്പോർട്ട് ചെയ്യാൻ പൗരന്മാരെ പ്രാപ്തരാക്കുന്നതിനായി എൻസിആർപി ‘റിപ്പോർട്ട് ആൻഡ് ചെക്ക് സസ്‌പെക്ട് ’ എന്ന പേരിൽ പുതിയൊരു മൊഡ്യൂൾ അവതരിപ്പിച്ചിട്ടുണ്ട്.
‘സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ സൈബർ കുറ്റകൃത്യങ്ങൾ തടയൽ (CCPWC) പദ്ധതിക്ക് കീഴിൽ, സൈബർ ഫോറൻസിക്-കം-ട്രെയിനിംഗ് ലബോറട്ടറികൾ സ്ഥാപിക്കുക, ജൂനിയർ സൈബർ കൺസൾട്ടൻ്റുമാരെ നിയമിക്കുക, നിയമപാലകരായ ഉദ്യോഗസ്ഥർ, പബ്ലിക് പ്രോസിക്യൂട്ടർമാർ, ജുഡീഷ്യൽ ഓഫീസർമാർ എന്നിവർക്ക് പരിശീലനം നൽകുക തുടങ്ങിയ ശേഷി വികസന പ്രവർത്തനങ്ങൾക്കായി സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി കേന്ദ്ര ഗവണ്മെൻ്റ് 132.93 കോടി രൂപയുടെ സാമ്പത്തിക സഹായം അനുവദിച്ചിട്ടുണ്ട്. 33 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി സൈബർ ഫോറൻസിക്-കം-ട്രെയിനിംഗ് ലബോറട്ടറികൾ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. കൂടാതെ 24,600-ലധികം നിയമപാലകർ, ജുഡീഷ്യൽ ഓഫീസർമാർ, പ്രോസിക്യൂട്ടർമാർ എന്നിവർക്ക് സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള അവബോധം, അന്വേഷണം, ഫോറൻസിക്‌സ് എന്നിവയിൽ പരിശീലനം നൽകിയിട്ടുണ്ട്.
ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെൻ്റർ (I4C), രാജ്യത്തുടനീളമുള്ള 2 ലക്ഷത്തിലധികം എൻസിസി, എൻഎസ്എസ്, എൻവൈകെഎസ് വിദ്യാർത്ഥികൾക്ക് സൈബർ ശുചിത്വത്തെക്കുറിച്ച് പരിശീലനം നൽകി.
സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനെക്കുറിച്ച് വിദ്യാർത്ഥികളെ ബോധവത്കരിക്കുന്നതിനായി I4C ‘കൗമാരക്കാർ/ വിദ്യാർത്ഥികൾക്കുള്ള കൈപ്പുസ്തകം' എന്ന പുസ്തകവും, സ്ത്രീകൾക്കിടയിൽ അവബോധം വളർത്തുന്നതിനായി ‘വനിതകൾക്കായുള്ള സൈബർ സുരക്ഷ കൈപ്പുസ്തകം' എന്ന പുസ്തകവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വിവരസാങ്കേതിക സുരക്ഷാ മേഖലയിൽ മനുഷ്യവിഭവശേഷി സൃഷ്ടിക്കുന്നതിനും, പൊതുജനങ്ങൾക്കിടയിൽ സൈബർ ശുചിത്വം, സൈബർ സുരക്ഷ എന്നിവയെക്കുറിച്ച് പൊതുവായ അവബോധം ഉണ്ടാക്കുന്നതിനുമായി കേന്ദ്ര ഗവണ്മെൻ്റ് ‘ഇൻഫർമേഷൻ സെക്യൂരിറ്റി എഡ്യൂക്കേഷൻ ആൻഡ് അവെയർനസ്’ (ISEA) എന്ന പദ്ധതി നടപ്പിലാക്കിവരുന്നു.
ലോക്‌സഭയിൽ ഇന്ന് ശ്രീ പ്രഭാകർ റെഡ്ഡി വെമിറെഡ്ഡി ഉന്നയിച്ച ചോദ്യത്തിന് വാർത്താവിതരണ പ്രക്ഷേപണ, പാർലമെൻ്ററി കാര്യ സഹമന്ത്രി ഡോ. എൽ. മുരുകൻ രേഖാമൂലം നൽകിയ മറുപടിയിലാണ് ഈ വിവരങ്ങൾ അറിയിച്ചത്.
***